മലയാളം ഹദീസ് പഠനം 23

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ളുഹ്ര്‍ രണ്ടു റക്ക്അത്തു നമസ്കരിച്ചു. അപ്പോള്‍ രണ്ടു റക്ക്അത്താണ് നമസ്കരിച്ചതെന്ന് പറയപ്പെട്ടു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ് നിന്ന് രണ്ടു റക്ക്അത്തു നമസ്കരിച്ചു. ശേഷം സലാം വീട്ടി. ശേഷം തക്ബീര്‍ ചൊല്ലികൊണ്ട് രണ്ടു സുജൂദ് ചെയ്തു. ആദ്യത്തെ സുജൂദ് പോലെ അല്ലെങ്കില്‍ അല്‍പം ദീര്‍ഘിപ്പിച്ചത്. (ബുഖാരി : 1-11-683)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ രണ്ടു റക്ക്അത്തു നമസ്കരിച്ചു സലാം വീട്ടി. അപ്പോള്‍ ദുല്‍യദൈനി എന്നു വിളിക്കപ്പെടുന്നവന്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! നമസ്കാരം ചുരുക്കിയോ അതല്ല താങ്കള്‍ മറന്നുവോ? നബി(സ) ചോദിച്ചു: ദുല്‍യദൈനി പറഞ്ഞത് ശരിയാണോ? അതെയെന്ന് ജനങ്ങള്‍ മറുപടി പറഞ്ഞു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ് നിന്ന് രണ്ടു റക്ക്അത്തു നമസ്കരിച്ചു. ശേഷം സലാം വീട്ടി. ശേഷം തക്ബീര്‍ ചൊല്ലികൊണ്ട് രണ്ടു സുജൂദ് ചെയ്തു. ആദ്യത്തെ സുജൂദ് പോലെ അല്ലെങ്കില്‍ അല്‍പം ദീര്‍ഘിപ്പിച്ചത്. (ബുഖാരി : 1-11-682)

Note : സഹ് വിന്റെ (മറവിയുടെ) സുജൂദില്‍ ചൊല്ലാനുള്ള ചില പ്രാര്‍ത്ഥനകള്‍ ചില പുസ്തകങ്ങളില്‍ കണ്ടു വരാറുണ്ട്. പക്ഷെ പ്രാമാണികമായ (സ്വഹിഹ്) ഹദീസുകളില്‍ ഒന്നും തന്നെ ഇതുമായി ബന്ധപെട്ട പരാമര്‍ശങ്ങള്‍ ഇല്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. അതിനാല്‍ സാധാരണ നമസ്കാരത്തില്‍ ചെല്ലുന്നത് തന്നെ ചൊല്ലിയാല്‍ മതി.


ഉമ്മുദര്‍ദാഅ്(റ) നിവേദനം: ഒരിക്കല്‍ അബുദര്‍ദാഅ് എന്റെ അടുക്കല്‍ കോപിഷ്ഠനായിക്കൊണ്ട് കയറി വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എന്താണ് താങ്കളെ കോപിഷ്ഠനാക്കുന്നത്? അദ്ദേഹം പറഞ്ഞു: മുഹമ്മദിന്റെ സമുദായത്തില്‍ നബി(സ)യുടെ കാലത്ത് കണ്ടിരുന്ന ഒന്നും തന്നെ ഇന്നു കാണുന്നില്ല. ജമാഅത്തായി നമസ്കരിക്കുന്നുണ്ടെന്നു മാത്രം. (ബുഖാരി : 1-11-622)

Note : ഇന്ന് ജമാഅത്ത് നമസ്കാരം പോലും കൃത്യമായി അനുഷ്ട്ടിക്കപ്പെടുന്നില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്‌ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ഒഴികെ, പുരുഷന്മാര്‍ക്ക് ഓരോ വക്ത് നമസ്കാരവും പള്ളിയില്‍ വന്ന് ജമാഅത്തായി (കൃത്യ സമയത്ത് തന്നെ) നമസ്കരിക്കല്‍ നിര്‍ബന്ധമാണ്‌ എന്നാണ്.

