മലയാളം ഹദീസ് പഠനം 21

സൈദി(റ)ല്‍ നിന്ന് നിവേദനം: വല്ലവനും നോമ്പ് തുറപ്പിച്ചാല്‍ നോമ്പുകാരന്റെ തുല്ല്യഫലം അവന് ലഭിക്കും. അതുകൊണ്ട് നോമ്പുകാരന്റെ പ്രതിഫലത്തില്‍ ഒന്നും ചുരുങ്ങുകയില്ല. (തിര്‍മിദി)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമളാന്‍ രാത്രിയിലെ ഐച്ഛിക നമസ്കാരം (തറാവീഹ്) നിര്‍വ്വഹിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത തെറ്റുകളില്‍ നിന്നും അവന് പൊറുത്തു കൊടുക്കും. (ബുഖാരി : 1-2-36)

അബൂഹുറൈറ(റ) നിവേദനം: ഒരു മനുഷ്യന്‍ ധാരാളം ഭക്ഷിക്കുന്നവനായിരുന്നു. അങ്ങിനെ അയാള്‍ മുസ്ലീമായി. അപ്പോള്‍ കുറച്ച് ഭക്ഷിക്കുവാന്‍ തുടങ്ങി. ഈ വിവരം നബി(സ)യോട് പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്. (ബുഖാരി. 7. 65. 309)

നാഫിഅ്(റ) പറയുന്നു: തന്റെ കൂടെ ഭക്ഷിക്കുവാന്‍ ഒരു ദരിദ്രനെ ക്ഷണിച്ചുകൊണ്ട് വരുന്നതുവരെ ഇബ്നുഉമര്‍(റ) ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം ആഹാരം കഴിക്കുവാന്‍ ഒരു മനുഷ്യനെ വിളിച്ചുകൊണ്ട് വന്നു. അയാള്‍ അമിതമായി ആഹാരം കഴിച്ചത് കണ്ടപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലയോ നാഫിഅ്! ഈ മനുഷ്യനെ മേലില്‍ എന്റെയടുക്കലേക്ക് ക്ഷണിച്ചുകൊണ്ടുവരരുത്. നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സത്യവിശ്വാസി ഒരു വയറ് കൊണ്ടാണ് തിന്നുക. സത്യനിഷേധി ഏഴു വയര്‍ കൊണ്ടും. (ബുഖാരി : 7-65-305)

ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) മനുഷ്യരില്‍ ഏറ്റവും ധര്‍മ്മിഷ്ഠനായിരുന്നു. ജിബ്രീല്‍ തിരുമേനി(സ)യെ സന്ദര്‍ശിക്കാറുള്ള റമളാന്‍ മാസത്തിലാണ് അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക. ജിബ്രീല്‍ റമളാനിലെ എല്ലാ രാത്രിയും തിരുമേനിയെ വന്നു കണ്ട് ഖുര്‍ആന്‍ പഠിപ്പിക്കാറുണ്ട്. അന്നാളുകളില്‍ അല്ലാഹുവിന്റെ ദൂതന്‍ ഇടതടവില്ലാതെ അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ദാനശീലനായിരിക്കും. (ബുഖാരി : 1-1-5)


അബൂമദ്ഊദ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ദാനം ചെയ്യുവാന്‍ കല്‍പ്പിച്ചാല്‍ ഞങ്ങളില്‍ ചിലര്‍ അങ്ങാടിയിലേക്ക് പോകും. അവിടെ നിന്ന് ചുമട് ചുമന്നിട്ട് കിട്ടുന്ന ഒരു മുദ്ദ് ധാന്യവുമായി കൊണ്ട് വന്ന് ദാനം ചെയ്യും. ഇന്നാകട്ടെ നബി(സ)യുടെ അനുചരന്മാരില്‍ ചിലരുടെ കയ്യില്‍ ലക്ഷം തന്നെയുണ്ട്. (ബുഖാരി : 2-24-497)

അദിയ്യ്(റ) പറയുന്നു: നബി(സ) അരുളി: ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്തു നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവീന്‍. (ബുഖാരി. 2. 24. 498)

അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ അല്ലാഹുവിന്റെ പ്രവാചകന്റെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ! ദാനധര്‍മ്മങ്ങളില്‍ ഏറ്റവും പുണ്യമേറിയത് ഏതാണ്? നബി(സ) പ്രത്യുത്തരം നല്‍കി: നീ ആരോഗ്യവാനായിരിക്കുക, ധനം വിട്ടു കൊടുക്കാന്‍ നിനക്ക് മടിയുണ്ടായിരിക്കുക, ദാരിദ്യത്തെക്കുറിച്ച് ഭയവും ധനം സമ്പാദിച്ചാല്‍ കൊള്ളാമെന്ന് നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കുക. ഈ പരിതസ്ഥിതിയില്‍ നല്‍കുന്ന ദാനമാണ് ഏറ്റവും പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയില്‍ എത്തുന്ന നേരം നീ പറയും. ഇത്ര ഇന്നവന്നു കൊടുക്കണം. ഇത്ര ഇന്നവന് കൊടുക്കണം എന്നെല്ലാം. യഥാര്‍ത്ഥത്തിലോ ആ ധനം ആ ഘട്ടത്തില്‍ ഇന്നവന്റെതായിക്കഴിഞ്ഞിരിക്കുകയാണ്. (ബുഖാരി : 2-24-500)

ഉഖ്ബ(റ) നിവേദനം: ഞാന്‍ മദീനയില്‍ വെച്ച് ഒരിക്കല്‍ തിരുമേനി(സ)യുടെ പിന്നില്‍ നിന്നുകൊണ്ട് അസര്‍ നമസ്കരിച്ചു. സലാം ചൊല്ലി വിരമിച്ച ഉടനെ തിരുമേനി(സ) ധൃതിപ്പെട്ടു എഴുന്നേറ്റുനിന്ന് ആളുകളെ കവച്ചുവെച്ച് കൊണ്ട് തന്റെ ഒരു ഭാര്യയുടെ മുറിയിലേക്ക് പോയി. തിരുമേനി(സ)യുടെ ധൃതിയിലുള്ള ആ പോക്ക് കണ്ടു ജനങ്ങള്‍ ഭയന്നു. ഉടനെ തിരുമേനി(സ) ആളുകളുടെ മുമ്പിലേക്ക്തന്നെ തിരിച്ചുവന്നു. അപ്പോള്‍ തന്റെ ധൃതിയില്‍ അല്‍ഭുതം തോന്നിയിട്ടുണ്ടെന്ന് തിരുമേനി(സ) ഗ്രഹിച്ചു. അന്നേരം തിരുമേനി(സ) അരുളി: ഞങ്ങളുടെ അടുക്കലുള്ള അല്‍പം സ്വര്‍ണ്ണം നിര്‍ത്തുന്നത് ഞാനിഷ്ടപ്പെട്ടില്ല. തന്നിമിത്തം അതു ആളുകള്‍ക്ക് പങ്കിട്ടുകൊടുക്കാന്‍ ഞാന്‍ കല്പിച്ചു. (ബുഖാരി. 1. 12. 810)

ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസമായിരിക്കും. മാസപ്പിറവി കാണുന്നതുവരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. മേഘം കാരണം ചന്ദ്രപ്പിറവി കാണാന്‍ കഴിയാതെ വന്നാല്‍ മുപ്പതു ദിവസം എണ്ണിപ്പൂര്‍ത്തിയാക്കുക. (ബുഖാരി : 3-31-130)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച് വരികയാണെങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം. (ബുഖാരി. 3. 31. 138)

അമ്മാറി(റ)ല്‍ നിന്ന് നിവേദനം: മാസപ്പിറവി സംശയിക്കാറുള്ള ദിവസം (വ്യക്തമായ തെളിവില്ലാതെ) വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ അബുല്‍ഖാസിമിനോട് അവന്‍ വിപരീതം പ്രവര്‍ത്തിച്ചു. (അബൂദാവൂദ്, തിര്‍മിദി)

