മലയാളം ഹദീസ് പഠനം 6 : (26/4/2010 - 2/5/2010 )
ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

അബ്ദുല്ലാഹിബിന് അംറിബിന് ആസി(റ)യില് നിന്ന്: നബി(സ) പ്രസ്താവിച്ചു: ഇഹലോകം ചില ഉപകരണങ്ങളാണ്. ഐഹികവിഭവങ്ങളില് ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നു. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: എന്റെ അടിമ എന്നെ കണ്ടുമുട്ടുവാന് ഉദ്ദേശിച്ചാല് ഞാന് അവനെയും കണ്ടുമുട്ടുവാന് ആഗ്രഹിക്കും. വെറുത്താല് ഞാന് അവനെയും വെറുക്കും എന്ന് അല്ലാഹു പറഞ്ഞതായി നബി(സ) അരുളി. (ബുഖാരി : 9-93-595)

അനസ്(റ) പറയുന്നു: നബി(സ) അരുളി: ആദമിന്റെ മക്കള് വലുതായികൊണ്ടിരിക്കും. അവന്റെ രണ്ട് കാര്യങ്ങളും വലിയതായിക്കൊണ്ടിരിക്കും. ധനത്തോടുള്ള സ്നേഹവും വയസ്സിനോടുള്ള വ്യാമോഹവും. (ബുഖാരി : 8-76-430)

ആയിശ(റ)യില് നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഏതൊരു കാര്യത്തിലും ദയ അലങ്കാരമാണ്. അത് നീക്കം ചെയ്യപ്പെട്ടാല് ഏതും വികൃതമാണ്. (മുസ്ലിം)

നവാസി(റ)ല് നിന്ന് നിവേദനം: നന്മ-തിന്മയെ സംബന്ധിച്ച് ഒരിക്കല് നബി(സ) യോട് ഞാന് ചോദിച്ചപ്പോള് അവിടുന്ന് പറഞ്ഞു. സല്സ്വഭാവമാണ് യഥാര്ത്ഥത്തില് നന്മ. നിന്റെ ഹൃദയത്തില് സംശയമുളവാക്കുകയും ജനങ്ങളറിയല് നിനക്ക് വെറുപ്പുണ്ടാവുകയും ചെയ്യുന്നതേതോ അതാണ് തിന്മ. (മുസ്ലിം)

അബുദ്ദര്ദാഅ്(റ) നിവേദനം ചെയ്യുന്നു: നബി(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തില് സത്യവിശ്വാസിയുടെ തുലാസില് സല്സ്വഭാവത്തേക്കാള് ഘനംതൂങ്ങുന്ന മറ്റൊന്നുമില്ല. നിശ്ചയം നീച വാക്കുകള് പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും. (തിര്മിദി)

ആയിശ(റ)യില് നിന്ന് നിവേദനം: തിരുദൂതന്(സ) പറയുന്നത് ഞാന് കേട്ടു. ഒരു സത്യവിശ്വാസിക്ക് തന്റെ സല്സ്വഭാവം കൊണ്ട് (സദാ) വ്രതമനുഷ്ഠിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നവന്റെ പദവികളാര്ജ്ജിക്കാന് കഴിയും. (അബൂദാവൂദ്) (ഉത്തമസ്വഭാവംകൊണ്ട് നമസ്കരിക്കുന്നവന്റെയും നോമ്പനുഷ്ഠിക്കുന്നവന്റെയും പ്രതിഫലം നേടാന് കഴിയും)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: മനുഷ്യരെ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുന്ന മിക്കകാര്യങ്ങളെ സംബന്ധിച്ചും റസൂല്(സ) ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. സല്സ്വഭാവവും അല്ലാഹുവിനോടുള്ള ഭക്തിയുമാണത്. മനുഷ്യരെ നരകത്തില് പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യസ്ഥാനവുമാണത്. എന്ന് തിരുദൂതന്(സ) അപ്പോള് മറുപടി പറഞ്ഞു. (തിര്മിദി)

ആയിശ(റ)യില് നിന്ന് നിവേദനം: നിശ്ചയം, നബി(സ) അരുള് ചെയ്തു. അല്ലാഹു ദയയുള്ളവനും ദയ ഇഷ്ടപ്പെടുന്നവനുമത്രെ. മാത്രമല്ല, പരുഷസ്വഭാവത്തിനോ, മറ്റേതെങ്കിലും കാര്യങ്ങള്ക്കോ നല്കാത്ത പ്രതിഫലം കാരുണ്യത്തിന് അവന് നല്കുന്നതുമാണ്. (മുസ്ലിം)

