മലയാളം ഹദീസ് പഠനം 25

അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്ന് അകന്നുനിന്നാല്‍ അഞ്ചു സമയങ്ങളിലെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റംസാന്‍ അടുത്ത റംസാന്‍ വരെയുമുള്ള പാപങ്ങളെ പൊറുപ്പിക്കുന്നതാകുന്നു. (മുസ്ലിം)

ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അത് ഒരു സ്വാഅ് ഈത്തപ്പഴമോ ബാര്‍ലിയോ ആണ് നല്‍കേണ്ടത്. മുസ്ളിംകളില്‍പെട്ട അടിമക്കും സ്വതന്ത്രന്നും പുരുഷനും സ്ത്രീക്കും വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം അതു കൊടുക്കേണ്ടതുണ്ട്. ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന്ന് പുറപ്പെടും മുമ്പായി അത് വിതരണം ചെയ്യുവാന്‍ നബി(സ) കല്‍പ്പിക്കാറുണ്ട്. (ബുഖാരി : 2-25-579)

അബൂസഈദ്(റ) നിവേദനം: ബാര്‍ലിയില്‍ നിന്ന് ഒരു സ്വാഅ് ആണ് ഞങ്ങള്‍ ഫിത്വര്‍ സക്കാത്തായി തീറ്റിക്കാറുണ്ടായിരുന്നത്. (ബുഖാരി. 2. 25. 581)

അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ഫിത്വര്‍ സക്കാത്തു ആഹാര സാധനങ്ങളില്‍ നിന്ന് ഒരു സ്വാഅ് ആയിരുന്നു ഞങ്ങള്‍ പിടിച്ചെടുത്തിരുന്നത്. അതായത് ബാര്‍ലി, ഈത്തപ്പഴം, പാല്‍ക്കട്ടി, മുന്തിരി മുതലായവയില്‍ നിന്ന് ഒരു സ്വാഅ് വീതം. (ബുഖാരി. 2. 25. 582)


അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു പകലും ഒരു രാത്രിയും വിവാഹബന്ധം നിഷിദ്ധമാക്കിയവര്‍ കൂടെയില്ലാതെ യാത്ര ചെയ്യുവാന്‍ പാടില്ല. (ബുഖാരി : 2-20-194)

ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്)

ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരേ സദസ്സില്‍വെച്ച് നാഥാ! എനിക്കു നീ പൊറുത്തുതരേണമേ! എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ! നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാലുവുമാകുന്നു. എന്ന് 100 പ്രാവശ്യം റസൂല്‍(സ) പ്രാര്‍ത്ഥിച്ചിരുന്നത് ഞങ്ങള്‍ എണ്ണി കണക്കാക്കിയിരുന്നു. (അബൂദാവൂദ്, തിര്‍മിദി)

നാഫിഹ് (റ) നിവേദനം ഇബ്നുഉമര്‍(റ) പറഞ്ഞു: അദ്ദേഹം മദീനക്കാര്‍ക്ക് ഈത്തപ്പഴം ലഭിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ബാര്‍ലി ഫിത്വര്‍ സക്കാത്തായി നല്‍കി. ഇബ്നുഉമര്‍(റ) ഫിത്വര്‍ സക്കാത്ത് ശേഖരിക്കുവാന്‍ വരുന്നവര്‍ക്കാണ് നല്‍കാറുള്ളത്. (യാചിച്ച് വരുന്നവര്‍ക്ക് നല്‍കാറില്ല)സക്കാത്ത് ശേഖരിക്കുന്നവര്‍ പെരുന്നാളിന്റെ ഓന്നോ രണ്ടോ ദിവസം മുമ്പ് തന്നെ അവകാശിക്ക് അത് വിതരണം ചെയ്യും. (ബുഖാരി : 2-25-587)

ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത് ബാര്‍ലി, ഈത്തപ്പഴം എന്നിവയില്‍ ഒരു സ്വാഅ് വീതം നിര്‍ബന്ധമാക്കി. ചെറിയവര്‍ക്കും വലിയവര്‍ക്കും സ്വതന്ത്രന്മാര്‍ക്കും അടിമകള്‍ക്കും അതു നല്‍കണം. (ബുഖാരി : 2-25-588)

അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ആഹാര വസ്തുക്കളില്‍ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങള്‍ പിരിച്ചെടുക്കാറുള്ളത്. അന്ന് ഞങ്ങളുടെ ആഹാരം ബാര്‍ലി, മുന്തിരി, പാല്‍ക്കട്ടി, ഈത്തപ്പഴം എന്നിവയായിരുന്നു. (ബുഖാരി. 2. 25. 586)

അനസ്(റ) നിവേദനം: നബി(സ) ചെറിയ പെരുന്നാള്‍ കുറച്ചു ഈത്തപ്പഴമെങ്കിലും ഭക്ഷിക്കാതെ (മൈതാനത്തേക്ക്) പോകാറുണ്ടായിരുന്നില്ല. അനസ്സില്‍ നിന്നുള്ള മറ്റൊരു നിവേദനത്തില്‍ നബി(സ) ഒറ്റയായിട്ടാണ് ഭക്ഷിക്കാറുള്ളതെന്ന് പറയുന്നു. (ബുഖാരി : 2-15-73)

Note : പെരുന്നാള്‍ ദിവസം (ഈദുല്‍ ഫിതര്‍) നോമ്പുകാരന്‍ ആയിക്കൊണ്ട്‌ ഈദ് ഗാഹിലേക്ക് പോകരുത്. സുബഹിക്ക് ശേഷം എന്തെങ്കിലും ഭക്ഷണം കഴിച്ചു പോകുക എന്നതാണ് റസൂലിന്റെ ചര്യ.

ഇബ്നു അബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ചെറിയ പെരുന്നാള്‍ ദിവസം പുറപ്പെടുകയും രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു. അതിന്റെ മുമ്പോ അതിന്റെ ശേഷമോ സുന്നത്തു നമസ്കരിച്ചില്ല. (ബുഖാരി : 2-15-104)

ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ചെറിയ പെരുന്നാള്‍ ദിവസം രണ്ട് റക്അത്ത് നമസ്കരിച്ചു. അതിന്റെ മുമ്പും അതിന്റെ ശേഷവും നബി സുന്നത്ത് നമസ്കരിച്ചില്ല. ശേഷം സ്ത്രീകളുടെ അടുത്തുവന്ന് ധര്‍മ്മം ചെയ്യാന്‍ അവരോട് നിര്‍ദ്ദേശിച്ചു. നബി(സ)യുടെ കൂടെ ബിലാലും ഉണ്ടായിരുന്നു. സ്ത്രീകള്‍ അവരുടെ സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും നിര്‍മ്മിക്കപ്പെട്ട കര്‍ണ്ണാഭരണങ്ങളും മാലകളും അതില്‍ ഇടുവാന്‍ തുടങ്ങി. (ബുഖാരി : 2-15-81)

ഉമ്മുഅതിയ്യ:(റ) നിവേദനം: പെരുന്നാള്‍ ദിവസം മൈതാനത്തേക്ക് പുറപ്പെടാന്‍ ഞങ്ങള്‍ കല്പിക്കാറുണ്ട്. യുവതികളായ സ്ത്രീകളെ അവരുടെ അന്തഃപുരിയില്‍ നിന്ന് പുറത്തുകൊണ്ടുവരാനും. അങ്ങനെ അശുദ്ധിയുള്ള സ്ത്രീകളെ വരെ ഞങ്ങള്‍ ഈദ് ഗാഹിലേക്ക് കൊണ്ട് വരും. അവര്‍ ജനങ്ങളുടെ പിന്നില്‍ അണിനിരക്കും. അവര്‍ (പുരുഷന്‍മാര്‍) തക്ബീര്‍ ചൊല്ലുന്നതുപോലെ സ്ത്രീകളും തക്ബീര്‍ ചൊല്ലും. അവര്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ പ്രാര്‍ത്ഥിക്കും. ആ ദിവസത്തെ നന്മയും പരിശുദ്ധിയും അവരും കാംക്ഷിക്കും. (ബുഖാരി. 2. 15. 88)

ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) മൈതാനത്തേക്ക് പ്രഭാതത്തില്‍ പുറപ്പെടും. നബി(സ)യുടെ മുന്നില്‍ ഒരു വടി നാട്ടുകയും അതിന്റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. (ബുഖാരി. 2. 15. 89)

