മലയാളം ഹദീസ് പഠനം 17

നുഅ്മാനുബ്നു ബശീര്‍(റ) പറയുന്നു: നബി(സ) അരുളി: ഹലാല്‍ (അനുവദനീയം) വ്യക്തമാണ്. ഹറാം (നിഷിദ്ധം) വ്യക്തമാണ്. എന്നാല്‍ അവ രണ്ടിന്നുമിടയില്‍ സാദൃശ്യമായ ചില സംഗതികളുണ്ട്. അപ്പോള്‍ പാപങ്ങളില്‍ വ്യക്തമായി വേര്‍തിരിച്ചറിയാന്‍ കഴിയാത്തവ ആരെങ്കിലും ഉപേക്ഷിച്ചാല്‍ വ്യക്തമായ പാപം തീര്‍ച്ചയായും അവന്‍ ഉപേക്ഷിക്കും. സംശയാസ്പദമായ പാപം ചെയ്യാന്‍ വല്ലവനും ധീരത കാണിച്ചാല്‍ അവന്‍ സ്പഷ്ടമായ പാപങ്ങളില്‍ ചെന്നു ചാടുവാന്‍ സാധ്യതയുണ്ട്. പാപങ്ങള്‍ അല്ലാഹുവിന്റെ സംരക്ഷണ ഭൂമിയാണ്. വല്ല മൃഗത്തെയും അതിന്റെ അരികില്‍ നിന്നുകൊണ്ട് പുല്ല് തീറ്റിച്ചാല്‍ അതു സംരക്ഷണ ഭൂമിയില്‍ കാലെടുത്തുവെച്ചേക്കാം. (ബുഖാരി : 3-34-267)

ജാബിര്‍(റ) നിവേദനം: നബി(സ) അരുളി: എന്റെയും പൂര്‍വ്വപ്രവാചകന്മാരുടെയും ഉപമ ഒരു വീട് നിര്‍മ്മിച്ച മനുഷ്യന്റേതാണ്. ആ ഭവനത്തിന്റെ പണി അയാള്‍ പരിപൂര്‍ണ്ണമാക്കുകയും അതിനെ അലങ്കരിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിച്ചിട്ടു. മനുഷ്യന്‍ ആ വീട്ടില്‍ പ്രവേശിക്കുവാനും അത്ഭുതം പ്രകടിപ്പിക്കുവാനും തുടങ്ങി. അവര്‍ പറഞ്ഞുകൊണ്ടിരുന്നു: ഈ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴിച്ചിട്ടിരുന്നില്ലെങ്കില്‍ (എത്ര നന്നായിരുന്നു) നബി(സ) തുടര്‍ന്നു അരുളി: ഞാനാണ് ആ ഇഷ്ടിക. ഞാന്‍ നബിമാരുടെ ഖാതമ് ആണ്. (ബുഖാരി : 4-56-734)


നവാസി(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: നന്മയില്‍ പ്രധാന ഭാഗം സല്‍സ്വഭാവമാണ്. നിന്റെ ഹൃദയത്തില്‍ ഹലാലോ ഹറാമോ എന്ന് സംശയമുളവാകുകയും ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലാതിരിക്കുകയും ചെയ്യുന്നതേതോ അതാണ് (യഥാര്‍ത്ഥത്തില്‍) പാപം. (ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലെങ്കില്‍ അത് നിഷിദ്ധമാണെന്നതിന് വ്യക്തമായ തെളിവാണ്). (മുസ്ലിം)

