മലയാളം ഹദീസ് പഠനം 18

അബൂമൂസ (റ) നിവേദനം: പുരുഷന്മാരില്‍ ധാരാളം പേര്‍ പൂര്‍ണ്ണത പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകളില്‍ ഫീര്‍ഔന്നിന്റെ ഭാര്യ ആസിയയും ഇംറാനിന്റെ മകള്‍ മര്‍യമും മാത്രമാണ് പൂര്‍ണ്ണത പ്രാപിച്ചിട്ടുളളത്. ഇതര സ്ത്രീകളെ അപേക്ഷിച്ച് ആയിശ: യുടെ ശ്രേഷ്ഠത ഇതര ആഹാരപദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കറിചേര്‍ത്ത പത്തിരിക്കുളളതുപോലെയാണ്. (ബുഖാരി : 4-55-623)

അലിറ(റ) നിവേദനം: നബി(സ) അരുളിയതു ഞാന്‍ കേട്ടിട്ടുണ്ട്. തന്റെ സമകാലീനരായ സ്ത്രീകളില്‍ ഇംറാന്റെ മകള്‍ മറിയമാണ് ഏറ്റവും ഉല്‍ക്കൃഷ്ട. അപ്രകാരം തന്റെ സമകാലീനരായ സ്ത്രീകളില്‍ ഉല്‍ക്കൃഷ്ട ഖദീജയുമാണ്. (ബുഖാരി : 4-55-642)

അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഏതൊരു ആത്മാവും അക്രമമായി വധിക്കപ്പെടുകയാണെങ്കില്‍ ആദമിന്റെ ആദ്യ സന്താനത്തിന് ആ കുറ്റത്തില്‍ ഒരു പങ്ക് ലഭിക്കാതിരിക്കില്ല. നിശ്ചയം, അവനാണ് ഒന്നാമതായി കൊല നടപ്പില്‍ വരുത്തിയത്. (ബുഖാരി : 4-55-552)


ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യ പ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)

Note : ഏതൊരു തിന്മയും നന്മയും ഇത് പോലെ തന്നെയാണ്. നാം ഒരു തിന്മയോ നന്മയോ പുതുതായി തുടങ്ങിയാല്‍, അല്ലെങ്കില്‍ നമ്മെ അനുകരിച്ചു ആരെങ്കിലും തിന്മയോ നന്മയോ ചെയ്താല്‍ അതിന്റെ ഫലം നമുക്ക് ലഭിച്ചുകൊണ്ടിരിക്കും. ഇത് ഹദീസില്‍ വന്നിട്ടുണ്ട്. അതിനാല്‍ നാം മൂലം ആരും തിന്മയിലേക്ക് തിരിയുന്നില്ല എന്ന് ഉറപ്പു വരുത്തുക.

ബറാഅ്(റ) നിവേദനം: ഒരു മനുഷ്യന്‍ അല്‍കഹ്ഫ് സൂറത്തു ഓതിക്കൊണ്ടിരിക്കുമ്പോള്‍ അയാളുടെ വീട്ടില്‍ ഒരു കുതിരയെ കെട്ടിയിരുന്നു. കുതിര വിറളി പിടിച്ച് ചാടാന്‍ തുടങ്ങി. ഉടനെ ആ മനുഷ്യന്‍ രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അപ്പോഴതാ ഒരു മേഘം അയാളെ പൊതിഞ്ഞിരിക്കുന്നു. പിന്നീടദ്ദേഹം ഈ കഥ നബിയെ അറിയിച്ചു. അന്നേരം നബി(സ) അരുളി: നീ ഇനിയും ഓതിക്കൊളളുക. ഖുര്‍ആന്‍ പാരായണം മൂലം ഇറങ്ങിയ മന:ശാന്തിയാണത്. (ബുഖാരി : 4-56-811)

