മലയാളം ഹദീസ് പഠനം 19

ആയിശ(റ) നിവേദനം: നബി(സ) ചിലപ്പോള്‍ സുന്നത്തു നോമ്പ് നോല്‍ക്കുന്നത് കണ്ടാല്‍ ഇനി അവിടുന്നു നോമ്പ് മുറിക്കുക തന്നെയില്ലേ എന്ന് ഞങ്ങള്‍ക്ക് തോന്നും. മറ്റു ചിലപ്പോള്‍ നബി(സ) സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതു കണ്ടാല്‍ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോല്‍ക്കുക തന്നെയില്ലേ എന്നും ഞങ്ങള്‍ക്ക് തോന്നിപ്പോകാറുണ്ട്. റമളാന്‍ മാസത്തിലല്ലാതെ ഒരു മാസം മുഴുവന്‍ നബി(സ) നോമ്പ് നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതല്‍ നോമ്പനുഷ്ഠിക്കാറുള്ളത്. (ബുഖാരി : 3-31-190)

ആയിശ(റ) നിവേദനം: ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ നോമ്പുകള്‍ നബി(സ) മറ്റൊരു മാസത്തിലും അനുഷ്ഠിക്കാറില്ല. ചിലപ്പോള്‍ ശഅ്ബാന്റെ മിക്ക ദിവസങ്ങളിലും നബി(സ) നോമ്പനുഷ്ഠിക്കും. അവിടുന്ന് പറയാറുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ ചെയ്യുവീന്‍. നിശ്ചയം നിങ്ങള്‍ക്ക് മടുപ്പ് തോന്നാത്ത കാലം വരേയ്ക്കും അല്ലാഹുവിനും മടുപ്പ് തോന്നുകയില്ല. പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന നമസ്കാരം നിര്‍വ്വഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും. അതു കുറച്ചാണെങ്കിലും. നബി(സ) ഒരു നമസ്കാരം തുടങ്ങിവെച്ചാല്‍ അതു പതിവാക്കാറുണ്ട്. (ബുഖാരി : 3-31-191)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ശഅ്ബാന്റെ അവസാനത്തെ പകുതി അവശേഷിച്ചാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. (തിര്‍മിദി)


Note : ശഅബാന്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ (15 നു ശേഷം) നോമ്പ് അനുഷ്ട്ടിക്കാന്‍ പാടുണ്ടോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുള്ള വിഷയമാണ്‌. ഹന്‍ബലി മദ്ഹബ് പ്രകാരം ഇത് മാക്‌റുഹ് (disliked thing = വേറുക്കപ്പെട്ടത്‌ ) ആണ്. ഷാഫി മദ്ഹബ് പ്രകാരം ഹറാം (നിഷിദ്ധം) ആണ്. മേല്‍ പോസ്റ്റ്‌ ചെയ്ത ഹദീസ് ആധികാരികമാണെന്നാണ് അല്‍ബാനി, ഷെയ്ഖ്‌ ഉദൈമീന്‍, ഷെയ്ഖ്‌ ഇബ്നു ബാസ് പോലുള്ള പണ്ഡിതന്മാരുടെ അഭിപ്രായം. ഭൂരിപക്ഷം പണ്ഡിതന്മാരും ശഅബാന്‍ 15 നു ശേഷം നോമ്പ് അനുഷ്ട്ടിക്കല്‍ മാക്‌റുഹ് (disliked thing = വേറുക്കപ്പെട്ടത്‌ ) എന്ന ഗണത്തില്‍ (അതായതു ഹറാം അല്ല, ഉപാധികളോടെ അനുവദനീയവും). സ്ഥിരമായി സുന്നത്ത് നോമ്പ് അനുഷ്ട്ടിച്ചു വരുന്നവരോഴികെയുള്ളവര്‍ (തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നവര്‍ etc) ശഅബാന്‍ 15 നു ശേഷം നോമ്പ് അനുഷ്ട്ടിക്കല്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. നഷ്ട്ടപെട്ട നോമ്പുകള്‍ എടുത്തു വീട്ടുന്നവര്‍ക്കും നോമ്പ് അനുഷ്ട്ടിക്കാവുന്നതാണ്. റമദാന്‍ കഴിഞ്ഞാല്‍ റസൂല്‍ (സ) ഏറ്റവും അധികം നോമ്പ് അനുഷ്ടിച്ചിരുന്ന മാസം ശഅബാന്‍ ആണെന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്ത നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ ശഅബാന്‍ 15 ന്റെ രാത്രിക്ക് എന്തെങ്കിലും പ്രത്യേകത ഉള്ളതയോ അതിന്റെ പകല്‍ നോമ്പ് അനുഷ്ടിച്ചിരുന്നതായോ സ്വഹിഹ് (ദുര്‍ബ്ബലമായ റിപ്പോര്‍ട്ടുകള്‍ ഇത് സംബന്ധമായി ഉണ്ട്) ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അമ്മാറി(റ)ല്‍ നിന്ന് നിവേദനം: മാസപ്പിറവി സംശയിക്കാറുള്ള ദിവസം (വ്യക്തമായ തെളിവില്ലാതെ) വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ അബുല്‍ഖാസിമിനോട് അവന്‍ വിപരീതം പ്രവര്‍ത്തിച്ചു. (അബൂദാവൂദ്, തിര്‍മിദി)