വാബിസത്തി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ റസൂല്‍(സ) യുടെ അടുത്ത് ചെന്നപ്പോള്‍ എന്നോട് ചോദിച്ചു. നന്മയെ സംബന്ധിച്ച് ചാദിച്ചു പഠിക്കാനാണോ നീ ഇപ്പോഴിവിടെ വന്നത്? അതെ എന്ന് ഞാന്‍ പ്രത്യുത്തരം നല്കിയപ്പോള്‍ അവിടുന്ന് എന്നോടാജ്ഞാപിച്ചു. എന്നാല്‍ നിന്റെ ഹൃദയത്തോട് നീ വിധി തേടിക്കൊള്ളുക. ഹൃദയത്തിന് ശാന്തിയും സമാധാനവും ലഭിക്കുന്നതേതോ അതാണ് (യഥാര്‍ത്ഥത്തില്‍) നന്മ. മറിച്ച് ഹൃദയത്തില്‍ സംശയവും പരിഭ്രാന്തിയും ഉളവാക്കുന്നതേതോ അതാണ് (സത്യത്തില്‍) പാപം. ജനങ്ങളൊക്കെ (അത് അനുവദനീയമാണെന്ന്) നിനക്ക് വിധി നല്കുന്നുവെങ്കിലും. (അഹ്മദ്, ദാരിമി)

നവാസി(റ)ല്‍ നിന്ന് നിവേദനം: നന്മ-തിന്മയെ സംബന്ധിച്ച് ഒരിക്കല്‍ നബി(സ) യോട് ഞാന്‍ ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു. സല്‍സ്വഭാവമാണ് യഥാര്‍ത്ഥത്തില്‍ നന്മ. നിന്റെ ഹൃദയത്തില്‍ സംശയമുളവാക്കുകയും ജനങ്ങളറിയല്‍ നിനക്ക് വെറുപ്പുണ്ടാവുകയും ചെയ്യുന്നതേതോ അതാണ് തിന്മ. (മുസ്ലിം)

അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്യുന്നു: നബി(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തില്‍ സത്യവിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തേക്കാള്‍ ഘനംതൂങ്ങുന്ന മറ്റൊന്നുമില്ല. നിശ്ചയം നീച വാക്കുകള്‍ പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന മിക്കകാര്യങ്ങളെ സംബന്ധിച്ചും റസൂല്‍(സ) ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. സല്‍സ്വഭാവവും അല്ലാഹുവിനോടുള്ള ഭക്തിയുമാണത്. മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യസ്ഥാനവുമാണത്. എന്ന് തിരുദൂതന്‍(സ) അപ്പോള്‍ മറുപടി പറഞ്ഞു. (തിര്‍മിദി)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ടു പേരുടെ ഭക്ഷണം മൂന്നുപേര്‍ക്കും മൂന്നുപേരുടെ ഭക്ഷണം നാലു പേര്‍ക്കും മതിയാകുന്നതാണ്. (ബുഖാരി : 7-65-304)

ഖതാദ(റ) നിവേദനം: ഞങ്ങള്‍ അനസിന്റെ അടുത്തു ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് അദ്ദേഹത്തിന് റൊട്ടി ചുടുന്ന ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അപ്പോള്‍ അനസ്(റ) പറഞ്ഞു: നബി(സ) മരണം വരെ മൃദുവായ റൊട്ടിയോ പ്രായം കുറഞ്ഞ ആട്ടിന്‍കുട്ടിയെ അറുത്തു ചൂടുവെളളത്തില്‍ മുക്കി രോമം കളഞ്ഞു വേവിച്ച് പാകപ്പെടുത്തിയ മാംസമോ കഴിച്ചിരുന്നില്ല. (ബുഖാരി. 7. 65. 297)

ആയിശ(റ) പറയുന്നു: ഈത്തപ്പഴവും വെളളവും കഴിച്ച് ഞങ്ങള്‍ വയറ് നിറച്ചിരുന്ന കാലത്താണ് തിരുമേനി(സ) മരണപ്പെട്ടത്. (ബുഖാരി. 7. 65. 295)

അബൂഹുറൈറ(റ) നിവേദനം: മൂന്ന് ദിവസം തുടര്‍ച്ചയായി മുഹമ്മദിന്റെ കുടുംബം വയര്‍ നിറച്ചിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 7. 65. 287)