അബൂമൂസ(റ) നിവേദനം: ഖുര്‍ആന്‍ ഓതുന്നവന്റെ ഉപമ ഓറഞ്ച് പോലെയാണ്. അതിന്റെ രുചിയും വാസനയും നല്ലതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസിയുടെ ഉദാഹരണം ഈത്തപ്പഴം പോലെയാണ്. അതിന്റെ രുചി നല്ലതാണ് എന്നാല്‍ അതിന് വാസനയില്ല. ഖുര്‍ആന്‍ ഓതുന്ന ദുര്‍മാര്‍ഗ്ഗിയുടെ ഉപമ തുളസിച്ചെടി പോലെയാണ്. അതിന്റെ വാസന നല്ലതും രുചി കയ്പുളളതുമാണ്. ഖുര്‍ആന്‍ ഓതുക പോലും ചെയ്യാത്ത ദുര്‍മാര്‍ഗ്ഗിയുടെ ഉപമ ആട്ടങ്ങ പോലെയാണ്. അതിന്റെ രുചി കയ്പുളളതാണ്. അതിന് നല്ല വാസനയുമില്ല. ഇപ്രകാരം നബി(സ) അരുളി: (ബുഖാരി : 6-61-538)

ഉസ്മാന്‍(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (ബുഖാരി : 6-61-545)

സഹ്ല്(റ) പറയുന്നു: നബി(സ) തന്റെ ചൂണ്ടാണി വിരലും നടുവിരലും അല്പമൊന്നകറ്റിപ്പിടിച്ചിട്ട് അനാഥകുട്ടിയെ പരിപാലിക്കുന്നവനും ഞാനും സ്വര്‍ഗ്ഗത്തില്‍ ഇങ്ങിനെയാണ് ജീവിക്കുക എന്ന് അരുളി. (ബുഖാരി : 7-63-224)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി : 7-64-265)

അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങളെ ബാധിച്ച ഒരു വിപത്തുകാരണം ആരും തന്നെ മരിക്കാനാഗ്രഹിക്കരുത്. അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ ! ജീവിതമാണെനിക്കുത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ! മരണമാണെങ്കില്‍ എന്നെ നല്ല നിലക്ക് മരിപ്പിക്കുകയും ചെയ്യേണമേ! (ബുഖാരി : 7-70-575)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിശ്ചയം ഊഹം വര്‍ത്തമാനങ്ങളില്‍ ഏറ്റവും വ്യാജം നിറഞ്ഞതാണ്. നിങ്ങള്‍ തെറ്റുകള്‍ രഹസ്യമായി അന്വേഷിക്കരുത്. പരസ്പരം അസൂയപ്പെടരുത്. പരസ്പരം കോപിക്കരുത്. നിങ്ങള്‍ പരസ്പരം സഹോദരന്മാരാകുവിന്‍. (ബുഖാരി. 7. 62. 74)

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത്‌ കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത്‌ ( ശവം തിന്നുന്നത്‌ ) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (Quran 49:12)

അവര്‍ക്ക്‌ അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല. (Quran 53:28)

അബൂഹുറൈറ(റ) നിവേദനം: നിശ്ചയം ഈമാന്‍ (വിശ്വാസം)ഒരു കാലത്തു മദീനയിലേക്ക് ചുരുണ്ടു കൂടും. സര്‍പ്പം അതിന്റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നതുപോലെ. (ബുഖാരി. 3. 30. 100)

അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകള്‍ കാവല്‍ക്കാരായി ഉണ്ടായിരിക്കും. (ബുഖാരി. 3. 30. 103)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മദീനയുടെ പ്രവേശന കവാടങ്ങളില്‍ മലക്കുകള്‍ നില്‍ക്കും. പ്ളേഗോ ദജ്ജാലോ അതില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 3. 30. 104)

അനസ്(റ) നിവേദനം: നബി(സ) അരുളി: ദജ്ജാല്‍ കാല്‍ വെക്കാത്ത ഒരു രാജ്യവും ഇല്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സര്‍വ്വ പ്രവേശന ദ്വാരങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിന്റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം കമ്പനം കൊള്ളും. അതിലുള്ള സര്‍വ്വ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്ടുവരും. (ബുഖാരി. 3. 30. 105)

