മലയാളം ഹദീസ് പഠനം 14

അബുഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില്‍ ചില പുരുഷന്മാരുണ്ടായിരുന്നു. അവര്‍ നബിമാരായിരുന്നില്ല. എന്നിട്ടും അല്ലാഹു അവരോട് സംസാരിക്കാറുണ്ടായിരുന്നു. എന്റെ അനുയായികളില്‍ അത്തരം ഒരാളുണ്ടെങ്കില്‍ അതു ഉമര്‍ മാത്രമാണ്. (ബുഖാരി : 5-57-38)

അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യന്‍ കാണുന്ന നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്റെ നാല്‍പ്പത്തിയാറില്‍ ഒരംശമാണ്. (ബുഖാരി : 9-87-112)


അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: പ്രവാചകത്വത്തിന്റെ അംശങ്ങളില്‍ സന്തോഷ വാര്‍ത്തകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്മാര്‍ ചോദിച്ചു: എന്താണ് സന്തോഷ വാര്‍ത്തകള്‍. ഉത്തമസ്വപ്നങ്ങള്‍ തന്നെയെന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി : 9-87-119)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം അടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയുടെ സ്വപ്നം കള്ളമാവുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നമാവട്ടെ നുബുവ്വത്തിന്റെ നാല്‍പത്തിയാറിന്റെ ഒരംശമാണ്. നുബുവ്വത്തിന്റെ അംശമായത് കള്ളമായിരിക്കുകയില്ല. മുഹമ്മദ് ബ്നുസിറീന്‍ പറയുന്നു: സ്വപ്നം മൂന്ന് തരമാണ്. മനസ്സിന്റെ വര്‍ത്തമാനം, പിശാചിന്റെ ഭയപ്പെടുത്തല്‍, അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്ത. ഉറക്കത്തില്‍ കഴുത്തില്‍ ആമം വെച്ചത് കാണുന്നത് അവര്‍ വെറുത്തിരുന്നു. കാല്‍ബന്ധിച്ചത് അവര്‍ ഇഷ്ടപ്പെട്ടിരുന്നു. കാരണം അതിന്റെ അര്‍ത്ഥം മതത്തില്‍ ഉറച്ച് നില്‍ക്കലാണ്. (ബുഖാരി : 9-87-144)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; ഒരു വേശ്യയായ സ്ത്രീക്ക് മാപ്പ് ചെയ്യപ്പെട്ടു. ദാഹം മൂലം ചാവാറായി ഒരു കിണറ്റിന്‍ കരയിലെ നനഞ്ഞ മണ്ണ് നക്കിക്കൊണ്ടിരുന്ന ഒരു നായയുടെ അരികിലൂടെ അവള്‍ നടന്നുപോയി. അതു കണ്ടപ്പോള്‍ അവള്‍ തന്റെ ഷൂസഴിച്ച് തട്ടത്തിന്റെ ഒരു തലക്കുകെട്ടി കിണറ്റിലേക്ക് താഴ്ത്തി ആ നായ്ക്ക് വെളളം കോരിയെടുത്ത് കൊടുത്തു. അതു കാരണം അവള്‍ക്ക് മാപ്പ് ചെയ്യപ്പെട്ടു. (ബുഖാരി : 4-54-538)


അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് ഒരു മനുഷ്യന്‍ കണ്ടു. ഉടനെ ആ മനുഷ്യന്‍ തന്റെ ഷൂ എടുത്തു വെള്ളം കോരിയിട്ട് ആ നായക്ക് ദാഹം മാറുന്നതുവരെ കുടിക്കാന്‍ കൊടുത്തു. അക്കാരണത്താല്‍ അല്ലാഹു അവനോട് നന്ദികാണിക്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുഖാരി : 1-4-174)

അസ്മാഅ്(റ) പറയുന്നു: നബി(സ) ഒരു ഗ്രഹണനമസ്കാരം നിര്‍വ്വഹിച്ചു. ശേഷം പ്രസംഗിച്ചു കൊണ്ട് പറഞ്ഞു. നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു. എന്റെ രക്ഷിതാവേ! ഞാന്‍ അവരുടെ കൂടെയാണോ എന്ന് ഞാന്‍ പറഞ്ഞു പോകുന്നതുവരെ. അപ്പോള്‍ നരകത്തില്‍ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്നം. അവര്‍ (മലക്കുകള്‍) പറഞ്ഞു. അവള്‍ അതിനെ കെട്ടിയിട്ടു. വിശപ്പ് കാരണം അത് ചാകുന്നതുവരെ. (ബുഖാരി : 3-40-552)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരിക്കല്‍ ഒരു മനുഷ്യന്‍ നടന്നു പോകുമ്പോള്‍ അയാള്‍ക്ക് അതി കഠിനമായി ദാഹം അനുഭവപ്പെട്ടു. അദ്ദേഹം വഴിവക്കിലുള്ള കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ശേഷം കിണറ്റില്‍ നിന്ന് കയറിപ്പോയതോ ഒരു നായ നാവു നീട്ടി ദാഹം സഹിക്ക വയ്യാതെ മണ്ണ് തിന്നുന്നു!. ആ മനുഷ്യന്‍ ആത്മഗതം ചെയ്തു. ഞാനനുഭവിച്ചു കൊണ്ടിരുന്ന വിഷമം ഇതാ ഈ നായയും അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹം കിണറ്റിലിറങ്ങി ഷൂസില്‍ വെള്ളം നിറച്ചു വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് കയറി. അതു ആ നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അയാളോടു നന്ദി കാണിക്കുകയും അയാളുടെ പാപങ്ങളില്‍ നിന്ന് പൊറുത്തു കൊടുക്കുകയും ചെയ്തു. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! നാല്‍ക്കാലികള്‍ക്ക് വല്ല ഉപകാരവും ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ! നബി(സ) അരുളി: ജീവനുള്ള ഏതു ജന്തുവിനു ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി : 3-40-551)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; വെളളിയാഴ്ച ദിവസം വന്നാല്‍ പളളിയുടെ ഓരോ വാതില്ക്കലും കുറെ മലക്കുകള്‍ വന്നു നില്‍ക്കും. ആദ്യമാദ്യം വരുന്നവരാരെന്ന് അവരെഴുതികൊണ്ടിരിക്കും. അവസാനം ഇമാം മിമ്പറില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ കടലാസുകളെല്ലാം ചുരുട്ടിവെച്ച് ഇമാമിന്റെ ഉല്‍ബോധനം കേള്‍ക്കാന്‍ ചെന്നിരിക്കും. (ബുഖാരി : 4-54-434)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സൂര്യനുദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്ലിം)
ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: നിങ്ങളാരെങ്കിലും പള്ളിയില്‍വെച്ച് നമസ്കാരം നിര്‍വ്വഹിക്കുന്നുവെങ്കില്‍ തന്റെ നമസ്കാരത്തില്‍ നിന്ന് ഒരോഹരി അവന്റെ ഭവനത്തിനും ആക്കിക്കൊള്ളട്ടെ! തന്റെ നമസ്കാരം മൂലം നിസ്സംശയം അവന്റ ഭവനത്തില്‍ അല്ലാഹു അഭിവൃദ്ധി നല്‍കും. (മുസ്ലിം)

ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: തീര്‍ച്ചയായും സ്ഥലം വിടുന്നതുവരെ ജുമുഅക്കു ശേഷം നബി(സ) സുന്നത്ത് നമസ്കരിക്കാറില്ല. സ്ഥലം വിട്ടതിനുശേഷം വീട്ടില്‍ വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കാറുണ്ട്. (മുസ്ലിം)

അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു സത്യവിശ്വാസിക്ക് മറ്റേ സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്. അതിന്റെ ഒരു വശത്തിന്ന് മറ്റേ വശം പിന്‍ബലം നല്‍കുന്നു. ശേഷം തിരുമേനി(സ) തന്റെ വിരലുകളെ തമ്മില്‍ കോര്‍ത്തു. (ബുഖാരി : 1-8-468)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: റമസാനിലേതല്ലാത്ത നോമ്പുകളില്‍വെച്ച് ഏറ്റവും ഉത്തമമായത് മുഹറ മാസത്തിലെ നോമ്പാകുന്നു. അപ്രകാരം തന്നെ ഫര്‍ളു നമസ്കാരത്തിനു ശേഷം നമസ്കാരങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായത് രാത്രിയിലെ സുന്നത്ത് നമസ്കാരമാകുന്നു. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) ചോദിക്കപ്പെട്ടു. നമസ്കാരങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളതേതാണ്? അവിടുന്ന് ഉത്തരം നല്‍കി: നിറുത്തം കൂടുതല്‍ ദീര്‍ഘിപ്പിക്കുന്ന നമസ്കാരമാണത്. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, ഒരാളുടെ സത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കല്‍ മാത്രമാണ്. (മുസ്ലിം)
ബുറൈദ(റ)യില്‍ നിന്ന് നിവേദനം:

