മലയാളം ഹദീസ് പഠനം 20

ആയിശ(റ) നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! എനിക്ക് രണ്ടു അയല്‍വാസികള്‍ ഉണ്ട്. ഞാന്‍ അവരില്‍ ആര്‍ക്കാണ് സമ്മാനം നല്‍കുവാന്‍ ഏറ്റവും അവകാശപ്പെട്ടത്? നബി(സ) അരുളി: നീയുമായി വാതില്‍ ഏറ്റവും അടുത്തവള്‍ക്ക്. (ബുഖാരി : 3-47-767)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ മുസ്ളിം സ്ത്രീകളെ! ഒരു അയല്‍വാസിനി മറ്റേ അയല്‍വാസിനിക്ക് വല്ലതും സമ്മാനിച്ചാല്‍ അതിനെ അവള്‍ താഴ്ത്തിക്കാണിക്കരുത്. പാരിതോഷികമായി നല്‍കിയത് ഒരാട്ടിന്റെ കുളമ്പാണെങ്കിലും ശരി. (ബുഖാരി : 3-47-740)

ഇബ്നുഉമര്‍(റ) നിവേദനം: അസര്‍ നമസ്കാരം നഷ്ടപ്പടുത്തുന്നവന്‍ തന്റെ കുടുംബവും സമ്പത്തും നഷ്ടപ്പെടുത്തുന്നതു പോലെയാണ്. (ബുഖാരി : 1-10-527)


അബൂമലീഹ് പറയുന്നു: ഞങ്ങള്‍ ഒരിക്കല്‍ ഒരു മേഘമുള്ള ദിവസം യുദ്ധത്തിലായിക്കൊണ്ട് ബുറൈദ(റ)യുടെ കൂടെയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ അസര്‍ നമസ്കാരം വേഗം നിര്‍വഹിക്കുക. തിരുമേനി(സ) അരുളുകയുണ്ടായി. വല്ലവനും അസര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ സല്‍കര്‍മ്മങ്ങള്‍ പാഴായിപ്പോയി. (ബുഖാരി : 1-10-528)

അബൂമലീഹ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ ബുറൈദ(റ)യുടെ കൂടെ ആകാശത്തില്‍ മേഘമുള്ള ഒരു ദിവസം സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നമസ്കാരം നിങ്ങള്‍ വേഗം നിര്‍വ്വഹിക്കുവിന്‍. നിശ്ചയം തിരുമേനി(സ) അരുളിയിട്ടുണ്ട്. വല്ലവനും അസര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി. (ബുഖാരി. 1. 10. 568)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാമിനു മുമ്പ് തല ഉയര്‍ത്തുന്ന പക്ഷം അവന്റെ തലയെ കഴുതയുടെ തലയായിട്ടു അല്ലാഹു മാറ്റുകയോ അല്ലെങ്കില്‍ അവന്റെ ആകെ രൂപത്തെത്തന്നെ കഴുതയുടെ രൂപത്തില്‍ മാറ്റുകയോ ചെയ്തേക്കുമെന്ന് അവന്‍ ഭയപ്പെടുന്നില്ലേ?. (ബുഖാരി : 1-11-660)

ബറാഅ്(റ) നിവേദനം: അദ്ദേഹം കളവ് പറയുന്നവനല്ല - അവര്‍ നബി(സ)യുടെ കൂടെ നമസ്കരിക്കുമ്പോള്‍ അവിടുന്നു റുകൂഇല്‍ നിന്ന് എഴുന്നേറ്റാല്‍ അവര്‍ എഴുന്നേല്‍ക്കും. തിരുമേനി(സ) സുജൂദ് ചെയ്യുന്നത് അവര്‍ ദര്‍ശിക്കുന്നത് വരെ (അവര്‍ സൂജൂദ് ചെയ്യുകയില്ല) (ബുഖാരി. 1. 12. 714)

Note : ഇമാം നമസ്കാരത്തിലെ ഓരോ പ്രവര്‍ത്തനവും ചെയ്തതിനു ശേഷം മാത്രമേ മറ്റുള്ളവര്‍ അതിലേക്കു വരാവൂ. ഇമാമിനെ മുന്‍ കടക്കുക എന്നത് നമസ്കാരം തന്നെ ഫലശൂന്യമായി പോകുന്ന കാര്യമാണ് എന്ന് മനസിലാക്കുക. പലരും നിസ്സാരമായി കാണുന്ന ഒരു സംഗതിയാണ് ഇത്. നമസ്കാരത്തിലെ എല്ലാ കാര്യത്തിലും ഇമാമിന്റെ പിന്നില്‍ തന്നെ ആകാന്‍ ശ്രമിക്കുക. ഇമാം സൂറത്ത് ഓതി കഴിയുന്നതിനു മുമ്പ് തന്നെ റുകൂഇലേക്ക് പോകുന്നവരും, കൈ താഴ്ത്തി റുകൂഇലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരും ഈ ഹദീസ് ഗൌരവമായി എടുക്കുക.

