മലയാളം ഹദീസ് പഠനം 15


അബൂഖിലാബ:(റ) നിവേദനം: മാലിക്ബ്നുഹുവൈരിസ്(റ) തക്ബീറിന്റെ സന്ദര്‍ഭത്തിലും റുകൂഇന്ന് ഉദ്ദേശിക്കുമ്പോഴും റുകൂഇല്‍ നിന്ന് തല ഉയര്‍ത്തുന്ന സന്ദര്‍ഭത്തിലും തന്റെ ഇരുകൈകളും ഉയര്‍ത്താറുണ്ട്. ശേഷം തിരുമേനി(സ) ഇപ്രകാരം ചെയ്യാറുണ്ടെന്ന് അദ്ദേഹം പ്രസ്താവിക്കും. (ബുഖാരി. 1. 12. 704)

സാലിം(റ) തന്റെ പിതാവില്‍ നിന്ന് (ഇബ്നുഉമര്‍) ഉദ്ധരിക്കുന്നു. തിരുമേനി(സ) നമസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകാന്‍ തക്ബീര്‍ ചൊല്ലുമ്പോഴും റുകൂഇല്‍ നിന്ന് തല ഉയര്‍ത്തുമ്പോഴുമെല്ലാം തന്റെ രണ്ടു കൈകളെ ചുമലിന്റെ നേരെ ഉയര്‍ത്തിയിരുന്നു. റുകൂഇല്‍ നിന്ന് തല ഉയര്‍ത്തുമ്പോള്‍ സമിഹല്ലാഹു ലിമന്‍ ഹമിദ: റബ്ബനാ വലക്കല്‍ ഹംദ് എന്നുചൊല്ലുകയും ചെയ്യും. എന്നാല്‍ സുജൂദില്‍ നിന്ന് ഉയരുമ്പോള്‍ കൈകള്‍ ഉയര്‍ത്താറില്ല. (ബുഖാരി : 1-12-702)


ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) തക്ബീറിന്റെയും റുകൂഇലേക്ക് പോകുമ്പോഴും അതില്‍ നിന്ന് ഉയരുമ്പോഴും തന്റെ ചുമലിന് നേരെ ഇരുകൈകളും ഉയര്‍ത്താറുണ്ട്. സുജൂദിലേക്ക് പോകുന്ന സന്ദര്‍ഭത്തിലും സൂജൂദില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സന്ദര്‍ഭത്തിലും അപ്രകാരം ചെയ്യാറില്ല. (ബുഖാരി. 1. 12. 705)

ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) രണ്ടു റക്അത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്താറുണ്ട്. (ബുഖാരി. 1. 12. 706) - അത്തഹിയ്യാത്തില്‍ നിന്ന് വീണ്ടും നിര്‍ത്തത്തിലേക്ക് മടങ്ങുമ്പോഴും കൈ ഉയര്‍ത്തണം എന്ന് സാരം.

Note : പലപ്പോഴും ആളുകള്‍ കൈ ഉയര്‍ത്തുന്നത് അലസമായും സുന്നത്തില്‍ പറഞ്ഞതിന് വിരുദ്ധമായും ആണ്. ഇരു കൈകളും വിരലുകള്‍ മുഴുവന്‍ ഖിബ്ലക്ക് അഭിമുഖമായി ചുമല്‍ വരെ അല്ലെങ്കില്‍ ചെവിയുടെ ഉയരത്തില്‍ ഉയര്‍ത്തി, കുറച്ചു നേരം (ഏതാനും സെകന്റുകള്‍ ) അതേപോലെ നിര്‍ത്തി കൈ താഴ്ത്തുക. നമസ്കാരത്തിലേക്ക് പ്രവേശിക്കുമ്പോഴും റുകൂഇലേക്ക് പോകുമ്പോഴും അവിടെ നിന്ന് പൂര്‍വ സ്ഥിതിയിലേക്ക് (നിര്‍ത്തം) മടങ്ങുമ്പോഴും അത്തഹിയ്യാത്തില്‍ നിന്ന് വീണ്ടും നിര്‍ത്തത്തിലേക്ക് മടങ്ങുമ്പോഴും ഇപ്രകാരം കൈ ഉയര്‍ത്തണം. (ഈ രീതിയാണ്‌ പ്രബലമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്.) - സുജുതിലേക്ക് പോകുമ്പോള്‍ ഉയര്‍ത്തേണ്ടതില്ല.