ഇബ്നു അബ്ബാസില്‍(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയാറുണ്ട്. റമസാനു മുമ്പെ നിങ്ങള്‍ സുന്നത്തായ വ്രതമനുഷ്ഠിക്കരുത്. പക്ഷേ റമസാന്‍ മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുകയും ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പ് മുറിക്കുകയും ചെയ്യുക. മേഘം കൊണ്ട് തടസ്സം നേരിട്ടാല്‍ മുപ്പത് ദിവസം നിങ്ങള്‍ പൂര്‍ത്തീകരിക്കൂ. (തിര്‍മിദി)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ സമാഗതമായാല്‍‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടും. (ബുഖാരി : 3-31-122)

അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: തിങ്കളാഴ്ചയിലെ നോമ്പിനെ സംബന്ധിച്ച് റസൂല്‍(സ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ഞാന്‍ പ്രസവിക്കപ്പെടുകയും പ്രവാചകനായി നിയോഗിക്കപ്പെടുകയും ഖുര്‍ആന്‍ എനിക്കവതരിക്കുകയും ചെയ്തത് അന്നേ ദിവസമാണ്. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: വ്യാഴാഴ്ചയും തിങ്കളാഴ്ചയും (മനുഷ്യരുടെ) ഓരോ പ്രവര്‍ത്തനങ്ങളും (അല്ലാഹുവിങ്കല്‍) വെളിവാക്കപ്പെടും. നോമ്പുകാരനായിക്കൊണ്ട് എന്റെ അമലുകള്‍ അല്ലാഹുവിങ്കല്‍ വെളിവാക്കപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത്. (തിര്‍മിദി)

ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. അന്നേരം മുശ്രിക്കല്ലാത്തവന്റെ പാപം പൊറുക്കപ്പെടും. പരസ്പരം വൈരാഗ്യമുള്ളവരുടേതൊഴികെ. അവര്‍ സുല്‍ഹാകുന്നതുവരെ അവരുടെ കാര്യം നീട്ടിവെക്കാന്‍ മലക്കുകളോട് ഉത്തരവാകും. (മുസ്ലിം) (സുല്‍ഹ് - നന്നാകല്)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ സമാഗതമായാല്‍ ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെയെല്ലാം ചങ്ങലകളില്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി : 3-31-123)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുഹറമാസത്തിലെ നോമ്പാണ് റമസാനുശേഷം നോമ്പുകളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത്. അപ്രകാരം തന്നെ രാത്രിയിലെ നമസ്കാരമാണ് ഫര്‍ളിനുശേഷമുള്ള നമസ്കാരങ്ങളില്‍ ഏറ്റവും ഉത്തമമായത്. (മുസ്ലിം)

ഇബ്നു അബ്ബാസ്(റ) പറയുന്നു: ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ നബി(സ) ശ്രദ്ധിക്കാറുള്ളത് പോലെ മറ്റൊരു ദിവസവും നബി(സ) ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മാസം മുഴുവന്‍ അവിടുന്നു നോമ്പനുഷ്ഠിക്കാറുള്ളത് റമളാനിലായിരുന്നു. (ബുഖാരി : 3-31-224)