അബൂസഈദ്(റ) നിവേദനം: നബി(സ) ദജ്ജാലിനെക്കുറിച്ച് ദീര്‍ഘമായി ഞങ്ങളോട് സംസാരിച്ചു. നബി(സ) ഞങ്ങളോട് പറഞ്ഞതില്‍ പെട്ടതാണ് ദജ്ജാല്‍ വരും. മദീനാ പ്രവേശം അവന് നിഷിദ്ധമാക്കപ്പെടും. അപ്പോഴവന്‍ മദീനക്കു സമീപം ഒരു ചതുപ്പ് പ്രദേശത്ത് ഇറങ്ങും. ഈ സന്ദര്‍ഭം ജനങ്ങളില്‍ വെച്ച് ഉത്തമനായ ഒരാള്‍ ചെന്ന് പറയും. അല്ലാഹുവിന്റെ പ്രവാചകന്‍ ഞങ്ങളോട് വര്‍ത്തമാനം പറഞ്ഞു. അതെ, ദജ്ജാല്‍ തന്നെയാണ് നീയെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ ദജ്ജാല്‍ പറയും: ഈ മനുഷ്യനെ ഞാന്‍ വധിച്ച് വീണ്ടും ജീവിപ്പിച്ചാല്‍ ഞാന്‍ പറയുന്ന കാര്യത്തില്‍ നിങ്ങള്‍ സംശയിക്കുമോ? ഇല്ലെന്നവര്‍ മറുപടി പറയും. ദജ്ജാല്‍ ആ മനുഷ്യനെ കൊന്നു വീണ്ടും ജീവിപ്പിക്കും. അപ്പോള്‍ ആ പുനര്‍ജനിച്ച മനുഷ്യന്‍ പറയും: അല്ലാഹു സത്യം. നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക് ബോധ്യമായിട്ടില്ല. അപ്പോള്‍ ദജ്ജാല്‍ പറയും: ഞാനവനെ കൊന്നു കളയട്ടെ? പക്ഷെ അദ്ദേഹത്തെ കൊല്ലാന്‍ അവന് സാധിക്കുകയില്ല എന്നത്. (ബുഖാരി. 3. 30. 106)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എല്ലാ നാടുകളേയും തിന്നുന്ന (വിജയിക്കുന്ന) ഒരു നാട്ടിലേക്ക് പോകാന്‍ എനിക്ക് കല്‍പ്പന കിട്ടി. ആളുകള്‍ അതിനെ യസ്രിബ് എന്നു വിളിക്കുന്നു. അതു മദീനയാണ്. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുര്‍ജ്ജനങ്ങളെ പുറത്തുകളയും. (ബുഖാരി. 3. 30. 95)

അനസ്(റ) പറയുന്നു: നബി(സ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, നീ മക്കാരാജ്യത്തിന് ചെയ്തതിന്റെ ഇരട്ടി നന്മ മദീനക്ക് ചെയ്യേണമേ. (ബുഖാരി. 3. 30. 109)

ആയിശ(റ) നിവേദനം: തേന്‍കൊണ്ട് തയ്യാര്‍ ചെയ്ത ബീറിനെ സംബന്ധിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി. ലഹരിയുണ്ടാക്കുന്ന എല്ലാ പാനീയവും നിഷിദ്ധമാണ്. (ബുഖാരി : 7-69-491)

ജാബിര്‍ (റ) പറയുന്നു: മുന്തിരിയും ഈത്തപ്പഴവും മൂപ്പ് എത്തിയതും എത്താത്തതും തമ്മില്‍ കൂട്ടിക്കലര്‍ത്തിയുണ്ടാക്കുന്ന പാനീയം കുടിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 506)

