മലയാളം ഹദീസ് പഠനം 29

അബൂബര്‍സത്ത്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. തന്റെ ആയുസ്സ് എന്തിലാണ് നശിപ്പിച്ചതെന്നും എന്തെന്തുപ്രവര്‍ത്തനത്തിലാണ് തന്റെ അറിവു വിനിയോഗിച്ചതെന്നും തന്റെ സമ്പത്ത് എവിടെ നിന്നു സമ്പാദിച്ചെന്നും എന്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നും തന്റെ ശരീരം എന്തൊന്നിലാണ് ഉപയോഗപ്പെടുത്തിയതെന്നും ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തില്‍ ഒരടിമയ്ക്കും സ്വന്തം പാദങ്ങള്‍ എടുത്തു മാറ്റുക സാദ്ധ്യമല്ല. (തിര്‍മിദി)

റസൂല്‍(സ) പറഞ്ഞു: അന്ത്യദിനത്തിന്റെ കാഹളം ഏല്പിക്കപ്പെട്ട മലക്ക് (ഇസ്റാഫില്‍) കാഹളത്തില്‍ ഊതുന്നതിനുള്ള ഉത്തരവും ചെവിപാര്‍ത്ത് കാഹളം വായില്‍ വെച്ച്കൊണ്ടിരിക്കെ ഞാനെങ്ങിനെ സുഖലോലുപനായി ജീവിക്കും? ഈ വാക്ക് റസൂല്‍(സ) യുടെ അനുചരന്‍മാര്‍ക്ക് വളരെയധികം പ്രയാസങ്ങളുണ്ടാക്കി. അപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു: നമുക്ക് അല്ലാഹു മതി. നാം ഭരമേല്പിച്ചവന്‍ ഉത്തമന്‍ എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. (തിര്‍മിദി)

ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: ഒരു ഗ്രാമീണനായ അറബി നബി(സ)യുടെ സന്നിധിയില്‍ വന്ന് ചോദിച്ചു. പ്രവാചകരെ! (സ്വര്‍ഗ്ഗ-നരകങ്ങളെ) അനിവാര്യമാക്കുന്ന രണ്ടു കാര്യങ്ങളെന്താണ്? അവിടുന്ന് പറഞ്ഞു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതെ മരണപ്പെട്ടവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവനോടു വല്ലതിനെയും പങ്കുചേര്‍ത്തുകൊണ്ട് മരണപ്പെട്ടവന്‍ നരകത്തിലും പ്രവേശിക്കും. (മുസ്ലിം)അബൂസഈദും(റ) അബൂഹുറയ്റ(റ) യും നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ഒരാള്‍ വിളിച്ചുപറയും: നിങ്ങള്‍ എന്നെന്നും മരണപ്പെടാതെ ജീവിക്കുന്നവരാണ്. മാത്രമല്ല, നിങ്ങള്‍ എന്നും ആരോഗ്യമുള്ളവരായിരിക്കും. നിങ്ങള്‍ ഒരിക്കലും വൃദ്ധരാവുകയില്ല. സുഖലോലുപന്മാരായിരിക്കും. നിങ്ങളൊരിക്കലും ക്ളേശം അനുഭവിക്കുകയില്ല. (മുസ്ലിം)

അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം : ഞങ്ങളൊരിക്കല്‍ റസൂല്‍(സ) യുടെ സമീപത്തുണ്ടായിരുന്നു. അപ്പോള്‍ നബി(സ)ക്ക് ഒരു ശബ്ദം കേള്‍ക്കാനിടയായി. ഉടനെത്തന്നെ ഇതെന്താണ് എന്ന് നിങ്ങള്‍ക്കറിയാമോ? എന്ന് അവിടുന്ന് ചോദിച്ചു. അല്ലാഹുവും അവന്റെ പ്രവാചകനുമാണ് അതറിയുക - ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. 70 വര്‍ഷം മുമ്പെ നരകത്തിലൊരു കല്ലെറിയപ്പെട്ടു. ഇതുവരെ അത് നരകത്തിലാണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴതിന്റെ ആഴത്തില്‍ അതെത്തിയ ശബ്ദമാണ് നിങ്ങള്‍ കേട്ടത്. (മുസ്ലിം)

അലി (റ) പറഞ്ഞു : ഞാന്‍ നിങ്ങളില്‍ ഭയപ്പെടുന്നത് നിങ്ങളുടെ ഇച്ഛകളെ പിന്‍പറ്റലും ദീര്‍ഘകാല ജീവിതത്തിനു വേണ്ടി ആഗ്രഹിക്കലുമാണ്. കാരണം ഇച്ഛകളെ പിന്‍പറ്റിയാല്‍ മനുഷ്യന്‍ സത്യത്തെ അവഗണിക്കും. ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നവന്‍ പരലോകം മറക്കും (ഫതഹുല്‍ ബാരി 11/236)

