മലയാളം ഹദീസ് പഠനം 22

അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് അദ്ദേഹം കേട്ടു: ബാങ്ക് കേള്‍ക്കുമ്പോള്‍ അവന്‍ പറയുന്നതുപോലെ നിങ്ങളും പറയണം. എന്നിട്ട് എന്റെ പേരില്‍ നിങ്ങള്‍ സ്വലാത്ത് ചൊല്ലുകയും വേണം. എന്റെ പേരില്‍ വല്ലവനും ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍ പകരം അല്ലാഹു അവനെ പത്തുപ്രാവശ്യം അനുഗ്രഹിക്കും. അതിനു ശേഷം എനിക്ക് അല്ലാഹുവിനോട് നിങ്ങള്‍ വസീലത്ത് ആവശ്യപ്പെടണം. സ്വര്‍ഗ്ഗത്തിലുള്ള ഒരുന്നത പദവിയാണത്. അല്ലാഹുവിന്റെ ദാസന്മാരിലൊരാള്‍ക്കല്ലാതെ അതനുയോജ്യമല്ല. ആ ആള്‍ ഞാനായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്ന് എനിക്ക് ആരെങ്കിലും വസീലത്ത് ആവശ്യപ്പെട്ടാല്‍ എന്റെ ശുപാര്‍ശ അവന് സ്ഥിരപ്പെട്ടു. (മുസ്ലിം)

സഅ്ദുബ്നു അബീവഖാസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅദ്ദിന്‍ പറയുന്നത് കേട്ടാല്‍ അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യംവഹിക്കുന്നു: അവന്‍ ഏകനാണ്. അവന്നൊരു പങ്കുകാരനുമില്ല. മുഹമ്മദ് നബി(സ) അവന്റെ ദാസനും പ്രവാചകനുമാണ്; അല്ലാഹു നാഥനും മുഹമ്മദ്(സ) പ്രവാചകനും ഇസ്ളാംദീനുമായിട്ട് ഞാന്‍ തൃപ്തിപ്പെട്ടു എന്ന് വല്ലവനും പറഞ്ഞാല്‍ തന്റെ (ചെറു) പാപം അവന് പൊറുക്കപ്പെടും. (മുസ്ലിം)

ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: ഈ പരിപൂര്‍ണ്ണ വിളിയുടെയും ആരംഭിക്കാന്‍ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ, നീ വാഗ്ദാനം ചെയ്ത പ്രകാരം മുഹമ്മദ് നബി(സ)ക്ക് പരമോന്നത സാമീപ്യവും അത്യുന്നതപദവിയും നല്‍കുകയും സ്തുത്യര്‍ഹമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ ഉയര്‍ത്തുകയും ചെയ്യേണമേ! എന്നു ബാങ്കു കേള്‍ക്കുന്നവന്‍ പറഞ്ഞാല്‍ അന്ത്യദിനം അവന്‍ എന്റെ ശുപാര്‍ശക്ക് അര്‍ഹനായി. (ബുഖാരി. 1. 11. 588)


ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറങ്ങിത്തൂങ്ങിപ്പോയാല്‍ ഉറക്കസമയം പറ്റെ വിട്ടു പോകും വരേക്കും അയാള്‍ ഉറങ്ങട്ടെ. കാരണം ഉറക്കം തൂങ്ങിക്കൊണ്ടു നമസ്കരിക്കുന്ന പക്ഷം അല്ലാഹുവിനോട് പാപമോചനത്തിനു വേണ്ടിയാണോ അതല്ല തനിക്കെതിരായിട്ടാണോ പ്രാര്‍ത്ഥിക്കുന്നതെന്ന് അറിയാന്‍ കഴിയില്ല. (ബുഖാരി : 1-4-211)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറക്കം തൂങ്ങിയാല്‍ താനോതുന്നതെന്തെന്ന് തനിക്ക് ശരിക്കും ബോധം വരും വരേക്കും അവന്‍ പോയി ഉറങ്ങട്ടെ. (ബുഖാരി. 1. 4. 212)