ഉമ്മു അത്വിയ്യ:(റ) നിവേദനം: യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും പുറത്തുകൊണ്ടു വരാന്‍ ഞങ്ങള്‍ ശാസിക്കപ്പെടാറുണ്ട്. അശുദ്ധിയുള്ള സ്ത്രീകള്‍ നമസ്കാരസ്ഥലത്തു നിന്ന് അകന്നു നില്‍ക്കും. (ബുഖാരി. 2. 15. 91)

ഹഫ്സ: ബിന്‍ത് സിരീന്‍(റ) പറയുന്നു: യുവതികള്‍ രണ്ടു പെരുന്നാളിന്നു പുറത്തു പോകുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനുഖലീഫന്റെ എടുപ്പില്‍ വന്നിറങ്ങി. നബി(സ)യൊന്നിച്ച് പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന് അവര്‍ ഹദീസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. എന്റെ സഹോദരി നബി(സ) യോടു ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക് പര്‍ദ്ദയില്ലെങ്കില്‍ വരാതിരിക്കുന്നതില്‍ തെറ്റുണ്ടോ? വസ്ത്രമില്ലെങ്കില്‍ കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 2. 15. 96)

ഉമ്മുഅത്വിയ്യ:(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക് കൊണ്ടു വരാന്‍ ഞങ്ങളോട് ശാസിക്കപ്പെടാറുണ്ട്. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ളിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന് അവര്‍ അകന്ന് നില്‍ക്കും. (ബുഖാരി. 2. 15. 97)

ജാബിര്‍(റ) നിവേദനം: നബി(സ) പെരുന്നാള്‍ ദിവസം പോയ വഴിക്കല്ല തിരിച്ചു വരാറുണ്ടായിരുന്നത്. (ബുഖാരി : 2-15-102)

മലയാളം ഹദീസ് പഠനം 24

ആയിശ(റ) നിവേദനം: നബി(സ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ പത്നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു. (ബുഖാരി : 3-33-243)

അബ്ദുല്ല ഇബ്നുഉമര്‍(റ) നിവേദനം: റമളാനിലെ അവസാനത്തെ പത്തില്‍ നബി(സ) ഇഅ്തികാഫ് ഇരിക്കാറുണ്ട്. (ബുഖാരി : 3-33-242)

അബൂഹുറൈറ(റ) നിവേദനം: നബി(സ) എല്ലാ റമളാനിലും പത്തു ദിവസം ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. നബി(സ) മരണപ്പെട്ട വര്‍ഷമാവട്ടെ ഇരുപത് ദിവസം ഇഅ്തികാഫിരുന്നു. (ബുഖാരി. 3. 33. 260)


അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു : ഖബറിലെ ശിക്ഷയില്‍ നിന്ന് നിങ്ങള്‍ അഭയം ചോദിക്കുക, കാരണം ഖബറിലെ ശിക്ഷ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. (ത്വബ് റാനി)

ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: അഹങ്കാരത്തോടുകൂടി വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല. ഉമ്മുസലമ(റ) ചോദിച്ചു. സ്ത്രീകള്‍ വസ്ത്രാഗ്രം എന്തുചെയ്യണം. ? തിരുദൂതന്‍(സ) അരുളി: അവര്‍ ഒരു ചാണ്‍ താഴ്ത്തിയിടട്ടെ! ഉമ്മുസലമ(റ) പറഞ്ഞു. അവരുടെ പാദങ്ങള്‍ വെളിവായാലോ? അപ്പോള്‍ അവിടുന്ന് പറഞ്ഞു. എന്നാലവര്‍ ഒരു മുഴം താഴ്ത്തണം. അതില്‍ കൂടതല്‍ വേണ്ട. (അബൂദാവൂദ്, തിര്‍മിദി)

ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ റസൂല്‍(സ)യുടെ അരികില്‍ നടന്നുചെന്നു. എന്റെ മുണ്ട് അല്പം താഴ്ന്നിരുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. അബ്ദുല്ലാ! നിന്റെ മുണ്ട് പൊക്കിയുടുക്കൂ. ഞാന്‍ അത് പൊക്കിയുടുത്തു. പിന്നീട് തിരുദൂതന്‍(സ) പറഞ്ഞു. അല്പം കൂടിപൊക്കൂ. അപ്പോഴും ഞാന്‍ അങ്ങിനെ പൊക്കിയുടുത്തു. അതിനു ശേഷം ഞാനക്കാര്യം വളരെ ശ്രദ്ധിച്ചുപോന്നു. എത്രത്തോളമെന്ന് ചിലര്‍ ചോദിച്ചപ്പോള്‍, ഈ തണ്ടന്‍കാലുകളുടെ പകുതിവരെ എന്ന് ഞാന്‍ മറുപടികൊടുത്തു. (മുസ്ലിം)

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു: മുസല്‍മാന്റെ മുണ്ട് തണ്ടങ്കാല്‍ പകുതിവരെയാണ്. മടമ്പസ്ഥിവരെ അതെത്തുന്നത് കൊണ്ട് തെറ്റില്ല. മടമ്പുംവിട്ട് താഴ്ന്നുകിടക്കുന്നത് നരകത്തിലാണ്. അഹന്തമൂലം മുണ്ട് വലിച്ചിഴക്കുന്നവനെ അല്ലാഹു നോക്കുകപോലുമില്ല. (അബൂദാവൂദ്)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാം ആമീന്‍ ചൊല്ലാന്‍ ഉദ്ദേശിച്ചാല്‍ നിങ്ങളും ആമീന്‍ ചൊല്ലുക. വല്ലവനും മലക്കുകളോടൊപ്പം ആമീന്‍ ചൊല്ലിയിട്ടുണ്ടെങ്കില്‍ അവന്റെ മുന്‍പാപങ്ങളില്‍ നിന്ന് അല്ലാഹു പൊറുത്തു കൊടുക്കും. ഇബ്നുശിഹാബ്(റ) പറയുന്നു. തിരുമേനി(സ) ആമീന്‍ എന്നു പറയാറുണ്ട്. (ബുഖാരി : 1-12-747)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിലൊരാള്‍ ആമീന്‍ ചൊല്ലി. അതനുസരിച്ച് ആകാശത്തുവെച്ച് മലക്കുകള്‍ ആമീന്‍ ചൊല്ലി. എന്നിട്ട് അതു രണ്ടും ഒരേ സമയത്തു യോജിച്ചുവന്നു. എങ്കില്‍ അവന്റെ ചെറിയ പാപങ്ങളില്‍ നിന്ന് അല്ലാഹു അവന് പൊറുത്തുകൊടുക്കും. (ബുഖാരി. 1. 12. 748)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാമ് വലള്ളാലീന്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ എന്നു ചൊല്ലുവിന്‍. കാരണം വല്ലവന്റേയും വചനവും മലക്കിന്റെ വചനവും യോജിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുത്തുകൊടുക്കും. (ബുഖാരി. 1. 12. 749)

ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ)യുടെ അനുചരന്മാരില്‍ കുറെ പേര്‍ ലൈലത്തുല്‍ ഖദ്ര്‍ റമളാനിലെ ഒടുവിലത്തെ ആഴ്ചയില്‍ വരുന്നതായി സ്വപ്നം കണ്ടു. അപ്പോള്‍ നബി(സ) അരുളി: നിങ്ങളുടെയെല്ലാം സ്വപ്നങ്ങള്‍ അവസാനത്തെ എഴുദിവസങ്ങളില്‍ ഒത്തു ചേരുന്നതായി കാണുന്നു. അതുകൊണ്ട് വല്ലവനും ലൈലത്തുല്‍ ഖദ്റിനെ അന്വേഷിക്കുന്നെങ്കില്‍ അവന്‍ റമളാനിന്റെ ഒടുവിലത്തെ ആഴ്ചയിലന്വേഷിക്കട്ടെ. (ബുഖാരി : 3-32-232)

