മലയാളം ഹദീസ് പഠനം 30

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാല് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്. എന്നാല്‍ നീ മതമുളളവളെ കരസ്ഥമാക്കിക്കൊളളുക. അല്ലാത്ത പക്ഷം നിനക്ക് നാശം. (ബുഖാരി : 7-62-27)

അബൂദര്‍റ്(റ) വില്‍ നിന്ന് നിവേദനം: അല്ലാഹു അരുള്‍ ചെയ്തതായി റസൂല്‍(സ) പ്രസ്താവിച്ചിരിക്കുന്നു. നന്മ ചെയ്തവന് പത്തിരട്ടിയോ അതില്‍ കൂടുതലോ പ്രതിഫലം ലഭിക്കും. വല്ലവനും തിന്മ പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം തിന്മക്ക് തുല്യമായതായിരിക്കും. അതുമല്ലെങ്കില്‍ ഞാന്‍ അവനു പൊറുത്തുകൊടുക്കും. വല്ലവനും എന്നോടൊരു ചാണ്‍ അടുത്താല്‍ ഞാന്‍ ഒരു മുഴം അവനോടടുക്കും. വല്ലവനും ഒരു മുഴം എന്നോടടുത്താല്‍ ഒരു മാറ് ഞാനവനോടടുക്കും. വല്ലവനും എന്റെ അടുത്ത് നടന്നു വന്നാല്‍ ഞാന്‍ അവന്റെയടുത്ത് ഓടിച്ചെല്ലും. എന്നോട് എന്തിനെയെങ്കിലും പങ്കുചേര്‍ക്കാതെ ഭൂമി നിറയെ പാപങ്ങളുമായി ആരെങ്കിലും എന്റെ അടുത്ത് വരുന്നപക്ഷം അത്രയും മഗ്ഫിറത്തുമായി ഞാനവനെ സമീപിക്കും. (മുസ്ലിം)

ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: ഒരുഗ്രാമീണനായ അറബി നബി(സ)യുടെ സന്നിധിയില്‍ വന്ന് ചോദിച്ചു. പ്രവാചകരെ! (സ്വര്‍ഗ്ഗ-നരകങ്ങളെ) അനിവാര്യമാക്കുന്ന രണ്ടുകാര്യങ്ങളെന്താണ്? അവിടുന്ന് പറഞ്ഞു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതെ മരണപ്പെട്ടവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവനോടു വല്ലതിനെയും പങ്കുചേര്‍ത്തുകൊണ്ട് മരണപ്പെട്ടവന്‍ നരകത്തിലും പ്രവേശിക്കും. (മുസ്ലിം)


അബ്ദുല്ല(റ) നിവേദനം: പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന് തിരുമേനി(സ) യോട് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: സമയത്ത് നമസ്കരിക്കുന്നത് തന്നെ. പിന്നീട് ഏതെന്ന് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍. പിന്നീട് ഏതെന്ന് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യല്‍. അബ്ദുല്ല(റ) പറയുന്നു. ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട് അരുളിയതാണ്. തിരുമേനി(സ) യോട് ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ തിരുമേനി(സ) എനിക്ക് വര്‍ദ്ധനവ് നല്കുമായിരുന്നു. (ബുഖാരി : 1-10-505)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും ഒരു നമസ്കാരം മറന്നുപോയെങ്കില്‍ അതോര്‍മ്മ വരുമ്പോള്‍ അവന്‍ നമസ്കരിച്ചുകൊള്ളട്ടെ. അതല്ലാതെ അതിനു മറ്റൊരു പ്രായശ്ചിത്തവുമില്ല. അല്ലാഹു പറയുന്നു (എന്നെ ഓര്‍മ്മിക്കുവാന്‍ വേണ്ടി നീ നമസ്കാരത്തെ അനുഷ്ഠിക്കുക). (ബുഖാരി : 1-10-571)

അബൂമലീഹ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ ബുറൈദ(റ)യുടെ കൂടെ ആകാശത്തില്‍ മേഘമുള്ള ഒരു ദിവസം സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നമസ്കാരം നിങ്ങള്‍ വേഗം നിര്‍വ്വഹിക്കുവിന്‍. നിശ്ചയം തിരുമേനി(സ) അരുളിയിട്ടുണ്ട്. വല്ലവനും അസര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി. (ബുഖാരി : 1-10-568)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളൊന്നു സങ്കല്പിച്ചു നോക്കുക. നിങ്ങളില്‍ ഒരാളുടെ വാതിലിനു മുമ്പില്‍ ഒരു നദിയുണ്ട്. ആ നദിയില്‍ അവന്‍ എല്ലാ ദിവസവും അഞ്ചു പ്രാവശ്യം കുളിക്കും. നീ എന്തു പറയുന്നു. പിന്നീടവന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? അവര്‍ പറഞ്ഞു. അവശേഷിക്കുകയില്ല. അന്നേരം തിരുമേനി(സ) അരുളി: അഞ്ചു നേരത്തെ നമസ്കാരത്തിന്റെ സ്ഥിതി ഇങ്ങനെ തന്നെയാണ്. ആ നമസ്കാരങ്ങള്‍ മുഖേന മനുഷ്യന്റെ തെറ്റുകളെല്ലാം അല്ലാഹു മായ്ച്ച്കളയും. (ബുഖാരി : 1-10-506)