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: എന്റെ അനുയായികളെല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. നിരസിച്ചവര്‍ പ്രവേശിക്കുകയില്ല. അവര്‍ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവര്‍?. നബി(സ) അരുളി: എന്നെ വല്ലവനും അനുസരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. എന്റെ കല്‍പന ലംഘിച്ചവന്‍ നിരസിച്ചവനാണ്. (ബുഖാരി : 9-92-384)

ഹുദൈഫ(റ) പറയുന്നു: അല്ലയോ ഓത്തുകാരേ! നിങ്ങള്‍ നേര്‍ക്കുനേരെ ജീവിക്കുക. നിങ്ങള്‍ തീര്‍ച്ചയായും വിജയത്തില്‍ ഒരു വലിയ മുന്‍കടക്കല്‍ കടന്നിട്ടുണ്ട്. നിങ്ങള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞാല്‍ വിദൂരമായ വഴികേടില്‍ നിങ്ങള്‍ വീഴുന്നതാണ്. (ബുഖാരി : 9-92-386)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഉപേക്ഷിച്ച വിഷയങ്ങളില്‍ നിങ്ങള്‍ എന്നെ വിട്ടേക്കുവീന്‍. പൂര്‍വ്വിക സമുദായങ്ങള്‍ നശിച്ചത് അവരുടെ നബിമാര്‍ക്ക് അവര്‍ എതിര് ‍പ്രവര്‍ത്തിച്ചതു കൊണ്ടും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതു കൊണ്ടുമാണ്. ഞാന്‍ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാല്‍ അതിനെ നിങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുവീന്‍. എന്തെങ്കിലും കല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവീന്‍. (ബുഖാരി : 9-92-391)

സഅ്ദ്(റ) നിവേദനം: നബി(സ) അരുളി: ഹറാമ് അല്ലാത്ത ഒരു കാര്യം (അനാവശ്യമായ) ചോദ്യം കാരണം നിഷിദ്ധമാക്കപ്പെട്ടാല്‍ ആ ചോദ്യ കര്‍ത്താവാണ് മുസ്ളിംകളില്‍ ഏറ്റവും വലിയ പാപി. (ബുഖാരി : 9-92-392)

Note : അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ ശ്രദ്ധിക്കുക. സാങ്കല്‍പ്പികമായ ചോദ്യങ്ങള്‍ ചോദിക്കുന്നതും കൂടുതല്‍ ചുഴിഞ്ഞു ചുഴിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കുന്നതും മതത്തില്‍ നല്ല പ്രവണതയല്ല എന്ന് മനസ്സിലാക്കുക. എല്ലാവരും മനസ്സിലാക്കേണ്ട അല്ലെങ്കില്‍ അറിയേണ്ട കാര്യങ്ങള്‍ മറ്റുള്ളവര്‍ കൂടി മനസ്സിലാക്കുന്നതിനു ചോദ്യ രൂപേണ ചോദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആവശ്യമില്ലാത്തതും തികച്ചും ചോദിയ്ക്കാന്‍ വേണ്ടി മാത്രം ചോദിക്കുന്നതുമായ ചോദ്യങ്ങള്‍ ഒഴിവാക്കുക.

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവീന്‍. അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍കി. (ബുഖാരി : 3-34-292)

ജാബിര്‍(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ഒരു മനുഷ്യന് അനുഗ്രഹം ചെയ്തു. അയാള്‍ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും കിട്ടാനുളള കടം ചോദിക്കുമ്പോഴും വിട്ടു വീഴ്ച കാണിക്കും. (ബുഖാരി. 3. 34. 290)

ഹുദൈഫ:(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ജനതയിലൊരാളുടെ ആത്മാവിനെ മലക്കുകള്‍ ഏറ്റുവാങ്ങി. അവര്‍ പറഞ്ഞു. നീ വല്ല നന്മയും പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഞെരുക്കക്കാരായ കടക്കാര്‍ക്ക് അവധി കൊടുക്കാനും പണക്കാരായ കടക്കാരോട് വിട്ടുവീഴ്ച കാണിക്കാനും ഞാനെന്റെ കാര്യസ്ഥന്മാരോട് കല്‍പ്പിക്കാറുണ്ടായിരുന്നുവെന്ന് അയാള്‍ മറുപടി പറഞ്ഞു. അതിനാല്‍ അല്ലാഹു അയാളുടെ പാപങ്ങള്‍ മാപ്പ് ചെയ്തുകൊടുത്തു. (ബുഖാരി. 3. 34. 291)

അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ അത്താഴം കഴിക്കുവീന്‍. നിശ്ചയം അത്താഴത്തില്‍ ബര്‍ക്കത്തുണ്ട്. (ബുഖാരി : 3-31-146)

സൈദ്ബ്നു സാബിത്(റ) നിവേദനം: നബി(സ) യോടൊപ്പം ഞങ്ങള്‍ അത്താഴം കഴിച്ചു. നബി(സ) ശേഷം നമസ്കാരത്തിന് ഒരുങ്ങി. ഞാന്‍ (അനസ്) ചോദിച്ചു. അത്താഴത്തിനും ബാങ്കിനുമിടയില്‍ എത്ര സമയമുണ്ടായിരുന്നു. സൈദ്(റ) പറഞ്ഞു. അമ്പതു ആയത്തു ഓതുന്ന സമയം. (ബുഖാരി. 3. 31. 144)

സഹ്ല്(റ) നിവേദനം: ഞാന്‍ എന്റെ കുടുംബത്തില്‍ വെച്ച് അത്താഴം കഴിക്കാറുണ്ട്. ശേഷം നബി(സ)യുടെ കൂടെ സുജൂദ്(സുബ്ഹി നമസ്കാരം) ലഭിക്കുവാന്‍ ഞാന്‍ വേഗത്തില്‍ പുറപ്പെടും. (ബുഖാരി. 3. 31. 143)

അംറുബിന്‍ആസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നമ്മുടെയും വേദം നല്കപ്പെട്ടവരുടെയും നോമ്പ് തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്. (മുസ്ലിം) (ജൂതരും കൃസ്ത്യാനികളും അത്താഴം കഴിക്കുകയില്ല. ഈ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ് അത്താഴം)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ് പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ഒരുവന് അവന്റെ നോമ്പ് ദിവസമായാല്‍ അവന്‍ അനാവശ്യം പ്രവര്‍ത്തിക്കരുത്. അട്ടഹസിക്കരുത്. അവനെ ആരെങ്കിലും ശകാരിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പനുഷ്ഠിച്ച മനുഷ്യനാണെന്നു പറയട്ടെ. നോമ്പ്കാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി : 3-31-128)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി : 3-31-127)

അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: പകലത്തെ കുറ്റവാളികളുടെ തൌബ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ തൌബ പകലും സ്വീകരിക്കുവാന്‍ അല്ലാഹു തയ്യാറാകുന്നു. ഈ പ്രക്രിയ സൂര്യന്‍ പശ്ചിമഭാഗത്തു നിന്നും ഉദിക്കുന്നതുവരെ (അന്ത്യനാള്‍ വരെ) തുടരും. (മുസ്ലിം)

അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ട ക്കുഴിയിലെത്തുന്നതു വരെ ദാസന്റെ തൌബ അല്ലാഹു സ്വീകരിക്കുന്നതാണ്. (തിര്‍മിദി)

അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്റെ നോമ്പ് അവന്‍ പൂര്‍ത്തിയാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തത്. (ബുഖാരി : 3-31-154)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മൂന്നു പള്ളികളിലേക്കല്ലാതെ(പുണ്യയാത്ര) ചെയ്യേണ്ടതില്ല. കഅ്ബ, നബി(സ)യുടെ മദീനത്തെ പള്ളി, ബൈത്തുല്‍ മുഖദ്ദസ് പള്ളി. (ബുഖാരി : 2-21-281)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ ഈ പള്ളിയില്‍ വെച്ചുള്ള ഒരു നമസ്കാരം ഈ പള്ളി ഒഴിച്ചുള്ള മറ്റൊരു പള്ളിയില്‍ വെച്ച് നമസ്കരിക്കുന്ന ആയിരം നമസ്കാരത്തേക്കാള്‍ പുണ്യമുള്ളതാണ്. എന്നാല്‍ കഅ്ബ: അതില്‍പ്പെടുകയില്ല. (ബുഖാരി : 2-21-282)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും റമളാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം. (ബുഖാരി : 3-31-125)

അനസ് (റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ കൂടെ യാത്ര ചെയ്യാറുണ്ട്. അപ്പോള്‍ നോമ്പുകാര്‍ നോമ്പില്ലാത്തവരെയോ നോമ്പില്ലാത്തവര്‍ നോമ്പുകാരെയോ പരസ്പരം ആക്ഷേപിക്കാറില്ല. (ബുഖാരി. 3-31-167)