അബ്ദുല്ല(റ) നിവേദനം: നിങ്ങളിലാരും തന്നെ തന്റെ നമസ്കാരത്തില്‍ നിന്ന് ഒരംശവും പിശാചിന്നു വിട്ടുകൊടുക്കരുത്. വലതുഭാഗത്തുകൂടെ നമസ്കാരത്തില്‍ നിന്നു വിരമിച്ചശേഷം എഴുന്നേറ്റു പോകാവൂ എന്ന് അവന്‍ ധരിക്കലാണത്. തിരുമേനി(സ) നമസ്കാരത്തില്‍നിന്നു വിരമിച്ച ശേഷം ഇടതുഭാഗത്തു കൂടി എഴുന്നേറ്റ് പോകുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി : 1-12-811)

Note : നമസ്കാരം കഴിഞ്ഞാല്‍ വലതു ഭാഗത്ത്‌ കൂടി പോകലാണ് പുണ്യം എന്ന് കരുതി ചില പ്രവാചക അനുയായികള്‍ അങ്ങിനെ ചെയ്തപ്പോള്‍, പോകുന്നതില്‍ എന്തെങ്കിലും വേര്‍തിരിവ് പ്രവാചകന്‍ കാണിച്ചിട്ടില്ല എന്ന് വിശദീകരിക്കുന്നതാണ് പ്രസ്തുത ഹദീസ്. അതായത് ഏതെങ്കിലും പ്രത്യേക ഭാഗത്ത്‌ കൂടി പോകല്‍ പ്രത്യേകം പുണ്ണ്യകരമല്ല എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്‌. അതായത് ഏതെങ്കിലും പ്രത്യേക ഭാഗത്ത്‌ കൂടി (വലതു ഭാഗത്ത്‌ കൂടി) പോകല്‍ പ്രത്യേകം പുണ്ണ്യകരമാണ്‌ എന്ന് കരുതല്‍ നമസ്കാരത്തില്‍ നിന്ന് ഒരംശം പിശാചിന് കൊടുക്കുന്നതിനു തുല്യമാണ് എന്നാണ് ഹദീസിന്റെ സാരം. പ്രവാചകന്‍ പോലും അറിയാതെ പ്രവാചകന്റെ ചലനങ്ങളും നീക്കങ്ങളും ജീവിതത്തില്‍ പകര്‍ത്തുക എന്നത് അനുയായികളുടെ ഒരു സ്വഭാവമായിരുന്നു. അങ്ങിനെ അവരില്‍ ചിലര്‍ ധരിച്ചു മനസ്സിലാക്കിയ ഒരു കാര്യം അവരിലെ തന്നെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയ അബ്ദുല്ല(റ) തിരുത്തുന്നതാണ് ഹദീസ്.

അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: ജനങ്ങളെ! നിങ്ങള്‍ സലാം വ്യാപിപ്പിക്കുകയും ആഹാരം നല്‍കുകയും ജനങ്ങള്‍ രാത്രി നിദ്രയിലാണ്ടു കഴിയുന്നസമയം നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ സുരക്ഷിതരായിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയും. (തിര്‍മിദി)

മുഗീറ(റ) നിവേദനം: രണ്ടു കാല്‍പാദങ്ങളില്‍ അല്ലെങ്കില്‍ കണങ്കാലുകളില്‍ നീരുവന്നു കയറും വരെ നബി(സ) രാത്രി നമസ്കരിക്കാറുണ്ട്. (അങ്ങനെ നമസ്കരിക്കേണ്ടതുണ്ടോ എന്ന്) നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്നു പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് നന്ദിയുള്ള ഒരു ദാസനായിരിക്കേണ്ടയോ? (ബുഖാരി : 2-21-230)

മുസ്വ്ഹബ്ബ്നുസഅ്ദ്റ(റ) പറയുന്നു: ഞാനൊരിക്കല്‍ എന്റെ പിതാവിന്റെ അരികില്‍നിന്നുകൊണ്ട് നമസ്കരിച്ചു. അപ്പോള്‍ എന്റെ രണ്ടു കൈപടങ്ങളും ചേര്‍ത്തുപിടിച്ചിട്ടു ആ രണ്ടുകൈപ്പടങ്ങളും (റുകൂഇല്‍) എന്റെ രണ്ടു കാല്‍ത്തുടകളുടെ ഇടയില്‍വെച്ചു. ഇതു കണ്ടപ്പോള്‍ എന്റെ പിതാവ് അങ്ങിനെ വിരോധിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങള്‍ മുമ്പ് അങ്ങനെ ചെയ്യാറുണ്ടായിരുന്നു. എന്നിട്ട് ഞങ്ങളോടത് വിരോധിച്ചു. കൈപടങ്ങള്‍ കാല്‍മുട്ടുകളിന്മേല്‍ വെയ്ക്കാനാണ് ഞങ്ങളോട് കല്‍പ്പിച്ചിരുന്നത്. (ബുഖാരി. 1. 12. 756)