അബൂമഅ്മര്‍(റ) നിവേദനം: ഖബ്ബാബി(റ)നോട് ഞങ്ങള്‍ ചോദിച്ചു: തിരുമേനി(സ) ളുഹ്ര്‍, അസര്‍ എന്നീ രണ്ടു നമസ്കാരങ്ങളില്‍ ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നോ? അതെ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തോട് അവര്‍ ചോദിച്ചു: നിങ്ങള്‍ അത് എങ്ങിനെയാണ് മനസ്സിലാക്കിയിരുന്നത്? അദ്ദേഹം പറഞ്ഞു: തിരുമേനി(സ)യുടെ താടി അനങ്ങിയിരുന്നത് കൊണ്ടുതന്നെ. (ബുഖാരി : 1-12-713)

ബറാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ)യുടെ പിന്നില്‍ നിന്ന് നമസ്കരിക്കുമ്പോള്‍ അവിടുത്തെ വലതുഭാഗത്താകാന്‍ ഞങ്ങളിഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ക്കഭിമുഖമായി പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു. നാഥാ! പുനരുത്ഥാനദിവസം അതല്ലെങ്കില്‍ നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന ദിവസം നിന്റെ ശിക്ഷയെക്കുറിച്ച് ഞങ്ങളെ നീ കാക്കേണമേ. (മുസ്ലിം)

അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ അവന്‍ ഇരിക്കുന്നതിന് മുമ്പായി രണ്ട് റക്അത്തു നമസ്കരിക്കട്ടെ. (ബുഖാരി : 1-8-435)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, രാത്രിയില്‍ ഒരു (പ്രത്യേക) സമയമുണ്ട്. ഇഹപരകാര്യങ്ങളില്‍ നന്മ ചോദിച്ചുകൊണ്ട് ഒരു മുസ്ളീമും അതുമായി എത്തിമുട്ടുകയില്ല-അല്ലാഹു അവനത് നല്‍കിയിട്ടല്ലാതെ. എല്ലാ രാത്രിയിലും ഇങ്ങനെതന്നെയാണ്. (മുസ്ലിം) (ഒരു രാത്രിയിലെ മാത്രം പ്രത്യേകതയല്ല)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും പ്രഭാതത്തിലും വൈകുന്നേരവും പള്ളിയിലേക്ക് പുറപ്പെട്ടാല്‍ ആ സമയത്തെല്ലാം തന്നെ അല്ലാഹു അവന് സ്വര്‍ഗ്ഗത്തില്‍ അവന്റെ വിരുന്ന് തയ്യാറാക്കുന്നതാണ്. (ബുഖാരി : 1-11-631)

സലമ:(റ) : മുസ്ഹഫ് സൂക്ഷിച്ച പെട്ടിയുടെ അടുത്തുള്ള തൂണിന്റെ നേരെ നിന്നുകൊണ്ട് അദ്ദേഹം നമസ്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു: അബൂമുസ്ലിം! നിങ്ങള്‍ തൂണിന്നടുത്ത് നിന്നുകൊണ്ട് നമസ്കരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ? അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഈ തൂണിന്നടുത്തുനിന്നു കൊണ്ട് നമസ്കരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി)

അബ്ദുല്ല(റ) നിവേദനം: നബി(സ) ക്കു വേണ്ടി ചെറിയ കുന്തം തറക്കപ്പെടുകയും ശേഷം അവിടുന്ന് അതിന്റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. (ബുഖാരി : 1-8-477)

അനസ്(റ) നിവേദനം: മഗ്രിബ് നമസ്കാരത്തിനു മുമ്പ് സുന്നത്ത് നമസ്കരിക്കുവാന്‍ വേണ്ടി സഹാബിവര്യന്മാരില്‍ പ്രഗല്‍ഭന്മാര്‍ തൂണുകള്‍ക്ക് നേരെ ധൃതിപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മറ്റൊരു നിവേദനത്തില്‍ നബി(സ) വരുന്നത് വരെ എന്നു ഉദ്ധരിക്കുന്നു. (ബുഖാരി : 1- 8-482)