ജരീര് (റ) വില് നിന്ന് നിവേദനം: റസൂല്(സ) പറയുന്നത് ഞാന് കേട്ടു. വല്ലവനും കാരുണ്യം സ്വയം വിലങ്ങിയാല് സര്‍വ്വ നന്മകളും അവനും വിലക്കപ്പെട്ടു. (മുസ്ലിം) (കരുണയില്ലാത്തവന് എന്തുമാത്രം സദ് വൃത്തനാണെങ്കിലും അവന് നല്ലവനായി ഗണിക്കപ്പെടുകയില്ല)

ഇബ്നുമസ്ഊദ്(റ) വില് നിന്ന് നിവേദനം: റസൂല്(സ) അരുളി: നരകം നിഷിദ്ധമായവനോ നരകത്തിന് നിഷിദ്ധമായവനോ ആരെന്ന് ഞാന് പറഞ്ഞുതരട്ടെയോ? ജനങ്ങളോട് അടുപ്പവും സൌമ്യശീലവും സഹിഷ്ണുതയും വിട്ടുവീഴ്ചാ മനഃസ്ഥിതിയുമുള്ളവര്ക്കെല്ലാം അത് നിഷിദ്ധമാണ്. (തിര്മിദി) (ശാശ്വതമായി അവര് നരകത്തില് താമസിക്കേണ്ടിവരികയില്ല)

ഇബ്നു അബ്ബാസി(റ)ല് നിന്ന് നിവേദനം: അശജ്ജ് അബ്ദുല് ഖൈസിനോട് ഒരിക്കല് നബി(സ) പറഞ്ഞു. അല്ലാഹുവിനിഷ്ടമുള്ള രണ്ട് സ്വഭാവങ്ങള് നിന്നിലുണ്ട്. 1. സഹിഷ്ണുത 2. സൌമ്യത. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) തറപ്പിച്ചുപറഞ്ഞു. ധര്മ്മം ധനത്തെ കുറക്കുകയില്ല. ആര്ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന് ഉയര്ത്തുക തന്നെ ചെയ്യും. (മുസ്ലിം)

സൌബാനി(റ)ല് നിന്ന്: റസൂല് തിരുമേനി(സ) പറയുന്നത് ഞാന് കേട്ടു: നീ ധാരാളം സുജൂദ് ചെയ്യണം . എന്തുകൊണ്ടെന്നാല് അല്ലാഹുവിനുവേണ്ടി നീ ചെയ്യുന്ന ഒരു സുജൂദിന് പകരം അല്ലാഹു നിന്നെ ഒരുപടി ഉയര്ത്തുകയും അതുകൊണ്ട് തന്നെ ഒരുപാപം നിനക്ക് പൊറുത്തുതരികയും ചെയ്യും. (മുസ്ലിം)

സുഹൈബി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സ്വര്ഗ്ഗവാസികള് സ്വര്ഗ്ഗത്തില് പ്രവേശിച്ചതിനു ശേഷം അല്ലാഹു ചോദിക്കും. കൂടുതല് വല്ലതും നിങ്ങള് ആഗ്രഹിക്കുന്നുവോ? അന്നേരം അവര് പറയും. ഞങ്ങളുടെ മുഖത്തെ നീ പ്രകാശിപ്പിച്ചില്ലേ? സ്വര്ഗ്ഗത്തില് നീ ഞങ്ങളെ പ്രവേശിപ്പിക്കുകയും നരകത്തില് നിന്ന് നീ രക്ഷിക്കുകയും ചെയ്തില്ലേ? (അതില് കൂടുതല് മറ്റൊന്നും ഞങ്ങള് ആഗ്രഹിക്കുന്നില്ല) തല്സമയം അല്ലാഹു ഹിജാബിനെ നീക്കം ചെയ്യും. (അപ്പോള് അവര്ക്ക് റബ്ബിനെ കാണാന് കഴിയും) തങ്ങളുടെ നാഥനിലേക്ക് നോക്കുന്നതിലുപരി ഇഷ്ടപ്പെട്ട മറ്റൊന്നും അവര്ക്ക് കൊടുക്കപ്പെട്ടിട്ടുണ്ടായിരിക്കുകയില്ല. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സ്വര്ഗ്ഗത്തില് നിങ്ങളിലേറ്റവും താഴെ നിലയിലുള്ളവനെപ്പറ്റി അല്ലാഹു ഇപ്രകാരം പറയുന്നതായിരിക്കും. നിങ്ങള്ക്കാവശ്യമുള്ളത് നിങ്ങള് ആഗ്രഹിച്ചുകൊള്ളൂ. അപ്പോള് അതും ഇതും അവന് ആഗ്രഹിക്കും. നിനക്ക് ആവശ്യമുള്ളതെല്ലാം നീ ആഗ്രഹിച്ച് കഴിഞ്ഞോ? എന്നവനോട് ചോദിച്ചാല് അവന് അതെ എന്ന് മറുപടി പറയും. തത്സമയം അല്ലാഹു പറയും. നീ ആഗ്രഹിച്ചതും അതിന്റത്രയുള്ളതും നിനക്കുണ്ട്. (മുസ്ലിം)

അനസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: നിശ്ചയം സ്വര്ഗ്ഗത്തില് ചില അങ്ങാടികളുണ്ട്. വെള്ളിയാഴ്ച തോറും ജനങ്ങളവിടെ ചെല്ലും. അന്നേദിവസം വടക്കു നിന്ന് അടിച്ചുവീശുന്ന കാറ്റ് അവരുടെ വസ്ത്രങ്ങളിലും മുഖത്തും മണ്ണുവാരി വിതറും. ഉടനെ അവര് കൂടുതല് സൌന്ദര്യവും കൌതുകവുമുള്ളവരായിത്തീരുന്നു. അവരുടെ ബന്ധുക്കള് അവരോട് പറയും. നിശ്ചയം നിങ്ങള്ക്ക് കൂടുതല് സൌന്ദര്യവും സന്തോഷവും ലഭിച്ചിട്ടുണ്ട്. അവര് മറുപടി പറയും. അല്ലാഹുവാണ, ഞങ്ങള് പോയശേഷം നിങ്ങളും സൌന്ദര്യമുള്ളവരും സുമുഖന്മാരുമായി മാറിയിട്ടുണ്ട്. (മുസ്ലിം)

അബൂസഈദും(റ) അബൂഹുറയ്റ(റ) യും നിവേദനം ചെയ്യുന്നു: റസൂല്(സ) പറഞ്ഞു: സ്വര്ഗ്ഗവാസികള് സ്വര്ഗ്ഗത്തില് പ്രവേശിച്ചാല് ഒരാള് വിളിച്ചുപറയും: നിങ്ങള് എന്നെന്നും മരണപ്പെടാതെ ജീവിക്കുന്നവരാണ്. മാത്രമല്ല, നിങ്ങള് എന്നും ആരോഗ്യമുള്ളവരായിരിക്കും. നിങ്ങള് ഒരിക്കലും വൃദ്ധരാവുകയില്ല. സുഖലോലുപന്മാരായിരിക്കും. നിങ്ങളൊരിക്കലും ക്ളേശം അനുഭവിക്കുകയില്ല. (മുസ്ലിം)

മുഗീറ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: മൂസാനബി (അ) ഒരിക്കല് തന്റെ റബ്ബിനോട് ചോദിച്ചു: സ്വര്ഗ്ഗവാസികളില് താഴ്ന്ന പദവിയിലുള്ളവനാരാണ്? റബ്ബ് പറഞ്ഞു: സ്വര്ഗവാസികള്ക്ക് സ്വര്ഗ്ഗത്തില് പ്രവേശനം നല്കപ്പെട്ടതിനുശേഷം വന്നുചേരുന്ന ഒരാളായിരിക്കും അത്. നീ സ്വര്ഗ്ഗത്തില് പ്രവേശിച്ചുകൊള്ളൂ എന്ന് അയാളോട് പറയപ്പെടുമ്പോള് അവന് പറയും. നാഥാ! ജനങ്ങള് തങ്ങളുടെ ഇരിപ്പിടങ്ങളില് സ്ഥലം പിടിച്ചിരിക്കെ ഞാനെങ്ങനെ പ്രവേശിക്കും? തദവസരത്തില് അദ്ദേഹത്തോട് ചോദിക്കപ്പെടും: ഇഹലോകത്തെ രാജാക്കന്മാരില് ഒരു രാജാവിന്റെ അധീനത്തിലുള്ളത്ര വിസ്തൃതി നിനക്കുണ്ടായാല് നീ തൃപ്തിപ്പെടുമോ? അന്നേരം അവന് പറയും: നാഥാ! ഞാന് അതുകൊണ്ട് തൃപ്തിപ്പെടും. അല്ലാഹു പറയും: എന്നാല് അതും അതിന്റെ നാലിരട്ടിയും നിനക്കുണ്ട്. അഞ്ചാംപ്രാവശ്യം അവന് പറയും. നാഥാ! ഞാന് തൃപ്തിപ്പെട്ടു. അല്ലാഹു പറയും. എന്നാല് ഇതും ഇതിന്റെ പത്തിരട്ടിയും നീ ആഗ്രഹിക്കുന്നതും നിന്റെ കണ്ണ് ആസ്വദിക്കുന്നതും നിനക്കുള്ളതാണ്. അവന് പറയും. നാഥാ! ഞാന് തൃപ്തിപ്പെട്ടു. മൂസാനബി (അ) ചോദിച്ചു: നാഥാ, സ്വര്ഗ്ഗവാസികളില് ആരാണ് ഉന്നതന്മാര്? അവന് പറയും: എന്റെ കൈകൊണ്ട് ഞാന്തന്നെ പ്രതാപം നട്ടുവളര്ത്തുകയും അതിനെ മുദ്രചെയ്യുകയും ചെയ്തിട്ടുള്ളവരാണവര്. കണ്ണുകള്ക്ക് കാണാനോ കാതുകള്ക്ക് കേള്ക്കാനോ മനുഷ്യഹൃദയങ്ങള്ക്ക് ഊഹിക്കാനോ കഴിയാത്തതാണ് നാം അവര്ക്കു വേണ്ടി തയ്യാര് ചെയ്തിട്ടുള്ളവ. (മുസ്ലിം)

