മലയാളം ഹദീസ് പഠനം 28

ഇയാസുബ്നു സഅ്ലബത്തില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുസ്ളീമിന്റെ ധനം കള്ളസത്യം വഴി അപഹരിച്ചെടുക്കുന്നവന് അല്ലാഹു നരകം അനിവാര്യവും സ്വര്‍ഗം നിഷിദ്ധവുമായിരിക്കുന്നു. തിരെ നിസ്സാരമായ വല്ലതുമാണെങ്കിലോ പ്രവാചകരേ ! ഒരാള്‍ ചോദിച്ചു. ഉകമരത്തിന്റെ ഒരു കൊമ്പായിരുന്നാലും മതിയെന്നു പ്രവാചകന്‍ പറഞ്ഞു. (മുസ്ലിം)

ഉമറി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഖൈബര്‍ യുദ്ധത്തില്‍ നബി(സ) യുടെ ചില അനുചരന്മാര്‍ വന്ന് ഇന്നവനും രക്തസാക്ഷിയായി എന്ന് പറഞ്ഞു. അതിനിടയില്‍ ഒരാള്‍ രക്തസാക്ഷിയായെന്ന് പറഞ്ഞപ്പോള്‍, നബി(സ) പറഞ്ഞു: അങ്ങനെയല്ല, ഒരു പുതപ്പോ കരിമ്പടമോ വഞ്ചിച്ചെടുത്ത കാരണത്താല്‍ ഞാന്‍ അവനെ നരകത്തില്‍ കണ്ടിരിക്കുന്നു. (മുസ്ലിം)

അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുളി: ഇഹത്തില്‍ ഒരു ദാസന്‍ മറ്റൊരു ദാസന്റെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍, പരത്തില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചുവെക്കുന്നതാണ്. (മുസ്ലിം)


അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുളുകയുണ്ടായി: ആവശ്യമുള്ളവന്‍ തടയപ്പെടുകയും ആവശ്യമില്ലാത്തവന്‍ ക്ഷണിക്കപ്പെടുകയും ചെയ്യുന്ന വിരുന്നാണ് ഭക്ഷണങ്ങളില്‍വെച്ച് ഏറ്റവും മോശമായത്. ക്ഷണം നിരസിക്കുന്നവന്‍ അല്ലാഹുവിനോടും റസൂലിനോടും അനാദരവ് കാണിച്ചവനാണ്. (മുസ്ലിം)

അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഉള്ളത് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വല്ലവനും ജനങ്ങളോട് യാചിക്കുന്നപക്ഷം നിശ്ചയം, തീക്കട്ടയാണ് അവന്‍ യാചിക്കുന്നത്. അതുകൊണ്ട് അതവന്‍ ചുരുക്കുകയോ അധികരിപ്പിക്കുകയോ ചെയ്തുകൊള്ളട്ടെ. (മുസ്ലിം)

സമുറത്ത്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: നിശ്ചയം, യാചന ഒരു പരിക്കാണ്. യാചകന്‍ അതുകൊണ്ട് അവന്റെ മുഖത്ത് പരിക്കേല്പിക്കുന്നു. ഭരണകര്‍ത്താവിനോടോ അത്യാവശ്യകാര്യത്തിലോ യാചിച്ചാലൊഴികെ. (അഭിമാനത്തിന് ക്ഷതം വരുത്തുന്നവന്നാണ് യാചന). (തിര്‍മിദി)

സൌബാന്‍(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു: ജനങ്ങളോട് യാതൊന്നും യാചിക്കുകയില്ലെന്ന് ആരെങ്കിലും എനിക്കുറപ്പ് തന്നാല്‍ അവന് സ്വര്‍ഗ്ഗം നല്കാമെന്ന് ഞാനേല്ക്കാം. ഞാനുണ്ടെന്ന് സൌബാന്‍ പറഞ്ഞു. പിന്നീടദ്ദേഹം ആരോടും യാചിക്കാറില്ല. (അബൂദാവൂദ്)

ഖുവൈലിദ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: അല്ലാഹുവേ! അനാഥര്‍ സ്ത്രീകള്‍ എന്നീ അബലരുടെ അവകാശം അവഗണിക്കുന്നവരെ ഞാന്‍ പാപികളായിക്കാണുന്നു. (നസാഈ)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുകയുണ്ടായി: തന്റെയോ അന്യന്റെയോ അനാഥയെ സംരക്ഷിക്കുന്നവനും ഞാനും സ്വര്‍ഗ്ഗത്തില്‍ ഇവ രണ്ടും പോലെയാണ്. റാവിയയെ മാലിക്കുബ്നു അനസ് ചൂണ്ടുവിരലും നടുവിരലും കൊണ്ട് ആംഗ്യം കാണിച്ചു. (മുസ്ലിം)

അബൂസഈദില്‍ ഖുദ്രി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചിരിക്കുന്നു: ധിക്കാരിയായ ഭരണാധിപന്റെ മുമ്പില്‍ ന്യായം പറയലാണ് ഏറ്റവും വലിയ ജിഹാദ്. (അബൂദാവൂദ്, തിര്‍മിദി)