നബി(സ) പറഞ്ഞു: നമ്മുടേയും അവരുടേയും (മുനാഫിഖുകളുടേയും) ഇടയിലുള്ള ബന്ധം നമസ്കാരം കൊണ്ട് മാത്രമാണ്. അവരാരെങ്കിലും അത് കൈവെടിഞ്ഞാല്‍ അവന്‍ സത്യനിഷേധിയത്രെ. (തിര്‍മിദി) (കാഫിറുകളും മുനാഫിഖുകളും തമ്മിലുള്ള വ്യത്യാസം നമസ്കാരം മാത്രമാണ്. നമസ്കാരംകൊണ്ട് മുസ്ളീംകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്കും ലഭിക്കും. അത്തരം കാര്യങ്ങള്‍ അവര്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ അവരും കാഫിറുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടായിരിക്കയില്ല)

ഇബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: യഥാര്‍ത്ഥ മുസ്ളീമായിക്കൊണ്ട നാളെ അല്ലാഹുവിനെ സമീപിക്കുവാന്‍ വല്ലവനും ഇഷ്ടപ്പെടുന്നുവെങ്കില്‍ ബാങ്ക് വിളിക്കുന്ന സ്ഥലത്തുവെച്ച് അവന്‍ പതിവായി നമസ്കരിച്ചുകൊള്ളട്ടെ. നിശ്ചയം, നിങ്ങളുടെ പ്രവാചകന് സന്മാര്‍ഗ്ഗപന്ഥാവ് അല്ലാഹു കാണിച്ചുകൊടുത്തിരിക്കുന്നു. ഇവ - നമസ്ക്കാരങ്ങള്‍ - ആ സന്മാര്‍ഗ്ഗപന്ഥാവില്‍ പെട്ടതാകുന്നു. നിശ്ചയം, ജമാഅത്തില്‍ പങ്കെടുക്കാത്ത ഇവന്‍ തന്റെ വീട്ടില്‍ വെച്ച് ഒറ്റക്ക് നമസ്കരിക്കുംപോലെ നിങ്ങളും സ്വന്തം ഭവനങ്ങളില്‍ വെച്ച് നമസ്കരിക്കുന്നപക്ഷം നബി(സ)യുടെ മാതൃക നിങ്ങള്‍ കൈവെടിഞ്ഞു. നബി(സ)യുടെ മാതൃക കൈവെടിഞ്ഞാല്‍ നിശ്ചയം, നിങ്ങള്‍ വഴിപിഴച്ചവരായിത്തീരും. നിശ്ചയം. ഞങ്ങളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കലവറയില്ലാത്ത മുനാഫിഖുകളല്ലാതെ ജമാഅത്തില്‍ പങ്കെടുക്കാതെ പിന്തിനില്ക്കാറില്ല. ചില ആളുകള്‍ രണ്ടാളുകളുടെ (ചുമലില്‍) നയിക്കപ്പെട്ട് കൊണ്ട് വന്ന് നമസ്കാരത്തിന്റെ സഫില്‍ നിര്‍ത്തപ്പെടാറുണ്ടായിരുന്നു. (മുസ്ലിം) മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: നിശ്ചയം, റസൂല്‍(സ) സന്മാര്‍ഗ്ഗപന്ഥാവ് ഞങ്ങളെ പഠിപ്പിച്ചു. ബാങ്കുകൊടുക്കുന്ന പള്ളിയില്‍വെച്ച് ജമാഅത്തായുള്ള നമസ്കാരം അവയില്‍പ്പെട്ടതാണ്.

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ)യുടെ അടുത്ത് ഒരു അന്ധന്‍ വന്നുകൊണ്ട് പറഞ്ഞു. പ്രവാചകരേ! പള്ളിയിലേക്ക് കൊണ്ടുപോകുവാന്‍ ഒരു വഴികാട്ടി എനിക്കില്ല. അങ്ങനെ സ്വന്തം വീട്ടില്‍വെച്ച് നമസ്കരിക്കാനുള്ള വിട്ടുവീഴ്ച റസൂല്‍(സ) യോട് അദ്ദേഹം ആവശ്യപ്പെട്ടു. റസൂല്‍(സ) അദ്ദേഹത്തിന് വിട്ടുവീഴ്ച നല്കിയെങ്കിലും അദ്ദേഹം പിന്തിരിഞ്ഞുപോയപ്പോള്‍, അയാളെ വിളിച്ചു ചോദിച്ചു. നീ ബാങ്ക് കേള്‍ക്കാറുണ്ടോ? അതെ എന്നയാള്‍ പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ അതിനുത്തരം ചെയ്യണം. (മുസ്ലിം)

അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രവാചകരേ! നിശ്ചയം വന്യമൃഗങ്ങളും ദുഷ്ടജന്തുക്കളും ധാരാളമുള്ള സ്ഥലമാണ് മദീന. (അതുകൊണ്ട് ജമാഅത്തിന് പങ്കെടുക്കാതെ എന്റെ വീട്ടില്‍വെച്ച് നമസ്കരിക്കാനുള്ള അനുവാദം അവിടുന്ന് നല്‍കിയാലും) നബി(സ) ചോദിച്ചു. നമസ്കാരത്തിലേക്ക് വരൂ! വിജയത്തിലേക്ക് വരു! എന്ന് നീ കേള്‍ക്കാറുണ്ടോ? എന്നാല്‍ നീ ഇവിടെ വരിക തന്നെ വേണം. (അബൂദാവൂദ്)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) ശഠിച്ചു പറഞ്ഞു. വല്ലവനും തന്റെ വീട്ടില്‍ വെച്ച് വുളു ചെയ്തുകൊണ്ട് അല്ലാഹുവിന്റെ ഭവനങ്ങളില്‍പെട്ട ഒരു ഭവനത്തില്‍ ഫര്‍ളു നിര്‍വ്വഹിക്കാന്‍ വേണ്ടി ചെന്നുവെങ്കില്‍ തന്റെ ചവിട്ടടികളില്‍ ഒന്ന് ഒരു പാപമകറ്റുന്നതും മറ്റേത് ഒരു പദവി ഉയര്‍ത്തുന്നതുമാകുന്നു. (മുസ്ലിം)

ബുറൈദ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: (ജമാഅത്തായി നമസ്കരിക്കുമ്പോള്‍) പള്ളികളിലേക്ക് കൂരിരുട്ടില്‍ നടന്നുപോകുന്നവര്‍ക്ക് അന്ത്യദിനത്തില്‍ പരിപൂര്‍ണ്ണമായ പ്രകാശം ലഭിക്കുമെന്ന് നിങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. (അബൂദാവൂദ്, തിര്‍മിദി)

ഉമ്മുദര്‍ദാഅ്(റ) നിവേദനം: ഒരിക്കല്‍ അബുദര്‍ദാഅ് എന്റെ അടുക്കല്‍ കോപിഷ്ഠനായിക്കൊണ്ട് കയറി വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എന്താണ് താങ്കളെ കോപിഷ്ഠനാക്കുന്നത്? അദ്ദേഹം പറഞ്ഞു: മുഹമ്മദിന്റെ സമുദായത്തില്‍ നബി(സ)യുടെ കാലത്ത് കണ്ടിരുന്ന ഒന്നും തന്നെ ഇന്നു കാണുന്നില്ല. ജമാഅത്തായി നമസ്കരിക്കുന്നുണ്ടെന്നു മാത്രം. (ബുഖാരി : 1-11-622)
********************************************************************************

Share and Promote this Post through e-mail and other Social Networks
ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ, നസാഈ മുതലായ ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളം സ്വഹീഹായ ഹദീസുകള്‍. ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക - http://hadees.hudainfo.com/ 

മലയാളം ഹദീസ് പഠനം 13
ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

ഇബ്നുഅബ്ബാസ്(റ) പറഞ്ഞു; അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും സദ്വൃത്തനായ ആള്‍ അദാന്‍ കൊടുക്കേണ്ടതും, ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ജ്ഞാനമുള്ളയാള്‍ ഇമാം സ്ഥാനംവഹിക്കേണ്ടതുമാകുന്നു. (അബൂദാവൂദ്)

