മലയാളം ഹദീസ് പഠനം 25

അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്ന് അകന്നുനിന്നാല്‍ അഞ്ചു സമയങ്ങളിലെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റംസാന്‍ അടുത്ത റംസാന്‍ വരെയുമുള്ള പാപങ്ങളെ പൊറുപ്പിക്കുന്നതാകുന്നു. (മുസ്ലിം)

ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അത് ഒരു സ്വാഅ് ഈത്തപ്പഴമോ ബാര്‍ലിയോ ആണ് നല്‍കേണ്ടത്. മുസ്ളിംകളില്‍പെട്ട അടിമക്കും സ്വതന്ത്രന്നും പുരുഷനും സ്ത്രീക്കും വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം അതു കൊടുക്കേണ്ടതുണ്ട്. ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന്ന് പുറപ്പെടും മുമ്പായി അത് വിതരണം ചെയ്യുവാന്‍ നബി(സ) കല്‍പ്പിക്കാറുണ്ട്. (ബുഖാരി : 2-25-579)

അബൂസഈദ്(റ) നിവേദനം: ബാര്‍ലിയില്‍ നിന്ന് ഒരു സ്വാഅ് ആണ് ഞങ്ങള്‍ ഫിത്വര്‍ സക്കാത്തായി തീറ്റിക്കാറുണ്ടായിരുന്നത്. (ബുഖാരി. 2. 25. 581)

അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ഫിത്വര്‍ സക്കാത്തു ആഹാര സാധനങ്ങളില്‍ നിന്ന് ഒരു സ്വാഅ് ആയിരുന്നു ഞങ്ങള്‍ പിടിച്ചെടുത്തിരുന്നത്. അതായത് ബാര്‍ലി, ഈത്തപ്പഴം, പാല്‍ക്കട്ടി, മുന്തിരി മുതലായവയില്‍ നിന്ന് ഒരു സ്വാഅ് വീതം. (ബുഖാരി. 2. 25. 582)


അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു പകലും ഒരു രാത്രിയും വിവാഹബന്ധം നിഷിദ്ധമാക്കിയവര്‍ കൂടെയില്ലാതെ യാത്ര ചെയ്യുവാന്‍ പാടില്ല. (ബുഖാരി : 2-20-194)

ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്)

ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരേ സദസ്സില്‍വെച്ച് നാഥാ! എനിക്കു നീ പൊറുത്തുതരേണമേ! എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ! നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാലുവുമാകുന്നു. എന്ന് 100 പ്രാവശ്യം റസൂല്‍(സ) പ്രാര്‍ത്ഥിച്ചിരുന്നത് ഞങ്ങള്‍ എണ്ണി കണക്കാക്കിയിരുന്നു. (അബൂദാവൂദ്, തിര്‍മിദി)

നാഫിഹ് (റ) നിവേദനം ഇബ്നുഉമര്‍(റ) പറഞ്ഞു: അദ്ദേഹം മദീനക്കാര്‍ക്ക് ഈത്തപ്പഴം ലഭിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ബാര്‍ലി ഫിത്വര്‍ സക്കാത്തായി നല്‍കി. ഇബ്നുഉമര്‍(റ) ഫിത്വര്‍ സക്കാത്ത് ശേഖരിക്കുവാന്‍ വരുന്നവര്‍ക്കാണ് നല്‍കാറുള്ളത്. (യാചിച്ച് വരുന്നവര്‍ക്ക് നല്‍കാറില്ല)സക്കാത്ത് ശേഖരിക്കുന്നവര്‍ പെരുന്നാളിന്റെ ഓന്നോ രണ്ടോ ദിവസം മുമ്പ് തന്നെ അവകാശിക്ക് അത് വിതരണം ചെയ്യും. (ബുഖാരി : 2-25-587)

ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത് ബാര്‍ലി, ഈത്തപ്പഴം എന്നിവയില്‍ ഒരു സ്വാഅ് വീതം നിര്‍ബന്ധമാക്കി. ചെറിയവര്‍ക്കും വലിയവര്‍ക്കും സ്വതന്ത്രന്മാര്‍ക്കും അടിമകള്‍ക്കും അതു നല്‍കണം. (ബുഖാരി : 2-25-588)

അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ആഹാര വസ്തുക്കളില്‍ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങള്‍ പിരിച്ചെടുക്കാറുള്ളത്. അന്ന് ഞങ്ങളുടെ ആഹാരം ബാര്‍ലി, മുന്തിരി, പാല്‍ക്കട്ടി, ഈത്തപ്പഴം എന്നിവയായിരുന്നു. (ബുഖാരി. 2. 25. 586)

അനസ്(റ) നിവേദനം: നബി(സ) ചെറിയ പെരുന്നാള്‍ കുറച്ചു ഈത്തപ്പഴമെങ്കിലും ഭക്ഷിക്കാതെ (മൈതാനത്തേക്ക്) പോകാറുണ്ടായിരുന്നില്ല. അനസ്സില്‍ നിന്നുള്ള മറ്റൊരു നിവേദനത്തില്‍ നബി(സ) ഒറ്റയായിട്ടാണ് ഭക്ഷിക്കാറുള്ളതെന്ന് പറയുന്നു. (ബുഖാരി : 2-15-73)

Note : പെരുന്നാള്‍ ദിവസം (ഈദുല്‍ ഫിതര്‍) നോമ്പുകാരന്‍ ആയിക്കൊണ്ട്‌ ഈദ് ഗാഹിലേക്ക് പോകരുത്. സുബഹിക്ക് ശേഷം എന്തെങ്കിലും ഭക്ഷണം കഴിച്ചു പോകുക എന്നതാണ് റസൂലിന്റെ ചര്യ.

