മലയാളം ഹദീസ് പഠനം 32

അബൂഹുറയ്റ(റ) : റസൂല്‍(സ) ചോദിച്ചു: പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അല്ലാഹുവും പ്രവാചകനുമാണ് കൂടുതല്‍ അറിയുന്നവര്‍ എന്നദ്ദേഹം മറുപടി പറഞ്ഞു. അവിടുന്നരുളി: നിന്റെ സഹോദരനെപ്പറ്റി അവന് ഇഷ്ടമില്ലാത്തത് പറയലാണത്. അന്നേരം ചോദിക്കപ്പെട്ടു: ഞാന്‍ പറയുന്നത് ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കില്‍ നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില്‍ നീ കളവും പറഞ്ഞു. (മുസ്ലിം)

സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കള്ളമാണെന്ന് ബോദ്ധ്യപ്പെട്ടത് ഞാന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നവന്‍ കള്ളം പറയുന്നവരില്‍ പെട്ടവന്‍ തന്നെ. (മുസ്ലിം) (കളവാണെന്ന് ബോദ്ധ്യം വന്നത് പ്രചരിപ്പിക്കുന്നത് കള്ളം പറയുന്നതിന് തുല്യമാണെന്ന് സാരം)

സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു. അല്ലാഹുവിന്റെ ലഅ്നത്തുണ്ടാകട്ടെ. അവന്റെ കോപമുണ്ടാകട്ടെ. നരകം നിങ്ങള്‍ക്കുണ്ടാകട്ടെ. അന്നിങ്ങനെ നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (അബൂദാവൂദ്, തിര്‍മിദി)അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ' ലഅ്നത്ത് ' ചെയ്യുന്നവര്‍ അന്ത്യനാളില്‍ ശഫാഅത്തിനോ സാക്ഷിക്കോ പറ്റുന്നവരല്ല. (മുസ്ലിം)

ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: അധിക്ഷേപിക്കുന്നവനും ലഅ്നത്ത് ചെയ്യുന്നവനും നീചവും നികൃഷ്ടവുമായി സംസാരിക്കുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി)

മിഖ്ദാദി(റ)ല്‍ നിന്ന് ഹമ്മാമ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ഉസ്മാന്‍(റ) വിനെപ്പറ്റി ഒരാള്‍ മുഖസ്തുതി പറയാന്‍ തുടങ്ങിയപ്പോള്‍ മിഖ്ദാദ്(റ) തന്റെ കാല്‍മുട്ട് നിലത്ത് കുത്തി ഇരുന്നുകൊണ്ട് അവന്റെ മുഖത്ത് ചരല്‍പ്പൊടി വാരി എറിയാന്‍ തുടങ്ങി . തദവസരം നീ എന്താണ് കാണിക്കുന്ന തെന്ന് ഉസ്മാന്‍(റ) ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: റസൂല്‍(സ) പറഞ്ഞിട്ടുണ്ട് നിങ്ങള്‍ മുഖസ്തുതി പറയുന്നവരുടെ മുഖത്ത് മണല്‍ വാരി എറിഞ്ഞു കൊള്ളുക. (മുസ്ലിം)

ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസി സത്യവിശ്വാസിയുടെ സഹോദരനാണ്. സ്വന്തം സഹോദരന്റെ കച്ചവടത്തിനെതിരെ കച്ചവടം ചെയ്യരുത്. അപ്രകാരം തന്നെ തന്റെ സഹോദരന്റെ വിവാഹാലോചനക്കെതിരില്‍ വിവാഹാലോചന നടത്തരുത്. അവന്‍ വേണ്െടന്ന് വെച്ചാല്‍ ഒഴികെ. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: ശാപം ഏല്‍ക്കുന്ന രണ്ടുകാര്യം നിങ്ങള്‍ സൂക്ഷിക്കണം. അവര്‍ ചോദിച്ചു: ഏതാണ് ആ രണ്ട് കാര്യം? അവിടുന്ന് പറഞ്ഞു: ജനങ്ങളുടെ വഴിയിലും അവരുടെ നിഴലിലും വിസര്‍ജ്ജനം ചെയ്യലാണവ. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കല്‍ നബി(സ) നിരോധിച്ചിരിക്കുന്നു . (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടാല്‍ (ഇഖാമത്ത് കൊടുക്കപ്പെട്ടിട്ടുള്ള) ഫര്‍ളല്ലാത്ത നമസ്കാരമില്ല. (മുസ്ലിം)

ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: കഅ്ബയെ തന്നെയാണ, എന്ന് ഒരാള്‍ സത്യം ചെയ്യുന്നത് അദ്ദേഹം കേട്ടു. അന്നേരം ഇബ്നുഉമര്‍(റ) പറഞ്ഞു. അല്ലാഹുവല്ലാത്തവരെ ക്കൊണ്ട് നീ സത്യംചെയ്യരുത്. റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെ ക്കൊണ്ട് വല്ലവനും സത്യം ചെയ്താല്‍ അവന്‍ കാഫിറോ മുശ്രികോ ആയിപ്പോകും. (തിര്‍മിദി)

ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മതനടപടികള്‍കൊണ്ട് സത്യം ചെയ്യുന്നവന്‍ നമ്മളില്‍പ്പെട്ടവനല്ല. (അബൂദാവൂദ്)

അബ്ദുര്‍റഹ്മാന്‍(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വന്തം പിതാക്കളെക്കൊണ്ടോ ബിംബങ്ങളെക്കൊണ്ടോ നിങ്ങള്‍ സത്യം ചെയ്യരുത്. (മുസ്ലിം)

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മനുഷ്യന്‍ ഏതെങ്കിലുമൊന്നിനെ ലഅ്നത്ത് (ശപിക്കല്‍) ചെയ്യുന്നപക്ഷം ആ ലഅ്നത്ത് വാനലോകത്തേക്ക് കയറിച്ചെല്ലും. പക്ഷെ ആകാശത്തിന്റെ കവാടം അടക്കപ്പെടും. ഭൂമിയിലേക്ക് തിരിച്ചുവന്നാല്‍ അതിന്റെ കവാടവും അടക്കപ്പെടും. പിന്നീട് അത് വലതുഭാഗത്തും ഇടതുഭാഗത്തും ചെന്നു നോക്കും. അവസാനം ഒരു വഴിയും കണ്ടെത്താതെ വന്നാല്‍ ലഅ്നത്ത് ചെയ്യപ്പട്ട ആളുടെ അടുത്തുവന്ന് നോക്കും. അയാളതിന്ന് അര്‍ഹനല്ലെങ്കില്‍ അതിന്റെ വക്താവില്‍ തന്നെ മടങ്ങിയെത്തും. (അബൂദാവൂദ്)

ഇംറാനി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഏതോ യാത്രയിലായിരിക്കെ ഒരു അന്‍സാരി വനിത ഒട്ടകപ്പുറത്ത് കയറിവന്നു. (യാത്രാക്ഷീണം നിമിത്തം) ഒട്ടകം മടുപ്പ് കാണിച്ചപ്പോള്‍ അവള്‍ അതിനെ ശപിച്ചത് റസൂല്‍(സ) കേട്ടു. ഉടനെ അവിടുന്ന് പറഞ്ഞു: അതിന്മേലുള്ളത് എടുത്തിട്ട് നിങ്ങള്‍ അതിനെ വിട്ടേക്കൂ! നിശ്ചയം, അത് ശാപമേറ്റതാണ്. ഇംറാന്‍ പറഞ്ഞു: ജനങ്ങള്‍ക്കിടയിലൂടെ അത് അലഞ്ഞുതിരിയുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആരും അതിനെ ശ്രദ്ധിക്കാറേയില്ല. (മുസ്ലിം)

അബൂബര്‍സത്തി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ജനതയുടെ ഏതാനും ചരക്കുമായി ഒട്ടകപ്പുറത്ത് ഒരു സ്ത്രീ വരികയായിരുന്നു: പര്‍വ്വതനിരകളില്‍ ആള്‍ത്തിരക്കേറിയിരുന്നു. നബി(സ) യെ കണ്ടമാത്രയില്‍ അവള്‍ പറഞ്ഞു: 'ഹല്‍' (നടക്കൂ) അല്ലാഹുവേ! നീ അതിനെ ശപിക്കേണമേ! നബി(സ) പറഞ്ഞു: ശപിക്കപ്പെട്ട ഒട്ടകം നമ്മോട് സഹവസിക്കരുത്. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകിനെ എരിച്ചുകളയുമ്പോലെയോ പുല്ലിനെ കരിച്ചുകളയുമ്പോലെയോ ആണ് അസൂയ ഹസനാത്തിനെ (സല്‍കര്‍മ്മങ്ങള്‍) നശിപ്പിക്കുന്നത്. (അബൂദാവൂദ്)

വാസില(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു. നിന്റെ സഹോദരന്റെ കഷ്ടപ്പാടില്‍ നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ളേശിപ്പിക്കുകയും ചെയ്യും. (തിര്‍മിദി)

ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ പരസ്പരം അതിക്രമം കാണിക്കാതെയും പരസ്പരം കിടമത്സരം നടത്താതെയും വിനയത്തോടെ വര്‍ത്തിക്കേണ്ടതാണെന്ന് എനിക്ക് അല്ലാഹു ദൌത്യം നല്‍കിയിരിക്കുന്നു. (മുസ്ലിം)

ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും പ്രവാചകന്‍ ശപിച്ചിരിക്കുന്നു. (മുസ്ലിം) 'അതിന്റെ സാക്ഷികളെയും എഴുത്തുകാരനെയും ശപിച്ചിട്ടുണ്ട് . ' എന്ന് തിര്‍മിദിയിലും മറ്റുമുണ്ട്.

