മലയാളം ഹദീസ് പഠനം 16

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും തന്റെ സഹോദരന്റെ നേരെ വാള്‍ ചൂണ്ടിക്കാട്ടരുത് (കൈക്ക് പകരമായി) ഒരുപക്ഷെ പിശാച് അവന്റെ കയ്യില്‍ നിന്ന് ആ വാള്‍ പിടിച്ചെടുക്കുകയും അവസാനം അവന് നരകക്കുഴിയില്‍ വീഴാനിടയാവുകയും ചെയ്തെങ്കിലോ. (ബുഖാരി : 9-88-193)

ജൂന്‍ദുബ്(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും കേള്‍വിക്കു വേണ്ടി വല്ല സല്‍പ്രവൃത്തിയും ചെയ്താല്‍ പരലോകദിവസം അല്ലാഹു അവന് പ്രസിദ്ധിയുണ്ടാക്കിക്കൊടുക്കും. വല്ലവനും ജനങ്ങളെ പ്രയാസങ്ങള്‍ക്ക് വിധേയരാക്കുന്ന പക്ഷം പരലോകദിവസം അല്ലാഹു അവനെ പ്രയാസപ്പെടുത്തും. സഹാബിമാര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ കൂടുതല്‍ ഉപദേശിച്ചാലും. നബി(സ) അരുളി: മനുഷ്യന്റെ ശരീരത്തില്‍ നിന്ന് ആദ്യമായി ചീഞ്ഞു പോകുക അവന്റെ വയറാണ്. അതുകൊണ്ട് വല്ലവനും ശുദ്ധമായ വസ്തുക്കള്‍ മാത്രം ഭക്ഷിക്കാന്‍ സാധിക്കുന്ന പക്ഷം അങ്ങിനെ ചെയ്തുകൊള്ളട്ടെ. വല്ലവനും താന്‍ ചിന്തിയ ഒരു കൈക്കുമ്പിള്‍ നിറയെയുള്ള രക്തവും കൊണ്ട് തനിക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മറയുണ്ടാക്കാതെ കഴിക്കാന്‍ കഴിഞ്ഞെങ്കില്‍ അപ്രകാരം അവന്‍ ചെയ്തുകൊള്ളട്ടെ. (ബുഖാരി : 9-89-266)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഊരിയ വാളുമായി നടക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്, തിര്‍മിദി)


ആയിശ(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം, നബി(സ) അരുള്‍ ചെയ്തു. അല്ലാഹു ദയയുള്ളവനും ദയ ഇഷ്ടപ്പെടുന്നവനുമത്രെ. മാത്രമല്ല, പരുഷസ്വഭാവത്തിനോ, മറ്റേതെങ്കിലും കാര്യങ്ങള്‍ക്കോ നല്‍കാത്ത പ്രതിഫലം കാരുണ്യത്തിന് അവന്‍ നല്കുന്നതുമാണ്. (മുസ്ലിം)

ഇബ്നുമസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നരകം നിഷിദ്ധമായവനോ നരകത്തിന് നിഷിദ്ധമായവനോ ആരെന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ? ജനങ്ങളോട് അടുപ്പവും സൌമ്യശീലവും സഹിഷ്ണുതയും വിട്ടുവീഴ്ചാ മനഃസ്ഥിതിയുമുള്ളവര്‍ക്കെല്ലാം അത് നിഷിദ്ധമാണ്. (തിര്‍മിദി) (ശാശ്വതമായി അവര്‍ നരകത്തില്‍ താമസിക്കേണ്ടിവരികയില്ല)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഗുസ്തിപിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല. പിന്നെയോ കോപമുണ്ടാകുമ്പോള്‍ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തന്‍. (ബുഖാരി : 8-73-135)

അബൂഹുറൈറ(റ) പറയുന്നു: ഒരാള്‍ എന്നെ ഇവിടുന്ന് ഉപദേശിച്ചാലുമെന്ന് നബി(സ) യോട് പറഞ്ഞു: നബി(സ) അരുളി: നീ കോപിക്കരുത്. അദ്ദേഹം വീണ്ടും ഉപദേശിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം നീ കോപിക്കരുത് എന്നു മാത്രമാണ് നബി(സ) പ്രത്യുത്തരം നല്‍കിയത്. (ബുഖാരി. 8. 73. 137)

ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഏതൊരു കാര്യത്തിലും ദയ അലങ്കാരമാണ്. അത് നീക്കം ചെയ്യപ്പെട്ടാല്‍ ഏതും വികൃതമാണ്. (മുസ്ലിം)

ജാബിര്‍ (റ) നിവേദനം ചെയ്തിരിക്കുന്നു: റസൂല്‍(സ) പ്രഖ്യാപിച്ചു: ഒരു മുസ്ളീമിന്റെ കൃഷിയില്‍ നിന്ന് കട്ടുപോകുന്നതും തിന്നുനശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ട് പോകുന്നതും അവന് സദഖയായിത്തീരുന്നു. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ വന്ന് നബി(സ) യോട് ചോദിച്ചു. പ്രവാചകരേ! എന്നില്‍ നിന്ന് നല്ല പെരുമാറ്റം ലഭിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടതാരാണ്? നിന്റെ മാതാവ് എന്ന് നബി(സ) അരുളി. പിന്നെ ആരാണ് ? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ പിതാവ് എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി : 8-73-2)

അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ കാലത്തു എന്റെ മാതാവ് എന്റെയടുക്കല്‍ വന്നു. അവരന്ന് ബഹുദൈവ വിശ്വാസിനിയായിരുന്നു. എന്നില്‍ നിന്ന് ഔദാര്യം പ്രതീക്ഷിച്ചുകൊണ്ട് എന്റെ ഉമ്മ വന്നിട്ടുണ്ട്. ഉമ്മാക്ക് വല്ലതും നല്‍കാന്‍ എനിക്ക് പാടുണ്ടോയെന്ന് ഞാന്‍ നബി(സ)യോട് ചോദിച്ചു നബി(സ) അരുളി: നിന്റെ മാതാവിനോട് ബന്ധം പുലര്‍ത്തിപ്പോരുക. (ബുഖാരി. 3. 47. 789)

ജരീര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. വല്ലവനും കാരുണ്യം സ്വയം വിലങ്ങിയാല്‍ സര്‍വ്വനന്മകളും അവനും വിലക്കപ്പെട്ടു. (മുസ്ലിം) (കരുണയില്ലാത്തവന്‍ എന്തുമാത്രം സദ്‌ വൃത്തനാണെങ്കിലും അവന്‍ നല്ലവനായി ഗണിക്കപ്പെടുകയില്ല)

ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: അശജ്ജ് അബ്ദുല്‍ ഖൈസിനോട് ഒരിക്കല്‍ നബി(സ) പറഞ്ഞു. അല്ലാഹുവിനിഷ്ടമുള്ള രണ്ട് സ്വഭാവങ്ങള്‍ നിന്നിലുണ്ട്. 1. സഹിഷ്ണുത 2. സൌമ്യത. (മുസ്ലിം)

ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു; നമ്മുടെ കുഞ്ഞുങ്ങളോടു കാരുണ്യം കാണിക്കാത്തവനും നമ്മുടെ മഹാന്മാരെ ബഹുമാനിക്കാത്തവനും നമ്മളില്‍പ്പെട്ടവനല്ല. (തിര്‍മിദി)

മുഗീറ(റ) നിവേദനം: രണ്ടു കാല്‍പാദങ്ങളില്‍ അല്ലെങ്കില്‍ കണങ്കാലുകളില്‍ നീരുവന്നു കയറും വരെ നബി(സ) രാത്രി നമസ്കരിക്കാറുണ്ട്. (അങ്ങനെ നമസ്കരിക്കേണ്ടതുണ്ടോ എന്ന്) നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്നു പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് നന്ദിയുള്ള ഒരു ദാസനായിരിക്കേണ്ടയോ? (ബുഖാരി : 2-21-230)

അബ്ദുല്ല(റ) നിവേദനം: നബി(സ)യുടെ കൂടെ ഒരു രാത്രി ഞാന്‍ നമസ്കരിച്ചു. നബി(സ) നമസ്കാരം തുടര്‍ന്ന് ഇടക്ക് ഒരു ചീത്ത വിചാരം എന്റെ മനസ്സിലുദിച്ചു. എന്താണ് നിങ്ങളുദ്ദേശിച്ചത്? എന്നു ചിലര്‍ ചോദിച്ചു. അനസ്(റ) പറഞ്ഞു: ഞാന്‍ നബിയെ ഉപേക്ഷിച്ച് ഇരിക്കാന്‍ വിചാരിച്ചു. (ബുഖാരി : 2-21-236)