അബൂമദ്ഊദ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ദാനം ചെയ്യുവാന്‍ കല്‍പ്പിച്ചാല്‍ ഞങ്ങളില്‍ ചിലര്‍ അങ്ങാടിയിലേക്ക് പോകും. അവിടെ നിന്ന് ചുമട് ചുമന്നിട്ട് കിട്ടുന്ന ഒരു മുദ്ദ് ധാന്യവുമായി കൊണ്ട് വന്ന് ദാനം ചെയ്യും. ഇന്നാകട്ടെ നബി(സ)യുടെ അനുചരന്മാരില്‍ ചിലരുടെ കയ്യില്‍ ലക്ഷം തന്നെയുണ്ട്. (ബുഖാരി : 2-24-497)

അദിയ്യ്(റ) പറയുന്നു: നബി(സ) അരുളി: ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്തു നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവീന്‍. (ബുഖാരി. 2. 24. 498)

അബൂമസ്ഊദ്(റ) പറയുന്നു: ദാനധര്‍മ്മത്തിന്റെ സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ അദ്ധ്വാനിച്ച് ധനം സമ്പാദിക്കാന്‍ തുടങ്ങി. അങ്ങനെ ഒരാള്‍ തന്റെ സക്കാത്തുമായി വന്നു. അത് വലിയ ഒരു സംഖ്യയായിരുന്നു. അപ്പോള്‍ ജനങ്ങളെ കാണിക്കുവാന്‍ ചെയ്തതാണെന്ന് ചിലര്‍ പറഞ്ഞു. മറ്റൊരാള്‍ ഒരു സ്വാഅ് കൊണ്ട് വന്ന് ധര്‍മ്മം ചെയ്തു. നിശ്ചയം ഈ സ്വാഅ് അല്ലാഹുവിന് ആവശ്യമില്ലാത്തതാണെന്ന് ചിലര്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. സത്യവിശ്വാസികളില്‍ നിന്ന് സ്വമനസ്സാല്‍ ധര്‍മ്മം ചെയ്യുന്നവരെ വിമര്‍ശിക്കുന്നവര്‍ - അവര്‍ അവരുടെ അധ്വാന ഫലമല്ലാതെ മറ്റൊന്നും ദര്‍ശിക്കുന്നില്ല. (ബുഖാരി. 2. 24. 496)

ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) മിമ്പറില്‍ നിന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ദാനത്തെയും അഭിമാനബോധത്തോടെ മറ്റുള്ളവരോട് ചോദിക്കാതെ ഒഴിഞ്ഞു മാറിനില്‍ക്കുന്നതിനെയും യാചനയേയും കുറിച്ച് പ്രസ്താവിച്ചു. അവിടുന്നു പറഞ്ഞു: മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. മേലെ കൈ ദാനം ചെയ്യുന്നവനും താഴെ കൈ അതു വാങ്ങുന്നതുമാണ്. (ബുഖാരി : 2-24-509)

അബൂമൂസാ(റ) നിവേദനം: നബി(സ)യുടെ അടുക്കല്‍ വല്ല യാചകനും വരികയോ ആരെങ്കിലും എന്തെങ്കിലും സഹായമാവശ്യപ്പെടുകയോ ചെയ്താല്‍ അവിടുന്ന് അരുളും: നിങ്ങള്‍ മറ്റുള്ളവരോട് ശുപാര്‍ശ ചെയ്യുവീന്‍. നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. അല്ലാഹു ഉദ്ദേശിച്ചത് അവന്റെ പ്രവാചകന്റെ നാവിലൂടെ അവന്‍ വിധിക്കും. (ബുഖാരി : 2-24-512)

അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ അല്ലാഹുവിന്റെ പ്രവാചകന്റെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ! ദാനധര്‍മ്മങ്ങളില്‍ ഏറ്റവും പുണ്യമേറിയത് ഏതാണ്? നബി(സ) പ്രത്യുത്തരം നല്‍കി: നീ ആരോഗ്യവാനായിരിക്കുക, ധനം വിട്ടു കൊടുക്കാന്‍ നിനക്ക് മടിയുണ്ടായിരിക്കുക, ദാരിദ്യത്തെക്കുറിച്ച് ഭയവും ധനം സമ്പാദിച്ചാല്‍ കൊള്ളാമെന്ന് നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കുക. ഈ പരിതസ്ഥിതിയില്‍ നല്‍കുന്ന ദാനമാണ് ഏറ്റവും പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയില്‍ എത്തുന്ന നേരം നീ പറയും. ഇത്ര ഇന്നവന്നു കൊടുക്കണം. ഇത്ര ഇന്നവന് കൊടുക്കണം എന്നെല്ലാം. യഥാര്‍ത്ഥത്തിലോ ആ ധനം ആ ഘട്ടത്തില്‍ ഇന്നവന്റെതായിക്കഴിഞ്ഞിരിക്കുകയാണ്. (ബുഖാരി : 2-24-500)

അനസ്‌(റ) നിവേദനം: നിങ്ങള്‍ ചില പ്രവൃത്തികള്‍ ചെയ്യും. നിങ്ങളുടെ ദൃഷ്ടിയില്‍ അതു ഒരു മുടിയെക്കാള്‍ നിസ്സാരമായിരിക്കും. എന്നാല്‍ ഞങ്ങള്‍ (സഹാബിമാര്‍) നബി(സ)യുടെ കാലത്തു അതിനെ മഹാപാപമായിട്ടാണ്‌ ദര്‍ശിച്ചിരുന്നത്‌. (ബുഖാരി : 8-76-499)

അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ പ്രവാചകന്‍ (സ) അരുളിയിരിക്കുന്നു. അല്ലാഹു പറയുകയുണ്ടായി: പ്രതാപം എന്റെ അരയുടുപ്പും അഹങ്കാരം എന്റെ രണ്ടാം മുണ്ടും ആകുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ എന്നോടാരെങ്കിലും മത്സരിച്ചാല്‍ ഞാനവനെ ശിക്ഷിക്കുന്നതാണ്. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ ഇത്തപ്പഴമോ കിട്ടിയാല്‍ തിരിച്ചുപോകാന്‍ സന്നദ്ധനായികൊണ്ട് ജനങ്ങള്‍ക്കിടയില്‍ ചുറ്റിനടക്കുന്നവനല്ല മിസ്കീന്‍. എന്നാല്‍ പരാശ്രയമില്ലാതെ ജീവിക്കാന്‍ വകയില്ല. അവന്റെ യഥാര്‍ത്ഥ നിലപാട് ഗ്രഹിച്ച് അവന് ആരും ദാനം ചെയ്യുന്നില്ല. മനുഷ്യരുടെ മുന്നില്‍ നിന്ന് യാചിക്കുകയുമില്ല. ഇവനാണ് മിസ്കീന്‍. (ബുഖാരി : 2-24-557)


അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നോ രണ്ടോ പിടി ആഹാരമോ മറ്റോ ലഭിച്ചാല്‍ തിരിച്ചുപോകാന്‍ സന്നദ്ധനായികൊണ്ട് ആളുകള്‍ക്കിടയില്‍ ചുറ്റി നടക്കുന്നവനല്ല മിസ്കീന്‍. പിന്നെയോ പരാശ്രയമില്ലാതെ ജീവിക്കാന്‍ വകയില്ല. ജനങ്ങളോട് അവന്‍ തീരെ ചോദിക്കുകയുമില്ല. അവനാണ്. (ബുഖാരി : 2-24-554)

ഇബ്നു ഉമര്‍(റ) നിവേദനം: ഉമര്‍(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നബി(സ) എനിക്ക് ചില സമ്മാനങ്ങള്‍ (മുന്‍ ത്യാഗിവര്യന്മാര്‍ക്കുള്ള വേതനം) നല്‍കും. ഞാന്‍ പറയും. എന്നെക്കാള്‍ വലിയ ആവശ്യക്കാരന് കൊടുത്താലും. അപ്പോള്‍ നബി(സ) അരുളും. നീ അതു സ്വീകരിക്കുക. മനസ്സില്‍ അത്യാഗ്രഹമോ യാചിക്കുകയോ ചെയ്യാതെ വല്ല ധനവും നിങ്ങള്‍ക്ക് കിട്ടിയാല്‍ അത് സ്വീകരിച്ചു കൊള്ളുക. അങ്ങനെ ലഭിക്കാത്ത ധനമാണെങ്കിലോ നിങ്ങള്‍ അതിന്റെ പിന്നാലെ നടക്കരുത്. (ബുഖാരി : 2-24-552)

അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലർത്തുന്നവൻ. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി : 8-73-20)


അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീർച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലർത്തിയവനോട് ഞാനും ബന്ധം പുലർത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി : 8-73-17)

ജുബൈർ(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബുഖാരി : 8-73-13)