"ഒരാള്‍ക്ക് ഒരു റമദാന്‍ കടന്നു പോയി, പക്ഷെ അവന്റെ പാപങ്ങള്‍ പരിഹരിക്കപ്പെട്ടില്ല (പൊറുക്കപ്പെട്ടില്ല), എന്നാല്‍ അവനു നാശം എന്ന് ജിബ്രീല്‍ (അ) പ്രാര്‍ത്ഥിക്കുകയും റസൂല്‍ (സ) ആമീന്‍ പറയുകയും ചെയ്തു" (ഹക്കിം ബൈഹഖി എന്നിവര്‍ ഉദ്ധരിച്ച സ്വഹിഹ് ആയ ഹദീസില്‍ നിന്ന്)

അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ബാങ്കിനും ഇഖാമത്തിന്നുമിടയില്‍ ദുആ റദ്ദ് ചെയ്യപ്പെടുകയില്ല. (ഉത്തരം ലഭിക്കും) (അബൂദാവൂദ്, തിര്‍മിദി)

ആയിശ(റ) നിവേദനം: സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക്ക അല്ലാഹുമ്മഗ്ഫിര്‍ലീ (രക്ഷിതാവേ, നിന്റെ പരിശുദ്ധതതേയും നിന്റെ മഹത്വത്തേയും ഞങ്ങളിതാ പ്രകീര്‍ത്തിച്ചുകൊള്ളുന്നു. അതുകൊണ്ട് എന്റെ തെറ്റുകള്‍ എനിക്ക് നീ പൊറുത്തുതരേണമേ, ) എന്ന് നബി(സ) റുകൂഇലും സുജൂദിലും പറയാറുണ്ടായിരുന്നു. (ബുഖാരി. 1. 12. 760)

ആയിശ(റ) നിവേദനം: തിരുമേനി(സ) തന്റെ റുകൂഇലും സുജൂദിലും ധാരാളമായി സുബ്ഹാനകല്ലാഹുമ്മ റബ്ബനാവബിഹംദിക്ക അല്ലാഹുമ്മ ഇഗ്ഫിര്‍ലി ചൊല്ലാറുണ്ട്. ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്. (ബുഖാരി. 1. 12. 781)

സാബിത്(റ) നിവേദനം: അനസ്(റ) ഞങ്ങള്‍ക്ക് നബി(സ)യുടെ നമസ്കാരം ചിത്രീകരിച്ചു കാണിച്ചു തരാറുണ്ടായിരുന്നു. അങ്ങനെ അനസ്(റ) നമസ്കരിക്കാന്‍ തുടങ്ങി. റുകൂഇല്‍ നിന്ന് തല ഉയര്‍ത്തിയാല്‍ അനസ്(റ) സുജൂദില്‍ പോകാന്‍ മറന്നിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നിപ്പോകും. അത്രയും സമയം അവിടെ അദ്ദേഹം നില്‍ക്കും. (ബുഖാരി : 1-12-765)

ബറാഅ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യുടെ പിന്നില്‍ നിന്നു നമസ്കരിക്കുകയായിരുന്നു. തിരുമേനി(സ) സമിഅല്ലാഹുലിമന്‍ഹമിദഹു എന്നു പറഞ്ഞാല്‍ ഞങ്ങളില്‍ ആരും തന്നെ അവന്റെ മുതുക് വളക്കുകയില്ല. തിരുമേനി(സ) തന്റെ നെറ്റിത്തടം ഭൂമിയില്‍ വെയ്ക്കുന്നതുവരേക്കും. (ബുഖാരി. 1. 12. 775)

അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ എഴുന്നേറ്റ് നിന്നു മൂത്രിച്ചു. സഹാബികള്‍ അവനെ വിരട്ടാന്‍ തുനിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു. അവനെ വിടുക അവന്‍ മൂത്രിച്ചതില്‍ ഒരു ബക്കറ്റ് വെള്ളം ഒഴിക്കുക. ജനങ്ങള്‍ക്ക് സൌകര്യമുണ്ടാക്കാനാണ് പ്രയാസമുണ്ടാക്കാനല്ല നിങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. (ബുഖാരി : 1-4-219)