Note : ചെറിയ അളവില്‍ ലഹരിയുണ്ടാകുന്ന വല്ല പാനീയവും ആയിരിക്കും ഉദ്ദേശം. മദ്യം മദ്യമല്ലാത്ത മറ്റു പേരുകളിലും പലിശ പലിശയല്ലാത്ത (ലാഭ വിഹിതം, കമ്മീഷന്‍ etc. ) മറ്റു പേരുകളിലും പ്രത്യക്ഷപ്പെടുമെന്ന് പ്രവാചകന്റെ മുന്നറിയിപ്പ് ഹദീസുകളില്‍ വന്നിട്ടുണ്ട്. ലഹരി (ആല്‍കഹോള്‍) അത് ചെറിയ അളവിലായാലും, നിഷിദ്ധവും ഗുരുതരമായ പാപങ്ങളില്‍ പെട്ടതും ആണ്.

അബൂഹുറയ്റ(റ)യില്‍ നിന്നും ഇബ്നുഉമറി(റ)ല്‍നിന്നും നിവേദനം: മിമ്പറിന്റെ പടികളില്‍നിന്നുകൊണ്ട് നബി(സ) പറയുന്നത് അവരിരുവരും കേട്ടു: ജുമുഅ നമസ്കാരം ഉപേക്ഷിക്കുന്നവര്‍ ആ വൃത്തിയില്‍ നിന്ന് വിരമിച്ചുകൊള്ളട്ടെ. അല്ലാത്തപക്ഷം അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെച്ചുകളയും. പിന്നീട് അശ്രദ്ധരുടെ കൂട്ടത്തിലാണ് അവരകപ്പെടുക. (മുസ്ലിം)

അബുല്‍ജഅദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: മൂന്നു ജുമുഅ: നിസ്സാരമാക്കിക്കൊണ്ട് ഉപേക്ഷിക്കുന്നവന്റെ ഹൃദയത്തില്‍ അല്ലാഹു ഒരു മുദ്രവെയ്ക്കുന്നു. (അബൂദാവൂദ്)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സൂര്യനുദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്ലിം)

അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: പരലോകത്തുവെച്ച് ഏറ്റവുമാദ്യം വിധികല്‍പ്പിക്കുക കൊലക്കുറ്റങ്ങളുടെ കാര്യത്തിലാണ്. (ബുഖാരി : 8-76-540)

ഉഖ്ബ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീയുടെ നഗ്നത അനുവദനീയമാകുവാന്‍ വേണ്ടി (വിവാഹം ചെയ്യാന്‍ വേണ്ടി) നിങ്ങള്‍ നല്‍കുന്ന വ്യവസ്ഥകളാണ് കരാറുകളില്‍ വെച്ച് നിറവേറ്റുവാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ബാധ്യതയുള്ളത്. (ബുഖാരി : 3-50-882)

ആയിശ(റ) നിവേദനം: അല്ലാഹു വിശ്വാസികളെ! നിങ്ങളുടെ അടുക്കലേക്ക് സത്യവിശ്വാസികളായ സ്ത്രീകള്‍ സ്വദേശം ഉപേക്ഷിച്ചു കൊണ്ടുവന്നാല്‍. എന്ന് തുടങ്ങുന്ന ആയത്ത് (60:10-12) ഓതിക്കേള്‍പ്പിച്ചുകൊണ്ട് നബി(സ) അവരെ പരിശോധിക്കും. ഈ ആയത്തില്‍ പറഞ്ഞ സംഗതികള്‍ അംഗീകരിക്കുന്നവരോട് നബി(സ) പറയും: ഞാന്‍ നിനക്ക് ബൈഅത്ത് ചെയ്തിരിക്കുന്നു. അല്ലാഹു സത്യം! പ്രവാചകന്‍ ഒരിക്കലും ബൈഅത്ത് ചെയ്യുമ്പോള്‍ ഒരു സ്ത്രീയുടെയും കൈ സ്പര്‍ശിക്കാറില്ല. വാക്കുകള്‍ കൊണ്ട് മാത്രമാണ് അവിടുന്ന് സ്ത്രീകളുമായി ബൈഅത്തു ചെയ്യാറുള്ളത്. (ബുഖാരി : 3-50-874)