ആയിശ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ലൈലത്തുല്‍ ഖദ്ര്‍ ഏതാണെന്ന് ഞാനറിയുന്നപക്ഷം അതില്‍ ഞാനെന്താണ് പറയേണ്ടത്: നബി(സ) പറഞ്ഞു: നീ പറയൂ - അല്ലാഹുവേ! നീ മാപ്പ് കൊടുക്കുന്നവനാണ്. മാപ്പ് കൊടുക്കാന്‍ നിനക്കിഷ്ടമാണ്. അതുകൊണ്ട് എനിക്ക് നീ മാപ്പു തരേണമെ!. (اللهم انك عفو تحب العفو فاعف عنى) (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) ശഠിച്ചു പറഞ്ഞു. വല്ലവനും തന്റെ വീട്ടില്‍ വെച്ച് വുളുചെയ്തുകൊണ്ട് അല്ലാഹുവിന്റെ ഭവനങ്ങളില്‍പെട്ട ഒരു ഭവനത്തില്‍ ഫര്‍ളുനിര്‍വ്വഹിക്കാന്‍ വേണ്ടി ചെന്നുവെങ്കില്‍ തന്റെ ചവിട്ടടികളില്‍ ഒന്ന് ഒരു പാപമകറ്റുന്നതും മറ്റേത് ഒരു പദവി ഉയര്‍ത്തുന്നതുമാകുന്നു. (മുസ്ലിം)

അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രവാചകരേ! നിശ്ചയം വന്യമൃഗങ്ങളും ദുഷ്ടജന്തുക്കളും ധാരാളമുള്ള സ്ഥലമാണ് മദീന. (അതുകൊണ്ട് ജമാഅത്തിന് പങ്കെടുക്കാതെ എന്റെ വീട്ടില്‍വെച്ച് നമസ്കരിക്കാനുള്ള അനുവാദം അവിടുന്ന് നല്‍കിയാലും) നബി(സ) ചോദിച്ചു. നമസ്കാരത്തിലേക്ക് വരൂ! വിജയത്തിലേക്ക് വരു! എന്ന് നീ കേള്‍ക്കാറുണ്ടോ? എന്നാല്‍ നീ ഇവിടെ വരിക തന്നെ വേണം. (അബൂദാവൂദ്)

ഇബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: യഥാര്‍ത്ഥ മുസ്ളീമായിക്കൊണ്ട നാളെ അല്ലാഹുവിനെ സമീപിക്കുവാന്‍ വല്ലവനും ഇഷ്ടപ്പെടുന്നുവെങ്കില്‍ ബാങ്ക് വിളിക്കുന്ന സ്ഥലത്തുവെച്ച് അവന്‍ പതിവായി നമസ്കരിച്ചുകൊള്ളട്ടെ. നിശ്ചയം, നിങ്ങളുടെ പ്രവാചകന് സന്മാര്‍ഗ്ഗപന്ഥാവ് അല്ലാഹു കാണിച്ചുകൊടുത്തിരിക്കുന്നു. ഇവ (നമസ്ക്കാരങ്ങള്‍ ) ആ സന്മാര്‍ഗ്ഗപന്ഥാവില്‍ പെട്ടതാകുന്നു. നിശ്ചയം, ജമാഅത്തില്‍ പങ്കെടുക്കാത്ത ഇവന്‍ തന്റെ വീട്ടില്‍ വെച്ച് ഒറ്റക്ക് നമസ്കരിക്കുംപോലെ നിങ്ങളും സ്വന്തം ഭവനങ്ങളില്‍ വെച്ച് നമസ്കരിക്കുന്നപക്ഷം നബി(സ)യുടെ മാതൃക നിങ്ങള്‍ കൈവെടിഞ്ഞു. നബി(സ)യുടെ മാതൃക കൈവെടിഞ്ഞാല്‍ നിശ്ചയം, നിങ്ങള്‍ വഴിപിഴച്ചവരായിത്തീരും. നിശ്ചയം. ഞങ്ങളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കലവറയില്ലാത്ത മുനാഫിഖുകളല്ലാതെ ജമാഅത്തില്‍ പങ്കെടുക്കാതെ പിന്തിനില്ക്കാറില്ല. ചില ആളുകള്‍ രണ്ടാളുകളുടെ (ചുമലില്‍) നയിക്കപ്പെട്ട് കൊണ്ട് വന്ന് നമസ്കാരത്തിന്റെ സഫില്‍ നിര്‍ത്തപ്പെടാറുണ്ടായിരുന്നു. (മുസ്ലിം) മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: നിശ്ചയം, റസൂല്‍(സ) സന്മാര്‍ഗ്ഗപന്ഥാവ് ഞങ്ങളെ പഠിപ്പിച്ചു. ബാങ്കുകൊടുക്കുന്ന പള്ളിയില്‍വെച്ച് ജമാഅത്തായുള്ള നമസ്കാരം അവയില്‍പ്പെട്ടതാണ്.

