മലയാളം ഹദീസ് പഠനം 35

അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി : 8-73-20)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീര്‍ച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി : 8-73-17)

അബൂഹുറൈറ(റ)പറയുന്നു: നബി(സ)അരുളി: വല്ലവനും തന്റെ ആഹാരത്തില്‍ വിശാലത ലഭിക്കുവാനും തന്റെ അവധി പിന്തിപ്പിച്ചുകിട്ടുവാനും (ദീര്‍ഘായുസ്സ് ലഭിക്കുവാനും)ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം പുലര്‍ത്തട്ടെ. (ബുഖാരി : 8-73-14)


ജുബൈര്‍(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. (ബുഖാരി : 8-73-13)

ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്)

അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങളെ ബാധിച്ച ഒരു വിപത്തുകാരണം ആരും തന്നെ മരിക്കാനാഗ്രഹിക്കരുത്. അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ ! ജീവിതമാണെനിക്കുത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ! മരണമാണെങ്കില്‍ എന്നെ നല്ല നിലക്ക് മരിപ്പിക്കുകയും ചെയ്യേണമേ! (ബുഖാരി : 7-70-575)

അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്റെ മൂക്ക് നിലംപതിക്കട്ടെ. (മുസ്ലിം) (അഥവാ അവന്‍ നീചനും നിന്ദ്യനുമാവട്ടെ)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: സത്യവിശ്വാസി സത്യവിശ്വാസിനിയോട് കോപിക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ തന്നെയും മറ്റുപലതും അവന്‍ തൃപ്തിപ്പെട്ടേക്കാനിടയുണ്ട്. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളില്‍ പരിപൂര്‍ണ്ണന്‍ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളില്‍വെച്ചേറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. (തിര്‍മിദി)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നിട്ടെന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടില്ല എന്ന് ആവലാതിപ്പെടാത്ത കാലം വരെ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകതന്നെ ചെയ്യും. (ബുഖാരി : 8-75-352)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു പറയും: എന്നെക്കുറിച്ച് എന്റെ അടിമക്കുള്ള ധാരണ എവിടെയാണോ അവിടെയായിരിക്കും ഞാന്‍. എന്നെ അവന്‍ സ്മരിക്കുമ്പോള്‍ ഞാനവനോടൊപ്പമുണ്ടായിരിക്കും. എന്നെ സ്മരിച്ചതു അവന്റെ മനസ്സുകൊണ്ടാണെങ്കില്‍ എന്റെ മനസ്സുകൊണ്ട് ഞാനവനെയും സ്മരിക്കും. ഒരു സദസ്സില്‍ വെച്ച് അവന്‍ എന്നെ സ്മരിച്ചെങ്കില്‍ അവരേക്കാളുന്നതരായ ഒരു സമൂഹത്തില്‍വെച്ച് ഞാനവനെയും സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം ഞാനങ്ങോട്ടടുക്കും. ഒരു മുഴം അവന്‍ എന്നിലേക്കടുത്താല്‍ ഒരുകൈ ഞാനങ്ങോട്ടടുക്കും. അവന്‍ എന്റെയടുക്കലേക്ക് നടന്നു വന്നാല്‍ ഞാന്‍ അവന്റെയടുക്കലേക്ക് ഓടിച്ചെല്ലും. (ബുഖാരി : 9-93-502)

അബൂസലമ:(റ) നിവേദനം: അദ്ദേഹത്തിന്റെയും ഒരു സംഘത്തിന്റെയും ഇടയില്‍ ഒരു ഭൂമിയുടെ പ്രശ്നത്തില്‍ തര്‍ക്കം ഉല്‍ഭവിച്ച് ആയിശ:(റ) പറഞ്ഞു; അബൂസലമ: നീ ആ ഭൂമി ഉപേക്ഷിക്കുക. നിശ്ചയം തിരുമേനി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. വല്ലവനും ഒരു ചാണ്‍ ഭൂമി കവര്‍ന്നെടുത്താല്‍ തന്നെ ഏഴ് ഭൂമി അവന്റെ കഴുത്തില്‍ അണിയിക്കുന്നതാണ് (ബുഖാരി : 4-54- 417)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; വെളളിയാഴ്ച ദിവസം വന്നാല്‍ പളളിയുടെ ഓരോ വാതില്ക്കലും കുറെ മലക്കുകള്‍ വന്നു നില്‍ക്കും. ആദ്യമാദ്യം വരുന്നവരാരെന്ന് അവരെഴുതികൊണ്ടിരിക്കും. അവസാനം ഇമാം മിമ്പറില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ കടലാസുകളെല്ലാം ചുരുട്ടിവെച്ച് ഇമാമിന്റെ ഉല്‍ബോധനം കേള്‍ക്കാന്‍ ചെന്നിരിക്കും. (ബുഖാരി : 4-54-434)