അബൂമൂസ(റ) പറയുന്നു: ആശൂറാഅ് ദിവസം ജൂതന്മാര്‍ പെരുന്നാളായി ആഘോഷിച്ചിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അതില്‍ നോമ്പനുഷ്ഠിക്കുവിന്‍. (ബുഖാരി : 3-31-223)

ആയിശ(റ) പറയുന്നു: ആശുറാഅ് ദിവസം ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ നോമ്പനുഷ്ഠിച്ചിരുന്നു. നബി(സ) ജാഹിലിയ്യാ കാലത്തു അതു അനുഷ്ഠിച്ചിരുന്നു. മദീനയില്‍ വന്നപ്പോള്‍ അതു നബി(സ) നോല്‍ക്കുകയും നോല്‍ക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ നബി(സ) അതു ഉപേക്ഷിച്ചു. ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കുന്നവന്‍ ഉപേക്ഷിക്കുകയും ചെയ്തുവന്നു. (ബുഖാരി. 3. 31. 220)

ആയിശ(റ) പറയുന്നു: നബി(സ) ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുവാന്‍ കല്‍പ്പിച്ചിരുന്നു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കാത്തവന്‍ നോല്‍ക്കാതിരിക്കുകയും ചെയ്യും. (ബുഖാരി. 3. 31. 219)

സാലിം(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: നബി(സ) അരുളി: ആശുറാഅ് ദിവസത്തെ നോമ്പ് ഉദ്ദേശിക്കുന്നവന് നോല്‍ക്കാം. (ബുഖാരി. 3. 31. 218)

ഇബ്നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്ന പക്ഷം (മുഹര്‍റത്തിലെ) ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനു മുമ്പ് തന്നെ നോമ്പ് പിടിച്ച് വരികയാണെങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം. (ബുഖാരി : 3-31-138)

ആയിശ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും മരണപ്പെട്ടു. അവന് വീട്ടാനുള്ള നോമ്പുണ്ട്. എങ്കില്‍ അവന്റെ ബന്ധുക്കള്‍ അത് പിടിച്ചു വീട്ടേണ്ടതാണ്. (ബുഖാരി : 3-31-173)

ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ അടുത്തുവന്നു. അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാന്‍ ബാധ്യതയുണ്ട്. ഞാനത് നോറ്റു വീട്ടാമോ? നബി ചോദിച്ചു. അതെ, അല്ലാഹുവിന്റെ കടമാണ് വീട്ടുവാന്‍ ഏറ്റവും അവകാശപ്പെട്ടത്. മറ്റൊരു നിവേദനത്തില്‍ പറയുന്നു. ഒരു സ്ത്രീ പറഞ്ഞു: എന്റെ മാതാവ് മരിച്ചു. അവര്‍ക്ക് നേര്‍ച്ചയാക്കിയ നോമ്പുകള്‍ നോറ്റുവീട്ടാനുണ്ട്. (ബുഖാരി : 3-31-174)

മുഹമ്മദ്ബ്നു അബ്ബാസ് പറയുന്നു: നബി(സ) വെള്ളിയാഴ്ച നോമ്പനുഷ്ടിക്കുന്നത് വിരോധിച്ചിട്ടുണ്ടോ എന്ന് ജാബിര്‍(റ) നോട് ഞാന്‍ ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതായത് വെള്ളിയാഴ്ച ദിവസം മാത്രം നോമ്പനുഷ്ഠിക്കുന്നതിനെ. (ബുഖാരി : 3-31-205)

അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: വെള്ളിയാഴ്ച ദിവസം നിങ്ങളില്‍ ആരും തന്നെ നോമ്പനുഷ്ഠിക്കരുത്. അതിന്റെ ഒരു ദിവസം മുമ്പോ ഒരു ദിവസം ശേഷമോ നോമ്പനുഷ്ഠിച്ചാല്‍ ഒഴികെ. (ബുഖാരി. 3. 31. 206)

ജുവൈരിയ്യ(റ) പറയുന്നു: അവര്‍ നോമ്പനുഷ്ഠിച്ച ഒരു വെള്ളിയാഴ്ച ദിവസം നബി(സ) അവരുടെയടുക്കല്‍ പ്രവേശിച്ചു. നബി(സ) ചോദിച്ചു. നീ ഇന്നലെ നോമ്പ് നോറ്റിരുന്നോ? ഇല്ലെന്നവര്‍ പറഞ്ഞു. നാളെ നോമ്പ് നോല്‍ക്കാനുദ്ദേശിക്കുന്നു ണ്ടോ എന്ന് നബി(സ) വീണ്ടും ചോദിച്ചു. ഇല്ലെന്നവര്‍ പ്രത്യുത്തരം നല്‍കി. നബി(സ) അരുളി: എങ്കില്‍ നീ നോമ്പ് മുറിക്കുക. (ബുഖാരി : 3-31-207)