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: എല്ലാ വഞ്ചകര്‍ക്കും അന്ത്യ നാളില്‍ തങ്ങളുടെ മലദ്വാരത്തിങ്കല്‍ ഓരോ പതാക നാട്ടപ്പെടും. വഞ്ചനയുടെ സ്ഥിതിയനുസരിച്ചായിരിക്കും ആ പതാക ഉയര്‍ത്തപ്പെടുന്നത്. അറിയണം, ഒരു ഭരണ മേധാവിയുടെ വഞ്ചനയേക്കാള്‍ കടുത്തവഞ്ചനയില്ല. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: നമുക്കെതിരില്‍ ആയുധങ്ങളേന്തിയവന്‍ നമ്മളില്‍ പെട്ടവനല്ല. അപ്രകാരം നമ്മളെവഞ്ചിച്ചവനും നമ്മളില്‍ പെട്ടവനല്ല. (ഒരു യഥാര്‍ത്ഥ മുഅ്മിനല്ല) (മുസ്ലിം)

അബുഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അന്യന്റെ ഭാര്യയേയോ ഉടമയിലുള്ളവനേയോ വഞ്ചിക്കുന്നവന്‍ നമ്മളില്‍ പെട്ടവനല്ല. (അബൂദാവൂദ്)

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വല്ലവനും തന്റെ സഹോദരന്റെ അഭിമാനത്തെ ക്ഷതം വരുത്തുന്നത് തടുത്താല്‍ അന്ത്യദിനത്തില്‍ അവന്റെ മുഖത്തുനിന്ന് അല്ലാഹു നരകാഗ്നിയെ തടുക്കുന്നതാണ്. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: മുസ്ളിമിന്റെ സര്‍വ്വതും മറ്റൊരു മുസ്ളിമിന്ന് നിഷിദ്ധമാണ്. അഥവാ, അവന്റെ രക്തവും അവന്റെ അഭിമാനവും ധനവും. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മൂന്ന് ദിവസത്തില്‍ കൂടുതല്‍ തന്റെ സഹോദരനുമായി പിണങ്ങിനില്‍ക്കല്‍ അനുവദനീയമല്ല. വല്ലവനും മൂന്നുദിവസത്തില്‍ കൂടുതലുള്ള പിണക്കത്തില്‍ മരിച്ചുപോയാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കും. (അബൂദാവൂദ്)

ഹദ്റദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു. തന്റെ സഹോദരനുമായി വല്ലവനും ഒരുകൊല്ലം പിണങ്ങിനിന്നാല്‍ അതവന്റെ രക്തം ചിന്തുന്നതിന് തുല്യമാണ്. (അബൂദാവൂദ്)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസികള്‍ തമ്മില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ പിണങ്ങിനില്‍ക്കല്‍ അനുവദനീയമല്ല. ഇനി അങ്ങനെ മൂന്നുദിവസം കടന്നുപോയാലോ അവനെ സമീപിച്ച് സലാം പറയണം. സലാം മടക്കിയാല്‍ അവര്‍ രണ്ടുപേര്‍ക്കും തുല്യ പ്രതിഫലം ലഭിക്കും. മടക്കിയിട്ടില്ലെങ്കില്‍ കുറ്റംകൊണ്ട് അവന്‍ മടങ്ങി. സലാം ചൊല്ലിയവനോ കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടു. (അബൂദാവൂദ്)

2 comments:

abdulgafoor പറഞ്ഞു...

അസ്സലാമു അലൈകും ,ജസകല്ലഹ് ഹെയര്‍ ഇതില്‍ നീന്നും കുറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു അല്ഹെമ്ദുലില്ലഹ് .അള്ളാഹു നമുക്കും നമ്മോട് ബന്ടപ്പെട്ടവര്കും മരിക്കുന്നത് വരെ ഇതെല്ലം ജീവിതത്തില്‍ പകര്‍ത്തി ജീവിക്കാനും,അള്ളാഹു ഇഷ്ട്ടപ്പെട്ട മര്കത്തില്‍ മാത്രം ജീവിക്കുവാനും തൌഫേക് ചെയ്യട്ടെ ആമീന്‍.

abdulgafoor പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