അനസ്(റ) പറയുന്നു: മഹാപാപങ്ങളെക്കുറിച്ച് പ്രവാചകന്‍ ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി: അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക, മാതാപിതാക്കളെ ദ്രോഹിക്കുക, വധിക്കുക, കളവിന് സാക്ഷി നില്‍ക്കുക. (ബുഖാരി : 3-48-821)

അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? ഇപ്രകാരം മൂന്ന് പ്രാവശ്യം നബി(സ) ചോദിച്ചു. അപ്പോള്‍ അതെ ദൈവദൂതരേ, ഞങ്ങള്‍ക്കതു വിവരിച്ചു തന്നാലും എന്ന് അനുചരന്മാര്‍ മറുപടി പറഞ്ഞു. നബി(സ) അരുളി: അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാതാപിതാക്കളെ ഉപദ്രവിക്കുക. നബി(സ) ഇപ്രകാരം അരുളുമ്പോള്‍ ഒരു തലയിണയില്‍ ചാരിക്കൊണ്ടിരിക്കുകയായിരുന്നു. നബി(സ) നിവര്‍ന്നിരുന്നിട്ട് അരുളും: അസത്യം (കള്ളസാക്ഷ്യം) പറയല്‍. നബി(സ) അതു ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവിടുന്ന് മൌനം പാലിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നേനെയെന്ന് ഞങ്ങള്‍ക്ക് തോന്നുന്നതുവരെ. (ബുഖാരി. 3. 48. 822)അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ ബാങ്ക് വിളികേട്ടാല്‍ ബാങ്ക് വിളിക്കുന്നവന്‍ പറയും പോലെ നിങ്ങളും പറയുവീന്‍. (ബുഖാരി : 1-11-585)

മുആവിയ്യ: ബാങ്ക് കൊടുക്കുന്നത് കേട്ടപ്പോള്‍ അതുപോലെ പറഞ്ഞു. അശ്ഹദുഅന്നമുഹമ്മദന്‍ റസൂലുല്ലാഹി എന്നുവരെ. (ബുഖാരി. 1. 11. 586)പക്ഷെ ഹയ്യ-അല-സ്വലാഹ് എന്നു കേള്‍ക്കൂമ്പോള്‍ ലാ-ഹൌല-വലാ ഖുവ്വത്ത ഇല്ലാ-ബില്ലാഹ് എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ നബി(സ) ഇങ്ങനെ പറയുന്നതായിട്ടാണ് ഞാന്‍ കേട്ടിരിക്കുന്നതെന്ന് ശേഷം അദ്ദേഹം (മുആവിയ്യ) പറഞ്ഞു. (ബുഖാരി. 1. 11. 587)


ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: ഈ പരിപൂര്‍ണ്ണ വിളിയുടെയും ആരംഭിക്കാന്‍ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ, നീ വാഗ്ദാനം ചെയ്ത പ്രകാരം മുഹമ്മദ് നബി(സ)ക്ക് പരമോന്നത സാമീപ്യവും അത്യുന്നതപദവിയും നല്‍കുകയും സ്തുത്യര്‍ഹമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ ഉയര്‍ത്തുകയും ചെയ്യേണമേ! എന്നു ബാങ്കു കേള്‍ക്കുന്നവന്‍ പറഞ്ഞാല്‍ അന്ത്യദിനം അവന്‍ എന്റെ ശുപാര്‍ശക്ക് അര്‍ഹനായി. (ബുഖാരി. 1. 11. 588)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സൂര്യനുദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്ലിം)

ഇബ്നുഉമര്‍(റ) നിവേദനം: നിങ്ങളില്‍ വല്ലവനും ജുമുഅക്ക് വന്നാല്‍ അവന്‍ കുളിക്കണം. (ബുഖാരി. 2. 13. 2)അബൂസഈദുല്‍ ഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: പ്രായപൂര്‍ത്തിയെത്തിയ എല്ലാ മനുഷ്യര്‍ക്കും വെള്ളിയാഴ്ച ദിവസം കുളി നിര്‍ബന്ധമാണ്. (ബുഖാരി. 2. 13. 4)

അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല്‍ അവന് കൂടുതല്‍ അവകാശമുണ്ട്. (തിര്‍മിദി)

സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍- അത്‌ നിനക്ക്‌ ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനു മുമ്പായി - പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്‌. എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന്‌ നീ പറയുകയും ചെയ്യുക. (Quran 20:114)


സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍ മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു. (Quran 96:1-5)

അനസ്(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനം തേടി പുറപ്പട്ടുപോകുന്നവന്‍ തിരികെ വരുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാകുന്നു. (തിര്‍മിദി)

അനസ്(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ജ്ഞാനസമ്പാദനം എല്ലാ മുസ്ളീംകളുടേയും കര്‍ത്തവ്യമാണ്. (ബൈഹഖി)


അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്. (തിര്‍മിദി)


അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ഭക്തനേക്കാള്‍ പണ്ഡിതന്റെ മഹത്വം നിങ്ങളില്‍ താഴ്ന്നവരേക്കാള്‍ എനിക്കുള്ള മാഹാത്മ്യം പോലെയാണ്. എന്നിട്ട് റസൂല്‍(സ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്റെ മലക്കുകളും ആകാശഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവും കൂടി ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിച്ച് കൊടുക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ്. അല്ലാഹു അവര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. (തിര്‍മിദി)

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മതവിദ്യ അഭ്യസിക്കാന്‍ ആരെങ്കിലും വല്ല വഴിയിലും പ്രവേശിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം അവന് അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. നിശ്ചയം, മലക്കുകള്‍ മതവിദ്യാര്‍ത്ഥിക്ക് അവരുടെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക് താഴ്ത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവര്‍- വെള്ളത്തിലെ മത്സ്യവും കൂടി - പണ്ഡിതന്റെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കും. (വിവരമില്ലാത്ത) ആബിദിനേക്കാള്‍ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. മാത്രമല്ല, പണ്ഡിതന്മാരാണ് നബി(സ)യുടെ അനന്തരാവകാശികള്‍. നബിമാരാകട്ടെ, സ്വര്‍ണ്ണവും വെള്ളിയും അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മതവിദ്യയാണ് അവര്‍ അനന്തരമായി വിട്ടേച്ചു പോയത്. അതുകൊണ്ട് അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്. (അബൂദാവൂദ്, തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു. അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണുതാനും. എങ്കില്‍ അന്ത്യദിനത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല. (അഥവാ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല) (അബൂദാവൂദ്)


അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി : 1-3-73)

അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: കരഞ്ഞും കൊണ്ട് അല്ലാതെ ശിക്ഷ ഇറക്കപ്പെട്ട സ്ഥലത്ത് നിങ്ങള്‍ പ്രവേശിക്കരുത്. നിങ്ങള്‍ കരയുന്നില്ലെങ്കില്‍ അവിടെ പ്രവേശിക്കരുത്. അല്ലാഹുവിന്റെ ശിക്ഷ നിങ്ങള്‍ക്കും അവര്‍ക്ക് ബാധിച്ചതുപോലെ ബാധിക്കാതിരിക്കുവാന്‍. (ബുഖാരി. 1-8-425)

Note : വിനോദയാത്ര പോലെ ഇത്തരം ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു പ്രവണത ഇപ്പോള്‍ കൂടി വരുന്നുണ്ട്. ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ ഹദീസ് ഓര്‍ക്കുക. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ സ്ഥലങ്ങള്‍ പോയി ആസ്വദിക്കാനുള്ളതല്ല, മറിച്ച്‌ അല്ലാഹുവിന്റെ ശിക്ഷ ഓര്‍ത്തു ഭയപ്പെടാനും കരയാനും ഉള്ളതാണ്.