അബ്ദുല്ല(റ) നിവേദനം: ഒരു മനുഷ്യന്‍ ഖുര്‍ആനിലെ ഒരു വാക്യം ഓതുന്നതു ഞാന്‍ കേട്ടു. നബി(സ) ഓതിയ രൂപത്തിന്ന് വ്യത്യസ്ഥമായിക്കൊണ്ട്. ഞാന്‍ അയാളുടെ കൈപിടിച്ചുകൊണ്ട് നബി(സ)യുടെ അടുക്കല്‍ ചെന്നു. നബി(സ) അരുളി: നിങ്ങള്‍ രണ്ടു പേരും ഓതിയത് ശരിയാണ്. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചത് ഭിന്നിപ്പ് കാരണമാണ്. (ബുഖാരി : 3-41-593)

അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു സത്യവിശ്വാസിക്ക് മറ്റേ സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്. അതിന്റെ ഒരു വശത്തിന്ന് മറ്റേ വശം പിന്‍ബലം നല്‍കുന്നു. ശേഷം തിരുമേനി(സ) തന്റെ വിരലുകളെ തമ്മില്‍ കോര്‍ത്തു. (ബുഖാരി : 1-8-468)

ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യ പ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)

അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ രാത്രി നമസ്കാരത്തില്‍ 'കുല്‍ഹുവല്ലാഹു അഹദ്'' ഓതുന്നത് മറ്റൊരു മനുഷ്യന്‍ കേട്ടു. അതയാള്‍ ആവര്‍ത്തിച്ചോതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള്‍ കേട്ട മനുഷ്യന്‍ നബിയുടെ അടുക്കല്‍ ചെന്ന് ഈ വിവരം ഉണര്‍ത്തി. അയാളുടെ ദൃഷ്ടിയില്‍ ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി : 6-61-533)

അബൂസഈദ്(റ) നിവേദനം: നബി(സ) ഒരിക്കല്‍ തന്റെ അനുചരന്മാരോട് ചോദിച്ചു: ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലെന്നോ? ഇതവര്‍ക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവര്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാര്‍ക്കാണതിന് കഴിയുക? നബി(സ) അരുളി: 'ഖുല്‍ഹുവല്ലാഹുഅഹദ്' എന്ന അധ്യായം ഖുര്‍ആന്റെ മൂന്നിലൊന്നാണ്. (ബുഖാരി. 6. 61. 534)

ആയിശ(റ) പറയുന്നു: നബി(സ) എല്ലാ രാത്രിയും തന്റെ വിരിപ്പില്‍ ചെന്നുകിടന്നുകഴിഞ്ഞാല്‍ രണ്ട് കൈപ്പത്തികളും ചേര്‍ത്തുപിടിച്ച് ഖുല്‍ഹുവല്ലാഹുഅഹദ് എന്ന സൂറത്തും ഖുല്‍ അഊദുബിറബ്ബില്‍ ഫലക് എന്ന സൂറത്തും ഖുല്‍ അഊദുബിറബ്ബിന്നാസ് എന്ന സൂറത്തും ഓതി അതില്‍ ഊതും ആ കൈപത്തികളും കൊണ്ട് ശരീരത്തില്‍ സൌകര്യപ്പെട്ട സ്ഥലങ്ങളിലെല്ലാം തടവും. തലയില്‍ നിന്ന് തുടങ്ങി മുഖം ശരീരത്തിന്റെ മുന്‍വശം എന്നിവയെല്ലാം തടവും. അതു മൂന്നുവട്ടം ആവര്‍ത്തിക്കും. (ബുഖാരി. 6. 61. 536)

ഹാരിസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ധര്‍മ്മം ചെയ്യുവീന്‍. ഒരാള്‍ തന്റെ ധര്‍മ്മവുമായി നടന്നാല്‍ അത് സ്വീകരിക്കാനാളെ കിട്ടാത്ത ഒരു കാലം നിങ്ങള്‍ക്ക് വരും. ഇന്നലെ കൊണ്ടു വന്നിരുന്നെങ്കില്‍ ഞാനിതു സ്വീകരിക്കുമായിരുന്നു. ഇന്നെനിക്ക് ഇതിന്റെ ആവശ്യമില്ല എന്ന് ആളുകള്‍ അന്ന് പറയുന്നതാണ്. (ബുഖാരി : 2-24-492)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ധനം വര്‍ദ്ധിക്കുകയും അത് സര്‍വ്വത്ര ഒഴുകുകയും ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. അവസാനം തന്റെ ധര്‍മ്മം സ്വീകരിക്കാന്‍ ആരെയാണ് കിട്ടുക എന്നത് ഒരു ചിന്താപ്രശ്നമായിത്തീരും. ധനത്തിന്റെ ഉടമസ്ഥന്‍ അന്നു മറ്റുള്ളവരുടെ മുന്നില്‍ ധനം എടുത്ത് കാണിക്കും. അപ്പോള്‍ എനിക്കതാവശ്യമില്ല എന്ന് അവര്‍ പറയും. (ബുഖാരി : 2-24-493)