ത്വാരിഖുബിന്‍ ശിഹാബ് നിവേദനം ചെയ്തിരിക്കുന്നു: നബി(സ) കാല്‍ (ഒട്ടകത്തിന്റെ) കാലണിയില്‍ വെച്ചിട്ടും യാത്ര പുറപ്പെടാന്‍ ഒരുങ്ങിയിരിക്കെ ധര്‍മ്മ സമരത്തില്‍ വെച്ചേറ്റവും ഉത്തമം ഏതാണെന്ന് ഒരാള്‍ ചോദിച്ചു. തിരുമേനി(സ) പറഞ്ഞു: ദുഷ്ടനായ ഭരണാധിപന്റെ മുമ്പില്‍ നീതിപൂര്‍വ്വം സംസാരിക്കലാണ്. (നസാഈ)

അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: നബി(സ) പ്രവചിച്ചിരിക്കുന്നു: ഒരു ദീനാര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നീ ചെലവഴിക്കും. ഒരു ദീനാര്‍ അടിമത്തവിമോചനത്തിലും ചെലവഴിക്കും. ഒരു ദീനാര്‍ ദരിദ്രന് ധര്‍മ്മമായും ചെലവഴിക്കും. ഒരു ദീനാര്‍ നിന്റെ കുടുംബത്തിലും നീ ചെലവഴിക്കും. എന്നാല്‍ അവയില്‍ കൂടുതല്‍ പ്രതിഫലമുള്ളത് സ്വന്തം കുടുംബത്തിനുവേണ്ടി ചെലവഴിച്ചതിനാണ്. (മുസ്ലിം)

സൌബാനി(റ)ല്‍ നിന്ന് നിവേദനം:: തിരുമേനി(സ) പറയുകയുണ്ടായി: ഒരു വ്യക്തി ചെലവഴിക്കുന്നതില്‍വെച്ച് ഏറ്റവും ഉത്തമമായ ദീനാര്‍ കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ വാഹനത്തില്‍ ചെലവഴിക്കുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ കൂട്ടുകാര്‍ക്കു വേണ്ടി ചെലവഴിക്കുന്നതുമാകുന്നു. (മുസ്ലിം)

Note : കുടുംബത്തിനു മാത്രം ചെലവഴിച്ചാല്‍ മതി പുണ്യം ലഭിക്കാന്‍ എന്ന് കരുതരുത്. അല്ലാഹു നിര്‍ദേശിക്കുകയും കല്‍പ്പിക്കുകയും ചെയ്ത എല്ലാ മാര്‍ഗ്ഗത്തിലും ധനം ചെലവഴിക്കണം. ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്‌ നമ്മുടെ കുടുംബത്തിനു വേണ്ടി ചെലവഴിക്കലാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നാണ്. അത് നിര്‍വ്വഹിക്കാതെ മറ്റു മേഖലകളില്‍ ചെലവഴിക്കരുത്. ഇപ്രകാരം അര്‍ഥം വരുന്ന നിരവധി പ്രവാചക വചനങ്ങള്‍ ഉണ്ട്.

സബുറത്തുബിന്‍ മഅ്ബദി(റ)ല്‍ നിന്ന്: റസൂല്‍(സ) അരുളി: ഏഴു വയസ്സായ കുട്ടികള്‍ക്ക് നിങ്ങള്‍ നമസ്കാരം പഠിപ്പിക്കണം. പത്ത് വയസ്സായാല്‍ അതുപേക്ഷിച്ചതിന് അവരെ അടിക്കണം. (അബൂദാവൂദ്, തിര്‍മിദി)

Note : ഇസ്ലാമികമായ ശീലങ്ങളും അനുഷ്ടാനങ്ങളും ചെറുപ്പം മുതലേ കുട്ടികളില്‍ പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിനു മദ്രസ്സയില്‍ വിട്ടു പഠിപ്പിക്കുക, ഭൌതിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന രീതിയില്‍ ഒരു വിഷയമായി ഇതൊക്കെ പഠിപ്പിക്കുക എന്നതില്‍ ഉപരിയായി മാതാപിതാക്കളുടെയും അതുപോലെ കുട്ടികള്‍ ആരെയൊക്കെ മാതൃകയായി കാണുന്നുണ്ടോ അവരുടെയൊക്കെ ജീവിതത്തില്‍ ഇത്തരം ശീലങ്ങള്‍ ഉണ്ടായിരിക്കല്‍ അനിവാര്യമാണ്.

അബൂശൂറൈഹ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവനാരോ അവന്‍ അയല്‍വാസിക്ക് നന്മ ചെയ്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അതിഥിയെ മാനിച്ചുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയുകയോ മൌനമവലംബിക്കുകയോ ചെയ്യട്ടെ. (മുസ്ലിം)

ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പ്രസ്താവിച്ചു: അല്ലാഹുവിങ്കല്‍ കൂട്ടുകാരില്‍ ഉത്തമന്‍ അവരില്‍വെച്ച് സുഹൃത്തിനോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. അയല്‍വാസികളില്‍ ഗുണവാന്‍ അയല്‍വാസിയോട് നല്ല നിലയില്‍ പെരുമാറുന്നവനുമാണ്. (തിര്‍മിദി)

അബ്ദുല്ലാഹിബ്നു അംറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ചെറിയവരോട് കരുണയില്ലാത്തവരും പ്രായം ചെന്നവരുടെ മഹിമ മനസ്സിലാക്കാത്തവരും നമ്മില്‍ പെട്ടവരല്ല. (അബൂദാവൂദ്, തിര്‍മിദി)