അബൂഹൂറൈറ(റ) നിവേദനം: നബി(സ) ഒരിയ്ക്കലും ഒരു ഭക്ഷണസാധനത്തെ വിമര്‍ശിക്കാറില്ല. തനിക്ക് ഇഷ്ടപ്പെട്ടാല്‍ അതു ഭക്ഷിക്കും. ഇല്ലെങ്കില്‍ അതു ഉപേക്ഷിക്കും. (ബുഖാരി : 4-56-764)

അനസ്(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ ഒരു വൃക്ഷമുണ്ട്. ഒരു വാഹനയാത്രക്കാരന്‍ നൂറുവര്‍ഷം സഞ്ചരിച്ചാലും അതിന്റെ തണല്‍ മുറിച്ചുകടക്കുകയില്ല. (ബുഖാരി : 4-54-474)

മലയാളം ഹദീസ് പഠനം 34

അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. അല്ലാഹു പ്രദാനം ചെയ്തതില്‍ സംതൃപ്തിയും ഉപജീവനത്തിന് മാത്രം ആഹാരവുമുള്ള സത്യവിശ്വാസി വിജയം വരിച്ചവനത്രെ. (അവനത്രെ സൌഭാഗ്യവാന്‍) (മുസ്ലിം)

ഫളാലത്ത്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഇസ്ളാമിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെടുകയും ആഹാരം ഉപജീവനത്തിനുമാത്രം ലഭിക്കുകയും ഉള്ളതു കൊണ്ടു തൃപ്തിപ്പെടുകയും ചെയ്യുന്നവന് ഞാന്‍ ആശംസ നേരുന്നു. (തിര്‍മിദി)

ഉബൈദുല്ല(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങളിലാരെങ്കിലും തന്റെ കുടുംബങ്ങളില്‍ നിര്‍ഭയനും ആരോഗ്യവാനും അതാത് ദിവസത്തെ ആഹാരം കൈവശമുള്ളവനുമാണെങ്കില്‍, ഐഹിക സുഖങ്ങളാകമാനം അവനു സ്വായത്തമായതുപോലെയാണ്. (തിര്‍മിദി)


അബൂമൂസ(റ)ഉദ്ധരിക്കുന്നു: റസൂല്‍ അരുള്‍ ചെയ്തു: തീര്‍ച്ചയായും അല്ലാഹു (ത) നിങ്ങളുടെ സൌന്ദര്യമോ ശരീരപ്രകൃതിയോ അല്ല പരിഗണിക്കുന്നത്. നിങ്ങളുടെ ഹൃദയങ്ങളിലേക്കത്രെ അവന്റെ നോട്ടം. (മുസ്ലിം)

അബൂസഫ്വാന്‍ അബ്ദുല്ലയില്‍ നിന്ന്: റസൂല്‍(സ) പ്രസ്താവിച്ചു: സദ്വൃത്തിയോടൊപ്പം ദീര്‍ഘായുസ് ലഭിച്ചിട്ടുള്ളവനാണ് മഹോന്നതന്‍. (തിര്‍മിദി)