അദിയ്യ്(റ) നിവേദനം: ഞാനൊരിക്കല്‍ നബി(സ)യുടെയടുക്കലിരിക്കുമ്പോള്‍ രണ്ടാളുകള്‍ നബി(സ)യുടെയടുക്കല്‍ വന്നു. അവരില്‍ ഒരാള്‍ ദാരിദ്യ്രത്തെക്കുറിച്ചും മറ്റൊരാള്‍ വഴിയിലെ കവര്‍ച്ചക്കാരെക്കുറിച്ചും ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: വഴിക്കൊള്ളക്കാരുടെ ശല്യം അല്‍പകാലത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് കഴിഞ്ഞാല്‍ മക്കയിലേക്ക് യാതൊരു സംരക്ഷകന്റെയും സഹായം കൂടാതെ കച്ചവടസംഘം യാത്ര ചെയ്യുന്നതാണ്. ദാരിദ്യ്രത്തിന്റെ അവസ്ഥയാണെങ്കില്‍ നിങ്ങളിലൊരാള്‍ തന്റെ സക്കാത്തുമായി ചുറ്റിനടക്കും. അതു സ്വീകരിക്കുന്ന ഒരാളെയും കാണുകയില്ല. ഇങ്ങനെയുള്ള ഒരു കാലഘട്ടം വന്നെത്തും വരേക്കും അന്ത്യദിനം ഉണ്ടാവുകയില്ല. ശേഷം നിങ്ങളില്‍ ഓരോരുത്തരും അല്ലാഹുവിന്റെ മുമ്പില്‍ ചെന്നു നില്‍ക്കും. മനുഷ്യനും അല്ലാഹുവിന്നുമിടയില്‍ ഒരു മറയോ പരിഭാഷകനോ ഉണ്ടായിരിക്കുകയില്ല. അല്ലാഹു മനുഷ്യനോട് ചോദിക്കും. നിങ്ങള്‍ക്ക് ഞാന്‍ ധനം നല്‍കിയിരുന്നില്ലേ? അവര്‍ പറയും: അതെ നിന്റെയടുക്കലേക്ക് ഞാന്‍ ദൂതനെ അയച്ചിരുന്നില്ലേ. അല്ലാഹു ചോദിക്കും. അതെ എന്ന് മനുഷ്യന്‍ മറുപടി പറയും. പിന്നീട് മനുഷ്യന്‍ വലഭാഗത്തേക്ക് നോക്കും. അപ്പോള്‍ നരകമല്ലാതെ മനുഷ്യന്‍ കാണുകയില്ല. ശേഷം അവന്‍ തന്റെ ഇടതുഭാഗത്തേക്കു നോക്കും. അപ്പോഴും നരകത്തെ മാത്രമെ അവന്‍ കാണുകയുള്ളൂ. അതുകൊണ്ട് ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നിങ്ങളിലോരോരുത്തരും നരകത്തെ കാത്തുസൂക്ഷിക്കുവീന്‍, അതും കൈവശമില്ലാത്തവന്‍ നല്ല ഒരു വാക്ക് പറഞ്ഞിട്ട് നരകത്തെ സൂക്ഷിക്കട്ടെ. (ബുഖാരി. 2. 24. 494)