റസൂല്‍(സ) പറഞ്ഞു: നമസ്കാരസ്ഥലങ്ങളില്‍ അങ്ങാടിയിലേതുപോലെ ശബ്ദ കോലാഹ ലണ്ടളുണ്ടാക്കാതെ സൂക്ഷിക്കണം. (മുസ്ലിം)

അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: വൃദ്ധനെ പ്രായത്തിന്റെ പേരില്‍ ആദരിക്കുന്ന യുവാവ് തന്റെ വാര്‍ദ്ധക്യകാലത്ത് മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. (തിര്‍മിദി)

അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. പ്രായമെത്തിയ മുസ്ളിമിനേയും ഖുര്‍ആന്റെ നടപടികളില്‍ അതിരുകവിയാത്തവരും അതില്‍ നിന്ന് ഒഴിഞ്ഞു മാറാത്തവരുമായ ഖുര്‍ആന്‍ പണ്ഡിതരേയും നീതിമാന്മാരായ ഭരണകര്‍ത്താക്കളെയും മാനിക്കുന്നത് അല്ലാഹുവിനെ മാനിക്കുന്നതില്‍ പെട്ടതാണ്. (അബൂദാവൂദ്)

അബൂഹുറയ്റ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: രോഗിയെ സന്ദര്‍ശിക്കുകയോ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി തന്റെ സ്നേഹിതനെ സന്ദര്‍ശിക്കുകയോ ചെയ്യുന്നവനെ വിളിച്ചുകൊണ്ട് മലക്കുപറയും. നീ തൃപ്തനാകൂ, നിന്റെ നടത്തം തൃപ്തികരമാണ്, സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു വീട് നീ തയ്യാര്‍ ചെയ്തിരിക്കുന്നു. (തിര്‍മിദി)

ഇബ്നു മസ്ഊദ്(റ) നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു: അന്നേ ദിവസം (അന്ത്യ ദിനത്തില്‍) നരകം ഹാജരാക്കപ്പെടും. എഴുപതിനായിരം കടിഞ്ഞാണ്‍ അതിനുണ്ടായിരിക്കും. ഓരോ വട്ടക്കയറിലും എഴുപതിനായിരം മലക്കുകള്‍ അതിനെ വലിച്ചുപിടിച്ചു കൊണ്ടിരിക്കും. (മുസ്ലിം)

അബൂദര്‍ദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു. നിങ്ങള്‍ക്കറിയാത്ത പലതും എനിക്കറിയാം. ആകാശം ശബ്ദിച്ചു കൊണ്ടിരിക്കുന്നു. എന്നാലതിന് ശബ്ദിക്കാന്‍ അര്‍ഹതയുണ്ട്. കാരണം നാലു വിരലുകള്‍ക്കുള്ള സ്ഥലം അതിലില്ല - അവിടെയെല്ലാം ഒരു മലക്ക് അല്ലാഹുവിന് സുജൂദിലായിക്കൊണ്ട് നെറ്റിവെച്ചിട്ടല്ലാതെ. അല്ലാഹുവാണ് ഞാനറിയുന്നതെല്ലാം നിങ്ങളറിയുമെങ്കില്‍ അല്പം മാത്രമെ നിങ്ങള്‍ ചിരിക്കുകയുള്ളു. പിന്നെയോ, ധാരാളമായി നിങ്ങള്‍ കരയുകതന്നെ ചെയ്യും. മാത്രമല്ല (മാര്‍ദ്ദവമേറിയ) വിരിപ്പുകളില്‍ സ്ത്രീകളുമായി നിങ്ങള്‍ സല്ലപിക്കുകയുമില്ല. നേരെമറിച്ച് അല്ലാഹുവിനോട് കാവലപേക്ഷിച്ചുകൊണ്ട് മരുഭൂമികളിലേക്ക് നിങ്ങള്‍ ഓടി രക്ഷപ്പെടുമായിരുന്നു. (തിര്‍മിദി)

മലയാളം ഹദീസ് പഠനം 27

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഗ്രഹിച്ചിരുന്നതുപോലെ യാഥാര്‍ത്ഥ്യം നിങ്ങള്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ അല്പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യും. (ബുഖാരി : 8-76-492)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളെക്കാള്‍ ധനവും ശരീരവും കൊണ്ട് ശ്രേഷ്ഠത നല്‍കപ്പെട്ടവനിലേക്ക് നിങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ നിങ്ങളേക്കാള്‍ താഴെയുള്ള വരിലേക്ക് നിങ്ങള്‍ നോക്കുവീന്‍. (ബുഖാരി : 8-76-497)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നരകത്തെ ഇച്ഛകള്‍കൊണ്ടും സ്വര്‍ഗ്ഗത്തെ അനിഷ്ട കാര്യങ്ങള്‍ ക്കൊണ്ടും മൂടിപ്പൊതിഞ്ഞിരിക്കുകയാണ്. (ബുഖാരി : 8-76-494)