അബൂദര്‍റി(റ)ല്‍ നിന്ന് നബി വിവരിക്കുന്നു: എന്റെ പ്രജകളുടെ നല്ലതും ചീത്തയുമായ അമലുകള്‍ എനിക്ക് വ്യക്തമാക്കപ്പെടുകയുണ്ടായി. വഴികളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ നീക്കം ചെയ്യുന്നത് സല്‍ക്കര്‍മ്മവും പള്ളികളില്‍ കാണപ്പെടുന്ന കാര്‍ക്കിച്ച കഫം നീക്കം ചെയ്യാതിരിക്കുന്നത് ദുഷ്കര്‍മ്മവുമായാണ് എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞത്. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുഹറമാസത്തിലെ നോമ്പാണ് റമസാനുശേഷം നോമ്പുകളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത്. അപ്രകാരം തന്നെ രാത്രിയിലെ നമസ്കാരമാണ് ഫര്‍ളിനുശേഷമുള്ള നമസ്കാരങ്ങളില്‍ ഏറ്റവും ഉത്തമമായത്. (മുസ്ലിം)

അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: ആശൂറാ നോമ്പിനെ (മുഹറം പത്ത്) സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ) ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ (ചെറിയ) പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)

അബൂഹുറൈറ(റ)ല്‍ നിന്ന്: നബി(സ) പറയുകയുണ്ടായി: മുസ്ളീംകളെ ശല്യപ്പെടുത്തിയിരുന്ന വഴിവക്കിലെ ഒരു വൃക്ഷം മുറിച്ചുനീക്കിയതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞ ഒരാളെ ഞാന്‍ കാണാനിടയായി. (മുസ്ലിം)

ശദ്ദാദി(റ)ല്‍ നിന്ന്: നബി(സ) പ്രഖ്യാപിച്ചു: തന്നെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്തുന്നവനും മരണാനന്തരജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവനുമാണ് ബുദ്ധിമാന്‍. ദേഹേച്ഛക്ക് വശംവദനായി ജീവിക്കുന്നതോടുകൂടി അല്ലാഹുവില്‍ നിന്ന് മോക്ഷമാഗ്രഹിക്കുന്നവന്‍ അതിന് അപ്രാപ്തനായിത്തീരുന്നു. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: അനാവശ്യങ്ങളില്‍ നിന്ന് മാറിനില്ക്കല്‍ ഇസ്ളാമിന്റെ പരിപൂര്‍ണ്ണതയില്‍പ്പെട്ടതാണ്. (തിര്‍മിദി)

അബൂഹുറൈറ(റ)ല്‍ നിന്ന്്: റസൂല്‍(സ) പറഞ്ഞു: ഒരാള്‍ ക്രമപ്രകാരം വുളുചെയ്തു. എന്നിട്ടവര്‍ ജുമുഅ നമസ്കരിക്കാന്‍ (പള്ളിയില്‍) പോയി. ഖുത്തുബ ശ്രദ്ധാപൂര്‍വ്വം കേട്ടു. എങ്കില്‍ അതിന് മുമ്പത്തെ ജുമുഅവരേയും കൂടുതല്‍ മൂന്ന് ദിവസവും അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അവിടെ ആരെങ്കിലും കല്ലുവാരിക്കളിച്ചാല്‍ അവന്റെ പ്രവൃത്തി വിഫലമായി. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്ന് അകന്നുനിന്നാല്‍ അഞ്ചു സമയങ്ങളിലെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റംസാന്‍ അടുത്ത റംസാന്‍ വരെയുമുള്ള പാപങ്ങളെ പൊറുപ്പിക്കുന്നതാകുന്നു. (മുസ്ലിം)

ജാബിര്‍ (റ) നിവേദനം ചെയ്തിരിക്കുന്നു: റസൂല്‍(സ) പ്രഖ്യാപിച്ചു: ഒരു മുസ്ളീമിന്റെ കൃഷിയില്‍ നിന്ന് കട്ടുപോകുന്നതും തിന്നു നശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ട് പോകുന്നതും അവന് സദഖയായിത്തീരുന്നു. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു. ധര്‍മ്മം ധനത്തെ കുറക്കുകയില്ല. ആര്‍ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന്‍ ഉയര്‍ത്തുകതന്നെ ചെയ്യും. (മുസ്ലിം)