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ)യുടെ അടുത്ത് ഒരു അന്ധന്‍ വന്നുകൊണ്ട് പറഞ്ഞു. പ്രവാചകരേ! പള്ളിയിലേക്ക് കൊണ്ടുപോകുവാന്‍ ഒരു വഴികാട്ടി എനിക്കില്ല. അങ്ങനെ സ്വന്തം വീട്ടില്‍വെച്ച് നമസ്കരിക്കാനുള്ള വിട്ടുവീഴ്ച റസൂല്‍(സ) യോട് അദ്ദേഹം ആവശ്യപ്പെട്ടു. റസൂല്‍(സ) അദ്ദേഹത്തിന് വിട്ടുവീഴ്ച നല്കിയെങ്കിലും അദ്ദേഹം പിന്തിരിഞ്ഞുപോയപ്പോള്‍, അയാളെ വിളിച്ചു ചോദിച്ചു. നീ ബാങ്ക് കേള്‍ക്കാറുണ്ടോ? അതെ എന്നയാള്‍ പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ അതിനുത്തരം ചെയ്യണം. (മുസ്ലിം)

ബുറൈദ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: (ജമാഅത്തായി നമസ്കരിക്കുമ്പോള്‍) പള്ളികളിലേക്ക് കൂരിരുട്ടില്‍ നടന്നു പോകുന്നവര്‍ക്ക് അന്ത്യദിനത്തില്‍ പരിപൂര്‍ണ്ണമായ പ്രകാശം ലഭിക്കുമെന്ന് നിങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. (അബൂദാവൂദ്, തിര്‍മിദി)

നോമ്പുകാരന് നോമ്പു തുറക്കുന്ന സമയത്ത് തളളപ്പെടാത്ത ഒരു പ്രാര്‍ത്ഥനയുണ്ട്. (ഇബ്നുമാജ) നബി(സ്വ) നോമ്പു തുറക്കുമ്പോള്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചിരുന്നു. ذَهَبَ
الظَّمَأُ وَابْتَلَّتِ الْعَرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللهُ ദാഹം തീര്‍ന്നു, ഞരമ്പുകള്‍ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ പ്രതിഫലം സ്ഥിരപ്പെട്ടു (അബൂദാവൂദ്)

Note : അനസ്ബ്നുമാലിക്ക്(റ) പറഞ്ഞു, നബി(സ്വ) നമസ്ക്കരിക്കുന്നതിനു മുമ്പ് പഴുത്ത ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിക്കുമായിരുന്നു. അത് ലഭിച്ചില്ലെങ്കില്‍ ഉണക്കക്കാരക്ക കൊണ്ടും അതുമില്ലെങ്കില്‍ വെള്ളം കൊണ്ടുമാണ് നോമ്പ് തുറന്നിരുന്നത്. നബി(സ്വ)യുടെ ചര്യയില്‍പെട്ടതാണ് നോമ്പ് തുറക്കാന്‍ ധൃതി കാണിക്കുക എന്നത്. ജൂത ക്രിസ്ത്യാനികളോട് എതിര് പ്രവര്‍ത്തിക്കലാണ് അത്. അവരത് വൈകിക്കുമായിരുന്നു. അവര്‍ പിന്തിക്കുന്നതിന് കാരണമുണ്ടായിരുന്നു. നക്ഷത്രം പ്രത്യക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു അത്. നബി(സ്വ) പറഞ്ഞു, നോമ്പ് മുറിക്കാന്‍ ധൃതികാണിക്കുന്നേടത്തോളം കാലം ജനങ്ങള്‍ നന്മയില്‍ ആയിരിക്കും. (ബുഖാരി, മുസ്ളിം) നബി(സ്വ) പറഞ്ഞു, നോമ്പ് മുറിക്കാന്‍ നക്ഷത്രങ്ങളെ പ്രതീക്ഷിക്കാത്തിടത്തോളം കാലം എന്റെ സമുദായം എന്റെ ചര്യയില്‍ ആയിരിക്കും. (ഇബ്നു ഹിബ്ബാന്‍)