Note: ഇച്ഛകള്‍ (ദേഹേച്ഛകള്‍ ) എന്നാല്‍ നമ്മുടെ വിപുലമായ ആഗ്രഹങ്ങളും അഭിലാഷങ്ങളും ആണ് ഉദ്ദേശം. അല്ലാഹുവിന്റെ പ്രീതി നോക്കാതെ നമ്മുടെ ഇച്ഛകളുടെ പിന്നാലെ നീങ്ങിയാല്‍ നരകത്തില്‍ എത്തിച്ചേരും എന്ന് സാരം. അനിഷ്ട കാര്യങ്ങള്‍ എന്നാല്‍ നാം ജീവിതത്തില്‍ അനിഷ്ടകരമായി കരുതുന്ന നമസ്കാരം, ദാനധര്‍മ്മങ്ങള്‍, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്. എന്നാല്‍ നാം അനിഷ്ടകരമെന്നു കരുതുന്ന ഇത്തരം കാര്യങ്ങള്‍ കൃത്യമായി, ആത്മാര്‍ഥമായി ചെയ്താല്‍ മാത്രമേ സ്വര്‍ഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ അറിവ് അല്ലാഹുവിനാണ്. ദുനിയാവ് സത്യവിശ്വാസിക്ക്‌ തടവറയും സത്യനിഷേധിക്ക്‌ സ്വര്‍ഗ്ഗവും ആണ് എന്ന ഹദീസ് ഈ ഹദീസുമായി കൂടിവായിക്കാവുന്നതാണ്.

അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ ചെരിപ്പിന്റെ വാറിനേക്കാള്‍
നിങ്ങളോട് കൂടുതല്‍ അടുത്തിട്ടാണ് സ്വര്‍ഗ്ഗം സ്ഥിതിചെയ്യുന്നത്. നരകവും
അങ്ങിനെ തന്നെ. (ബുഖാരി : 8-76-495)

അനസ്(റ) നിവേദനം: നിങ്ങള്‍ ചില പ്രവൃത്തികള്‍ ചെയ്യും. നിങ്ങളുടെ ദൃഷ്ടിയില്‍ അതു ഒരു മുടിയെക്കാള്‍ നിസ്സാരമായിരിക്കും. എന്നാല്‍ ഞങ്ങള്‍ (സഹാബിമാര്‍) നബി(സ)യുടെ കാലത്തു അതിനെ മഹാപാപമായിട്ടാണ് ദര്‍ശിച്ചിരുന്നത്. (ബുഖാരി : 8-76-499)

ജുന്‍ദുബ്(റ) നിവേദനം: നബി(സ) അരുളി: കേള്‍വിയും കീര്‍ത്തിയും നേടാന്‍ വല്ലവനും പ്രവര്‍ത്തിച്ചാല്‍ അല്ലാഹു അവന്ന് കേള്‍വിയും കീര്‍ത്തിയും കൈവരുത്തിക്കൊടുക്കും. ജനങ്ങളെ കാണിക്കാന്‍ ഒരു കാര്യം ചെയ്താല്‍ അതേ നിലക്ക് അവനോട് അല്ലാഹുവും പെരുമാറും. (ബുഖാരി : 8-76-506)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു. അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണുതാനും. എങ്കില്‍ അന്ത്യദിനത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല. (അഥവാ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല) (അബൂദാവൂദ്)

ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: വ്യാഴാഴ്ചയും തിങ്കളാഴ്ചയും (മനുഷ്യരുടെ) ഓരോ പ്രവര്‍ത്തനങ്ങളും (അല്ലാഹുവിങ്കല്‍)വെളിവാക്കപ്പെടും. നോമ്പുകാരനായിക്കൊണ്ട് എന്റെ അമലുകള്‍ അല്ലാഹുവിങ്കല്‍ വെളിവാക്കപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത്. (തിര്‍മിദി)

അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: തിങ്കളാഴ്ചയിലെ നോമ്പിനെ സംബന്ധിച്ച് റസൂല്‍(സ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ഞാന്‍ പ്രസവിക്കപ്പെടുകയും പ്രവാചകനായി നിയോഗിക്കപ്പെടുകയും ഖുര്‍ആന്‍ എനിക്കവതരിക്കുകയും ചെയ്തത് അന്നേ ദിവസമാണ്. (മുസ്ലിം)

നുഅ്മാന്‍(റ) പറയുന്നു: നബി(സ) അരുളി: നരകവാസികളില്‍ ഏറ്റവും ലഘുവായ ശിക്ഷ അനുഭവിക്കുന്നവന്‍ ഒരാളായിരിക്കും. അവന്റെ പാദങ്ങള്‍ക്കിടയില്‍ രണ്ട് തീക്കട്ട വെക്കും. അതുകാരണം ചട്ടിയിലോ വായ കുടുസ്സായ പാത്രത്തിലോ കിടന്ന് അതിലൊഴിച്ച സാധനം തിളച്ച് പൊങ്ങും പോലെ അവന്റെ തലച്ചോറ് തിളച്ചുപൊങ്ങിക്കൊണ്ടിരിക്കും. (ബുഖാരി : 8-76-567)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും മരിക്കാന്‍ കൊതിക്കരുത്. സുകൃതം ചെയ്യുന്നവനാണെങ്കില്‍ അവന്ന് കൂടുതല്‍ സുകൃതം ചെയ്യുവാന്‍ അവസരം ലഭിക്കും. പാപം ചെയ്യുന്നവനാണെങ്കില്‍ പശ്ചാത്തപിച്ച് മടങ്ങാനും അവസരം ലഭിക്കും. (ബുഖാരി. 7235)

അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: പകലത്തെ കുറ്റവാളികളുടെ തൌബ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ തൌബ പകലും സ്വീകരിക്കുവാന്‍ അല്ലാഹു തയ്യാറാകുന്നു. ഈ പ്രക്രിയ സൂര്യന്‍ പശ്ചിമഭാഗത്തു നിന്നും ഉദിക്കുന്നതുവരെ (അന്ത്യനാള്‍ വരെ) തുടരും. (മുസ്ലിം)

അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്റെ തൌബ അല്ലാഹു സ്വീകരിക്കുന്നതാണ്. (തിര്‍മിദി)

ജാബിര്‍ (റ)ല്‍ നിന്ന്: (ആഹാരം കഴിക്കുമ്പോള്‍) ഭക്ഷണത്തളികയും വിരലുകളും (വൃത്തിയാകും വരെ) തുടച്ച് നക്കുവാന്‍ അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളിയിരിക്കുന്നു. ഏതിലാണ് ബര്‍ക്കത്തെന്ന് നിങ്ങള്‍ക്കറിയുകയില്ല എന്നും നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. (മുസ്ലിം)

ജാബിര്‍ (റ) വില്‍ നിന്ന്: ഒരവസരത്തില്‍ റസൂല്‍(സ) ഇങ്ങനെ പറയുകയുണ്ടായി: എന്റെയും നിങ്ങളുടെയും സ്ഥിതി തീ കത്തിച്ച് അതില്‍ വണ്ടുകളും പാറ്റകളും വീഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്. നരകത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു. നിങ്ങളാണെങ്കില്‍ എന്റെ കയ്യില്‍ നിന്ന് വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പ്രസ്താവിച്ചു: നല്ല മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് തന്നെ അനുഗമിച്ച് പ്രവര്‍ത്തിച്ചവനുള്ള തുല്യപ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരുകയില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അനുകരിച്ചവന്റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ട് അവര്‍ക്ക് ഒരു കുറവും വരുന്നില്ല. (മുസ്ലിം)

ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)

അബൂസഈദ് നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധകര്‍മ്മം കണ്ടാല്‍ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ അതിനെ കുറ്റപ്പെടുത്തികൊള്ളട്ടെ അതിനും സാധിച്ചില്ലെങ്കില്‍ തന്റെ ഹൃദയംകൊണ്ട് വെറുത്തു കൊള്ളട്ടെ. അതാകട്ടെ, ഈമാന്റെ ഏറ്റവും താഴ്ന്ന പടിയാണ്. (മുസ്ലിം)

ഇബ്നു മസ്ഊദ്(റ)ല്‍ നിന്ന്: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത് പറയുകയും കല്പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം)

ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: നിങ്ങള്‍ക്ക് അംഗീകരിക്കാവുന്ന ചില കാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റു ചിലതും കല്‍പ്പിക്കുന്ന കൈകാര്യ കര്‍ത്താക്കള്‍ നിങ്ങളില്‍ നിയോഗിക്കപ്പെടുന്നതാണ്. (എന്നാല്‍ ദുഷ്പ്രവര്‍ത്തികളില്‍) വെറുപ്പ് പ്രകടിപ്പിച്ചവന്‍ രക്ഷ പ്രാപിച്ചവനായി. അതിനെ നിരാകരിച്ചവന്‍ പാപരഹിതനുമായി. അവര്‍ ചോദിച്ചു: മറിച്ച് അതില്‍ സംതൃപ്തി പൂണ്ട് അനുധാവനം ചെയ്തവനോ ? പ്രവാചകരെ, ഞങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്തുകൂടെയോ? പ്രവാചകന്‍(സ) അരുളി: അവന്‍ നമസ്കാരം നിലനിര്‍ത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്ലിം)

ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) ആജ്ഞാപിച്ചിരിക്കുന്നു: നിങ്ങള്‍ അക്രമം സൂക്ഷിക്കണം. അക്രമം അന്ത്യദിനത്തില്‍ ഇരുളുകളായിരിക്കും. ലുബ്ധിനെ (പിശുക്ക്) നിങ്ങള്‍ സൂക്ഷിക്കണം. ലുബ്ധാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. രക്തം ചിന്താനും നിഷിദ്ധമായത് അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചിരിക്കുന്നു. (മുസ്ലിം)

മലയാളം ഹദീസ് പഠനം 26

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീര്‍ച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി. 8. 73. 17)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീര്‍ച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി. 8. 73. 17)

അംറ്ബ്നുല്‍ ആസ്വി(റ) നിവേദനം: നബി(സ) രഹസ്യമായിട്ടല്ല പരസ്യമായിട്ടുതന്നെ അരുളുന്നതു ഞാന്‍ കേട്ടു. ഇന്നവന്റെ കുടുംബങ്ങള്‍ എന്റെ മിത്രങ്ങളല്ല. എന്റെ മിത്രങ്ങള്‍ അല്ലാഹുവും സദ്വൃത്തരായ വിശ്വാസികളുമാണ്. എന്നാല്‍ അവരും ഞാനുമായി കുടുംബബന്ധമുണ്ട്. ആ ബന്ധം മുന്‍നിര്‍ത്തി അവര്‍ പെരുമാറും പോലെ ഞാന്‍ പെരുമാറും. (ബുഖാരി. 8. 73. 19)