ഇബ്നു അബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ചെറിയ പെരുന്നാള്‍ ദിവസം പുറപ്പെടുകയും രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു. അതിന്റെ മുമ്പോ അതിന്റെ ശേഷമോ സുന്നത്തു നമസ്കരിച്ചില്ല. (ബുഖാരി : 2-15-104)

ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ചെറിയ പെരുന്നാള്‍ ദിവസം രണ്ട് റക്അത്ത് നമസ്കരിച്ചു. അതിന്റെ മുമ്പും അതിന്റെ ശേഷവും നബി സുന്നത്ത് നമസ്കരിച്ചില്ല. ശേഷം സ്ത്രീകളുടെ അടുത്തുവന്ന് ധര്‍മ്മം ചെയ്യാന്‍ അവരോട് നിര്‍ദ്ദേശിച്ചു. നബി(സ)യുടെ കൂടെ ബിലാലും ഉണ്ടായിരുന്നു. സ്ത്രീകള്‍ അവരുടെ സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും നിര്‍മ്മിക്കപ്പെട്ട കര്‍ണ്ണാഭരണങ്ങളും മാലകളും അതില്‍ ഇടുവാന്‍ തുടങ്ങി. (ബുഖാരി : 2-15-81)

ഉമ്മുഅതിയ്യ:(റ) നിവേദനം: പെരുന്നാള്‍ ദിവസം മൈതാനത്തേക്ക് പുറപ്പെടാന്‍ ഞങ്ങള്‍ കല്പിക്കാറുണ്ട്. യുവതികളായ സ്ത്രീകളെ അവരുടെ അന്തഃപുരിയില്‍ നിന്ന് പുറത്തുകൊണ്ടുവരാനും. അങ്ങനെ അശുദ്ധിയുള്ള സ്ത്രീകളെ വരെ ഞങ്ങള്‍ ഈദ് ഗാഹിലേക്ക് കൊണ്ട് വരും. അവര്‍ ജനങ്ങളുടെ പിന്നില്‍ അണിനിരക്കും. അവര്‍ (പുരുഷന്‍മാര്‍) തക്ബീര്‍ ചൊല്ലുന്നതുപോലെ സ്ത്രീകളും തക്ബീര്‍ ചൊല്ലും. അവര്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ പ്രാര്‍ത്ഥിക്കും. ആ ദിവസത്തെ നന്മയും പരിശുദ്ധിയും അവരും കാംക്ഷിക്കും. (ബുഖാരി. 2. 15. 88)

ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) മൈതാനത്തേക്ക് പ്രഭാതത്തില്‍ പുറപ്പെടും. നബി(സ)യുടെ മുന്നില്‍ ഒരു വടി നാട്ടുകയും അതിന്റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. (ബുഖാരി. 2. 15. 89)

ഉമ്മു അത്വിയ്യ:(റ) നിവേദനം: യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും പുറത്തുകൊണ്ടു വരാന്‍ ഞങ്ങള്‍ ശാസിക്കപ്പെടാറുണ്ട്. അശുദ്ധിയുള്ള സ്ത്രീകള്‍ നമസ്കാരസ്ഥലത്തു നിന്ന് അകന്നു നില്‍ക്കും. (ബുഖാരി. 2. 15. 91)

ഹഫ്സ: ബിന്‍ത് സിരീന്‍(റ) പറയുന്നു: യുവതികള്‍ രണ്ടു പെരുന്നാളിന്നു പുറത്തു പോകുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനുഖലീഫന്റെ എടുപ്പില്‍ വന്നിറങ്ങി. നബി(സ)യൊന്നിച്ച് പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന് അവര്‍ ഹദീസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. എന്റെ സഹോദരി നബി(സ) യോടു ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക് പര്‍ദ്ദയില്ലെങ്കില്‍ വരാതിരിക്കുന്നതില്‍ തെറ്റുണ്ടോ? വസ്ത്രമില്ലെങ്കില്‍ കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 2. 15. 96)

ഉമ്മുഅത്വിയ്യ:(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക് കൊണ്ടു വരാന്‍ ഞങ്ങളോട് ശാസിക്കപ്പെടാറുണ്ട്. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ളിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന് അവര്‍ അകന്ന് നില്‍ക്കും. (ബുഖാരി. 2. 15. 97)

ജാബിര്‍(റ) നിവേദനം: നബി(സ) പെരുന്നാള്‍ ദിവസം പോയ വഴിക്കല്ല തിരിച്ചു വരാറുണ്ടായിരുന്നത്. (ബുഖാരി : 2-15-102)

4 comments:

mahamood പറഞ്ഞു...

allahu prathifalam nalkatte, ameen

abdurahman kozhissery thiruvambady പറഞ്ഞു...

ee hadees padanam vazhi valare arivu enikku sambadikkan patti, al hamdulillah, aniyara shilpikalku, orayiram thanks....

abdulgafoor പറഞ്ഞു...

ASSALAMU ELAIKUM,
e hedeesil ninnum kure samshayangalk utharam kitti alhemdulillah. iniyum koodudal ariyuvanum padikuvanum allahu thoufeeq cheyyate AMEEN.

abdulgafoor പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