Note : നമസ്കരിക്കുമ്പോള്‍ മുന്നില്‍ ഒരുപാടു സ്ഥലം ഒഴിച്ചിട്ടുകൊണ്ട് നമസ്കരിക്കരുത്. സുജൂദിന്‍റെ സ്ഥലം കഴിഞ്ഞു അല്പം സ്ഥലം മാത്രമേ മുന്നില്‍ ഉണ്ടാകാവൂ. തുറന്ന സ്ഥലത്താണ് നമസ്കരിക്കുന്നതെങ്കില്‍ എന്തെങ്കിലും (സ്ടൂള്‍, കസേര etc) മുന്നില്‍ നിര്‍ത്തി നമസ്കരിക്കുന്നതാണ് ഉത്തമം. പള്ളിയില്‍ ആണെങ്കില്‍ തൂണിന്റെ പിന്നിലോ അല്ലെങ്കില്‍ ചുമരിന്റെ മുന്നിലോ ആകാന്‍ ശ്രമിക്കുക. നമസ്കരിക്കുന്ന ആളിന്റെ പിന്നിലും ആകാവുന്നതാണ്. പലരും പള്ളിയില്‍ കയറിയ ഉടനെ തോന്നിയ സ്ഥലത്ത് നിന്ന് നമസ്കരിക്കുന്നതാണ് പൊതുവേ കണ്ടു വരുന്നത്. നമസ്കരിക്കുന്നവന്റെ മുന്നില്‍ മറ അനിവാര്യമാണ് എന്നാണ് പല കര്‍മ്മ ശാസ്ത്ര പണ്ഡിതരുടെയും അഭിപ്രായം. നമസ്കാരത്തിന്റെ ഒരു മര്യാദയായി പ്രവാചകന്‍ പഠിപ്പിച്ചതാണ് ഇത്. പ്രവാചകന്‍ നമസ്കരിക്കുകയാണെങ്കില്‍ മുന്നില്‍ ആളുകള്‍ നമസ്കരിക്കാന്‍ സാധ്യതയില്ലെങ്കിലും മുന്നില്‍ എന്തെങ്കിലും നാട്ടുമായിരുന്നു. പ്രവാചകന്‍ പഠിപ്പിച്ചത് നാമും ഒരു മാതൃകയായി സ്വീകരിക്കുക. കുന്തം തന്നെ കുത്തണം എന്നൊന്നും ഇല്ല. ചില ആളുകള്‍ പള്ളിയില്‍ കയറിയാല്‍ പള്ളിയുടെ നടുവിലൊക്കെ മുന്നില്‍ വിശാലമായ സ്ഥലം ഒഴിച്ചിട്ട്, നിന്ന് നമസ്കരിക്കാറുണ്ട്. ഇത് പ്രവാചകന്റെ ചര്യയോടു യോജിക്കുന്നതല്ല. ആളുകള്‍ നടക്കാതിരിക്കാനും ശ്രദ്ധ മാറാതിരിക്കാനും ഒക്കെ ഇത് നല്ലതാണു.

ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) പെരുന്നാള്‍ ദിവസം (മൈതാനത്തേക്ക് പുറപ്പെടുമ്പോള്‍ ഒരു ചെറിയ കുന്തം കൊണ്ട് വരാന്‍ കല്‍പിക്കും. അങ്ങനെ അത് തിരുമേനി(സ)യുടെ മുമ്പില്‍ നാട്ടും. എന്നിട്ട് തിരുമേനി(സ) അതിലേക്ക് തിരിഞ്ഞു നിന്ന് നമസ്കരിക്കും. ആളുകള്‍ തിരുമേനി(സ)ക്ക് പിന്നിലും, യാത്രയിലും തിരുമേനി(സ) അങ്ങനെ ചെയ്യാറുണ്ടായിരുന്നു. അക്കാരണം കൊണ്ടാണ് ഭരണമേധാവികള്‍ ചെറിയ കുന്തം കൊണ്ട് പോകല്‍ പതിവാക്കിയത്. (ബുഖാരി. 1. 8. 473)