അബൂദര്‍റി(റ)യില്‍ നിന്ന്: നബി(സ) ഒരവസരത്തില്‍ പറഞ്ഞു: പുണ്യകര്‍മ്മങ്ങളിലൊന്നിനേയും നീ നിസ്സാരമാക്കി തള്ളരുത്: നിന്റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ടുമുട്ടുക എന്നതാണെങ്കിലും (മുസ്ലിം)

സുഹൈബ്(റ)ല്‍ നിന്ന്: നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. സന്തുഷ്ടനാകുമ്പോള്‍ നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോള്‍ ക്ഷമ പാലിക്കും. അപ്പോള്‍ അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്ലിം)

ഇബ്നു മസ്ഊദി(റ)ല്‍ നിന്ന്: നബി(സ) പതിവായി പ്രാര്‍ത്ഥിക്കാറുണ്ട്: അല്ലാഹുവേ! ക്ഷേമവും പവിത്രതയും തഖ്വയും സന്മാര്‍ഗ്ഗവും എനിക്ക് പ്രദാനം ചെയ്യേണമേ! (മുസ്ലിം)

തിരുമേനി(സ) അരുളിയതായി അബൂസഈദില്‍ നിന്ന്: ഇഹലോകം മധുരവും അലങ്കാര പ്രദവുമാണ്. അതില്‍ നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവന്‍ വീക്ഷിക്കുന്നുണ്ട്. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന്: നിങ്ങള്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയും അതില്‍ അടിയുറച്ചു നില്ക്കുകയും ചെയ്യുക. നിങ്ങളറിയണം: ആരും തന്നെ തന്റെ സല്‍പ്രവൃത്തികൊണ്ടുമാത്രം രക്ഷപ്പെടുകയില്ല. ഇതു കേട്ടപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു. പ്രവാചകരേ! അങ്ങും രക്ഷപ്പെടുകയില്ലേ? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും എന്നെ ആവരണം ചെയ്തിട്ടു ണ്ടായിരുന്നില്ലെങ്കില്‍ ഞാനും രക്ഷപ്പെടുകയില്ലായിരുന്നു. (മുസ്ലിം)

അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്യുന്നു: നബി(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തില്‍ സത്യവിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തേക്കാള്‍ ഘനംതൂങ്ങുന്ന മറ്റൊന്നുമില്ല. നിശ്ചയം നീച വാക്കുകള്‍ പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും. (തിര്‍മിദി)

അബൂഉമാമത്ത്(റ) വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ തിരുദൂതന്റെ(സ) സന്നിധിയില്‍വെച്ച് അവിടുത്തെ സന്തതസഹചാരികള്‍ ദുന്‍യാവിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. അപ്പോള്‍ തിരുദൂതന്‍(സ) പറഞ്ഞു. നിങ്ങള്‍ കേട്ടിട്ടില്ലേ? കേട്ടിട്ടില്ലേ? ലഘുജീവിതം ഈമാനില്‍പ്പെട്ടതാണ്. ലഘുജീവിതം ഈമാനില്‍ പെട്ടതാണ്. എന്ന്! (അബൂദാവൂദ്)

അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നല്‍കേണമേ എന്ന് പറയരുത്. ഉറപ്പിച്ച് തന്നെചോദിക്കുക. നിര്‍ബന്ധിച്ച് അല്ലാഹുവിനെ കൊണ്ട് ഒരുകാര്യം ചെയ്യിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. (ബുഖാരി : 8-75-350)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നിട്ടെന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടില്ല എന്ന് ആവലാതിപ്പെടാത്ത കാലം വരെ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകതന്നെ ചെയ്യും. (ബുഖാരി : 8-75-352)

കഅ്ബുബ്നു മാലിക്(റ) വില്‍ നിന്ന് നിവേദനം: ആട്ടിന്‍പറ്റങ്ങളിലേക്ക് അഴിച്ചുവിട്ട വിശന്ന രണ്ട് ചെന്നായ്ക്കളുണ്ടാക്കുന്ന നാശത്തേക്കാള്‍ കൊടുംക്രൂരമാണ് സമ്പത്തിനോടും പ്രശസ്തിയോടുമുള്ള മനുഷ്യന്റെ അത്യാഗ്രഹം അവന്റെ ദീനിനോട് ചെയ്യുന്നത്. (തിര്‍മിദി)