അബൂഹുറൈറ(റ) നിവേദനം: ഒരു മനുഷ്യന്‍ ധാരാളം ഭക്ഷിക്കുന്നവനായിരുന്നു. അങ്ങിനെ അയാള്‍ മുസ്ലീമായി. അപ്പോള്‍ കുറച്ച് ഭക്ഷിക്കുവാന്‍ തുടങ്ങി. ഈ വിവരം നബി(സ)യോട് പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്. (ബുഖാരി : 7-65-309)

നാഫിഅ്(റ) പറയുന്നു: തന്റെ കൂടെ ഭക്ഷിക്കുവാന്‍ ഒരു ദരിദ്രനെ ക്ഷണിച്ചുകൊണ്ട് വരുന്നതുവരെ ഇബ്നുഉമര്‍(റ) ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം ആഹാരം കഴിക്കുവാന്‍ ഒരു മനുഷ്യനെ വിളിച്ചുകൊണ്ട് വന്നു. അയാള്‍ അമിതമായി ആഹാരം കഴിച്ചത് കണ്ടപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലയോ നാഫിഅ്! ഈ മനുഷ്യനെ മേലില്‍ എന്റെയടുക്കലേക്ക് ക്ഷണിച്ചുകൊണ്ടുവരരുത്. നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സത്യവിശ്വാസി ഒരു വയറ് കൊണ്ടാണ് തിന്നുക. സത്യനിഷേധി ഏഴു വയര്‍ കൊണ്ടും. (ബുഖാരി : 7-65-305)

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: തീര്‍ച്ചയായും പാനീയത്തില്‍ ശ്വാസം കഴിക്കുന്നത് നബി(സ) വിലക്കി. ഒരാള്‍ ചോദിച്ചു. പാത്രത്തില്‍ കരട് കണ്ടാലോ? അവിടുന്ന് പറഞ്ഞു. നീ അത് ചിന്തുക. അദ്ദേഹം പറഞ്ഞു. ഒറ്റവലിക്ക് ശ്വാസം കഴിക്കാതെ എനിക്ക് ദാഹം തീരുകയില്ലല്ലോ! അവിടുന്ന് പറഞ്ഞു. അപ്പോള്‍ നീ പാത്രം വായില്‍ നിന്നു അകറ്റിപ്പിടിക്കുക. (എന്നാല്‍, വിഷ വായുപാത്രത്തില്‍ പ്രവേശിക്കുകയില്ല) (തിര്‍മിദി)

ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: തീര്‍ച്ചയായും പാത്രത്തില്‍ ശ്വസിക്കുന്നതും ഊതുന്നതും നബി(സ) വിലക്കിയിട്ടുണ്ട്. (മുസ്ലിം)

ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. ഒട്ടകം കുടിക്കുന്നതുപോലെ ഒറ്റ പ്രാവശ്യമായിക്കൊണ്ട് നിങ്ങള്‍ പാനം ചെയ്യരുത്. രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരിക്കണം നിങ്ങള്‍ പാനം ചെയ്യേണ്ടത്. അങ്ങനെ പാനം ചെയ്യുമ്പോള്‍ ബിസ്മി ചൊല്ലുകയും പാത്രം എടുത്തുമാറ്റുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുകയും വേണം. (തിര്‍മിദി)