അബൂഹുറയ്റ(റ)യില്‍ നിന്ന്: നിങ്ങള്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയും അതില്‍ അടിയുറച്ചു നില്ക്കുകയും ചെയ്യുക. നിങ്ങളറിയണം: ആരും തന്നെ തന്റെ സല്‍പ്രവൃത്തികൊണ്ടുമാത്രം രക്ഷപ്പെടുകയില്ല. ഇതു കേട്ടപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു. പ്രവാചകരേ! അങ്ങും രക്ഷപ്പെടുകയില്ലേ? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും എന്നെ ആവരണം ചെയ്തിട്ടു ണ്ടായിരുന്നില്ലെങ്കില്‍ ഞാനും രക്ഷപ്പെടുകയില്ലായിരുന്നു. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും തന്റെ നമസ്കാരശേഷം 33 വീതം തസ്ബീഹും ഹംദും തക്ബീറും ചൊല്ലുകയും 100 പൂര്‍ത്തീകരിക്കാന്‍ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുല്‍മുല്‍ക്കു വലഹുല്‍ ഹംദു വഹുവഅലാ കുല്ലി ശൈഇന്‍ ഖദീര്‍ എന്ന് പറയുകയും ചെയ്യുന്ന പക്ഷം സമുദ്രത്തിലെ നുരകളുടെയത്ര പാപങ്ങളുണ്ടെങ്കിലും അവനത് പൊറുക്കപ്പെടും. (മുസ്ലിം)

കഅ്ബി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ചില വചനങ്ങളുണ്ട്. അവ ഫര്‍ള്ു നമസ്കാരങ്ങള്‍ക്ക് ശേഷം പതിവായി കൊണ്ടുവരുന്നവന് ഒരിക്കലും പരാജയം നേരിടുകയില്ല. 33 വീതം തസ്ബീഹും ഹംദും 34 തക്ബീറുമാണവ. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ലാഇലാഹ ഇല്ലല്ലാ എന്നതാണ് ദിക്റില്‍വെച്ച് ഏറ്റവും ഉത്തമം. (തിര്‍മിദി)

ഉമ്മു സമല(റ) നിവേദനം: തിരുമേനി(സ) സലാം ചൊല്ലിയാല്‍ തന്റെ സ്ഥാനത്തുതന്നെ അല്‍പസമയം ഇരിക്കാറുണ്ട്. ഇബ്നുശിഹാബ്(റ) പറയുന്നു. സ്ത്രീകള്‍ എഴുന്നേറ്റ് പോകുവാന്‍ വേണ്ടിയായിരുന്നു അതെന്ന് ഞങ്ങള്‍ ദര്‍ശിക്കുന്നു. ഉമ്മുസമല(റ) നിവേദനം: തിരുമേനി(സ) സലാം വീട്ടിയാല്‍ സ്ത്രീകള്‍ പിരിഞ്ഞുപോയി അവരുടെ വീടുകളില്‍ പ്രവേശിക്കും. തിരുമേനി(സ) വിരമിക്കുന്നതിനു മുമ്പായി. (ബുഖാരി. 847)

ഉമ്മുസലമ:(റ) നിവേദനം: തിരുമേനി(സ) സലാം ചൊല്ലി നമസ്കാരത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ ഉടനെ (പിന്നില്‍ നമസ്കരിച്ചിരുന്ന) സ്ത്രീകള്‍ എഴുന്നേറ്റുപോകും. തിരുമേനി(സ) എഴുന്നേല്‍ക്കുന്നതിനുമുമ്പ് അല്‍പം അവിടെ ഇരിക്കും. ഇബ്നുശിഹാബ്(റ) പറയുന്നു: സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് മുമ്പായി എഴുന്നേറ്റ് പോകുവാന്‍ വേണ്ടിയായിരുന്നു ആ ഇരുത്തംപോലും. ഇപ്രകാരമാണ് ഞാന്‍ ദര്‍ശിക്കപ്പെടുന്നത്. അല്ലാഹുവാണ് കൂടുതല്‍ ജ്ഞാനി. (ബുഖാരി. 1. 12. 799)

അനസ്(റ) നിവേദനം: ഒരു വെള്ളിയാഴ്ച ദിവസം തിരുമേനി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കയറി വന്നു. എന്നിട്ട് അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! ഒട്ടകങ്ങളും ആടുകളും നശിച്ചു. അതുകൊണ്ട് താങ്കള്‍ അല്ലാഹുവിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. അവന്‍ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചു തരുവാന്‍. അപ്പോള്‍ തിരുമേനി(സ) തന്റെ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. (ബുഖാരി : 2-13-54)

