മലയാളം ഹദീസ് പഠനം 5 : (19/4/2010 - 25/4/2010 )
ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ആയിശ(റ) നിവേദനം: നബി(സ)അരുളി: ഒരു മുസ്ലിമിന് ഏതുതരം വിപത്തു ബാധിച്ചാലും അതുമൂലം അല്ലാഹു അവന്റെ പാപങ്ങളില് നിന്ന് മാപ്പ് ചെയ്തുകൊടുക്കാതിരിക്കില്ല. അവന് ആവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന മുളളുവരെ. (ബുഖാരി : 7-70-544)

അബുസഈദ്റ(റ) അബൂഹുറൈറ(റ) എന്നിവര് നിവേദനം: നബി(സ) അരുളി: ഒരു മുസ് ലിമിനെ ക്ഷീണമോ രോഗമോ ദു:ഖമോ അസുഖമോ ബാധിച്ചു. അല്ലെങ്കില് അവന്റെ ശരീരത്തില് മുളള് കുത്തുകയെങ്കിലും ചെയ്തു. എങ്കില് അവന്റെ തെറ്റുകളില് ചിലത് അല്ലാഹു മാച്ച് കളയാതിരിക്കുകയില്ല. (ബുഖാരി. 7. 70. 545)

സുഹൈബ്(റ)ല് നിന്ന്: നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്ക്കുമില്ല. സന്തുഷ്ടനാകുമ്പോള് നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോള് ക്ഷമ പാലിക്കും. അപ്പോള് അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്ലിം)

അനസ്(റ) പറയുന്നു: നബി(സ) കുറെ വരകള് വരച്ചശേഷം അവിടുന്ന് അരുളി. ഇതാണ് മനുഷ്യന്റെ വ്യാമോഹം. ഇതു അവന്റെ ആയുസും. ഈ വ്യാമോഹത്തിലിരിക്കുന്നതിനിടക്ക് തന്നെ മരണം അവന് വന്നെത്തുന്നു. (ബുഖാരി : 8-76-427)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടു കാര്യങ്ങളില് കിഴവന്റെ ഹൃദയം എപ്പോഴും നിലനിര്ത്തിക്കൊണ്ടേയിരിക്കും. ദുന്യാവിനോടുള്ള സ്നേഹം. ദീര്ഘായുസ്സിനുള്ള മോഹം. (ബുഖാരി : 8-76-429)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു. എന്റെ സത്യവിശ്വാസിയായ ഒരു ദാസന് കൂടുതല് ഇഹലോകത്ത് പ്രിയപ്പെട്ടൊരു സാധനം ഞാന് പിടിച്ചെടുത്തു. എന്റെ പക്കല് നിന്നുള്ള പുണ്യമോര്ത്ത് അവന് ക്ഷമിച്ചു. എങ്കില് അതിനോടുള്ള പ്രതി ഫലം സ്വര്ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി : 8-76-432)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവനും ധനം നല്കി. അപ്പോള് അവന് അതിലുള്ള സകാത്തു നല്കിയില്ല. എന്നാല് പരലോക ദിവസം ആ ധനം അവന്റെ മുമ്പില് തലയില് രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്ഖന് പാമ്പിന്റെ രൂപത്തില് തല പൊക്കി നില്ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില് ചുറ്റും. അവന്റെ രണ്ടു ചുണ്ടുകള് പിടിച്ചുകൊണ്ട് ആ സര്പ്പം പറയും. ഞാന് നിന്റെ ധനമാണ്. ഞാന് നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നല്കിയ ധനത്തില് പിശുക്ക് കാണിക്കുന്നവര് അത് അവര്ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി : 2-24-486)

നുഅ്മാന്(റ) പറയുന്നു: നബി(സ) അരുളി: നരകവാസികളില് ഏറ്റവും ലഘുവായ ശിക്ഷ അനുഭവിക്കുന്നവന് ഒരാളായിരിക്കും. അവന്റെ പാദങ്ങള്ക്കിടയില് രണ്ട് തീക്കട്ട വെക്കും. അതുകാരണം ചട്ടിയിലോ വായ കുടുസ്സായ പാത്രത്തിലോ കിടന്ന് അതിലൊഴിച്ച സാധനം തിളച്ച് പൊങ്ങും പോലെ അവന്റെ തലച്ചോറ് തിളച്ചുപൊങ്ങിക്കൊണ്ടിരിക്കും. (ബുഖാരി : 8-76-567)