മലയാളം ഹദീസ് പഠനം 12
ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) നിര്‍ദ്ദേശിച്ചു: നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക് ദോഷമായി പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങള്‍ക്കും കേടായി നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ ധനത്തിന് നാശമുണ്ടാകുവാനും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഉത്തരം ലഭിക്കുന്ന സമയവുമായി നിങ്ങളെത്തിമുട്ടാതിരിക്കാന്‍ വേണ്ടി. (മുസ്ലിം)

സഅ്ദ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: അബ്ദുറഹ്മാനുബ്നു ഔഫ്(റ)ന്റെ അടുത്ത് അദ്ദേഹത്തിനുള്ള ഭക്ഷണം ഹാജരാക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: മുസ്വ്അബ്ബ്നു ഉമൈര്‍ വധിക്കപ്പെട്ടു. അദ്ദേഹം എന്നെക്കാള്‍ ഉത്തമനായിരുന്നു. ഒരു തുണികഷ്ണം മാത്രമാണ് അദ്ദേഹത്തെ കഫന്‍ ചെയ്യാന്‍ ലഭിച്ചത്. ഹംസ(റ)യും വധിക്കപ്പെട്ടു. അല്ലെങ്കില്‍ മറ്റൊരു പുരുഷന്‍ - അദ്ദേഹവും എന്നേക്കാള്‍ ശ്രേഷ്ഠനായിരുന്നു. അദ്ദേഹത്തെയും കഫന്‍ ചെയ്യാന്‍ ഒരു പുതപ്പിന്റെ കഷ്ണം മാത്രമാണ് ലഭിച്ചത്. നമ്മുടെ കര്‍മ്മഫലം ഈ ഭൌതിക ജീവിതത്തില്‍ തന്നെ ധൃതിപ്പെട്ട് ലഭിക്കപ്പെടുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ശേഷം അദ്ദേഹം കരയാന്‍ തുടങ്ങി. (ബുഖാരി : 2-23-364)

ആയിശ(റ) നിവേദനം: നിശ്ചയം ഒരു മനുഷ്യന്‍ നബി(സ)യോട് ചോദിച്ചു. എന്റെ മാതാവ് പൊടുന്നനവേയാണ് മരിച്ചത്. അവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും(വസ്വിയ്യത്തായി) ദാനം ചെയ്യുമായിരുന്നു. അതിനാല്‍ അവരുടെ പേരില്‍ ഞാന്‍ ദാനം ചെയ്താല്‍ അതിന്റെ പുണ്യം അവര്‍ക്ക് ലഭിക്കുമോ? നബി(സ) അരുളി: അതെ. (ബുഖാരി : 2-23-470)

ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം അരുളി: ജൂത-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ പ്രാര്‍ത്ഥനാ കേന്ദ്രമാക്കി. നബി(സ)യുടെ ആ ഉണര്‍ത്തല്‍ ഇല്ലായിരുന്നെങ്കില്‍ അവിടുത്തെ ഖബര്‍ പൊതു സ്ഥലത്ത് ആക്കുമായിരുന്നു. എന്നിട്ടും ഏതെങ്കിലും കാലത്ത് അവിടുത്തെ ഖബര്‍ പ്രാര്‍ത്ഥനാ സ്ഥലമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (ബുഖാരി : 2-23-472)

ഇബ്നുഉമര് (റ) പറയുന്നു: തലമുടിയുടെ ഒരു ഭാഗം വടിക്കുകയും കുറെ ഭാഗം വളര്ത്തുകയും ചെയ്യുന്നത് നബി(സ) വിരോധിച്ചത് ഞാന് കേട്ടിട്ടുണ്ട്. (ബുഖാരി : 7-72- 796)

ആയിശ(റ) നിവേദനം: നിങ്ങള്‍ മരിച്ചവരെ ശകാരിക്കരുത്. മുമ്പ് എന്തു പ്രവര്‍ത്തിച്ചിരുന്നുവോ അതിലേക്കവര്‍ എത്തിച്ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു. (ബുഖാരി : 2-23-476)

ഉമ്മു സല്‍മ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: നിങ്ങള്‍ ഒരു രോഗിയേയോ മരിച്ചവരേയോ സന്ദര്‍ശിക്കുമ്പോള്‍ അയാളെക്കുറിച്ചു നല്ലതു മാത്രം പറയുക: നിങ്ങള്‍ പറയുന്നതിനു മലക്കുകള്‍ ആമീന്‍ പറയുന്നു. (മുസ്ലിം)

ആയിശ(റ) നിവേദനം: നബി(സ)അരുളി: ഒരു മുസ്ലിമിന് ഏതുതരം വിപത്തു ബാധിച്ചാലും അതുമൂലം അല്ലാഹു അവന്റെ പാപങ്ങളില്‍ നിന്ന് മാപ്പ് ചെയ്തുകൊടുക്കാതിരിക്കില്ല. അവന്‍ ആവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന മുളളുവരെ. (ബുഖാരി : 7-70-544)

അബുസഈദ്റ(റ) അബൂഹുറൈറ(റ) എന്നിവര്‍ നിവേദനം: നബി(സ) അരുളി: ഒരു മുസ് ലിമിനെ ക്ഷീണമോ രോഗമോ ദു:ഖമോ അസുഖമോ ബാധിച്ചു. അല്ലെങ്കില്‍ അവന്റെ ശരീരത്തില്‍ മുളള് കുത്തുകയെങ്കിലും ചെയ്തു. എങ്കില്‍ അവന്റെ തെറ്റുകളില്‍ ചിലത് അല്ലാഹു മാച്ച് കളയാതിരിക്കുകയില്ല. (ബുഖാരി : 7-70-545)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരത്തിന് ഇഖാമത്തു വിളിക്കപ്പെട്ടാല്‍ നിങ്ങള്‍ ധൃതി കാണിക്കരുത്. നടന്നുകൊണ്ട് പുറപ്പെടുക. ലഭിച്ചതു നമസ്കരിക്കുകയും നഷ്ടപ്പെട്ടതു പൂര്‍ത്തിയാക്കുകയും ചെയ്യുക. (ബുഖാരി : 2-13-31)

ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും തന്റെ ഭരണാധികാരിയില്‍ വെറുക്കപ്പെട്ടത് കണ്ടാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. കാരണം വല്ലവനും ഭരണാധിപനെ അനുസരിക്കാതെ ഒരു ചാണ്‍ അകന്ന് നിന്നാല്‍ ജാഹിലിയ്യാ മരണമാണ് അവന്‍ വരിക്കുക. (ബുഖാരി : 9-88-176)

ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: ആരെങ്കിലും തന്റെ ഭരണാധികാരിയില്‍ അനിഷ്ടകരമായത് കണ്ടാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. കാരണം ഇസ്ളാമിക സമൂഹ ത്തില്‍ നിന്നും ഒരു ചാണ്‍ ആരെങ്കിലും അകന്നു നിന്നാല്‍ അവന്‍ ജാഹിലിയ്യാ മരണമാണ് വരിക്കുന്നത്. (ബുഖാരി : 9-88-177)

സുബൈര്‍ (റ) പറയുന്നു: നിങ്ങള്‍ അനസി(റ)ന്റെ അടുത്ത് ചെന്ന് ഹജ്ജാജില്‍ നിന്നും ഏല്‍ക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ആവലാതിപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ക്ഷമ കൈക്കൊള്ളുക. പിന്നീട് വരുന്ന കാലങ്ങള്‍ ആദ്യമാദ്യം വരുന്ന കാലത്തേക്കാള്‍ ദുഷിച്ചുകൊണ്ട് തന്നെയാണ് പോവുക. നിങ്ങളുടെ നാഥനെ കണ്ടുമുട്ടുംവരെ. നിങ്ങള്‍ ഈ അവസ്ഥ തുടരും. ഞാനിതു നിങ്ങളുടെ നബി(സ)യില്‍ നിന്നും കേട്ടതുതന്നെയാണ്. (ബുഖാരി : 9-88-188)

അനസ്(റ) നിവേദനം: നബി(സ) അരുളി: ഉണങ്ങിയ മുന്തിരിങ്ങ പോലെയുള്ള ശിരസ്സോടുകൂടിയ ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണാധികാരിയെങ്കില്‍ പോലും അദ്ദേഹത്തിന്റെ കല്‍പനകള്‍ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുവീന്‍. (ബുഖാരി : 9-89-256)

അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ലീമായ മനുഷ്യന്‍ അവന്ന് ഇഷ്ടകരവും അനിഷ്ടകരവുമായ സംഗതികളില്‍ ഭരണാധികാരിയെ അനുസരിക്കണം. തെറ്റ് കല്‍പ്പിക്കപ്പെടുന്നത് വരെ. തെറ്റ് ഭരണാധികാരി കല്‍പ്പിച്ചാല്‍ കേള്‍വിയും അനുസരണവുമില്ല. (ബുഖാരി : 9-89-258)

മഅ്ഖല്‍ (റ) പറയുന്നു: നബി(സ) അരുളി: ഒരു മനുഷ്യനെ ഒരു വിഭാഗത്തിന്റെ ഭരണാധികാരിയായി അല്ലാഹു നിശ്ചയിച്ചു. എന്നിട്ട് ഗുണകാംക്ഷയോട് കൂടി അവരെ അവന്‍ പരിപാലിച്ചില്ല. എങ്കില്‍ അത്തരത്തിലുള്ള ഒരൊറ്റ മനുഷ്യനും സ്വര്‍ഗ്ഗത്തിന്റെ സുഗന്ധം ആസ്വദിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 9-89-264)