മലയാളം ഹദീസ് പഠനം 33

സഫിയ്യ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ജ്യോത്സ്യന്റെ അടുത്തുചെന്ന് അവന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നവന്റെ നാല്പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഊരിയ വാളുമായി നടക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു . (അബൂദാവൂദ്, തിര്‍മിദി)

ഖത്താദ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് അദ്ദേഹം കേട്ടു: കച്ചവടത്തില്‍ ധാരാളം സത്യം ചെയ്യുന്നത് നിങ്ങള്‍ സൂക്ഷിക്കണം. അത് ചരക്കുകള്‍ ചിലവഴിക്കുമെങ്കിലും അഭിവൃദ്ധി നശിപ്പിക്കുന്നതാണ്. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍പെട്ടതാണ്. അത് റഹ്മത്തിനെയും അദാബിനെയും കൊണ്ടു വരും. കാറ്റ് കണ്ടാല്‍ നിങ്ങളതിനെ ആക്ഷേപിക്കരുത്. അതിന്റെ നന്മയെ ആവശ്യപ്പെടുകയും അതിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷതേടുകയും വേണം. (അബൂദാവൂദ്)


ഉബയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ കാറ്റിനെ ആക്ഷേപിക്കരുത്. നിങ്ങള്‍ക്ക് വിഷമമുള്ള കാറ്റ് കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊള്ളണം. അല്ലാഹുവേ, ഈ കാറ്റില്‍ നിന്നുണ്ടാകുന്ന ഗുണവും അതിനെ തുടര്‍ന്നുണ്ടാകുന്ന നന്മയും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ള നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ കാറ്റിന്റെ ഉപദ്രവത്തില്‍ നിന്നും അതി നാലുണ്ടാകാവുന്നതിന്റെ ഉപദ്രവത്തില്‍ നിന്നും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ളതിന്റെ ഉപദ്രവത്തില്‍ നിന്നും ഞങ്ങള്‍ നിന്നോട് രക്ഷതേടുന്നു. (തിര്‍മിദി)

അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കള്ളസത്യം ചെയ്തുകൊണ്ട് ഒരു മുസ്ളിമിന്റെ ധനം വല്ലവനും പങ്കിട്ടെടുത്താല്‍ അല്ലാഹു അവന് നരകം സ്ഥിരപ്പെടുത്തുകയും സ്വര്‍ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്യും. തദവസരം ഒരാള്‍ ചോദിച്ചു: അത് എത്രയും നിസ്സാരമാണെങ്കിലോ? പ്രവാചകരേ! അവിടുന്ന് പറഞ്ഞു: അത് ഒരു ഉകവൃക്ഷത്തിന്റെ കൊമ്പാണെങ്കിലും! (മുസ്ലിം)

ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ശഠിച്ചുപറഞ്ഞു. നിങ്ങളാരും തന്നെ ഇടതു കൈകൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യരുത്. നിശ്ചയം, പിശാച് അവന്റെ ഇടതു കൈകൊണ്ടാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. ഇടതുകൈകൊണ്ട് നിങ്ങള്‍ ഭക്ഷിക്കരുത്. നിശ്ചയം, പിശാച് ഇടതുകൈകൊണ്ടാണ് ഭക്ഷിക്കുക (അതുകൊണ്ട് നിങ്ങളത് വര്‍ജ്ജിക്കണം). (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളുടെ ഒരു ചെരുപ്പിന്റെ വാര്‍ പൊട്ടിയാല്‍ അത് ശരിയാക്കാതെ മറ്റേ ചെരുപ്പില്‍ മാത്രം നടക്കരുത്. (മുസ്ലിം)

അബ്ദുര്‍റഹ്മാന്‍(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വന്തം പിതാക്കളെക്കൊണ്ടോ ബിംബങ്ങളെക്കൊണ്ടോ നിങ്ങള്‍ സത്യം ചെയ്യരുത്. (മുസ്ലിം)

ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മതനടപടികള്‍കൊണ്ട് സത്യം ചെയ്യുന്നവന്‍ നമ്മളില്‍പ്പെട്ടവനല്ല. (അബൂദാവൂദ്)

ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: കഅ്ബയെ തന്നെയാണ, എന്ന് ഒരാള്‍ സത്യം ചെയ്യുന്നത് അദ്ദേഹം കേട്ടു. അന്നേരം ഇബ്നുഉമര്‍(റ) പറഞ്ഞു. അല്ലാഹുവല്ലാത്തവരെ ക്കൊണ്ട് നീ സത്യംചെയ്യരുത്. റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെക്കൊണ്ട് വല്ലവനും സത്യം ചെയ്താല്‍ അവന്‍ കാഫിറോ മുശ്രികോ ആയിപ്പോകും. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും തീക്കട്ടയുടെ മുകളിലിരുന്ന് തൊലിയും വസ്ത്രവും കത്തിക്കരിയലാണ് ഖബറിന്റെ മേല്‍ ഇരിക്കുന്നതിനേക്കാള്‍ ഉത്തമം. (മുസ്ലിം)

അബൂമര്‍സദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയോ അതിന്‍മുകളില്‍ ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഖബര്‍ ചെത്തിത്തേക്കുന്നതും അതിന്റെമേല്‍ ഇരിക്കുന്നതും അതിന്റെ മേല്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു. (മുസ്ലിം)

അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങള്‍ സത്യവിശ്വാസികളാകാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹമില്ലാതെ സത്യവിശ്വാസികളാവുകയില്ല. പരസ്പരം സ്നേഹമുണ്ടാകുന്ന കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ ? നിങ്ങള്‍ക്കിടയില്‍ സലാം പരത്തലാണ്. (മുസ്ലിം)

അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മനുഷ്യരേ! നിങ്ങള്‍ സലാം പരത്തുകയും ആഹാരം നല്‍കുകയും ചാര്‍ച്ചയെ (കുടുംബ ബന്ധം) ചേര്‍ക്കുകയും ജനങ്ങള്‍ നിദ്രയിലാണ്ടിരിക്കുമ്പോള്‍ നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)

അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്നോട് പറഞ്ഞു: പ്രിയ മകനേ! കുടുംബക്കാരുടെ അടുത്ത് നീ ചെല്ലുമ്പോള്‍ അവരോട് സലാം പറയൂ. നിനക്കും വീട്ടുകാര്‍ക്കും അഭിവൃദ്ധിക്ക് കാരണമാണത്. (തിര്‍മിദി)

അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുളി: നിങ്ങളാരെങ്കിലും കൂട്ടുകാരനെ കണ്ടുമുട്ടിയാല്‍ അവനോട് സലാം പറഞ്ഞുകൊള്ളട്ടെ! അവര്‍ക്കിടയില്‍ വൃക്ഷമോ മതിലോ കല്ലോ മറയിട്ടതിനുശേഷം വീണ്ടും കണ്ടുമുട്ടിയാലും സലാം പറയണം. (അബൂദാവൂദ്)

ഇബ്നുഅബ്ബാസ്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതരും അവിടുത്തെ കുടുംബവും നിരന്തരമായി പട്ടിണി കിടക്കാറുണ്ടായിരുന്നു. അത്താഴം അവര്‍ക്ക് ലഭിച്ചിരുന്നില്ല. അവരുടെ റൊട്ടികളില്‍ മിക്കതും ബാര്‍ലിയുടേതായിരുന്നു. (തിര്‍മിദി)

സൌബാനി(റ)ല്‍ നിന്ന്: റസൂല്‍ തിരുമേനി(സ) പറയുന്നത് ഞാന്‍ കേട്ടു: നീ ധാരാളം സുജൂദ് ചെയ്യണം . എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിനുവേണ്ടി നീ ചെയ്യുന്ന ഒരു സുജൂദിന് പകരം അല്ലാഹു നിന്നെ ഒരുപടി ഉയര്‍ത്തുകയും അതുകൊണ്ട് തന്നെ ഒരു പാപം നിനക്ക് പൊറുത്തുതരികയും ചെയ്യും. (മുസ്ലിം)