ജാബിര്‍ (റ) നിവേദനം: 'നകീഅ്' എന്ന സ്ഥലത്തു നിന്ന് ഒരു പാത്രത്തില്‍ കുറച്ച് പാലുമായി അബൂഹുമൈദ്(റ) വന്നു. നബി(സ) അദ്ദേഹത്തെ ഉപദേശിച്ചു. നിങ്ങളെന്തു കൊണ്ട് ഇതു മൂടിക്കൊണ്ട് വന്നില്ല? ഒരു പലകക്കഷ്ണമെങ്കിലും മീതെ വെക്കാമായിരുന്നില്ലേ? (ബുഖാരി : 7-69-510)

അബ്ദുല്ല(റ) നിവേദനം: നബി(സ) എന്റെ ചുമല് പിടിച്ച് കൊണ്ട് പറഞ്ഞു: നീ ഈ ദുന്‍യാവില്‍ ഒരു അപരിചിതനെപ്പോലെയാകുക. അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെപ്പോലെ. ഇബ്നുഉമര്‍(റ) പറയാറുണ്ട്. നീ വൈകുന്നേരത്തില്‍ പ്രവേശിച്ചാല്‍ പ്രഭാതത്തെയും പ്രഭാതത്തില്‍ പ്രവേശിച്ചാല്‍ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നിന്റെ ആരോഗ്യത്തില്‍ നിന്റെ രോഗത്തിനു വേണ്ടി നീ സമ്പാദിക്കുക. നിന്റെ ജീവിതത്തില്‍ നിന്റെ മരണത്തിനു വേണ്ടിയും. (ബുഖാരി. 8. 76. 425)

ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് മഹത്തായ അനുഗ്രഹങ്ങള്‍. മിക്ക മനുഷ്യരും അതില്‍ വഞ്ചിതരാണ്. ആരോഗ്യവും വിശ്രമവും. (ബുഖാരി. 8. 76. 421)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടു കാര്യങ്ങളില്‍ കിഴവന്റെ ഹൃദയം എപ്പോഴും നിലനിര്‍ത്തിക്കൊണ്ടേയിരിക്കും. ദുന്‍യാവിനോടുള്ള സ്നേഹം. ദീര്‍ഘായുസ്സിനുള്ള മോഹം. (ബുഖാരി : 8-76-429)

അനസ്(റ) പറയുന്നു: നബി(സ) അരുളി: ആദമിന്റെ മക്കള്‍ വലുതായികൊണ്ടിരിക്കും. അവന്റെ രണ്ട് കാര്യങ്ങളും വലിയതായിക്കൊണ്ടിരിക്കും. ധനത്തോടുള്ള സ്നേഹവും വയസ്സിനോടുള്ള വ്യാമോഹവും. (ബുഖാരി : 8-76-430)

അനസ്(റ) പറയുന്നു: നബി(സ) കുറെ വരകള്‍ വരച്ചശേഷം അവിടുന്ന് അരുളി. ഇതാണ് മനുഷ്യന്റെ വ്യാമോഹം. ഇതു അവന്റെ ആയുസും. ഈ വ്യാമോഹത്തിലിരിക്കുന്നതിനിടക്ക് തന്നെ മരണം അവന് വന്നെത്തുന്നു. (ബുഖാരി : 8-76-427)

അബ്ദുല്ല(റ) നിവേദനം: നബി(സ) ചതുരത്തിലുള്ള ഒരു കള്ളിവരച്ചു. അതിന്റെ നടുവിലൂടെ ഒരു വരയും. ആ വര ചതുരക്കള്ളിയില്‍ നിന്ന് പുറത്തേക്ക് കടന്നു നിന്നിരുന്നു. ഇവക്ക് പുറമെ നടുവിലുള്ള വരയിലേക്ക് എത്തുന്നവിധം കുറെ ചെറിയ വരകളും വരച്ചു. ശേഷം നബി(സ) അരുളി: ഇതാണ് (നടുവിലുള്ള നീണ്ട രേഖ) മനുഷ്യന്‍ ഇതാണ് - ചതുരത്തിലുള്ള ഈ വരയാണ് അവന്റെ ആയുസ്സ് അതവനെ വലയം ചെയ്തിരിക്കുന്നു. പുറത്തേക്ക് കവിഞ്ഞു നില്‍ക്കുന്നവര അവന്റെ വ്യാമോഹമാണ്. ഈ ചെറിയ വരകള്‍ ചില ആപത്തുകളാണ്. ആ ആപത്തുകളില്‍ ഒന്നില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടാല്‍ മറ്റേത് അവനെ ബാധിക്കും. മറ്റേതില്‍ നിന്ന് രക്ഷപ്പെട്ടാലോ അവനെ ഇതു ബാധിക്കും. (ബുഖാരി : 8-76-426)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു. എന്റെ സത്യവിശ്വാസിയായ ഒരു ദാസന് കൂടുതല്‍ ഇഹലോകത്ത് പ്രിയപ്പെട്ടൊരു സാധനം ഞാന്‍ പിടിച്ചെടുത്തു. എന്റെ പക്കല്‍ നിന്നുള്ള പുണ്യമോര്‍ത്ത് അവന്‍ ക്ഷമിച്ചു. എങ്കില്‍ അതിനോടുള്ള പ്രതി ഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി : 8-76-432)

ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് താഴ്വര നിറയെ ധനം ഒരു മനുഷ്യന് ലഭിച്ചാലും മൂന്നാമതൊരു താഴ്വരകൂടി ലഭിക്കുവാന്‍ അവന്‍ ആഗ്രഹിക്കും. മനുഷ്യന്റെ വയറ് നിറക്കാന്‍ മണ്ണിനല്ലാതെ കഴിയുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. (ബുഖാരി : 8-76-444)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ധനം എന്നതു ഭൌതിക വിഭവത്തിന്റെ വര്‍ദ്ധനവല്ല. എന്നാല്‍ ധനം എന്നതു മനസ്സിന്റെ സംതൃപ്തിയാണ്. (ബുഖാരി : 8-76-453)

അബ്ദുല്ല(റ) നിവേദനം: നബി(സ) ചോദിച്ചു. നിങ്ങളിലാരാണ് തന്റെ ധനത്തേക്കാള്‍ തന്റെ അനന്തരാവകാശിയുടെ ധനത്തോട് കൂടുതല്‍ പ്രേമം കാണിക്കുക? അനുചരന്മാര്‍ പറഞ്ഞു: പ്രവാചകരേ! തന്റെ സ്വന്തം ധനത്തെ സ്നേഹിക്കുന്നവരല്ലാതെ ഞങ്ങളില്‍ ആരും തന്നെ അനന്തരാവകാശിയുടെ ധനത്തെ സ്നേഹിക്കുന്നവരായി ഇല്ലതന്നെ. നബി(സ) അരുളി: താന്‍ മുമ്പ് ചിലവ് ചെയ്തതാണ് തന്റെ ധനം. ചെലവ് ചെയ്യാതെ ബാക്കിവെച്ചിരിക്കുന്നത് അവന്റെ അവകാശിയുടെ ധനവും. (ബുഖാരി : 8-76-449)

ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് താഴ്വര നിറയെ ധനം ഒരു മനുഷ്യന് ലഭിച്ചാലും മൂന്നാമതൊരു താഴ്വരകൂടി ലഭിക്കുവാന്‍ അവന്‍ ആഗ്രഹിക്കും. മനുഷ്യന്റെ വയറ് നിറക്കാന്‍ മണ്ണിനല്ലാതെ കഴിയുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. (ബുഖാരി : 8-76-444)

അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്റെ മൂക്ക് നിലംപതിക്കട്ടെ. (മുസ്ലിം) (അഥവാ അവന്‍ നീചനും നിന്ദ്യനുമാവട്ടെ)

Note : തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ ( മാതാപിതാക്കളില്‍ ) ഒരാളോ അവര്‍ രണ്ട്‌ പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച്‌ വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക. (Quran 17:23) കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക. (Quran 17:24)

ഇബ്നുഉമര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുളി: തന്റെ പിതാവിന്റെ സ്നേഹിതന്മാരോട് നല്ല നിലയില്‍ വര്‍ത്തിക്കലാണ് (പിതാവിന്റെ മരണശേഷം അദ്ദേഹത്തോട് ചെയ്യുന്ന) നന്മയില്‍ ഏറ്റവും വലുത്. (മുസ്ലിം)

ആയിശ(റ) നിവേദനം: പ്രവൃത്തിയില്‍ നബി(സ)ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അതിന്റെ ഉടമസ്ഥന്ന് (വയസ്സ് കാലത്തും) പതിവാക്കുവാന്‍ സാധിക്കുന്ന വിധം അനുഷ്ഠിക്കുന്നതാണ്. (ബുഖാരി : 8-76-469)

ആയിശ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ശരിയായ മാര്‍ഗ്ഗം സ്വീകരിക്കുക. ദൈവസാമീപ്യം പ്രാപിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹുവിന് ഏറ്റവും പ്രിയംകരമായ കര്‍മ്മം പതിവായി അനുഷ്ഠിക്കുന്ന സല്‍കര്‍മ്മങ്ങളാണ്. അതുകുറഞ്ഞാലും ശരി. (ബുഖാരി : 8-76-471)

മിര്‍ദാസ് അസ്ലമി(റ) നിവേദനം: നബി(സ) അരുളി: നല്ലവരായ മനുഷ്യന്മാര്‍ ആദ്യമാദ്യം മരണമടഞ്ഞുകൊണ്ടിരിക്കും. പിന്നീട് ബാര്‍ലിയുടെതുപോലെയുള്ള ഉമി മാത്രമാണ് അവശേഷിക്കുക. അല്ലെങ്കില്‍ ഈത്തപ്പഴത്തിന്റെതു പോലെയുള്ള തൊലി അവശേഷിക്കും. അല്ലാഹു അവരെ ആദരിക്കുകയില്ല. (ബുഖാരി : 8-76-442)

അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹു ജ്ഞാനത്തെ ഒറ്റയടിക്ക് മനുഷ്യരില്‍ നിന്ന് ഊരിയെടുക്കുകയില്ല. എന്നാല്‍ പണ്ഡിതന്മാരുടെ മരണം മുഖേന വിദ്യയെ അല്ലാഹു മനുഷ്യരില്‍ നിന്ന് ക്രമേണയായി പിടിച്ചെടുക്കും. അവസാനം ഭൂമുഖത്തു ഒരു പണ്ഡിതനും അവശേഷിക്കാത്ത ഘട്ടം വരുമ്പോള്‍ ചില മൂഢന്മാരെ മനുഷ്യര്‍ നേതാക്കളാക്കി വെക്കും. എന്നിട്ടു അവരോട് മതകാര്യങ്ങള്‍ ചോദിക്കുകയും അപ്പോള്‍ അവര്‍ അറിവില്ലാതെ വിധികൊടുക്കുകയും അവസാനം അവര്‍ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ തെറ്റിക്കുകയും ചെയ്യും. (ബുഖാരി : 1-3-100)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന്‍ ഒരു വാക്ക് പറയും. അതിന്റെ അനന്തരഫലം അവന്‍ ചിന്തിക്കുകയില്ല. അങ്ങനെ അതു മൂലം അവന്‍ നരകത്തില്‍ പതിക്കും. (ബുഖാരി : 8-76-484)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മനുഷ്യന്‍ അല്ലാഹുവിന് തൃപ്തിപ്പെട്ട ഒരു വാക്ക് പറയും. പ്രാധാന്യം കല്പിച്ചു കൊണ്ടല്ല അതുപറയുക. ആ വാക്ക് കാരണം അല്ലാഹു അവനെ പല പടികള്‍ ഉയര്‍ത്തും. വേറൊരു മനുഷ്യന്‍ ദൈവകോപത്തിന് കാരണമായ ഒരു വാക്ക് പറയും. അതിന് അവന്‍ പ്രാധാന്യം കല്‍പ്പിക്കുകയില്ല. ആ വാക്ക് കാരണം അല്ലാഹു അവനെ നരകത്തില്‍ വീഴ്ത്തും. (ബുഖാരി. 8. 76. 485)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ട് വാക്യങ്ങള്‍ പരണകാരുണികന് വളരെ ഇഷ്ടപ്പെട്ടവയാണ്. അവ നാവുകൊണ്ട് ഉച്ചരിക്കാന്‍ വളരെ ലഘുവാണ്. എന്നാല്‍ തുലാസില്‍ വളരെ ഭാരം തൂങ്ങും. സുബ്ഹാനല്ലാഹി വബിഹംദിഹീ (അല്ലാഹുവിന്റെ പരിശുദ്ധതയേയും അവന്റെ മഹത്വത്തേയും ഞാനിതാ പ്രകീര്‍ത്തനം ചെയ്യുന്നു) സുബ്ഹാനല്ലാഹില്‍ അളിം (മഹാനായ അല്ലാഹു പരിശുദ്ധനാണ്) എന്നീ രണ്ടു വാക്യങ്ങളാണവ. (ബുഖാരി : 9-93-652)

സഹ്ല്(റ) നിവേദനം: നബി(സ) അരുളി: തന്റെ രണ്ട് താടിയെല്ലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നത് അപ്രകാരം തന്നെ രണ്ടു കാലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നത് എന്നിവയെ നിയന്ത്രിച്ച് നിര്‍ത്താമെന്ന് വല്ലവനും എനിക്ക് ഉറപ്പ് തരുന്നപക്ഷം അവന്ന് സ്വര്‍ഗ്ഗം ലഭിക്കുമെന്ന് ഞാന്‍ ഏറ്റുകൊള്ളാം. (ബുഖാരി : 8-76-481)

അനസ്(റ) നിവേദനം: ഒരു മയ്യിത്തിനെ മൂന്നു സംഗതികള്‍ പിന്‍തുടരും. രണ്ടെണ്ണം തിരിച്ചു പോരും. ഒന്ന് അവന്റെ കൂടെ അവശേഷിക്കും. കുടുംബം, ധനം, പ്രവര്‍ത്തനം എന്നിവയാണത്. കുടുംബവും ധനവും മടങ്ങും. പ്രവര്‍ത്തനം അവശേഷിക്കും. (ബുഖാരി : 8-76-521)

ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു നന്മകളെയും തിന്മകളെയും നിര്‍ണ്ണയിച്ചു. എന്നിട്ടത് വിശദീകരിച്ചു. അപ്പോള്‍ ഒരാള്‍ നന്മ പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അവന്റെ ഉദ്ദേശത്തെഒരുപൂര്‍ണ്ണ പുണ്യകര്‍മ്മമായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആ പുണ്യകര്‍മ്മം പ്രവര്‍ത്തിക്കാനുദ്ദേശിക്കുകയും അതുപ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആ പുണ്യകര്‍മ്മത്തെ അല്ലാഹു തന്റെയടുക്കല്‍ പത്തുമുതല്‍ എഴുനൂറ് ഇരട്ടിയായും അതിന് മേല്‍പ്പോട്ട് എത്രയോ ഇരട്ടിയായും രേഖപ്പെടുത്തിവെക്കും. മറിച്ച്, ഒരു ദുഷ്കൃത്യം ചെയ്യുവാന്‍ ഉദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അതു ഒരുപൂര്‍ണ്ണമായ സല്‍ക്കര്‍മ്മമായി അവന്റെ പേരില്‍ അല്ലാഹു രേഖപ്പെടുത്തും. പ്രവര്‍ത്തിച്ചാല്‍ മറ്റൊരു ദുഷ്കൃത്യം അവന്‍ ചെയ്തതായി മാത്രമെ അല്ലാഹു രേഖപ്പെടുത്തുകയുള്ളൂ. (ബുഖാരി : 8-76-498)