അബൂമദ്ഊദ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ദാനം ചെയ്യുവാന്‍ കല്‍പ്പിച്ചാല്‍ ഞങ്ങളില്‍ ചിലര്‍ അങ്ങാടിയിലേക്ക് പോകും. അവിടെ നിന്ന് ചുമട് ചുമന്നിട്ട് കിട്ടുന്ന ഒരു മുദ്ദ് ധാന്യവുമായി കൊണ്ട് വന്ന് ദാനം ചെയ്യും. ഇന്നാകട്ടെ നബി(സ)യുടെ അനുചരന്മാരില്‍ ചിലരുടെ കയ്യില്‍ ലക്ഷം തന്നെയുണ്ട്. (ബുഖാരി : 2-24-497)

അദിയ്യ്(റ) പറയുന്നു: നബി(സ) അരുളി: ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്തു നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവീന്‍. (ബുഖാരി. 2. 24. 498)

അസ്മാഅ്(റ) നിവേദനം: നബി(സ) എന്നോട് പറഞ്ഞു; സമ്പത്തു സൂക്ഷിച്ച് പാത്രത്തിന്റെ വായ നീ കെട്ടിവെക്കരുത്. അങ്ങിനെ ചെയ്യുന്ന പക്ഷം തന്റെ പാത്രത്തിന്റെ വായ നിനക്കെതിരായി അല്ലാഹുവും കെട്ടി വെക്കും. നീ ധനം എണ്ണിക്കണക്കാക്കി വെക്കരുത്. നിനക്കെതിരില്‍ അല്ലാഹുവും എണ്ണിക്കണക്കാക്കി വെച്ചുകളയും. (ബുഖാരി : 2-24-513)

അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ സന്നിധിയില്‍ അവര്‍ വന്നപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: നീ ധനം പാത്രത്തില്‍ ആക്കി കെട്ടിവെക്കരുത്. അപ്പോള്‍ അല്ലാഹുവും തന്റ പാത്രത്തിന്റെ വായ നിനക്കെതിരായി കെട്ടി വെക്കും. കഴിവുള്ളത്ര ദാനം നീ ചെയ്തുകൊള്ളുക. (ബുഖാരി : 2-24-515)

ഹക്കീം(റ) നിവേദനം: നബി(സ) അരുളി: മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. ആദ്യമായി നിന്റെ പരിപാലനത്തിന്‍ കീഴിലുള്ളവര്‍ക്ക് നീ ദാനം ചെയ്യുക. മന:സംതൃപ്തിയോടു കൂടി നല്‍കുന്ന ദാനമാണ് ഏറ്റവും ഉത്തമം. വല്ലവരും അന്യരോട് ധനസഹായം ആവശ്യപ്പെടാതെ അകന്നു നിന്നാല്‍ അല്ലാഹു അവനെ ഐശ്വര്യവാനാക്കും. വല്ലവനും പരാശ്രയരഹിതനായി ജീവിക്കാനുദ്ദേശിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കും. (ബുഖാരി : 2-24-508)

ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) മിമ്പറില്‍ നിന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ദാനത്തെയും അഭിമാനബോധത്തോടെ മറ്റുള്ളവരോട് ചോദിക്കാതെ ഒഴിഞ്ഞു മാറിനില്‍ക്കുന്നതിനെയും യാചനയേയും കുറിച്ച് പ്രസ്താവിച്ചു. അവിടുന്നു പറഞ്ഞു: മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. മേലെ കൈ ദാനം ചെയ്യുന്നവനും താഴെ കൈ അതു വാങ്ങുന്നതുമാണ്. (ബുഖാരി : 2-24-509)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഓരോ ദിവസവും മനുഷ്യന്മാര്‍ പ്രഭാതത്തില്‍ പ്രവേശിക്കുമ്പോള്‍ രണ്ടു മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. അവരിലൊരാള്‍ പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! ദാനധര്‍മ്മം ചെയ്യുന്നവന് നീ പകരം നല്‍കേണമേ! മറ്റേ മലക്ക് പ്രാര്‍ത്ഥിക്കും: അല്ലാഹുവേ! പിശുക്കന്ന് നീ നാശം വരുത്തിവെക്കേണമെ! (ബുഖാരി : 2-24-522)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ രണ്ടു മനുഷ്യന്മാരെപ്പോലെയാണ്. അവര്‍ ഇരുമ്പിന്റെ ഓരോ ജൂബ്ബ ധരിച്ചിട്ടുണ്ട്. ആ ജൂബ്ബ രണ്ടും അവരുടെ മുല മുതല്‍ കഴുത്തില് എല്ല് വരേയുണ്ട്. ദാനശീലമുള്ളവന്‍ ദാനം ചെയ്യുമ്പോഴെല്ലാം ആ ജൂബ്ബ വലിഞ്ഞു നീണ്ടിട്ട് അവന്റെ ശരീരമാകെ മൂടും. അവന്റെ കൈവിരലുകളുടെ അറ്റങ്ങള്‍ പോലും കുപ്പായത്തിനുള്ളിലാവും. ഭൂമിയില്‍ പതിഞ്ഞു അവന്റെ കാലടികള്‍ ഈ കുപ്പായം ഭൂമിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുക കാരണം മാഞ്ഞ് പോകും. എന്നാല്‍ പിശുക്കന്‍ വല്ലതും ചിലവ് ചെയ്യാനുദ്ദേശിക്കുന്ന പക്ഷം അവന്റെ ജൂബയുടെ ഒരു കണ്ണിയും അവയുടെ സ്ഥാനങ്ങളിലേക്ക് ചേര്‍ന്ന് ഒട്ടിപ്പിടിച്ച് നില്‍ക്കും. അവന്‍ കുപ്പായം വലിച്ച് നീട്ടി വികസിപ്പിക്കാനൊരുങ്ങും. പക്ഷെ അത് വികസിക്കുകയില്ല. (ബുഖാരി. 2. 24. 523)