അബൂസഈദ്(റ) പറയുന്നു: റമളാനിലെ നടുവിലത്തെ പത്തില്‍ നബി(സ) യോടൊപ്പം ഞങ്ങള്‍ ഇഅ്തികാഫ് ഇരുന്നു. റമളാന്‍ ഇരുപതിന് പ്രഭാതത്തില്‍ നബി(സ) പള്ളിയില്‍ നിന്നും പുറത്തുവന്ന് ഞങ്ങളോട് പ്രസംഗിച്ചു. ലൈലത്തുല്‍ ഖദ്ര്‍ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. പിന്നീട് ഞാനതു മറന്നുപോയി. അവസാനത്തെ പത്തിലെ ഒറ്റയൊറ്റ ദിവസങ്ങളില്‍ നിങ്ങള്‍ ഇതിനെ അന്വേഷിക്കുക. കളിമണ്ണിലും വെള്ളത്തിലും ഞാന്‍ സുജൂദ് ചെയ്യുന്നതായും സ്വപ്നം കണ്ടു. അതിനാല്‍ എന്റെ കൂടെ ഇഅ്തികാഫ് ചെയ്യുന്നവരെല്ലാം പള്ളിയിലേക്ക് തന്നെ മടങ്ങട്ടെ. അപ്പോള്‍ ഞങ്ങള്‍ മടങ്ങി. ആകാശത്തില്‍ ഒരു മേഘപാളി പോലുമുണ്ടായിരുന്നില്ല. പെട്ടെന്ന് ആകാശത്തില്‍ കാര്‍മേഘങ്ങള്‍ വന്ന് ശക്തിയായി മഴ വര്‍ഷിക്കാന്‍ തുടങ്ങി. മഴയുടെ ശക്തിമൂലം ഈത്തപ്പന മടലുകൊണ്ടുള്ള പള്ളിയുടെ മേല്‍ത്തട്ട് ചോര്‍ന്നൊലിച്ചുകൊണ്ടിരുന്നു. ശേഷം നമസ്കാരത്തിന് ഇഖാമത്തു വിളിച്ചു. നബി(സ) കളിമണ്ണിലും വെള്ളത്തിലും സുജൂദ് ചെയ്യുന്നത് ഞാന്‍ കണ്ടു. അവിടുത്തെ തിരുനെറ്റിയില്‍ കളിമണ്ണിന്റെ അവശിഷ്ടങ്ങള്‍ ഞാന്‍ കാണുന്നതുവരെ. (ബുഖാരി : 3-32-235)

റമദാന്‍ അതിന്റെ അവസാന പത്തിലേക്ക് പ്രവേശിക്കുകയാണ്. ലൈലത്തുല്‍ ഖദറിന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ഈ ദിന രാത്രങ്ങള്‍ ആരാധന കൊണ്ട് സജീവമാക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആയിശ(റ) പറയുന്നു: നബി(സ) അവസാനത്തെ പത്തില്‍ പ്രവേശിച്ചാല്‍ തന്റെ അര മുറുക്കിയുടുക്കുകയും രാത്രി ജീവിപ്പിക്കുകയും തന്റെ വീട്ടുകാരെ വിളിച്ചുണര്ത്തുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി : 3-32-241)

ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്ര്‍ അവസാത്തെ പത്തിലാണ്. 29 ലോ അല്ലെങ്കില്‍ 7 അവശേഷിക്കുന്ന സന്ദര്‍ഭത്തിലോ മറ്റൊരു നിവേദനത്തില്‍ 24 ല്‍ അന്വേഷിക്കുക എന്ന് പ്രസ്താവിക്കുന്നു. (ബുഖാരി : 3-32-239)

ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ റമളാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പതു അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍. (ബുഖാരി : 3-32-238)

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പുതുവസ്ത്രം ധരിക്കുമ്പോള്‍ തലപ്പാവ്, ഷര്‍ട്ട്, രണ്ടാം മുണ്ട് എന്നിങ്ങനെ പേര് പറഞ്ഞു കൊണ്ട് റസൂല്‍(സ) പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നിനക്കാണ് സര്‍വ്വസ്തുതിയും. നീയാണ് അതെന്നെ ധരിപ്പിച്ചത്. അതുകൊണ്ടുള്ള മേന്മയും അതെന്തിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ, അതിന്റെ മേന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അതുകൊണ്ടുള്ള അനര്‍ത്ഥത്തില്‍ നിന്നും അതെന്തിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ, അതിന്റെ അനര്‍ത്ഥത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. (അബൂദാവൂദ്, തിര്‍മിദി)