മഅ്ഖല്‍ (റ) നിവേദനം: നബി(സ) അരുളി: ഒരാള്‍ മുസ്ലിംകളില്‍ ഒരു വിഭാഗത്തിന്റെ അധികാരം ഏറ്റെടുത്തു. അവരെ വഞ്ചിച്ചുകൊണ്ടാണ് അവന്‍ മൃതിയടഞ്ഞതെങ്കില്‍ അല്ലാഹു അവന് സ്വര്‍ഗ്ഗം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി. 9. 89. 265)

സഅ്ദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, അല്ലാഹു ഭക്തനും നിരാശ്രയനും അപ്രശസ്തനുമായ വ്യക്തിയെ ഇഷ്ടപ്പെടും. (പേരിനും പ്രശസ്തിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ സത്യത്തില്‍ അല്ലാഹുവിനെയല്ല ധ്യാനിക്കുന്നത്; ജനങ്ങളാണവന്റെ ലക്ഷ്യം). (മുസ്ലിം)

അബു മസ്ഊദ്(റ) പറഞ്ഞു. അല്ലാഹുവിന്റ ദൂതന്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതല്‍ അറിയുന്നയാള്‍ ആണ് ജനങ്ങളുടെ ഇമാമത്ത് (നേതൃത്വം) വഹിക്കേണ്ടത്. വി. ഖൂര്‍ആനെ കുറിച്ചുള്ള ജ്ഞാനം സമമായിട്ടുള്ളവരാണെങ്കില്‍ സുന്നത്തില്‍ കൂടുതല്‍ ജ്ഞാനമുള്ളവന്‍: സുന്നയിലുള്ള ജ്ഞാനത്തില്‍ സമന്മാരാണെങ്കില്‍ ഹിജറയില്‍ മുമ്പന്‍. ഹിജറയില്‍ സമന്മാരാണെങ്കില്‍, പ്രായത്തില്‍ കൂടിയ ആള്‍. ഒരാളുടെ അധികാരത്തില്‍പെട്ട സ്ഥലത്ത്, മറ്റൊരാള് ‍പ്രാര്‍ത്ഥന നയിക്കുവാന്‍ പാടില്ല. യാതൊരാളും മറ്റൊരാളുടെ വീട്ടിലെ മാന്യസ്ഥാനത്തു അയാളുടെ അനുവാദം കൂടാതെ ഇരിക്കാനും പാടില്ല. (മുസ്ലിം)

മലയാളം ഹദീസ് പഠനം 11
ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നല്‍കേണമേ എന്ന് പറയരുത്. ഉറപ്പിച്ച് തന്നെ ചോദിക്കുക. നിര്‍ബന്ധിച്ച് അല്ലാഹുവിനെ കൊണ്ട് ഒരു കാര്യം ചെയ്യിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. (ബുഖാരി : 8-75-350)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നിട്ടെന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടില്ല എന്ന് ആവലാതിപ്പെടാത്ത കാലം വരെ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകതന്നെ ചെയ്യും. (ബുഖാരി : 8-75-352)

ഉബാദത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഭൂലോകത്തുവെച്ച് അല്ലാഹുവിനോട് വല്ല മുസ്ളിമും പ്രാര്‍ത്ഥിച്ചാല്‍ ചോദിച്ചത് അല്ലാഹു അവന് നല്കുകയോ അത്രയും ആപത്ത് അവനില്‍ നിന്ന് എടുത്തുകളയുകയോ ചെയ്യാതിരിക്കുകയില്ല. അന്നേരം സദസ്സിലൊരാള്‍ പറഞ്ഞു: എന്നാല്‍ ഞങ്ങള്‍ ധാരാളം പ്രാര്‍ത്ഥിക്കും. അവിടുന്ന് പറഞ്ഞു: അല്ലാഹു അതില്‍ കൂടുതല്‍ ഗുണം ചെയ്യുന്നവനാണ്. (തിര്‍മിദി) (നിങ്ങളുടെ പ്രാര്‍ത്ഥന നിമിത്തം അവന് യാതൊരുകുറവും സംഭവിക്കുകയില്ല)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പിരടിയില്‍ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നിങ്ങളാരും നമസ്കരിക്കരുത്. (ബുഖാരി : 1-8-355)

ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില്‍ ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗൃഹങ്ങളിലേക്ക് അവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. (ബുഖാരി : 1-8-368)

സഹ്ല്(റ) നിവേദനം: കുട്ടികള്‍ ചെയ്യാറുള്ളത് പോലെ തങ്ങളുടെ തുണിയുടെ തലപിരടിയില്‍ കെട്ടിക്കൊണ്ടു ചില ആളുകള്‍ തിരുമേനി(സ) യോടൊപ്പം നമസ്ക്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ പുരുഷന്മാര്‍ സുജൂദില്‍ നിന്നും എഴുന്നേറ്റ് ഇരിക്കും മുമ്പ് സ്ത്രീകള്‍ സുജൂദില്‍ നിന്നും തല ഉയര്‍ത്തരുതെന്ന് തിരുമേനി(സ) സ്ത്രീകളോട് കല്‍പ്പിച്ചു. (ബുഖാരി : 1-8-358)

അബുഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളില്‍ ആദ്യത്തേതാണുത്തമം. അവസാനത്തേത് ശര്‍റുമാകുന്നു. (ഇമാമിന്റെ ഖിറാഅത്ത് കേള്‍ക്കാനും അദ്ദേഹത്തിന്റെ സ്ഥിതിഗതികള്‍ നേരില്‍ മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടും അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്തിന് അര്‍ഹനായിത്തീരുന്നതുകൊണ്ടും ആദ്യത്തെ അണിയാണുത്തമം) സ്ത്രീകളുടെ അണികളില്‍ അവസാനത്തേതാണുത്തമം. ആദ്യത്തേത് ശര്‍റുമാകുന്നു. (മുസ്ലിം) (ആദ്യമാദ്യമുള്ള സഫ്ഫുകളിലെ പുരുഷന്മാരുമായുള്ള സാമീപ്യം കാരണം സ്ത്രീക്ക് ഏറ്റവും നല്ലത് പിന്‍സഫ്ഫുകളില്‍ നില്‍ക്കലാകുന്നു)

ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്‍ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള്‍ മൈതാനത്തേക്ക് കൊണ്ടുവരാന്‍ നബി(സ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര്‍ മുസ്ളിങ്ങളുടെ ജമാഅത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും. ഋതുമതികള്‍ നമസ്കാരസ്ഥലത്ത് നിന്ന് അകന്നു നില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഞങ്ങളില്‍ ഒരുവള്‍ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്റെ വസ്ത്രത്തില്‍ നിന്ന് അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1. 8. 347)

വുളുവുമായി ബന്ധപെട്ട ഹദീസുകള്‍ മുമ്പ് പോസ്റ്റ്‌ ചെയ്തത് ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അബ്ദുല്ല(റ) : നബി(സ) ഒരിക്കല്‍ ളുഹര്‍ നമസ്കാരം അഞ്ച് റക്ക്അത്ത് നമസ്കരിച്ചു. നമസ്കാരത്തിന്റെ റക്അത്തുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ എന്ന് അപ്പോള്‍ നബി(സ)യോട് ചോദിക്കപ്പെട്ടു. അങ്ങിനെ ചോദിക്കാനെന്താണ് കാരണമെന്നു നബി(സ) അന്വേഷിച്ചു. അവിടുന്ന് അഞ്ച് റക്അത്താണ് നമസ്കരിച്ചതെന്ന് അവര്‍ മറുപടി നല്‍കി. ഉടനെ നബി(സ) രണ്ട് സുജൂദ് ചെയ്തു. സലാം ചൊല്ലി നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു ആ സുജൂദ്. (ബുഖാരി : 2-22-317)

അബ്ദുല്ല(റ) നിവേദനം: നബി(സ) ഒരു ളുഹ്ര്‍ നമസ്കാരത്തില്‍ ഇരിക്കാതെ എഴുന്നേറ്റു. നമസ്കാരം പൂര്‍ത്തിയാക്കിയ ശേഷം അവിടുന്നു രണ്ട് സുജൂദ് ചെയ്യുകയും ശേഷം സലാം വീട്ടുകയും ചെയ്തു. (ബുഖാരി : 2-22-315)

Note : ഈ സുജൂദില്‍ ചൊല്ലാനുള്ള ചില പ്രാര്‍ത്ഥനകള്‍ ചില പുസ്തകങ്ങളില്‍ കണ്ടു വരാറുണ്ട്. പക്ഷെ പ്രാമാണികമായ ഹദീസുകളില്‍ ഒന്നും തന്നെ ഇതുമായി ബന്ധപെട്ട പരാമര്‍ശങ്ങള്‍ ഇല്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. അതിനാല്‍ സാധാരണ നമസ്കാരത്തില്‍ ചെല്ലുന്നത് തന്നെ ചൊല്ലിയാല്‍ മതി.

അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: രണ്ട് നെരിയാണിവിട്ട് താഴേക്ക് ഇറങ്ങിയ വസ്ത്രം നരകത്തിലാണ്. (ബുഖാരി : 7-72-678)

ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും അഹങ്കാരത്തോട് കൂടി തന്റെ വസ്ത്രം നിലത്തു വലിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്റെ നേരെ നോക്കുകയില്ല. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: പ്രവാചകരേ! എന്റെ തുണിയുടെ ഒരു ഭാഗം നിലത്ത് പതിക്കാറുണ്ട്. ഞാന്‍ ജാഗ്രത പുലര്‍ത്തിയാല്‍ ഒഴികെ. നബി(സ)അരുളി: നീയത് അഹങ്കാരത്തോട് കൂടിചെയ്യുന്നവരില്‍ പെട്ടവനല്ല. (ബുഖാരി. 7. 72. 675)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: ഒരാള് തന്റെ വസ്ത്രം താഴ്ത്തിയിട്ട് നമസ്കരിക്കെ റസൂല്(സ) അയാളോട് പറഞ്ഞു: നീ പോയി വുളുചെയ്യുക. അയാള് പോയി വുളുചെയ്തു വന്നപ്പോള് റസൂല്(സ) വീണ്ടും പറഞ്ഞു: നീ പോയി വുളുചെയ്യൂ. തല്ക്ഷണം മറ്റൊരാള് ചോദിച്ചു. പ്രവാചകരേ! അയാളോട് വുളുചെയ്യാന് കല്പിച്ചുവെങ്കിലും പിന്നീട് അങ്ങ് മൗനമവലംബിച്ചുവല്ലോ. (അതെന്താണെന്ന് മനസ്സിലായില്ല) അവിടുന്ന് പറഞ്ഞു: അവന് വസ്ത്രം താഴ്ത്തിയിട്ടാണ് നമസ്കരിച്ചത്. വസ്ത്രം താഴ്ത്തിയിടുന്നവന്റെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. (അബൂദാവൂദ്)

അബൂസഈദി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പ്രസ്താവിച്ചു: മുസല്മാന്റെ മുണ്ട് തണ്ടങ്കാല് പകുതി വരെയാണ്. മടമ്പസ്ഥിവരെ അതെത്തുന്നത് കൊണ്ട് തെറ്റില്ല. മടമ്പും വിട്ട് താഴ്ന്നു കിടക്കുന്നത് നരകത്തിലാണ്. അഹന്തമൂലം മുണ്ട് വലിച്ചിഴക്കുന്നവനെ അല്ലാഹു നോക്കുക പോലുമില്ല. (അബൂദാവൂദ്)

ഇബ്നുഉമറി(റ)ല് നിന്ന് നിവേദനം: ഞാന് ഒരിക്കല് റസൂല്(സ)യുടെ അരികില് നടന്നു ചെന്നു. എന്റെ മുണ്ട് അല്പം താഴ്ന്നിരുന്നു. അപ്പോള് പ്രവാചകന് പറഞ്ഞു. അബ്ദുല്ലാ! നിന്റെ മുണ്ട് പൊക്കിയുടുക്കൂ. ഞാന് അത് പൊക്കിയുടുത്തു. പിന്നീട് തിരുദൂതന്(സ) പറഞ്ഞു. അല്പം കൂടി പൊക്കൂ. അപ്പോഴും ഞാന് അങ്ങിനെ പൊക്കിയുടുത്തു. അതിനു ശേഷം ഞാനക്കാര്യം വളരെ ശ്രദ്ധിച്ചുപോന്നു. എത്രത്തോളമെന്ന് ചിലര് ചോദിച്ചപ്പോള്, ഈ തണ്ടന്‍ കാലുകളുടെ പകുതിവരെ എന്ന് ഞാന് മറുപടി കൊടുത്തു. (മുസ്ലിം)

ഇബ്നുഉമറി(റ)ല് നിന്ന് നിവേദനം: റസൂല്(സ) അരുളി: അഹങ്കാരത്തോടു കൂടി വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തില് അല്ലാഹു നോക്കുകയില്ല. ഉമ്മുസലമ(റ) ചോദിച്ചു. സ്ത്രീകള് വസ്ത്രാഗ്രം എന്തുചെയ്യണം.? തിരുദൂതന്(സ) അരുളി: അവര് ഒരു ചാണ് താഴ്ത്തിയിടട്ടെ! ഉമ്മുസലമ(റ) പറഞ്ഞു. അവരുടെ പാദങ്ങള് വെളിവായാലോ? അപ്പോള് അവിടുന്ന് പറഞ്ഞു. എന്നാലവര് ഒരു മുഴം താഴ്ത്തണം. അതില് കൂടതല് വേണ്ട. (അബൂദാവൂദ്, തിര്മിദി)

അനസ്‌(റ) നിവേദനം: നിങ്ങള്‍ ചില പ്രവൃത്തികള്‍ ചെയ്യും. നിങ്ങളുടെ ദൃഷ്ടിയില്‍ അതു ഒരു മുടിയെക്കാള്‍ നിസ്സാരമായിരിക്കും. എന്നാല്‍ ഞങ്ങള്‍ (സഹാബിമാര്‍) നബി(സ)യുടെ കാലത്തു അതിനെ മഹാപാപമായിട്ടാണ്‌ ദര്‍ശിച്ചിരുന്നത്‌. (ബുഖാരി. 8-76-499)

ആയിശ(റ) പറയുന്നു: നബി(സ) ഒരുപട്ടാളസംഘത്തിന്റെ നേതാവായിക്കൊണ്ട് ഒരാളെ അയച്ചു. അദ്ദേഹം ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതിയിട്ട് ഖുല്‍ഹുവല്ലാഹു അഹദ് എന്ന അധ്യായത്തിലാണ് ഓത്ത് അവസാനിപ്പിക്കുക. തിരിച്ചുവന്നപ്പോള്‍ ഇതുകൂട്ടുകാര്‍ നബി(സ)യെ ഉണര്‍ത്തി. അങ്ങിനെ ചെയ്യാന്‍ കാരണമെന്താണെന്ന് ചോദിക്കുവാന്‍ കൂട്ടുകാരെ നബി(സ) ഉപദേശിച്ചു. അവര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആ അധ്യായം അല്ലാഹുവിന്റെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നവന്നാണ്. തന്നിമിത്തം അതു നമസ്കാരത്തിലോതാന്‍ ഞാനിഷ്ടപ്പെടുന്നു. നബി(സ) അരുളി: അല്ലാഹു ഇദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ അറിയിച്ചുകൊള്ളുവീന്‍. (ബുഖാരി : 9-93-472)

അനസി(റ)ല് നിന്ന് നിവേദനം: നിശ്ചയം, ഒരാള് പറഞ്ഞു: പ്രവാചകരെ! ഇഖ്ലാസ് സൂറത്തിനെ (അധ്യായം 112) ഞാനിഷ്ടപ്പെടുന്നു. നബി(സ) പറഞ്ഞു: അതിനോടുള്ള സ്നേഹം നിന്നെ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുന്നതാണ്. (തിര്മിദി)

അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന് രാത്രി നമസ്കാരത്തില് 'കുല്ഹുവല്ലാഹു അഹദ്'' ഓതുന്നത് മറ്റൊരു മനുഷ്യന് കേട്ടു. അതയാള് ആവര്ത്തിച്ച് ഓതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള് കേട്ട മനുഷ്യന് നബിയുടെ അടുക്കല് ചെന്ന് ഈ വിവരം ഉണര്ത്തി. അയാളുടെ ദൃഷ്ടിയില് ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി : 6-61-533)

അബൂസഈദ്(റ) നിവേദനം: നബി(സ) ഒരിക്കല് തന്റെ അനുചരന്മാരോട് ചോദിച്ചു: ഖുര്ആനിന്റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാന് നിങ്ങള്ക്ക് കഴിവില്ലെന്നോ? ഇതവര്ക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവര് പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാര്ക്കാണതിന് കഴിയുക? നബി(സ) അരുളി: 'ഖുല്ഹുവല്ലാഹുഅഹദ്' എന്ന അധ്യായം ഖുര്ആന്റെ മൂന്നിലൊന്നാണ്. (ബുഖാരി. 6-61-534)