നബി (സ) പറഞ്ഞു : നിങ്ങള്‍ രോഗിയെ സന്ദര്‍ശിക്കുക, ജനാസയില്‍ പങ്കെടുക്കുകയും ചെയ്യുക. അത് നിങ്ങളെ പരലോകത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തും. (അഹമെദ് 3/48 സഹിഹ് ജാമി 4109)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരിക്കല്‍ ഒരു മനുഷ്യന്‍ നടന്നു പോകുമ്പോള്‍ അയാള്‍ക്ക് അതി കഠിനമായി ദാഹം അനുഭവപ്പെട്ടു. അദ്ദേഹം വഴിവക്കിലുള്ള കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ശേഷം കിണറ്റില്‍ നിന്ന് കയറിപ്പോയതോ ഒരു നായ നാവു നീട്ടി ദാഹം സഹിക്ക വയ്യാതെ മണ്ണ് തിന്നുന്നു!. ആ മനുഷ്യന്‍ ആത്മഗതം ചെയ്തു. ഞാനനുഭവിച്ചു കൊണ്ടിരുന്ന വിഷമം ഇതാ ഈ നായയും അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹം കിണറ്റിലിറങ്ങി ഷൂസില്‍ വെള്ളം നിറച്ചു വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് കയറി. അതു ആ നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അയാളോടു നന്ദി കാണിക്കുകയും അയാളുടെ പാപങ്ങളില്‍ നിന്ന് പൊറുത്തു കൊടുക്കുകയും ചെയ്തു. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! നാല്‍ക്കാലികള്‍ക്ക് വല്ല ഉപകാരവും ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ! നബി(സ) അരുളി: ജീവനുള്ള ഏതു ജന്തുവിനു ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി. 3. 40. 551)

ഇബ്നുഉമര്‍(റ) നിവേദനം: അസര്‍ നമസ്കാരം നഷ്ടപ്പടുത്തുന്നവന്‍ തന്റെ കുടുംബവും സമ്പത്തും നഷ്ടപ്പെടുത്തുന്നതുപോലെയാണ്. (ബുഖാരി. 1. 10. 527)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരത്തിന് ബാങ്കു വിളിച്ചാല്‍ മനുഷ്യര്‍ ആ വിളി കേള്‍ക്കാതിരിക്കുവാന്‍ വേണ്ടി കീഴ്വായുവിന്റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവന്‍ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോള്‍ പിന്തിരിയും. അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട് നമസ്കരിക്കുന്ന മനുഷ്യന്റെ ഹൃദയത്തില്‍ ചില ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത് ഓര്‍മ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവന്‍ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും. പിശാച് ഓര്‍മ്മപ്പെടുത്തുന്നത്. അവസാനം താന്‍ എത്ര റക്ക്അത്ത് നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓര്‍മ്മയില്ലാത്തവിധം അവന്റെ മനസ്സിന്റെയും ഇടയില്‍ അവന്‍ മറയിടും. (ബുഖാരി : 1-11-582)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ബാങ്കു വിളിക്കുന്നതിലും ഒന്നാമത്തെ വരിയില്‍ നില്‍ക്കുന്നതിന്റെയും പുണ്യം ജനങ്ങള്‍ മനസ്സിലാക്കി. എന്നിട്ട് ആ രണ്ടു സ്ഥാനവും കരസ്ഥമാക്കാന്‍ നറുക്കിടുകയല്ലാതെ സാധ്യമല്ലെന്ന് അവര്‍ കണ്ടു. എന്നാല്‍ നറുക്കിട്ടിട്ടെങ്കിലും ആ സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നു. ളുഹര്‍ നമസ്കാരംആദ്യ സമയത്ത് തന്നെ നമസ്കരിക്കുന്നതിനുള്ള പുണ്യം ജനങ്ങള്‍ ഗ്രഹിച്ചിരുന്നെങ്കില്‍ അക്കാര്യത്തിലും അവര്‍ മത്സരിച്ചു മുന്നോട്ട് വരുമായിരുന്നു. ഇശാനമസ്കാരത്തിലുള്ള നേട്ടം ജനങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ മുട്ടുകുത്തിയിട്ടെങ്കിലും അത് നമസ്കരിക്കുവാന്‍ അവര്‍ (പള്ളിയിലേക്ക്) വരുമായിരുന്നു) (ബുഖാരി : 1-11-589)

അബ്ദുല്ലാഹിബ്നു മുഗഫല്‍(റ) നിവേനം: തിരുമേനി(സ) അരുളി: എല്ലാ രണ്ടു ബാങ്കുകള്‍ക്കിടയിലും നമസ്കാരമുണ്ട്. ഇതു തിരുമേനി(സ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞു. അങ്ങനെ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് എന്നുകൂടി അവിടുന്നു അരുളി. (ബുഖാരി : 1-11-597)

അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. രണ്ടു തുള്ളിയേക്കാളും രണ്ടടയാളത്തേക്കാളും അല്ലാഹുവിനിഷ്ടപ്പെട്ട മറ്റൊന്നും തന്നെയില്ല. 1 അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ടുള്ള കണ്ണുനീര്‍ത്തുള്ളി. 2. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിന്തുന്ന രക്തത്തുള്ളി രണ്ടടയാളത്തിലൊന്ന് രണാങ്കണത്തില്‍ വെച്ചുള്ള പരിക്ക്, രണ്ടാമത്തേത് അല്ലാഹുവിന്റെ ഫര്‍ളുകള്‍ നിര്‍വ്വഹിച്ചതിലുള്ള തഴമ്പ്. (തിര്‍മിദി)

അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: കറന്നെടുത്ത പാല്‍ അകിടുകളിലേക്ക് മടങ്ങിപ്പോയാലും, അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് കരഞ്ഞവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള (രണാങ്കണത്തിലുള്ള) പൊടിയും നരകത്തിന്റെ പുകയും ഒരുമിച്ചുകൂടുകയില്ല. (തിര്‍മിദി)

അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ അടുത്തുചെന്നു. അന്നേരം കരച്ചില്‍ നിമിത്തം അവിടുത്തെ ഹൃദയം തിളച്ചുപൊങ്ങുന്ന ചട്ടി പോലെയായിരുന്നു. (അബൂദാവൂദ്)

അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളാരെങ്കിലും തുമ്മുകയും അനന്തരം അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താല്‍ നിങ്ങള്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കുക. ഇനി അവന്‍ അല്ലാഹുവിന് ഹംദ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളവന് പ്രാര്‍ത്ഥിക്കേണ്ടതില്ല. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തുമ്മുമ്പോള്‍ കയ്യോ വസ്ത്രമോ വായില്‍വെച്ചുകൊണ്ട് ശബ്ദം കുറച്ചിരുന്നു. (അബൂദാവൂദ്, തിര്‍മിദി)

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങളാരെങ്കിലും കോട്ടുവായ് ഇടുകയാണെങ്കില്‍ സ്വന്തം കൈകൊണ്ട് വായ പൊത്തണം! കാരണം പിശാച് അതില്‍ കടന്നുകൂടും. (മുസ്ലിം)

അബ്ദുല്ലാഹിബ്ന്‍ സര്‍ജീസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) യാത്ര പുറപ്പെടുമ്പോള്‍ യാത്രയിലെ വിഷമത്തില്‍ നിന്നും ദുഃഖാകുലമായ തിരിച്ചുവരവില്‍ നിന്നും സന്തോഷത്തിനു ശേഷം സന്താപത്തില്‍ നിന്നും മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയില്‍ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ രംഗത്തില്‍ നിന്നും കാവലിന് അപേക്ഷിക്കാറുണ്ട്. (മുസ്ലിം)

സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: കഴിവതും അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകരുത്. നിശ്ചയം, പിശാചിന്റെ ആസ്ഥാനമാണിത്. അവിടെയാണ് അവന്‍ തന്റെ പതാക നാട്ടുന്നത്. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സ്ഥലങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് പള്ളിയും അല്ലാഹുവിന് ഏറ്റവും കോപമുള്ളത് അങ്ങാടിയുമാകുന്നു. (മുസ്ലിം)

5 comments:

abdulgafoor പറഞ്ഞു...

assalamu elaikum,
e hadeesugal vayichu alhemdulillah idil ninnum kure karyangal manassilakan kazhichu allahu ishatapetta margathil mathram jeevich allahuvin koodudal,koodudal ebadath cheyyuvan namukum nammod bandapettavarkum allahu thoufeeq cheyyatte AAMEEN. nale muth rasool(s)thangalod koode jannathul firdousil nammeyum nammod bandapetavareyum allahu orumich kootatte AAMEEN.

abdunazar പറഞ്ഞു...

very very good...........................allahuvinu sthuthi

mohamed പറഞ്ഞു...

nanma eppozhum nilanilkkum.

Mohamed പറഞ്ഞു...

assalamualiakum, Oru karyam brother abdul gagfoorinodu parayan undu.... pravachakante peru type cheyyumbo (S) ennulla prayogam sheriyanennu thonunnundo.. pravachakante peru type cheyyumbo muzhuvan parayanam.... avide nammude madi kattaruthu.... (s) (PBUH) ...ee prayogangal madiyanmarkku ullatha... appo ini evideyengilum pravachakante nabi Muhammed sallallahu walaihiwassallam ennu thanne upayogikka prathyegam sredhikkuka

Shafeek പറഞ്ഞു...

padichathanusarichu pravarthikkanum pdachavan namme anugrahikkumaragatte ameen

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