ആയിശ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ലൈലത്തുല്‍ ഖദ്ര്‍ ഏതാണെന്ന് ഞാനറിയുന്നപക്ഷം അതില്‍ ഞാനെന്താണ് പറയേണ്ടത്: നബി(സ) പറഞ്ഞു: നീ പറയൂ - അല്ലാഹുവേ! നീ മാപ്പ് കൊടുക്കുന്നവനാണ്. മാപ്പ് കൊടുക്കാന്‍ നിനക്കിഷ്ടമാണ്. അതുകൊണ്ട് എനിക്ക് നീ മാപ്പു തരേണമെ!. (മുസ്ലിം) - اَللَّهُمَّ اِنَّكَ عَفُوٌّ ، تُحِبُّ الْعَفْوَ فَاعْفُ عَنِّي

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി : 7-64-265)

അബു ദറ്ര്‍ നിവേദനം : അല്ലാഹുവിന്റെ പ്രവാചകന്‍ (സ) എന്നോട് പറഞ്ഞു : ഓ അബു ദറ്ര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് നീ ഒരു ആയത്ത്‌ പഠിക്കുകയാണെങ്കില്‍, അത് ഐചികമായി നീ നൂറു (100) റകഅത്ത് നമസ്കരിക്കുന്നതിനെക്കാള്‍ നിനക്ക് ഉത്തമമാണ്. അതുപോലെ മതപരമായ ഏതെങ്കിലും മേഖലയില്‍ നീ പഠനം നടത്തുകയാണെങ്കില്‍, അത് നിന്റെ ജീവിതത്തില്‍ പകര്‍ത്തിയാലും ഇല്ലെങ്കിലും, അത് ഐചികമായി നീ ആയിരം (1000) റകഅത്ത് നമസ്കരിക്കുന്നതിനെക്കാള്‍ നിനക്ക് ഉത്തമമാണ്. (സുനന്‍ ഇബ്നു മാജ)

അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല്‍ അവന് കൂടുതല്‍ അവകാശമുണ്ട്. (തിര്‍മിദി)

അനസ്(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ജ്ഞാനസമ്പാദനം എല്ലാ മുസ്ളീംകളുടേയും കര്‍ത്തവ്യമാണ്. (ബൈഹഖി)

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മതവിദ്യ അഭ്യസിക്കാന്‍ ആരെങ്കിലും വല്ല വഴിയിലും പ്രവേശിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം അവന് അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. നിശ്ചയം, മലക്കുകള്‍ മതവിദ്യാര്‍ത്ഥിക്ക് അവരുടെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക് താഴ്ത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവര്‍- വെള്ളത്തിലെ മത്സ്യവും കൂടി - പണ്ഡിതന്റെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കും. (വിവരമില്ലാത്ത) ആബിദിനേക്കാള്‍ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. മാത്രമല്ല, പണ്ഡിതന്മാരാണ് നബി(സ)യുടെ അനന്തരാവകാശികള്‍. നബിമാരാകട്ടെ, സ്വര്‍ണ്ണവും വെള്ളിയും അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മതവിദ്യയാണ് അവര്‍ അനന്തരമായി വിട്ടേച്ചു പോയത്. അതുകൊണ്ട് അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്. (അബൂദാവൂദ്, തിര്‍മിദി)

അബൂമസ്ഊദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് തന്റെ കുടുംബത്തിന് വേണ്ടി ഒരാള്‍ ധനം ചെലവ് ചെയ്താല്‍ അതവന്റെ പുണ്യദാന ധര്‍മ്മമായി പരിഗണിക്കും. (ബുഖാരി : 7-64-263)

ഉമ്മുസല്‍മ(റ) പറഞ്ഞു: ഞാന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാറു പതിവുണ്ടായിരുന്നു। അതിനാല്‍, ഞാന്‍ പറഞ്ഞു. അല്ലയോ, അല്ലാഹുവിന്റെ ദൂതരെ! ഇതു പൂഴ്ത്തിവെക്കലാണോ? അവിടുന്നു പറഞ്ഞു: നിങ്ങള്‍ സക്കാത്തു കൊടുക്കുവാന്‍ ബാദ്ധ്യസ്ഥമായ അതിര്‍ത്തി എത്തുന്നതേതോ അതിനു സക്കാത്തു കൊടുത്താല്‍ അതു പൂഴ്ത്തിവെക്കലല്ല. (അബൂദാവൂദ്)