ജാബിറി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സ്വര്ഗ്ഗവാസികള് അവിടെ തിന്നുകയും കുടിക്കുകയും ചെയ്യും. അവര് വെളിക്കിരിക്കുകയോ മൂക്ക് പിഴിയുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയില്ല. പക്ഷേ അവര് കഴിക്കുന്ന ആഹാരം കസ്തൂരിമണം വീശുന്ന ഏമ്പക്കമായി രൂപാന്തരപ്പെടും. ശ്വാസോഛാസം പോലെ (നിഷ്പ്രയാസം അവര് തസ്ബീഹും തഹ്ലീലും നിര്‍വ്വഹിക്കുന്നതാണ് )  (മുസ്ലിം)

ഹയ്യാനി(റ)ല് നിന്ന് നിവേദനം: അലി(റ) എന്നോട് പറഞ്ഞു: റസൂല്(സ) എന്നെ നിയോഗിച്ച ലക്ഷ്യത്തില് നിങ്ങളെ ഞാനും നിയോഗിക്കട്ടെ. രൂപം മായിക്കാതെയും ഉയര്ന്ന ഖബറ് തട്ടിനിരത്താതെയും ഒന്നുപോലും നീ ഒഴിച്ചിടരുത്. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും സ്വര്ഗ്ഗത്തിന്റെ കവാടങ്ങള് തുറക്കപ്പെടും. അന്നേരം മുശ്രിക്കല്ലാത്തവന്റെ പാപം പൊറുക്കപ്പെടും. പരസ്പരം വൈരാഗ്യമുള്ളവരുടേതൊഴികെ. അവര് സുല്ഹാകുന്നതുവരെ അവരുടെ കാര്യം നീട്ടിവെക്കാന് മലക്കുകളോട് ഉത്തരവാകും. (മുസ്ലിം)

 അബൂഹുറൈറ(റ): നബി(സ) അരുളി: നരകത്തെ ഇച്ഛകള്‍കൊണ്ടും സ്വര്‍ഗ്ഗത്തെ അനിഷ്ട കാര്യങ്ങള്‍ ക്കൊണ്ടും മൂടിപ്പൊതിഞ്ഞിരിക്കുകയാണ്. (ബുഖാരി)

അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: പരലോകത്തുവെച്ച് ഏറ്റവുമാദ്യം വിധികല്‍പ്പിക്കുക കൊലക്കുറ്റങ്ങളുടെ കാര്യത്തിലാണ്. (ബുഖാരി : 8-76-540)

ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ)ക്ക് നല്‍കിയ ധാരാളം നന്മകള്‍ക്കാണ് കൌസര്‍ എന്ന് പറയുന്നത്. (ബുഖാരി : 8-76-580)

ഉഖ്ബത്തുബ്നു അംറ്(റ) : റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)

ഇബ്നു മസ്ഊദി(റ) : നബിതിരുമേനി(സ) മൂന്ന് പ്രാവശ്യം പ്രഖ്യാപിക്കുകയുണ്ടായി. (ഇബാദത്തില്‍) അമിതമായ നിലപാട് കൈക്കൊള്ളുന്നവര്‍ പരാജയത്തിലാണ്.

അബൂസഈദി(റ)ല്‍ നിന്ന് : റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. സദസ്സുകളില്‍ ഉത്തമമായത് അവയില്‍ വെച്ച് ഏറ്റവും വിശാലതയുള്ളതാണ്. (അബൂദാവൂദ്)

2 comments:

jemshy പറഞ്ഞു...

Assalamu Alaikum
I tried to download മലയാളം ഖുര്‍ആന്‍ പരിഭാഷ, but that link doesn't, so could you please send to my mail? Jazakallah Khair
jemshy@gmail.com
Mohamed Jemshid

abdulgafoor പറഞ്ഞു...

Jazakallah hair

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