മുആദു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ശപിക്കപ്പെട്ട മുന്നു കാര്യങ്ങളില്‍നിന്നു പിന്‍മാറുക: ഉറവുകള്‍ക്കു സമീപവും, വഴിയിലും, (മനുഷ്യന്‍ വിശ്രമിക്കുന്ന) തണലിലും വിസര്‍ജ്ജിക്കുന്നത്. (അബൂദാവൂദ്)

ജാബിര്‍(റ) പറഞ്ഞു, ദൈവദൂതന്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ നമസ്കാരവും നമസ്കാരത്തിന്റെ താക്കോല്‍ ശുദ്ധീകരണവും ആകുന്നു. (അഹ്മദ്)

ആയിശ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്റെ(സ) വലതു കൈ തന്റെ വുസുവിനും തന്റെ ആഹാരത്തിനും ആയിരുന്നു; ഇടതു കൈ, വിസര്‍ജ്ജനത്തിന് ശേഷം ശുദ്ധീകരിക്കുന്നതിനും വൃത്തിഹീനമായ സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനും ആയിരുന്നു. (അബൂദാവൂദ്)

ബറാഅ്(റ) നിവേദനം: തിരുമേനി(സ)യുടെ റുകൂഅ്, സുജൂദ്, രണ്ടു സുജൂദിന്നിടയിലുള്ള ഇരുത്തം, റുകൂഇല്‍ നിന്ന് തല ഉയര്‍ത്തിയിട്ടുള്ള നിറുത്തം ഇവയെല്ലാം ഏതാണ്ട് തുല്യസമയമായിരുന്നു. പക്ഷെ (ഫാത്തിഹ ഓതാനുള്ള) നിറുത്തം, (അത്തഹിയ്യാത്തിനുള്ള) ഇരുത്തം ഇവ രണ്ടും അങ്ങനെയായിരുന്നില്ല. (ബുഖാരി : 1-12-758)

ഹുദൈഫ(റ) നിവേദനം: ഒരാള്‍ റുകൂഉം സുജൂദും പൂര്‍ത്തിയാക്കാതെ നമസ്കരിക്കുന്നത് അദ്ദേഹം കണ്ടു. അപ്പോള്‍ ഹുദൈഫ(റ) പറഞ്ഞു: നീ നമസ്കരിച്ചിട്ടില്ല. ഇപ്രകാരം നീ മരിച്ചാല്‍ മുഹമ്മദിനെ അല്ലാഹു സൃഷ്ടിച്ച പ്രകൃതി മതത്തിലല്ല നീ മരിക്കുന്നത്. (ബുഖാരി : 1-12-757)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) പള്ളിയില്‍ പ്രവേശിച്ചു. അനന്തരം ഒരു മനുഷ്യന്‍ പള്ളിയില്‍ കടന്നു നമസ്കരിക്കുവാന്‍ തുടങ്ങി. നമസ്കാര ശേഷം അദ്ദേഹം നബി(സ)ക്ക് സലാം ചൊല്ലി. നബി(സ) സലാമിന് മറുപടി നല്‍കിയിട്ടു പറഞ്ഞു. നീ പോയി വീണ്ടും നമസ്കരിക്കുക കാരണം നീ നമസ്കരിച്ചിട്ടില്ല. ഉടനെ അദ്ദേഹം തിരിച്ചുപോയി മുമ്പ് നമസ്കരിച്ചപോലെതന്നെ വീണ്ടും നമസ്കരിച്ചു. എന്നിട്ട് തിരുമേനി(സ)യുടെ അടുത്തുവന്ന് തിരുമേനി(സ)ക്ക് സലാം പറഞ്ഞു. നബി(സ) അരുളി: നീ പോയി വീണ്ടും നമസ്കരിക്കുക. നീ നമസ്കരിച്ചിട്ടില്ല. അങ്ങനെ മൂന്നു പ്രാവശ്യം അത് സംഭവിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ് സത്യം. ഇപ്രകാരമല്ലാതെ എനിക്ക് നമസ്കരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് താങ്കള്‍ എന്നെ പഠിപ്പിക്കുക. അന്നേരം തിരുമേനി(സ) അരുളി: നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട് ഖുര്‍ആനില്‍ നിനക്ക് സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല് ‍തന്നെ നില്‍ക്കുക. പിന്നീട് റുകൂഇല്‍ നിന്ന് നിന്റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന് നില്‍ക്കുക. പിന്നീട് നീ സൂജുദ് ചെയ്യുകയും അതില്‍ അടങ്ങിയിരിക്കുകയും ചെയ്യുക. ഇത് നിന്റെ നമസ്കാരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുക. (ബുഖാരി : 1-12-724)

ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. നിങ്ങളില്‍ ആരെങ്കിലും തന്റെ ഭാര്യയെ സമീപിക്കുമ്പോള്‍ അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹുവേ! ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യുന്നതില്‍ നിന്നും പിശാചിനെ അകറ്റേണമേ! എന്നു പ്രാര്‍ത്ഥിക്കുകയും അങ്ങനെ അവര്‍ക്ക് ഒരു സന്താനം വിധിക്കപ്പെടുകയും ചെയ്താല്‍ അതിനെ പിശാച് ദ്രോഹിക്കുകയില്ല. (ബുഖാരി : 1-4-143)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നാം അവസാനത്തവരും ആദ്യത്തവരുമാണ്. തിരുമേനി(സ) അരുളി: അതിനാല്‍ നിങ്ങളില്‍ ആരും തന്നെ ഒലിക്കാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുകയും എന്നിട്ട് അതില്‍ കുളിക്കുകയും ചെയ്യരുത്. (ബുഖാരി 1-4-239)

6 comments:

kudukkan പറഞ്ഞു...

nannyittunde hadeesukalude anthararthangal prathifalippikan sharamikkuka

siraj padipura പറഞ്ഞു...

ഇ ബ്ലോഗിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സർവശക്തൻ
എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ ഈ റ‌മളാൻ മാസത്തിന്റെ
ബർക്കത്ത്കൊണ്ട് നമ്മുടെ എല്ലാവരുടേയും പാപങ്ങൾ പടച്ചതമ്പു-
രാൻ പൊറുത്തു തരട്ടെ ആമീൺ

sruthy പറഞ്ഞു...

ഓരോ ഹദീസും കൊടുക്കുമ്പോൾ അതിന്റെ വിശദീകരണവും കൂടി കൊടുത്താൽ നല്ലതായിരുന്നു ഖുർആൻ-ന്റെ വിശദീകരണത്തിന്റെ PDF (പരിഭാഷ അല്ല) കിട്ടാൻ എന്തുചെയ്യണം ഖുർആൻ-ന്റെ വിശദീകരണത്തിന്റെ PDF എനിക്ക് മെയിൽ ടെയ്യാമോ?
My ID - hareezn@gmail.com

ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സർവശക്തൻ
എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ ആമീൻ

sruthy പറഞ്ഞു...

ഓരോ ഹദീസും കൊടുക്കുമ്പോൾ അതിന്റെ വിശദീകരണവും കൂടി കൊടുത്താൽ നല്ലതായിരുന്നു ഖുർആൻ-ന്റെ വിശദീകരണത്തിന്റെ PDF (പരിഭാഷ അല്ല) കിട്ടാൻ എന്തുചെയ്യണം ഖുർആൻ-ന്റെ വിശദീകരണത്തിന്റെ PDF എനിക്ക് മെയിൽ ടെയ്യാമോ?
My ID - hareezn@gmail.com

ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സർവശക്തൻ
എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ ആമീൻ

sumayya പറഞ്ഞു...

ദിവസേനെ ചൊല്ലേണ്ട ദുആകള്‍ കൂടി ഉള്‍പെടുത്തുക.

അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ട്കട്ടെ

abdulgafoor പറഞ്ഞു...

assalamu elaikum,
hadeesugal vayichu alhemdulillah allahu nammude ella ebadathugalum sweegarikumaragatte AMEEN.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