ആയിശ(റ) നിവേദനം: അസ്ലം ഗോത്രക്കാരനായ ഹംസതുബ്നു അംറ് ഒരിക്കല്‍ നബി(സ) യോടു ചോദിച്ചു. ഞാന്‍ യാത്രയില്‍ നോമ്പ് അനുഷ്ഠിക്കട്ടെയോ? അദ്ദേഹം ധാരാളം നോമ്പനുഷ്ഠിക്കുന്നവനായിരുന്നു. അപ്പോള്‍ നബി(സ) അരുളി: നീ ഉദ്ദേശിക്കുന്നുവെങ്കില്‍ നോമ്പ് ഉപേക്ഷിക്കാം. (ബുഖാരി. 3. 31. 164)

ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരു റമളാനില്‍ നബി(സ) മക്കയിലേക്ക് പുറപ്പെട്ടപ്പോള്‍ കദീദ് എന്ന സ്ഥലത്ത് എത്തുന്നതുവരെ നോമ്പനുഷ്ഠിച്ചു. അവിടെയെത്തിയപ്പോള്‍ നബി(സ) നോമ്പ് മുറിച്ചു. അപ്പോള്‍ ജനങ്ങളും മുറിച്ചു. (ബുഖാരി. 3. 31. 165)

അബൂദര്‍ദാഅ്(റ) പറയുന്നു: ചൂടുള്ള ഒരു ദിവസം നബി(സ)യുടെ കൂടെ ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ഉഷ്ണത്തിന്റെ കാഠിന്യം മൂലം ആളുകള്‍ തലയില്‍ കൈവെച്ചിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ അന്ന് നോമ്പുകാരായി നബി(സ) യും ഇബ്നു റവാഹത്തും മാത്രമാണുണ്ടായിരുന്നത്. (ബുഖാരി. 3. 31. 166)

ജാബിര്‍(റ) നിവേദനം: നബി(സ) ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ഒരു സ്ഥലത്തു ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒരാള്‍ക്ക് തണലുണ്ടാക്കിക്കൊടുക്കുന്നതും നബി(സ) കണ്ടു. ഇതെന്താണെന്ന് നബി(സ) ചോദിച്ചു. അവര്‍ പറഞ്ഞു. അദ്ദേഹം നോമ്പനുഷ്ഠിച്ചവനാണ്. നബി(സ) പ്രത്യുത്തരം അരുളി: യാത്രയില്‍ നോമ്പനുഷ്ഠിക്കല്‍ വലിയ പുണ്യമൊന്നുമല്ല. (ബുഖാരി. 3. 31. 167)

ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) മദീനയില്‍ നിന്ന് മക്കയിലേക്ക് യാത്ര പുറപ്പെട്ടു. ഉസ്ഫാന്‍ എന്ന സ്ഥലത്ത് എത്തുന്നതുവരെ അവിടുന്ന് നോമ്പനുഷ്ഠിച്ചു. ശേഷം കുറച്ചു വെള്ളം കൊണ്ടുവരാന്‍ അവിടുന്ന് ആവശ്യപ്പെടുകയും അങ്ങനെ തന്റെ കയ്യില്‍ ജനങ്ങള്‍ കാണുന്ന വിധം അതു ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ശേഷം അവിടുന്ന് അത് കുടിച്ച് നോമ്പ് മുറിച്ചു. മക്കയില്‍ എത്തുന്നതുവരെ. ഇതു ഒരു റമളാനില്‍ ആയിരുന്നു. ഇബ്നു അബ്ബാസ്(റ) പറയാറുണ്ട്. നബി(സ) നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അതു മുറിച്ചു. അതിനാല്‍ ഉദ്ദേശിക്കുന്നവന് നോമ്പ് അനുഷ്ഠിക്കാം. ഉദ്ദേശിക്കുന്നവന് നോമ്പ് മുറിക്കാം. (ബുഖാരി. 3. 31. 169)

4 comments:

sakaria പറഞ്ഞു...

ee hadithukal direct my documents lek download cheyyanulla maargham valare nannayene. example PDF files downloads cheyyunna maathiri.

ashraf പറഞ്ഞു...

ALLAHUVINTHEY MARGATHIL ORU DIVASAM NOLBU NOTTAL AYAL NARAGATHILNINNUM ETRA AGATTA PPEDUM...MARUPADY POST CHEYYOUMO...kpasraf@gmail.com

abdulgafoor പറഞ്ഞു...

jasakalla hair

sherin പറഞ്ഞു...

good

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