ഹഫ്സ(റ) നിവേദനം: സുബ്ഹ് നമസ്ക്കാരത്തിനു വേണ്ടി ബാങ്കു വിളിക്കുന്നവന്‍ ബാങ്കുവിളിച്ച് ഇരുന്നു കഴിയുകയും പ്രഭാതം ശരിക്കും തെളിയുകയും ചെയ്താല്‍ തിരുമേനി(സ) രണ്ടു റക്അത്തു ലഘുവായി നമസ്ക്കരിക്കും. ജമാഅത്തു നമസ്ക്കാരം ആരംഭിക്കും മുമ്പ്. (ബുഖാരി : 1-11-592)

ആയിശ:(റ) നിവേദനം: സുബ്ഹി നമസ്ക്കാരത്തിന്റെ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലായി ലഘുവായ രണ്ടു റക്അത്തു നബി(സ) നമസ്ക്കരിക്കാറുണ്ട്. (ബുഖാരി. 1. 11. 593)

ആയിശ:(റ) നിവേദനം: സുബ്ഹി നമസ്കാരത്തിനു ആദ്യത്തെ ബാങ്കു കൊടുക്കുന്നവന്‍ ബാങ്കു കൊടുത്തു അതില്‍ നിന്ന് വിരമിച്ചാല്‍ നബി(സ) എഴുന്നേറ്റ് ലഘുവായ രണ്ടു റക്ക്അത്ത് നമസ്കരിക്കും. സുബ്ഹി നമസ്കാരത്തിന് മുമ്പായിക്കൊണ്ടും പ്രഭാതം ശരിക്കും വ്യക്തമാവുകയും ചെയ്തശേഷം. ശേഷം തന്റെ വലഭാഗത്തേക്ക് തിരിഞ്ഞുകിടക്കും. ബാങ്ക് കൊടുത്തവന്‍ ഇഖാമത്ത് വിളിക്കുവാന്‍ വരുന്നതുവരെ. (ബുഖാരി. 1. 11. 599)

അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്റെ തൌബ അല്ലാഹു സ്വീകരിക്കുന്നതാണ്. (തിര്‍മിദി)

അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: പകലത്തെ കുറ്റവാളികളുടെ തൌബ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ തൌബ പകലും സ്വീകരിക്കുവാന്‍ അല്ലാഹു തയ്യാറാകുന്നു. ഈ പ്രക്രിയ സൂര്യന്‍ പശ്ചിമഭാഗത്തു നിന്നും ഉദിക്കുന്നതുവരെ (അന്ത്യനാള്‍ വരെ) തുടരും. (മുസ്ലിം)