സുമാമ:(റ) നിവേദനം: അനസ്(റ) വെളളം കുടിക്കുമ്പോള്‍ രണ്ടോ മൂന്നോ പ്രാവശ്യം പുറത്തേക്ക് ശ്വാസം വിടാറുണ്ട്. ശേഷം നബി(സ) അപ്രകാരം ചെയ്യാറുണ്ടെന്ന് അദ്ദേഹം പറയുന്നു. (ബുഖാരി. 7. 69. 535)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ആരുടെയെങ്കിലും ഒരുപിടി ഭക്ഷണം താഴെ വീണാല്‍ അതെടുത്ത് അഴുക്ക് നീക്കി അവന്‍ ഭക്ഷിച്ചുകൊള്ളട്ടെ. പിശാചിനു വേണ്ടി അതവന്‍ ഉപേക്ഷിച്ചിടരുത്. വിരല്‍ നക്കിത്തോര്‍ത്താതെ ഉറുമാല്‍ കൊണ്ട് കൈ തുടച്ച് വൃത്തിയാക്കരുത്. ഏതു ഭക്ഷണത്തിലാണ് ബര്‍ക്കത്തെന്ന് അവനറിയുകയില്ല. (മുസ്ലിം) (ഭക്ഷിച്ചതിലോ പാത്രത്തിലും കയ്യിലും അവശേഷിച്ചതിലോ എന്നൊന്നും അയാളറിയുകയില്ല)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങളുടെ എല്ലാകാര്യങ്ങളിലും പിശാച് പങ്കെടുക്കും. ഭക്ഷണസമയത്തും കൂടി അവന്‍ പങ്കെടുക്കും. അങ്ങനെ നിങ്ങളിലാരുടെയെങ്കിലും ഒരുപിടി ഭക്ഷണം താഴെ വീണുപോയാല്‍ അത് പെറുക്കിയെടുത്ത് അഴുക്ക് നീക്കി ഭക്ഷിച്ചുകൊള്ളട്ടെ! പിശാചിനു വേണ്ടി അവനത് ഉപേക്ഷിച്ചിടരുത്. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ അവന്‍ വിരലുകള്‍ നക്കി വൃത്തിയായണം. അവന്റെ ഏത് ഭക്ഷണത്തിലാണ് ബര്‍ക്കത്ത് ഉള്ളതെന്ന് അവനറിയുകയില്ല. (മുസ്ലിം)

അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ആഹാരം കഴിച്ചാല്‍ മൂന്നു വിരലുകള്‍ നക്കാറുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഒരാളുടെ ഒരു പിടി ഭക്ഷണം വീണുപോയാല്‍ അഴുക്ക് നീക്കി അയാളത് ഭക്ഷിക്കണം. പിശാചിനുവേണ്ടി അതുപേക്ഷിച്ചിടരുത്. തളിക തുടച്ചു വൃത്തിയാക്കാന്‍ ഞങ്ങളോട് കല്‍പ്പിച്ചുകൊണ്ട് പ്രവാചകന്‍(സ) പറഞ്ഞു. ഏത് ഭക്ഷണത്തിലാണ് ബര്‍ക്കത്തുള്ളതെന്ന് നിങ്ങളറിയുകയില്ല. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) വിരലും തളികയും നക്കിവൃത്തിയാക്കാന്‍ കല്പിച്ചു. പ്രവാചകന്‍(സ) പറയാറുണ്ട്. നിങ്ങളുടെ ആഹാരത്തില്‍ ഏതിലാണ് ബര്‍ക്കത്തെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ (മുസ്ലിം)

കഅ്ബ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) മൂന്ന് വിരലുകള്‍കൊണ്ട് ഭക്ഷിക്കുന്നത് ഞാന്‍ കണ്ടു. ഭക്ഷിച്ചുകഴിഞ്ഞാല്‍ വിരലുകള്‍ അവിടുന്ന് നക്കിയിരുന്നു. (മുസ്ലിം)

അബൂബര്‍സ(റ) നിവേദനം: ഇശാ നമസ്കാരത്തിന് മുമ്പ് ഉറങ്ങുന്നതിനെയും അതിനുശേഷം വര്‍ത്തമാനം പറയുന്നതിനെയും നബി(സ) വെറുത്തിരുന്നു. (ബുഖാരി : 1-10-543)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങളില്‍ വല്ലവനും ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിക്കട്ടെ. നോമ്പുകാരനാണ് അവനെങ്കില്‍ ക്ഷണിച്ചവനു വേണ്ടി പ്രാര്‍ത്ഥിക്കുകയും നോമ്പില്ലാത്തവനാണെങ്കില്‍ ഭക്ഷിക്കുകയും ചെയ്യട്ടെ. (മുസ്ലിം) (ഈ രണ്ടവസ്ഥയിലും ക്ഷണം സ്വീകരിക്കേണ്ടതാണ്)

അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്നോട് ചോദിച്ചു. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വചനം ഞാന്‍ നിന്നോട് പറയട്ടെ. നിശ്ചയം അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് സുബ്ഹാനല്ലാഹി വബിഹംദിഹി എന്നതാകുന്നു. (അല്ലാഹു പരിശുദ്ധനാകുന്നു. അവനെ ഞാന്‍ സ്തുതിക്കുന്നു) (മുസ്ലിം)

ഹക്കീം(റ) : നബി(സ) അരുളി: മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. ആദ്യമായി നിന്റെ പരിപാലനത്തിന്‍ കീഴിലുള്ളവര്‍ക്ക് നീ ദാനം ചെയ്യുക. മന:സംതൃപ്തിയോടു കൂടി നല്‍കുന്ന ദാനമാണ് ഏറ്റവും ഉത്തമം. വല്ലവരും അന്യരോട് ധനസഹായം ആവശ്യപ്പെടാതെ അകന്നു നിന്നാല്‍ അല്ലാഹു അവനെ ഐശ്വര്യവാനാക്കും. വല്ലവനും പരാശ്രയരഹിതനായി ജീവിക്കാനുദ്ദേശിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കും. (ബുഖാരി. 2. 24. 508)

ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) മിമ്പറില്‍ നിന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ദാനത്തെയും അഭിമാനബോധത്തോടെ മറ്റുള്ളവരോട് ചോദിക്കാതെ ഒഴിഞ്ഞു മാറിനില്‍ക്കുന്നതിനെയും യാചനയേയും കുറിച്ച് പ്രസ്താവിച്ചു. അവിടുന്നു പറഞ്ഞു: മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. മേലെ കൈ ദാനം ചെയ്യുന്നവനും താഴെ കൈ അതു വാങ്ങുന്നതുമാണ്. (ബുഖാരി. 2. 24. 509)

ഫാത്തിമഃ ബിന്തുഖയ്സ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഒരാളുടെ സ്വത്തില്‍ സക്കാത്തുകൂടാതെ ഒരു ബാദ്ധ്യതയുണ്ട്. പിന്നീട് അവിടുന്ന് ഇതു ഓതി: നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ കിഴക്കോട്ടോ, പടിഞ്ഞാട്ടോ, തിരിക്കുന്നതല്ല പുണ്യം. (തിര്‍മിദി)

ജാബിര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: എല്ലാ സല്‍പ്രവൃത്തികളും സദഖയാകുന്നു. നിങ്ങളുടെ സഹോദരനെ പ്രസന്നവദനനായി കാണുന്നതും നിങ്ങളുടെ തൊട്ടിയില്‍ നിന്നു സഹോദരന്റെ പാത്രത്തില്‍ വെള്ളമൊഴിച്ചു കൊടുക്കുന്നതും സല്‍പ്രവൃത്തിയാകുന്നു. (അഹ്മദ്)

അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: തിരുമേനി(സ) അരുളി: ആരുടെ നാവില്‍ നിന്നും മുസ്ളിംകള്‍ സുരക്ഷിതരായിരിക്കുന്നുണ്ടോ, അവനാണ് യഥാര്‍ത്ഥ മുസ്ളിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുണ്ടോ അവനാണ് യഥാര്‍ത്ഥ മുഹാജിര്‍ (സ്വദേശത്യാഗം ചെയ്തവന്‍). (ബുഖാരി. 1. 2. 9)

അബൂമൂസാ(റ) നിവേദനം: അനുചരന്മാര്‍ ഒരിക്കല്‍ നബി(സ) യോട് ചോദിച്ചു. ദൈവദൂതരേ! ഇസ്ളാമിലെ ഏത് കര്‍മ്മമാണ് കൂടുതല്‍ ഉല്‍കൃഷ്ടം? തിരുമേനി(സ) അരുളി: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ളിംകള്‍ സുരക്ഷിതരാകുന്നുവോ അവനാണ് (അവന്റെ നടപടിയാണ്) ഏറ്റവും ഉല്‍കൃഷ്ടന്‍. (ബുഖാരി. 1. 2. 10)

അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ളിമിനെ ശകാരിക്കുന്നത് ദുര്‍മാര്‍ഗ്ഗവും അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവുമാണ്. ഉബാദത്ത്ബ്നുസ്സാമിത്ത്(റ) നിവേദനം: തിരുമേനി(സ) ലൈലത്തുല്‍ ഖദ്റിനെക്കുറിച്ച് വിവരമറിയിക്കാന്‍ വേണ്ടി രണ്ടുപേര്‍ പരസ്പരം ശണ്ഠകൂടുന്നത് അവിടുന്നു കണ്ടു. അതു കാരണം ലൈലത്തുല്‍ ഖദ്റിനെക്കുറിച്ചുള്ള ജ്ഞാനം എന്റെ മനസ്സില്‍ നിന്ന് ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷെ, അത് നിങ്ങള്‍ക്ക് നന്മയായിപരിണമിച്ചേക്കാം. ലൈലത്തുല്‍ ഖദ്റിനെ, 27, 29, 25 മുതലായ രാവുകളില്‍ നിങ്ങള്‍ അന്വേഷിക്കുവീന്‍. (ബുഖാരി. 1. 2. 46)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍. നിശ്ചയം, സ്ത്രീകള്‍ വാരിയെല്ലു കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാരിയെല്ലുകളില്‍ ഉപരിഭാഗത്തുളളതാണ് ഏററവും വളഞ്ഞത്. നീ അതിനെ നേരെയാക്കുവാന്‍ പുറപ്പെട്ടാല്‍ നീ അതിനെ പൊട്ടിച്ചു കളയും. ഉപേക്ഷിച്ചാലോ! അതു വളഞ്ഞു കൊണ്ടുമിരിക്കും. അതിനാല്‍ സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍. (ബുഖാരി : 4-55-548)

അബൂഹൂറൈറ(റ) നിവേദനം: നബി(സ) ഒരിയ്ക്കലും ഒരു ഭക്ഷണ സാധനത്തെ വിമര്‍ശിക്കാറില്ല. തനിക്ക് ഇഷ്ടപ്പെട്ടാല്‍ അതു ഭക്ഷിക്കും. ഇല്ലെങ്കില്‍ അതു ഉപേക്ഷിക്കും. (ബുഖാരി : 4-56-764)

6 comments:

SALSABEEL പറഞ്ഞു...

Please give the Arabic text also with sanad

Huda Info Solutions പറഞ്ഞു...

@ SALSABEEL - Sorry to say you that currently we are unable to give Arabic Text & Sanad. Inshah Allah we will try our best to add that in future.

sm sadique പറഞ്ഞു...

അറിവ് നിലനിർത്താൻ, പടിക്കാൻ, പർന്ന്കൊടുക്കാൻ ഹുദാ ഇൻഫോയുടെ ഹദീസ് പ0നം ഉപകരിക്കുന്നു.
ആശംസകളോടെ…………..

Huda Info Solutions പറഞ്ഞു...

@ sm sadique - Share and Spread about this service through various Social Services and e-mail. may Allah help us to achive our final target, Jannathul Firdhouse.

abdulgafoor പറഞ്ഞു...

assalamu elaikum,
alhemdulillah hadeesugal vayichu kure karyangal manassilakuvan kazhinchu e hadeesugal ulkond jeevidathil pagarthi jeevikuvan namukum nammod bandapettavarkum allahu thoufeeq cheyyatte AMEEN. adinulla manass allahu namuk ellavarkum tharumaragatte AMEEN.

O K MUNEER VELOM പറഞ്ഞു...

it is the way to reform our life style with the soul of good deeds.may allah(ST)shower his grace to all the workers behind the curtain,let us all enter the jannathul firdous together .ameen....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