ആയിശ(റ) പറയുന്നു: നബി(സ) എല്ലാ രാത്രിയും തന്റെ വിരിപ്പില് ചെന്നുകിടന്നുകഴിഞ്ഞാല് രണ്ട് കൈപ്പത്തികളും ചേര്ത്തുപിടിച്ച് ഖുല്ഹുവല്ലാഹുഅഹദ് എന്ന സൂറത്തും ഖുല് അഊദുബിറബ്ബില് ഫലക് എന്ന സൂറത്തും ഖുല് അഊദുബിറബ്ബിന്നാസ് എന്ന സൂറത്തും ഓതി അതില് ഊതും ആ കൈപത്തികളും കൊണ്ട് ശരീരത്തില് സൌകര്യപ്പെട്ട സ്ഥലങ്ങളിലെല്ലാം തടവും. തലയില് നിന്ന് തുടങ്ങി മുഖം ശരീരത്തിന്റെ മുന്‍വശം എന്നിവയെല്ലാം തടവും. അതു മൂന്നുവട്ടം ആവര്ത്തിക്കും. (ബുഖാരി : 6-61-536)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ തന്റെ പക്കലുള്ള ഒരു ഗ്രന്ഥത്തില്‍ താന്‍ സ്വീകരിച്ച തത്വങ്ങളെല്ലാം സിംഹാസനത്തിന്മേല്‍ വെച്ചു. എന്റെ കാരുണ്യം എന്റെ കോപത്തെ അതിര് കവിയും എന്നതാണത്. (ബുഖാരി : 9-93-501)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അവനെ ശ്വാസം മുട്ടിക്കും. വല്ലവനും ദേഹത്തെ കുത്തി മുറിപ്പെടുത്തി ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ അവന്‍ സ്വയം കുത്തി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കും. (ബുഖാരി : 2-23-446)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മലയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. എങ്കില്‍ അവന്റെ വാസസ്ഥലം നരകമായിരിക്കും. ശാശ്വതമായി അവനതില്‍ വീണുകൊണ്ടിരിക്കും. വല്ലവനും വിഷം കഴിച്ച് ആത്മഹത്യ ചെയ്താല്‍ ശാശ്വതനായി നരകത്തില്‍ വെച്ച് വിഷം കഴിച്ചുകൊണ്ടേയിരിക്കും. ഒരായുധം പ്രയോഗിച്ചു ഒരാള്‍ ആത്മഹത്യ ചെയ്താല്‍ ശാശ്വതനായി നരകത്തില്‍ വെച്ച് കത്തി കയ്യില്‍ പിടിച്ച് അവന്‍ തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. (ബുഖാരി : 7-71-670)

സാബിത്(റ) നിവേദനം: ഇസ്ളാം ഒഴിച്ച് മറ്റു വല്ല മതത്തിന്റെ പേരിലും ഒരാള്‍ ബോധപൂര്‍വ്വം കള്ള സത്യം ചെയ്താല്‍ അവന്റെ സ്ഥിതി അവന്‍ പറഞ്ഞതുപോലെ തന്നെയായിത്തീരും. വല്ലവനും ഒരായുധം കൊണ്ട് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അതേ ആയുധം കൊണ്ടവനെ ശിക്ഷിക്കും എന്ന് നബി(സ) അരുളി. ജുന്‍ദൂബ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന് ഒരു മുറിവുണ്ടായിരുന്നു. അയാള്‍ അതു കാരണം ആത്മഹത്യ ചെയ്തു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ അവന്റെ ആത്മാവിനെ പിടിക്കുന്നതില്‍ എന്നെ കവച്ചുവെച്ച് തന്നിമിത്തം ഞാനവനു സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി : 2-23-445)

 ഇക്രിമ: പറയുന്നു: ഹജ്ജ് ചെയ്യുന്നതിന് മുമ്പ് ഉംറ: നിര്‍വ്വഹിക്കുന്നതിനെ സംബന്ധിച്ച് ഇബ്നു ഉമര്‍(റ) ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: കുഴപ്പമില്ല. നബി(സ) ഹജ്ജ് ചെയ്യുന്നതിനുമുമ്പ് ഉംറ: നിര്‍വ്വഹിക്കുകയുണ്ടായി. (ബുഖാരി : 3-27-2)

ബറാഅ്(റ) പറയുന്നു: നബി(സ) ഹജ്ജ് ചെയ്യുന്നതിനു മുമ്പ് ദുല്‍-ഖഅദ് മാസത്തില്‍ രണ്ടു പ്രാവശ്യം ഉംറ ചെയ്തു. (ബുഖാരി : 3-27-9)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്നു കാര്യങ്ങളല്ലാത്ത അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അറ്റു പോകും. 1) ജാരിയായ സദഖ (വഖഫ്, വസിയ്യത്ത് മുതലായ തുടര്‍ന്ന് പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന സദഖ) 2) ഫലപ്രദമായ ഇല്‍മ് 3) തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളിയായി ഞാന്‍ കേട്ടു. ഒരു മുസ്ളിമിന്ന് മറ്റൊരു മുസ്ളിമിനോടുള്ള അവകാശം അഞ്ചാണ്. സലാം മടക്കല്‍, രോഗിയെ സന്ദര്‍ശിക്കല്‍, മയ്യിത്തിനെ പിന്‍തുടരല്‍, ക്ഷണിച്ചവന് മറുപടി നല്‍കല്‍, തുമ്മിയവന് വേണ്ടി പ്രാര്‍ത്ഥിക്കല്‍. (ബുഖാരി : 2-23-332)

അബൂസഈദ്(റ) നിവേദനം: നബി(സ) മണിയറയില്‍ ഇരിക്കുന്ന കന്യകയേക്കാള്‍ ലജ്ജാശീലമുള്ളവനായിരുന്നു. (ബുഖാരി : 8-73-140)

ഇംറാന്‍(റ) നിവേദനം: നബി(സ) അരുളി: ലജ്ജാശീലം നന്മയല്ലാതെ കൊണ്ടുവരികയില്ല. ബഷീര്‍ പറയുന്നു: ലിഖിതമായ തത്വമാണ്. തീര്‍ച്ചയായും ലജ്ജയില്‍പ്പെട്ടതാണ് ഗാംഭീര്യം. ലജ്ജയില്‍ പെട്ടതാണ് ശാന്തത. ഇംറാന്‍ പറഞ്ഞു: ഞാന്‍ നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുമ്പോള്‍ നീ നിന്റെ ഏടില്‍ നിന്ന് ഉദ്ധരിക്കുകയോ? (ബുഖാരി. 8. 73. 138)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സത്യവിശ്വാസത്തിന് അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി : 1-2-8)

ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്റെ സഹോദരന്റെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി : 1-2-23)

അബുവാഖിദ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ പള്ളിയില്‍ ഇരിക്കുകയായിരുന്നു. അനുചരന്മാര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. അപ്പോള്‍ മൂന്നുപേര്‍ അവിടെ വന്നു. രണ്ടു പേര്‍ നബി(സ)യുടെ അടുക്കലേക്ക് വരികയും ഒരാള്‍ തിരിഞ്ഞുപോവുകയും ചെയ്തു. നിവേദകന്‍ പറയുന്നു. അതായത് രണ്ടാളുകള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. ഒരാള്‍ സദസ്സില്‍ ഒരു ഒഴിവ് കണ്ട് അവിടെയിരുന്നു. മറ്റെയാള്‍ എല്ലാവരുടെയും പിന്നില്‍ ഇരുന്നു. മൂന്നാമത്തെയാള്‍ പിന്‍തിരിഞ്ഞുപോയി. നബി(സ) സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇപ്രകാരം അരുളി: മൂന്ന് ആളുകളെ സംബന്ധിച്ച് ഞാന്‍ പറയാം. ഒരാള്‍ അല്ലാഹുവിലേക്ക് അഭയം തേടി. അപ്പോള്‍ അല്ലാഹു അയാള്‍ക്ക് അഭയം നല്കി. മറ്റൊരാള്‍ ലജ്ജിച്ചു. അപ്പോള്‍ അല്ലാഹു അയാളോടും ലജ്ജ കാണിച്ചു. മൂന്നാമത്തെയാളാകട്ടെ പിന്തിരിഞ്ഞു. അതിനാല്‍ അവനില്‍ നിന്ന് അല്ലാഹുവും പിന്തിരിഞ്ഞു കളഞ്ഞു. (ബുഖാരി. 1. 3. 66)

 അത്വിയ്യത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: ദോഷമുള്ള കാര്യങ്ങള്‍ സൂക്ഷിക്കാന്‍വേണ്ടി (അതിലേക്ക് ചേര്‍ക്കാന്‍ സാദ്ധ്യതയുള്ള) തെറ്റില്ലാത്ത കാര്യം പോലും ഉപേക്ഷിക്കാതെ ആര്‍ക്കും ഭക്തന്മാരില്‍ ഉള്‍പ്പെടുവാന്‍ സാദ്ധ്യമല്ല. (തിര്‍മിദി)