അലി(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: സവാരിക്കുള്ള കുതിരകള്‍ക്കും ജോലിക്കുള്ള അടിമകള്‍ക്കും ഞാന്‍ സക്കാത്തു ചുമത്തുന്നില്ല. എന്നാല്‍, വെള്ളിക്ക് ഓരോ നാല്പതു ദിര്‍ഹമിന് ഓരോ ദിര്‍ഹം സക്കാത്തുകൊടുക്കുക. 190 ദിര്‍ഹം ഉള്ളുവെങ്കില്‍ സക്കാത്തില്ല: എന്നാല്‍ അതു ഇരുനൂറെത്തിയാല്‍ അതില്‍ നിന്നു അഞ്ചു ദിര്‍ഹം സക്കാത്തായി കൊടുക്കണമെന്ന് അല്ലാഹുവിന്റെ ദൂതന്‍(സ) ഞങ്ങളോട് കല്പിച്ചു. (അബൂദാവൂദ്)

അബുഹുറൈറ(റ) പറയുന്നു: വേദക്കാര്‍ തൌറാത്ത് മുസ്ലിംകള്‍ക്ക് ഹിബ്രു ഭാഷയില്‍ വായിച്ചുകേള്‍പ്പിച്ച് അറബിഭാഷയില്‍ വിശദീകരിച്ചു കൊടുക്കാറുണ്ട്. അപ്പോള്‍ നബി(സ) പറഞ്ഞു: വേദക്കാരുടെ ഒരു വാക്കും നിങ്ങള്‍ വിശ്വസിക്കരുത്. നിഷേധിക്കുകയുമരുത്. അല്ലാഹുവിലും ഞങ്ങള്‍ക്കവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നുവെന്ന് മാത്രം പറഞ്ഞുകൊളളുക. (ബുഖാരി : 6-60-12)

ഹദീസുകളില്‍ ആദ്യത്തേത് അബൂഹുറൈറ(റ)യുടേതാണ്. റസൂല്‍(സ) പ്രഖ്യാപിച്ചു: നിങ്ങള്‍ സല്‍ കര്‍മ്മങ്ങള്‍കൊണ്ട് മുന്നേറുക. ഇരുള്‍മുറ്റിയ രാത്രിയെപ്പോലെ ഫിത്നകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. പ്രഭാതത്തിലെ സത്യവിശ്വാസി പ്രദോഷത്തില്‍ സത്യനിഷേധിയും ആയിത്തീരുന്നു. തന്റെ ദീന്‍ ഐഹികനേട്ടങ്ങള്‍ക്ക് വേണ്ടി വില്‍ക്കുന്നതു കൊണ്ടാണത്. (മുസ്ലിം)

അബൂമാലിക്കി(റ)ല്‍ നിന്ന്: റസൂല്‍(സ) പ്രസ്താവിച്ചു. ശുചിത്വം ഈമാന്റെ പകുതിയാകുന്നു. 'അല്‍ഹംദുലില്ലാ' മീസാന്‍ നിറക്കും. 'സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാ' ആകാശഭൂമി കള്‍ക്കിടയെ നിറക്കും. നമസ്കാരം ഖുര്‍ആന്‍ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയിരിക്കും. ഓരോരുത്തരും പ്രഭാതത്തില്‍ പുറത്തുപോയി പണിയെടുക്കുന്നു. അതുവഴി തന്നെ അവന്‍ രക്ഷിക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്നു. (മുസ്ലിം)

ശദ്ദാദി(റ)ല്‍ നിന്ന്: നബി(സ) പ്രഖ്യാപിച്ചു: തന്നെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്തുന്നവനും മരണാനന്തരജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവനുമാണ് ബുദ്ധിമാന്‍. ദേഹേച്ഛക്ക് വശംവദനായി ജീവിക്കുന്നതോടുകൂടി അല്ലാഹുവില്‍ നിന്ന് മോക്ഷമാഗ്രഹിക്കുന്നവന്‍ അതിന് അപ്രാപ്തനായിത്തീരുന്നു. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: അനാവശ്യങ്ങളില്‍ നിന്ന് മാറിനില്ക്കല്‍ ഇസ്ളാമിന്റെ പരിപൂര്‍ണ്ണതയില്‍പ്പെട്ടതാണ്. (തിര്‍മിദി)