അബീദര്‍ദാഅ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: പട്ടണത്തിലോ മരുഭൂമിയിലോ കൂട്ടമായി പ്രാര്‍ത്ഥന നടത്താത്ത മൂന്നുപേരുണ്ടെങ്കില്‍ പിശാച് അവരെ ജയിച്ചടക്കാതിരിക്കയില്ല. അതുകൊണ്ട് ജമാഅത്തിനെ മുറുകെപ്പിടിക്കുക: പറ്റത്തില്‍നിന്നും വേര്‍തിരിഞ്ഞതിനെയാണ് ചെന്നായ ഭക്ഷിക്കുന്നത്. (അബൂദാവൂദ്)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇഖാമത്തു നിങ്ങള്‍ കേട്ടാല്‍ നമസ്ക്കാരത്തിലേക്ക് നിങ്ങള്‍ നടന്ന്പോവുക (ഓടരുത്). നിങ്ങള്‍ക്ക് ശാന്തതയും വണക്കവും നിര്‍ബന്ധമാണ്. നിങ്ങള്‍ ധൃതിപ്പെടരുത്. നിങ്ങള്‍ക്ക് ലഭിക്കുന്നത് നമസ്ക്കരിക്കുക. നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുക. (ബുഖാരി : 1-11-609)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ വരികള്‍ നേരെയാക്കുക. നിശ്ചയം ഞാന്‍ നിങ്ങളെ പിന്നിലൂടെ ദര്‍ശിക്കുന്നുണ്ട്. അങ്ങനെ ഞങ്ങളില്‍ പെട്ട ഒരുവന്‍ തന്റെ സ്നേഹിതന്റെ ചുമലിനോട് തന്റെ ചുമലും കാല്‍പാദത്തോട് കാല്‍പാദവും ചേര്‍ത്തി വെക്കാറുണ്ട്. (ബുഖാരി : 1-11-692)

അനസ്(റ) നിവേദനം: അദ്ദേഹം മദീനയില്‍ വന്നപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. നബി(സ)യുടെ കാലത്ത് താങ്കള്‍ ഗ്രഹിച്ച ഏതൊരു സംഗതിയാണ് ഞങ്ങള്‍ വീഴ്ചവരുത്തിയതായി താങ്കള്‍ കാണുന്നത്? അനസ്(റ) പറഞ്ഞു: നിങ്ങള്‍ (നമസ്കാരത്തില്‍) വരികള്‍ നേരെയാക്കാത്തത്. (ബുഖാരി : 1-11-690)