ആയിശ(റ) നിവേദനം: തിരുമേനി(സ) തന്റെ വീട്ടില്‍ എന്താണ് ജോലി ചെയ്യാറുണ്ടായിരുന്നതെന്ന് അസ്വദ്(റ) അവരോട് ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു: തിരുമേനി(സ) തന്റെ ഭാര്യമാരെ വീട്ടുജോലികളില്‍ സഹായിച്ചു കൊണ്ടിരിക്കും. അങ്ങനെ നമസ്കാരസമയമായാല്‍ നമസ്കാരത്തിലേക്ക് പുറപ്പെടും. (ബുഖാരി. 1-11-644)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഗുസ്തിപിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല. പിന്നെയോ കോപമുണ്ടാകുമ്പോള്‍ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തന്‍. (ബുഖാരി : 8-73-135)

അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: രണ്ട് നെരിയാണിവിട്ട് താഴേക്ക് ഇറങ്ങിയ വസ്ത്രം നരകത്തിലാണ്. (ബുഖാരി : 7-72-678)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ തന്റെ വസ്ത്രം താഴ്ത്തിയിട്ട് നമസ്കരിക്കെ റസൂല്‍(സ) അയാളോട് പറഞ്ഞു: നീ പോയി വുളുചെയ്യുക. അയാള്‍ പോയി വുളുചെയ്തു വന്നപ്പോള്‍ റസൂല്‍(സ) വീണ്ടും പറഞ്ഞു: നീ പോയി വുളുചെയ്യൂ. തല്‍ക്ഷണം മറ്റൊരാള്‍ ചോദിച്ചു: പ്രവാചകരേ! അയാളോട് വുളുചെയ്യാന്‍ കല്‍പിച്ചുവെങ്കിലും പിന്നീട് അങ്ങ് മൌനമവലംബിച്ചുവല്ലോ. (അതെന്താണെന്ന് മനസ്സിലായില്ല) അവിടുന്ന് പറഞ്ഞു: അവന്‍ വസ്ത്രം താഴ്ത്തിയിട്ടാണ് നമസ്കരിച്ചത്. വസ്ത്രം താഴ്ത്തിയിടുന്നവന്റെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. (അബൂദാവൂദ്)

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു: മുസല്‍മാന്റെ മുണ്ട് തണ്ടങ്കാല്‍ പകുതിവരെയാണ്. മടമ്പസ്ഥിവരെ അതെത്തുന്നത് കൊണ്ട് തെറ്റില്ല. മടമ്പുംവിട്ട് താഴ്ന്നുകിടക്കുന്നത് നരകത്തിലാണ്. അഹന്തമൂലം മുണ്ട് വലിച്ചിഴക്കുന്നവനെ അല്ലാഹു നോക്കുകപോലുമില്ല. (അബൂദാവൂദ്)

ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ റസൂല്‍(സ)യുടെ അരികില്‍ നടന്നുചെന്നു. എന്റെ മുണ്ട് അല്പം താഴ്ന്നിരുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. അബ്ദുല്ലാ! നിന്റെ മുണ്ട് പൊക്കിയുടുക്കൂ. ഞാന്‍ അത് പൊക്കിയുടുത്തു. പിന്നീട് തിരുദൂതന്‍(സ) പറഞ്ഞു. അല്പം കൂടിപൊക്കൂ. അപ്പോഴും ഞാന്‍ അങ്ങിനെ പൊക്കിയുടുത്തു. അതിനു ശേഷം ഞാനക്കാര്യം വളരെ ശ്രദ്ധിച്ചുപോന്നു. എത്രത്തോളമെന്ന് ചിലര്‍ ചോദിച്ചപ്പോള്‍, ഈ തണ്ടന്‍കാലുകളുടെ പകുതിവരെ എന്ന് ഞാന്‍ മറുപടികൊടുത്തു. (മുസ്ലിം)

ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: അഹങ്കാരത്തോടുകൂടി വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല. ഉമ്മുസലമ(റ) ചോദിച്ചു. സ്ത്രീകള്‍ വസ്ത്രാഗ്രം എന്തുചെയ്യണം. ? തിരുദൂതന്‍(സ) അരുളി: അവര്‍ ഒരു ചാണ്‍ താഴ്ത്തിയിടട്ടെ! ഉമ്മുസലമ(റ) പറഞ്ഞു. അവരുടെ പാദങ്ങള്‍ വെളിവായാലോ? അപ്പോള്‍ അവിടുന്ന് പറഞ്ഞു. എന്നാലവര്‍ ഒരു മുഴം താഴ്ത്തണം. അതില്‍ കൂടതല്‍ വേണ്ട. (അബൂദാവൂദ്, തിര്‍മിദി)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ചെരിപ്പ് ധരിക്കുമ്പോള്‍ ആദ്യം വലത്തേത് ധരിക്കട്ടെ. അഴിക്കുമ്പോള്‍ ഇടത്തേതഴിക്കട്ടെ. അതായത് അവന്‍ ആദ്യം ധരിക്കുന്നതും അവസാനം അഴിക്കുന്നതും വലത്തേതായിരിക്കണം. (ബുഖാരി. 7. 72. 747)

അബുഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങളാരെങ്കിലും സുബ്ഹിന്റെ രണ്ട് റക്അത്ത് (സുന്നത്ത്) നമസ്കരിച്ചാല്‍ തന്റെ വലതുഭാഗത്ത് ചരിഞ്ഞുകിടന്നുകൊള്ളട്ടെ! (അബൂദാവൂദ്, തിര്‍മിദി)

ആയിശ:(റ) നിവേദനം: സുബ്ഹി നമസ്കാരത്തിനു ആദ്യത്തെ ബാങ്കു കൊടുക്കുന്നവന്‍ ബാങ്കു കൊടുത്തു അതില്‍ നിന്ന് വിരമിച്ചാല്‍ നബി(സ) എഴുന്നേറ്റ് ലഘുവായ രണ്ടു റക്ക്അത്ത് നമസ്കരിക്കും. സുബ്ഹി നമസ്കാരത്തിന് മുമ്പായിക്കൊണ്ടും പ്രഭാതം ശരിക്കും വ്യക്തമാവുകയും ചെയ്തശേഷം. ശേഷം തന്റെ വലഭാഗത്തേക്ക് തിരിഞ്ഞുകിടക്കും. ബാങ്ക് കൊടുത്തവന്‍ ഇഖാമത്ത് വിളിക്കുവാന്‍ വരുന്നതുവരെ. (ബുഖാരി. 1. 11. 599)

ജുന്‍ദുബ്(റ) നിവേദനം: നബി(സ) അരുളി: മനസ്സിന് ഉന്മേഷം തോന്നുന്ന സമയങ്ങളില്‍ നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. മനസ്സ് അങ്ങോട്ടുമിങ്ങോട്ടും മാറാന്‍ തുടങ്ങിയാലോ അതു നിറുത്തി എഴുന്നേറ്റ് പോവുക. (ബുഖാരി : 6-61-581)

ഇബ്നുബുഹൈന(റ) നിവേദനം: നമസ്കാരത്തിനു ഇഖാമത്തുവിളിച്ചശേഷം ഒരു മനുഷ്യന്‍ രണ്ട് റക്ക്അത്തു സുന്നത്ത് നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ആളുകള്‍ അയാളുടെ ചുറ്റും തടിച്ചുകൂടി. അതു കണ്ടപ്പോള്‍ തിരുമേനി(സ) അയാളോട് ചോദിച്ചു: സുബ്ഹി നാല് റക്ക്അത്തു നമസ്കരിക്കുകയോ? സുബ്ഹി നാല് റക്ക്അത്ത് നമസ്കരിക്കുകയോ? (ബുഖാരി : 1-11-632)

4 comments:

Shusainp പറഞ്ഞു...

very very thanks

kormath12 പറഞ്ഞു...

അസ്സലാമു അലൈകും,
അതുല്യമായ ഇസ്ലാമിക സേവനം. വളരെ ഉപകാരപ്രദം. അല്ലാഹു തക്ക പ്രതിഫലം നല്‍കട്ടെ. ആമീന്‍

Afsal പറഞ്ഞു...

May Allah give his blessings for this great effort.

abdulgafoor പറഞ്ഞു...

assalamu elaikum,
alhemdulillah hadeesugal vayichu nallad koodudal koodudal cheyyan allahu namuk thoufeeq cheyyatte AMEEN.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