ഒരു നന്മയെയും നിങ്ങള്‍ നിസ്സാരമായി കാണരുത്. താന്‍ വെള്ളമെടുക്കുന്ന തൊട്ടിയില്‍ നിന്ന് മറ്റൊരാളുടെ പാത്രത്തിലേക്ക് കുടിക്കാനായി വെള്ളം ഒഴിച്ചുകൊടുക്കുന്നതോ പ്രസന്ന മുഖത്തോടുകൂടി തന്റെ സഹോദരനോട് സംസാരിക്കുന്നതു പോലും (മുസ് നദ് അഹ്മദ് 5/36 - സില്‍സില ത്തുസ്സഹിഹ് 1352)

ആയിശ(റ)ല്‍ നിന്ന് നിവേദനം: ഖുര്‍ആന്‍ വിശേഷിപ്പിച്ച സ്വഭാവമാണ് നബി(സ)യുടെ സ്വഭാവം. (മുസ്ലിം) സുദീര്‍ഘമായ ഒരു ഹദീസിന്റെ കൂട്ടത്തില്‍ മുസ്ളിം അത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ജാബിര്‍(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു: അഞ്ചു ഫര്‍ളു നമസ്കാരങ്ങളുടെ സ്ഥിതി നിങ്ങളോരോരുത്തരുടെയും കവാട പരിസരത്തിലൂടെ ഒഴുകുന്ന നദിയില്‍ നിന്ന് ഓരോ ദിവസവും അഞ്ചു പ്രാവശ്യം കുളിച്ചു വൃത്തിയാവുന്നതിന്റെ സ്ഥിതിയാണ്. (മുസ്ലിം)

അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഒരാള്‍ ജനനം മുതല്‍ വാര്‍ധക്യം ബാധിച്ചു മരിക്കുന്നത് വരെയും മുഖം നിലത്തിഴഞ്ഞുകൊണ്ട് വലിക്കുകയാണെങ്കിലും തന്‍ ചെയ്തത് നിസ്സാരമാണെന്നു അയാള്‍ക്ക് തോന്നും (ഇമാം അഹമെദ് മുസ് നദ് 4/184 സ്വഹിഹുല്‍ ജാമി 5249)

സുഹൈബ്(റ)ല്‍ നിന്ന്: നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. സന്തുഷ്ടനാകുമ്പോള്‍ നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോള്‍ ക്ഷമ പാലിക്കും. അപ്പോള്‍ അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും സുബ്ഹാനല്ലാഹി വബിഹംദിഹി എന്ന് ഒരു ദിവസം നൂറ് പ്രാവശ്യം ചൊല്ലിയാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും. സമുദ്രത്തിലെ നുര കണക്കില്‍ ഉണ്ടായിരുന്നാലും. (ബുഖാരി : 8-75-414)

നബി (സ) പറഞ്ഞു , ആനന്ദത്തിന്റെ അന്തകനെ, അതായതു മരണത്തെ നിങ്ങള്‍ ഇപ്പോഴും ഓര്‍ക്കുക. (തിര്‍മിദി 2307, സ്വഹിഹുല്‍ ജാമി 1210)3 comments:

Ifone Team പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
abdulgafoor പറഞ്ഞു...

assalamu elaikum,
allahu namukum nammod bandapetavarkum satyam manassilaki nallad pinpatuvanum allahu ishtapeta margathil mathram jeevich koodudal, koodudal ibadath cheyyuvanum nale muth rasool(s)thangalod koode avante jannathul firdousil nammeyum nammod bandapettavareyum orumich kootugayum cheyyatte AAMEEN.

abdul പറഞ്ഞു...

നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും നമ്മോടു കല്‍പ്പിക്കപ്പെട്ടിരിക്കുന്നു
അതനുസരിച്ച് പയത്നിക്കുന്നവരേ അള്ളാഹു അനുഗ്രഹിക്കും
സത്യാസത്യ വിവേചനമനുസരിച്ച് ജീവിക്കാന്‍ നമ്മുക്ക് അള്ളാഹു തൌഫീക്ക്
നല്‍കട്ടെ ആമീന്‍
അബ്ദുല്‍ ലത്തിഫ്, ജിദ്ദ, സൗദി അറേബ്യ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