അനസ്(റ) നിവേദനം: തിരുമേനി(സ)യുടെ കാലത്ത് ഒരിക്കല്‍ ജനങ്ങളെ ഒരു ക്ഷാമം ബാധിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച തിരുമേനി(സ) ഖുതുബ: നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നിട്ട്, അല്ലാഹുവിന്റെ ദൂതരേ ധനം നശിച്ചു കുടുംബം പട്ടിണിയിലായി, അതുകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. അന്നേരം തിരുമേനി(സ) രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അന്നേരം ആകാശത്ത് മേഘത്തിന്റെ ഒരു തുണ്ട് പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, തിരുമേനി(സ) തന്റെ കൈകള്‍ താഴ്ത്തിക്കഴിഞ്ഞില്ല. അപ്പോഴേക്ക് പര്‍വ്വതങ്ങളെപ്പോലെ മേഘപടലങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ചലിക്കാന്‍ തുടങ്ങി. അവസാനം തിരുമേനി(സ)യുടെ താടിയിലൂടെ മഴവെള്ളം ഒലിച്ചു വീണത് ഞാന്‍ കണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിന്റെ അടുത്ത ദിവസവും ഞങ്ങള്‍ക്ക് മഴ കിട്ടിക്കൊണ്ടേയിരുന്നു. അവസാനം അടുത്ത ജുമുഅ: വരേക്കും മഴ തുടര്‍ന്നു. (അന്നു) ആ ഗ്രാമീണന്‍ അല്ലെങ്കില്‍ മറ്റൊരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! കെട്ടിടങ്ങള്‍ വീണു കഴിഞ്ഞു. ധനം വെള്ളത്തിലാണ്ടു. അതുകൊണ്ട്അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. ഉടനെ തിരുമേനി(സ) തന്റെ കൈ രണ്ടും ഉയര്‍ത്തിയിട്ടു അല്ലാഹുവേ! ഞങ്ങളുടെ ചുറ്റുഭാഗവും മഴ വര്‍ഷിക്കേണമേ, ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് നിറുത്തേണമേ! എന്നു പ്രാര്‍ത്ഥിച്ചു. അങ്ങനെ തിരുമേനി(സ) കൈ ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലുള്ള മേഘങ്ങളെല്ലാം അവിടം വിട്ടുനീങ്ങാന്‍ തുടങ്ങി. മദീന ഒരു തടാകം പോലെ അവശേഷിച്ചു. മലഞ്ചെരുവുകളിലെ അരുവികള്‍ ഒരു മാസം വരേക്കും ഒഴുകിക്കൊണ്ടിരുന്നു. എല്ലാ ഭാഗങ്ങളില്‍ നിന്നു വന്നവരും മഴയുടെ സമൃദ്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. (ബുഖാരി. 2. 13. 55)

ജാബിര്‍(റ) നിവേദനം: ഒരു വെള്ളിയാഴ്ച തിരുമേനി(സ) ഖുത്തുബ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ പള്ളിയില്‍ കയറി വന്നു. അപ്പോള്‍ തിരുമേനി(സ) ചോദിച്ചു. ഇന്നവനേ! നീ നമസ്കരിച്ചുവോ? ഇല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. തിരുമേനി(സ) പറഞ്ഞു: നീ എഴുന്നേറ്റ് നമസ്കരിക്കുക. (ബുഖാരി : 2-13-52)

Note : ഈ നമസ്കാരം തഹിയ്യത്ത് നമസ്കാരമാണെന്നും അതല്ല ജുമുഅ ദിവസത്തിലെ പ്രത്യേക നമസ്കാരമാണെന്നും പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായമുണ്ട്. ഏതായാലും വെള്ളിയാഴ്ച പള്ളിയില്‍ എത്തിയാല്‍ രണ്ടു റകഅത്ത് നമസ്കരിക്കുക. ഖുതുബ തുടങ്ങിയാലും ഇത് നിര്‍വഹിക്കണം എന്നാണ് ഹദീസില്‍ നിന്ന് മനസ്സിലാകുന്നത്‌.

*************************************************************************************

ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ, നസാഈ മുതലായ ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളം സ്വഹീഹായ ഹദീസുകള്‍. ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക - http://hadees.hudainfo.com/  

1 comments:

abdulgafoor പറഞ്ഞു...

assalamu elaikum,
e hadeedeesugalil ninnum kure karyangal manssilakkan kazhichu alhemdulillah idellam jeevidathil pagarthi allahuvin koodudal, koodudal ibadath cheyyuvan allahu namukkum nammod bandapettavarkum thofeeqcheyyatte AAMEEN. nale muth rasool(s)thangalod koode avante jannathul firdousil orumich koottatte AAMEEN.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