മലയാളം ഹദീസ് പഠനം 35

അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി : 8-73-20)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീര്‍ച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി : 8-73-17)

അബൂഹുറൈറ(റ)പറയുന്നു: നബി(സ)അരുളി: വല്ലവനും തന്റെ ആഹാരത്തില്‍ വിശാലത ലഭിക്കുവാനും തന്റെ അവധി പിന്തിപ്പിച്ചുകിട്ടുവാനും (ദീര്‍ഘായുസ്സ് ലഭിക്കുവാനും)ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം പുലര്‍ത്തട്ടെ. (ബുഖാരി : 8-73-14)


ജുബൈര്‍(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. (ബുഖാരി : 8-73-13)

ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്)

അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങളെ ബാധിച്ച ഒരു വിപത്തുകാരണം ആരും തന്നെ മരിക്കാനാഗ്രഹിക്കരുത്. അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ ! ജീവിതമാണെനിക്കുത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ! മരണമാണെങ്കില്‍ എന്നെ നല്ല നിലക്ക് മരിപ്പിക്കുകയും ചെയ്യേണമേ! (ബുഖാരി : 7-70-575)

അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്റെ മൂക്ക് നിലംപതിക്കട്ടെ. (മുസ്ലിം) (അഥവാ അവന്‍ നീചനും നിന്ദ്യനുമാവട്ടെ)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: സത്യവിശ്വാസി സത്യവിശ്വാസിനിയോട് കോപിക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ തന്നെയും മറ്റുപലതും അവന്‍ തൃപ്തിപ്പെട്ടേക്കാനിടയുണ്ട്. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളില്‍ പരിപൂര്‍ണ്ണന്‍ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളില്‍വെച്ചേറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. (തിര്‍മിദി)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നിട്ടെന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടില്ല എന്ന് ആവലാതിപ്പെടാത്ത കാലം വരെ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകതന്നെ ചെയ്യും. (ബുഖാരി : 8-75-352)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു പറയും: എന്നെക്കുറിച്ച് എന്റെ അടിമക്കുള്ള ധാരണ എവിടെയാണോ അവിടെയായിരിക്കും ഞാന്‍. എന്നെ അവന്‍ സ്മരിക്കുമ്പോള്‍ ഞാനവനോടൊപ്പമുണ്ടായിരിക്കും. എന്നെ സ്മരിച്ചതു അവന്റെ മനസ്സുകൊണ്ടാണെങ്കില്‍ എന്റെ മനസ്സുകൊണ്ട് ഞാനവനെയും സ്മരിക്കും. ഒരു സദസ്സില്‍ വെച്ച് അവന്‍ എന്നെ സ്മരിച്ചെങ്കില്‍ അവരേക്കാളുന്നതരായ ഒരു സമൂഹത്തില്‍വെച്ച് ഞാനവനെയും സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം ഞാനങ്ങോട്ടടുക്കും. ഒരു മുഴം അവന്‍ എന്നിലേക്കടുത്താല്‍ ഒരുകൈ ഞാനങ്ങോട്ടടുക്കും. അവന്‍ എന്റെയടുക്കലേക്ക് നടന്നു വന്നാല്‍ ഞാന്‍ അവന്റെയടുക്കലേക്ക് ഓടിച്ചെല്ലും. (ബുഖാരി : 9-93-502)

അബൂസലമ:(റ) നിവേദനം: അദ്ദേഹത്തിന്റെയും ഒരു സംഘത്തിന്റെയും ഇടയില്‍ ഒരു ഭൂമിയുടെ പ്രശ്നത്തില്‍ തര്‍ക്കം ഉല്‍ഭവിച്ച് ആയിശ:(റ) പറഞ്ഞു; അബൂസലമ: നീ ആ ഭൂമി ഉപേക്ഷിക്കുക. നിശ്ചയം തിരുമേനി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. വല്ലവനും ഒരു ചാണ്‍ ഭൂമി കവര്‍ന്നെടുത്താല്‍ തന്നെ ഏഴ് ഭൂമി അവന്റെ കഴുത്തില്‍ അണിയിക്കുന്നതാണ് (ബുഖാരി : 4-54- 417)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; വെളളിയാഴ്ച ദിവസം വന്നാല്‍ പളളിയുടെ ഓരോ വാതില്ക്കലും കുറെ മലക്കുകള്‍ വന്നു നില്‍ക്കും. ആദ്യമാദ്യം വരുന്നവരാരെന്ന് അവരെഴുതികൊണ്ടിരിക്കും. അവസാനം ഇമാം മിമ്പറില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ കടലാസുകളെല്ലാം ചുരുട്ടിവെച്ച് ഇമാമിന്റെ ഉല്‍ബോധനം കേള്‍ക്കാന്‍ ചെന്നിരിക്കും. (ബുഖാരി : 4-54-434)

അബൂഹൂറൈറ(റ) നിവേദനം: നബി(സ) ഒരിയ്ക്കലും ഒരു ഭക്ഷണസാധനത്തെ വിമര്‍ശിക്കാറില്ല. തനിക്ക് ഇഷ്ടപ്പെട്ടാല്‍ അതു ഭക്ഷിക്കും. ഇല്ലെങ്കില്‍ അതു ഉപേക്ഷിക്കും. (ബുഖാരി : 4-56-764)

അനസ്(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ ഒരു വൃക്ഷമുണ്ട്. ഒരു വാഹനയാത്രക്കാരന്‍ നൂറുവര്‍ഷം സഞ്ചരിച്ചാലും അതിന്റെ തണല്‍ മുറിച്ചുകടക്കുകയില്ല. (ബുഖാരി : 4-54-474)

5 comments:

MUHAMMED HUSSAIN പറഞ്ഞു...

al hamdulillah

Rahman പറഞ്ഞു...

alhamdhulilllah shukran

abdunazar പറഞ്ഞു...

allahu hudaya anugarihikkatta......ameen

abdulgafoor പറഞ്ഞു...

അസ്സലാമു അലൈകും,ഹദീസുകള്‍ വായിച്ചു അല്ഹെമ്ദുലില്ലഹ് ..അള്ളാഹു നമുക്കും നമ്മോട് ബന്ടപ്പെട്ടവര്കും മരിക്കുന്നത് വരെ അള്ളാഹു ഇഷ്ട്ടപെട്ട മര്കത്തില്‍ മാത്രം ജീവിച്ചു കൊണ്ട് അല്ലാഹുവിനു കൂടുതല്‍ ,കൂടുതല്‍ ഇബാദത് ചെയ്യുവാന്‍ തൌഫേക് ചെയ്യട്ടെ ആമീന്‍ .അള്ളാഹു നിങ്ങളുടെ ഹുദ ഇന്‍ഫോ എന്ന സംരംഭത്തെ ഒരു സോലിഹായ അമലക്കട്ടെ ആമീന്‍ .

mahamood പറഞ്ഞു...

അള്ളാഹു നിങ്ങളുടെ ഹുദ ഇന്‍ഫോ എന്ന സംരംഭത്തെ ഒരു സോലിഹായ അമലക്കട്ടെ ആമീന്‍ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