അബൂഹുറൈറ(റ) നിവേദനം: ഇമാമ് നിശ്ചയിക്കപ്പെട്ടത് അദ്ദേഹത്തെ പിന്‍തുടരപ്പെടാനാണ്. അതുകൊണ്ട് നിങ്ങള്‍ അദ്ദേഹത്തിന് എതിരാവരുത്. അദ്ദേഹം റുകൂഅ് ചെയ്താല്‍ നിങ്ങള്‍ റുകൂഅ് ചെയ്യുവിന്‍. സമിഹല്ലാഹു. എന്നു പറഞ്ഞാല്‍ റബ്ബനാലകല്‍ഹംദു പറയുവിന്‍. അദ്ദേഹം സുജൂദ് ചെയ്താല്‍ നിങ്ങളും സുജൂദ് ചെയ്യുക. ഇരുന്നു നമസ്കരിച്ചാല്‍ നിങ്ങളും ഇരുന്നു നമസ്കരിക്കുക. നമസ്കാരത്തില്‍ വരികള്‍ നിങ്ങള്‍ വളവില്ലാതെ നേരെയാക്കുക. നിശ്ചയം വരികള്‍ നേരെയാക്കല്‍ നമസ്കാരം പൂര്‍ത്തിയാക്കുന്നതില്‍ പെട്ടതാണ്. (ബുഖാരി. 1. 11. 689)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ വരികള്‍ നേരെയാക്കുക. നിശ്ചയം ഞാന്‍ നിങ്ങളെ പിന്നിലൂടെ ദര്‍ശിക്കുന്നുണ്ട്. അങ്ങനെ ഞങ്ങളില്‍ പെട്ട ഒരുവന്‍ തന്റെ സ്നേഹിതന്റെ ചുമലിനോട് തന്റെ ചുമലും കാല്‍പാദത്തോട് കാല്‍പാദവും ചേര്‍ത്തി വെക്കാറുണ്ട്. (ബുഖാരി : 1-11-692)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, ഒരാളുടെ സത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കല്‍ മാത്രമാണ്. (മുസ്ലിം)

ബുറൈദ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നമ്മുടേയും അവരുടേയും (മുനാഫിഖുകളുടേയും) ഇടയിലുള്ള ബന്ധം നമസ്കാരം കൊണ്ട് മാത്രമാണ്. അവരാരെങ്കിലും അത് കൈവെടിഞ്ഞാല്‍ അവന്‍ സത്യനിഷേധിയത്രെ. (തിര്‍മിദി) (കാഫിറുകളും മുനാഫിഖുകളും തമ്മിലുള്ള വ്യത്യാസം നമസ്കാരം മാത്രമാണ്. നമസ്കാരംകൊണ്ട് മുസ്ളീംകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്കും ലഭിക്കും. അത്തരം കാര്യങ്ങള്‍ അവര്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ അവരും കാഫിറുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടായിരിക്കയില്ല)

അനസ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഒന്നാമത്തെ നിര (സഫഫ്) പൂര്‍ത്തിയാക്കുക: പിന്നീട്, അതിനടുത്ത നിര; തികയാതെവരുന്നതേതോ, അത് അവസാനത്തെ നിരയില്‍ ആയിക്കൊള്ളട്ടെ. (അബൂദാവൂദ്)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ ഇമാമിനെ നടുവിലാക്കുകയും വിടവുകള്‍ നികത്തുകയും ചെയ്യുക! (അബൂദാവൂദ്)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസികള്‍ക്ക് ഇശാ നമസ്കാരത്തേക്കാളും സുബ്ഹി നമസ്കാരത്തേക്കാളും ഭാരിച്ചൊരു നമസ്കാരമേയില്ല. ആ രണ്ടു നമസ്കാരത്തിലും അടങ്ങിയ പുണ്യം അവര്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ മുട്ടുകുത്തി നടന്നിട്ടെങ്കിലും അവരതില്‍ ഹാജറാകുമായിരുന്നു. (ബുഖാരി : 1-11-626)

3 comments:

kuth പറഞ്ഞു...

assalamu alaikkum ,ningal ayachu thanna hadees nangal vayichu itharam salkarmangal thudarnnum pradeekshikkunnu ALLAHU ithoru swalihayaha amalayi sweekarikkumaravatte ammen

Safeer.G.K പറഞ്ഞു...

ഹദീസിന്‍റെ പേജ് നമ്പറും,വോളിയം നമ്പറും കൊടുത്താല്‍ നന്നായിരുന്നു

abdulgafoor പറഞ്ഞു...

assalamu elaikum,
hadees vayichu kure karyangal padikkan kazhichu ALHEMDULILLAH.nammudeyum nammod bandapetavarudeyum jeevidathil id pagarthi ulkond jeevikuvanum nalla karyangal cheyyuvanum, pravathigamakkanum, koodudal ibadath cheyyuvanumulla manass allahu namuk tharate AMEEN. cheethadine ubeshikuvanulla manass allahu namukum bandapetavarkum tharate AMEEN.allahu ishtapetta margathil mathram jeevikuvan namukum nammod bandapettavarkum thoufeeq cheyyate AMEEN.nale avante jannathul firdousil rasool(s)thangalod koode nammeyum nammod bandapettavareyum orumich kootatte. AMEEN.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