Note : നോമ്പ് അനുഷ്ട്ടിക്കാന്‍ പ്രത്യേകം നിര്‍ദേശിച്ച ദിവസങ്ങളുമായി (അറഫ നോമ്പ്, മുഹറം നോമ്പ് മുതലായ നോമ്പുകള്‍) വെള്ളിയാഴ്ച ഒത്തുവന്നാല്‍ ഈ നിരോധം ബാധകമല്ല. ഇപ്രകാരം ശനിയാഴ്ച മാത്രവും ഇത് പോലെ നോമ്പ് അനുഷ്ട്ടിക്കാന്‍ പാടില്ല എന്ന് സ്വഹിഹ് ആയ ഹദീസുകളില്‍ വന്നിട്ടുണ്ട്. അടുത്ത ദിവസമോ മുമ്പത്തെ ദിവസമോ നോമ്പ് അനുഷ്ട്ടിച്ചാലും പതിവായി നോറ്റു വരുന്ന നോമ്പ്കളുമായി (ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പ് അനുഷ്ട്ടിക്കുന്നവര്‍) ഒത്തു വന്നാലും വെള്ളിയാഴ്ചയും ശനിയാഴ്ചയും നോമ്പ് നോല്‍ക്കുന്നതിനു വിരോധമില്ല.

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി : 3-31-127)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ് പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ഒരുവന് അവന്റെ നോമ്പ് ദിവസമായാല്‍ അവന്‍ അനാവശ്യം പ്രവര്‍ത്തിക്കരുത്. അട്ടഹസിക്കരുത്. അവനെ ആരെങ്കിലും ശകാരിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പനുഷ്ഠിച്ച മനുഷ്യനാണെന്നു പറയട്ടെ. നോമ്പ്കാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി. 3. 31. 128)

അബൂമൂസ(റ) നിവേദനം: നബി(സ)അരുളി: തന്നെപ്പറ്റിയുളള ആക്ഷേപങ്ങള്‍ കേട്ടിട്ട് അല്ലാഹുവിനേക്കാള്‍ കൂടുതല്‍ ക്ഷമ കൈകൊളളുന്ന ഒരാളും ഇല്ലതന്നെ. ചിലര്‍ അവന്ന് സന്താനങ്ങളുണ്ടെന്ന് വാദിക്കുന്നു. എന്നിട്ടുകൂടി അവന്‍ അവരുടെ തെറ്റുകള്‍ക്ക് മാപ്പുചെയ്യുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു. (ബുഖാരി : 8-73-121)

ഖതാദ(റ) പറയുന്നു: പരസ്പരം കൈ കൊടുക്കല്‍ നബി(സ)യുടെ കാലത്തുണ്ടായിരുന്നുവോ എന്ന് ഞാന്‍ അനസിനോട് ചോദിച്ചു; അതെയെന്ന് അദ്ദേഹം പ്രത്യുത്തരം നല്‍കി. (ബുഖാരി : 8-74-279)

നബി(സ) അരുളി : തലയിലേക്ക് ഒരു ആണി അടിച്ചു താഴ്ത്തുന്നതാണ്, അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് നല്ലത് (ത്വബ്റാനി - അല്‍ കബീര്‍)

അനസ്(റ) പറയുന്നു: നബി(സ) അരുളി: മുരുഭൂമിയില്‍ വെച്ച് നഷ്ടപ്പെട്ട ഒട്ടകം ഒരാള്‍ക്ക് തിരിച്ചുകിട്ടിയാല്‍ ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം അല്ലാഹുവിന് അവന്റെ ദാസന്‍ തൌബ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. (ബുഖാരി : 8-75-321)