അബ്ദുല്ല(റ) വില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു. അല്ലാഹു പ്രദാനം ചെയ്തതില് സംതൃപ്തിയും ഉപജീവനത്തിന് മാത്രം ആഹാരവുമുള്ള സത്യവിശ്വാസി വിജയം വരിച്ചവനത്രെ. (അവനത്രെ സൌഭാഗ്യവാന്) (മുസ്ലിം)

ഫളാലത്ത്(റ) വില് നിന്ന് നിവേദനം: തിരുദൂതന്(സ) പറയുന്നത് ഞാന് കേട്ടു. ഇസ്ളാമിലേക്ക് മാര്ഗ്ഗദര്ശനം ചെയ്യപ്പെടുകയും ആഹാരം ഉപജീവനത്തിനുമാത്രം ലഭിക്കുകയും ഉള്ളതു കൊണ്ടു തൃപ്തിപ്പെടുകയും ചെയ്യുന്നവന് ഞാന് ആശംസ നേരുന്നു. (തിര്മിദി)

ഉബൈദുല്ല(റ) വില് നിന്ന് നിവേദനം: റസൂല്(സ) അരുളി: നിങ്ങളിലാരെങ്കിലും തന്റെ കുടുംബങ്ങളില് നിര്ഭയനും ആരോഗ്യവാനും അതാത് ദിവസത്തെ ആഹാരം കൈവശമുള്ളവനുമാണെങ്കില്,ഐഹിക സുഖങ്ങളാകമാനം അവനു സ്വായത്തമായതുപോലെയാണ്. (തിര്മിദി)

അനസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) ഭക്ഷണം കഴിച്ചാല് മൂന്നു വിരലുകളും നക്കാറുണ്ട്. അനസ്(റ) പറയുന്നു. നബി(സ) പറയുകയുണ്ടായി. നിങ്ങളില് ആരുടെയെങ്കിലും ഭക്ഷണപ്പിടി താഴെ വീണാല് അതില് നിന്ന് അഴുക്കുകള് നീക്കം ചെയ്ത് അവന് തിന്നുകൊള്ളട്ടെ. പിശാചിനു വേണ്ടി അതുപേക്ഷിച്ചിടരുത്. ഭക്ഷണത്തളിക തുടച്ചുവൃത്തിയാക്കാന് കല്പ്പിച്ചു കൊണ്ട് തിരുദൂതന്(സ)പറയാറുണ്ട്. നിങ്ങളുടെ ഏതു ഭക്ഷണത്തിലാണ് ബര്ക്കത്തെന്ന് നിങ്ങള്ക്കറിയുകയില്ല. (മുസ്ലിം)

തിരുമേനി(സ) അരുളിയതായി അബൂസഈദില് നിന്ന്: ഇഹലോകം മധുരവും അലങ്കാര പ്രദവുമാണ്. അതില് നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവന് വീക്ഷിക്കുന്നുണ്ട്. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) അരുളി: അവരില് വെച്ച് ഏറ്റവും സ്വഭാവ വൈശിഷ്ട്യമുളളവരാണ് സത്യവിശ്വാസികളില് പരിപൂര്ണ്ണര്. നിങ്ങളിലുത്തമന് തന്റെ സഹധര്മ്മിണിയോട് നല്ലനിലയില് വര്ത്തിക്കുന്നവനുമാകുന്നു. (തിര്മിദി)

ശദ്ദാദി(റ)ല് നിന്ന്: നബി(സ) പ്രഖ്യാപിച്ചു: തന്നെ മതത്തിന്റെ ചട്ടക്കൂട്ടില് ഒതുക്കി നിര്ത്തുന്നവനും മരണാനന്തരജീവിതത്തിനു വേണ്ടി പ്രവര്ത്തിക്കുന്നവനുമാണ് ബുദ്ധിമാന്. ദേഹേച്ഛക്ക് വശംവദനായി ജീവിക്കുന്നതോടുകൂടി അല്ലാഹുവില് നിന്ന് മോക്ഷമാഗ്രഹിക്കുന്നവന് അതിന് അപ്രാപ്തനായിത്തീരുന്നു. (തിര്മിദി)

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