സഹ്ല്(റ) പറയുന്നു: നബി(സ)തന്റെ നടുവിരലും ചൂണ്ടാണിവിരലും ചേര്‍ത്തിക്കൊണ്ട് പറഞ്ഞു. ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗ്ഗത്തില്‍ ഇതുപോലെയാണ്. (ബുഖാരി : 8-73-34)

അബൂഹുറൈറ(റ) പറയുന്നു: വിധവയുടെയും ദരിദ്രന്റെയും ജീവിതം സുഖകരമാക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന യോദ്ധാവിന് തുല്യമാണ്. (ബുഖാരി. 8. 73. 36)

അബൂഹുറൈറ(റ) : നബി(സ) അരുളി: ധനം (ഐശ്വര്യം) എന്നതു ഭൗതിക വിഭവത്തിന്റെ വർദ്ധനവല്ല. എന്നാൽ ധനം (ഐശ്വര്യം) എന്നതു മനസ്സിന്റെ സംതൃപ്തിയാണ്‌. (ബുഖാരി : 8-76-453)

അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ വല്ലവനും തുമ്മി എന്നാല്‍ അവന്‍ അല്‍ഹംദുലില്ലാഹി എന്ന് പറയട്ടെ. അപ്പോള്‍ അവന്റെ സ്നേഹിതന്‍ അവന്ന് വേണ്ടി യര്‍ഹമുകല്ലാഹു എന്ന് പ്രത്യുത്തരം നല്‍കണം. അവന്‍ അപ്രകാരം പറഞ്ഞാല്‍ തുമ്മിയവന്‍ ഇപ്രകാരം ചൊല്ലണം. യഹ്ദീകുമുല്ലാഹു വയുസ്വ് ലീഹ് ബാലകും. (ബുഖാരി. 8. 73. 242)

അനസ്(റ) നിവേദനം: നബി(സ)യുടെ സന്നിധിയില്‍വെച്ച് രണ്ട് മനുഷ്യന്മാര്‍ തുമ്മി. അവരില്‍ ഒരാള്‍ക്ക് വേണ്ടി നബി(സ) അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു മറ്റവന് വേണ്ടി പ്രാര്‍ത്ഥിച്ചതുമില്ല. അതിനെ സംബന്ധിച്ച് ഉണര്‍ത്തിയപ്പോള്‍ നബി(സ) അരുളി: ഇവന്‍ അല്ലാഹുവിനെ സ്തുതിച്ചു. ഇവന്‍ അല്ലാഹുവിനെ സ്തുതിച്ചില്ല. (ബുഖാരി. 8. 73. 240)

അലി(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഒരു മുസ്ളീം മറ്റൊരു മുസ്ളീമിന് ആറ് (കര്‍ത്തവ്യങ്ങള്‍) ലോഭമന്യെ നല്‍കുവാന്‍ ബാദ്ധ്യസ്ഥനാണ് - അവന്‍ അവനെ കാണുമ്പോള്‍ സലാം പറയണം. ; അവന്‍ അവനെ ക്ഷണിച്ചാല്‍ അവന്‍ സ്വീകരിക്കണം; അവന്‍ തുമ്മുമ്പോള്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കണം; അവന്‍ രോഗിയായി കിടക്കുമ്പോള്‍ അവനെ സന്ദര്‍ശിക്കണം; അവന്‍ മരിക്കുമ്പോള്‍ അവന്റെ ജനാസയെ പിന്തുടരണം; അവന്‍ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതു അവനുവേണ്ടിയും ഇഷ്ടപ്പെടണം. (തിര്‍മിദി)

2 comments:

ഇസ്ലാമിലക്ക് മടങ്ങുക പറഞ്ഞു...

(ബുഖാരി : 1-9-490)ഈ ഹദിസ് ഉൾപ്പെടുത്തുക

ഇസ്ലാമിലക്ക് മടങ്ങുക പറഞ്ഞു...


Bukhari :: Book 1 :: Volume 9 :: Hadith 490

Narrated 'Aisha:

The things which annul the prayers were mentioned before me. They said, "Prayer is annulled by a dog, a donkey and a woman (if they pass in front of the praying people)." I said, "You have made us (i.e. women) dogs. I saw the Prophet praying while I used to lie in my bed between him and the Qibla. Whenever I was in need of something, I would slip away. for I disliked to face him."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