അബ്ദുല്ല(റ) നിവേദനം: അദ്ദേഹമൊരിക്കല്‍ രണ്ടു വാര്‍ത്തകള്‍ എടുത്തുപറഞ്ഞു. ഒന്നു നബി(സ)യില്‍ നിന്നുദ്ധരിച്ചതും മറ്റേത് സ്വന്തം വകയും. അദ്ദേഹം പറഞ്ഞു: ഒരു മലയുടെ താഴ്ഭാഗത്തിരിക്കുന്നവനെപ്പോലെയാണ് സത്യവിശ്വാസിയായ മനുഷ്യന്‍ തന്റെ പാപങ്ങളെ ദര്‍ശിക്കുക. താഴെയിരിക്കുന്നവനെ മല അവന്റെ മീതെ വീണേക്കുമോയെന്ന് ഭയമായിരിക്കും. ദുര്‍മാര്‍ഗ്ഗികള്‍ അവന്റെ പാപങ്ങളെ ദര്‍ശിക്കുക മൂക്കിന്റെ മുമ്പിലൂടെ പാറിപ്പോകുന്ന ഈച്ചയെ പോലെയായിരിക്കും. ഇതുപറഞ്ഞിട്ട് ഇബ്നുമസ്ഊദ് കൈ കൊണ്ട് ആംഗ്യം കാണിച്ചു. അദ്ദേഹം തുടര്‍ന്നു. ഒരു മനുഷ്യന്‍ യാത്രാ മധ്യേ ഒരുതാവളത്തിലിറങ്ങി. അവന്ന് ജീവഹാനി വരുത്താന്‍ പര്യാപ്തമായ ഒരു സ്ഥലമാണ്. അവനോടൊപ്പം അവന്റെ ഒട്ടകവുമുണ്ട്. അതിന്മേല്‍ ആഹാരപാനീയങ്ങളും. അവിടെയിറങ്ങി അവന്‍ അല്പമൊന്ന് കിടന്നുറങ്ങിപ്പോയി. ഉണര്‍ന്ന് നോക്കുമ്പോള്‍ ഒട്ടകം അവിടെനിന്നും പോയിക്കഴിഞ്ഞിരുന്നു. ചൂടും ദാഹവും കഠിനമായപ്പോള്‍ അവന്‍ വിശ്രമിച്ച് സ്ഥലത്തേക്ക് തന്നെ തിരിച്ചുപോകുവാന്‍ തീരുമാനിച്ചു. വീണ്ടും ഉറങ്ങിപ്പോയി. ഉണര്‍ന്നുനോക്കുമ്പോള്‍ ഒട്ടകമതാ മുമ്പില്‍ നില്‍ക്കുന്നു. ഈ മനുഷ്യനുണ്ടായതിനേക്കാള്‍ സന്തോഷം അല്ലാഹുവിന് അവന്റെ ദാസന്‍ തൌബ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. (ബുഖാരി. 8. 75. 320)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം. സ്വന്തം പിതാവിനോടും സന്താനങ്ങളോടും ഉള്ളതിനേക്കാള്‍ പ്രിയം എന്നോടായിരിക്കുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി : 1-2-13)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവന്‍ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി : 1-2-14)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരാളില്‍ മൂന്ന് ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ സത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. 1. മറ്റാരോടുമുള്ളതിനേക്കാള്‍ പ്രിയം അല്ലാഹുവിനോടും അവന്റെ ദൂതനോടും ഉണ്ടായിരിക്കുക, 2. മനുഷ്യനെ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് മാത്രം സ്നേഹിക്കുക, 3. ദൈവനിഷേധത്തിലേക്ക് മടങ്ങുന്നതിനെ നരകത്തിലേക്ക് തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക. (ബുഖാരി :1-2-15)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി : 1-2-12)

4 comments:

Pretty പറഞ്ഞു...

سبحانالله......

SHAJAHAN പറഞ്ഞു...

അറബിക് ടെക്സ്റ്റ്‌ കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു. ജസാകുമുല്ലാഹ് ഖൈര്‍

Abdul latheef P.V പറഞ്ഞു...

very best
pls put more more and with arabic (orginal hadees arabic language)

abdulgafoor പറഞ്ഞു...

ASSALAMU ELAIKUM,
allahu namukum nammude kudumbathinum allahu ishtapetta margathil mathram jeevikan thoufeeq cheyyatte AMEEN.nallad mathram cheyyuvanum cheethad ubeshikuvanumulla manass allahu namukum nammod bandapetavarkum tharate AMEEN. allahu nammeyum nammod bandapettavareyum hidayathilakatte AMEEN.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