അബൂസലമ:(റ) നിവേദനം: അദ്ദേഹത്തിന്റെയും ഒരു സംഘത്തിന്റെയും ഇടയില്‍ ഒരു ഭൂമിയുടെ പ്രശ്നത്തില്‍ തര്‍ക്കം ഉല്‍ഭവിച്ച് ആയിശ:(റ) പറഞ്ഞു; അബൂസലമ: നീ ആ ഭൂമി ഉപേക്ഷിക്കുക. നിശ്ചയം തിരുമേനി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. വല്ലവനും ഒരു ചാണ്‍ ഭൂമി കവര്‍ന്നെടുത്താല്‍ തന്നെ ഏഴ് ഭൂമി അവന്റെ കഴുത്തില്‍ അണിയിക്കുന്നതാണ് (ബുഖാരി : 4-54-417)

സഈദ് ബിന്‍ സൈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അന്യന്റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്റെ ഏഴിരട്ടി ഭൂമി അവന്റെ കഴുത്തിലണിയിക്കപ്പെടും. (ബുഖാരി : 3-43-632)

ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: അന്യായമായി വല്ലവനും ഭൂമിയുടെ വല്ല അംശവും കൈവശപ്പെടുത്തിയാല്‍ അന്ത്യനാളില്‍ ഏഴ് ഭൂമിയിലേക്ക് അവനെ താഴ്ത്തിക്കളയും. (ബുഖാരി : 3-43-634)

അബൂഹൂറൈറ(റ) നിവേദനം: ഒരു പൊതുവഴിയുടെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ ഏഴ് മുഴം വഴിക്കുവേണ്ടി നീക്കി വെക്കണമെന്ന് നബി(സ) കല്‍പ്പിച്ചിരിക്കുന്നു. (ബുഖാരി : 3-43-653)

ആയിശ(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍ കുതര്‍ക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്. (ബുഖാരി : 3-43-637)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. അന്നേരം മുശ്രിക്കല്ലാത്തവന്റെ പാപം പൊറുക്കപ്പെടും. പരസ്പരം വൈരാഗ്യമുള്ളവരുടേതൊഴികെ. അവര്‍ സുല്‍ഹാകുന്നതുവരെ അവരുടെ കാര്യം നീട്ടിവെക്കാന്‍ മലക്കുകളോട് ഉത്തരവാകും. (മുസ്ലിം) (സുല്‍ഹ് - നന്നാകല്)‍

അബൂഅയ്യൂബ്(റ) പറയുന്നു: നബി(സ)അരുളി: മൂന്ന് ദിവസത്തിലധികം ഒരാള്‍ തന്റെ സഹോദരനുമായി പിണങ്ങി നില്‍ക്കുവാന്‍ പാടില്ല. അവര്‍ രണ്ടു പേരും കണ്ടുമുട്ടും. ഇവന്‍ അവനില്‍ നിന്ന് മുഖം തിരിച്ചുകളയും. അവന്‍ ഇവനില്‍ നിന്നും. അവര്‍ രണ്ടുപേരില്‍ ആദ്യം സലാം ആരംഭിക്കുന്നവനാണ് ഉത്തമന്‍. (ബുഖാരി : 8-73-100)

Share and Spread this Post to your friends

2 comments:

abdulgafoor പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
abdulgafoor പറഞ്ഞു...

assalamu elaikum,
alhemdulillah hadeesugal vayichu allahu namukum nammod bandapetavarkum koodudal,koodudal ibadath cheyyuvan thoufeeq cheyyate AMEEN. adinulla manass namuk ellavarkum tharumaragate AMEEN.allahu nammale ellavareyun hidayathilakate AMEEN.nale avante jannathul firdousil rasool(s)thangalod koode orumich kootatte AMEEN.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