മലയാളം ഹദീസ് പഠനം 37
ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ചകളില്‍ പ്രസിദ്ധീകരിച്ച ഹദീസുകള്‍ ഒന്നിച്ചു വായിക്കാന്‍ ഈ ബ്ലോഗ്‌ പോസ്റ്റ്‌ സന്ദര്‍ശിക്കുക.  മലയാളം ഹദീസ് പഠനം വെബ്സൈറ്റ് സന്ദര്‍ശിക്കുക : http://blog.hudainfo.com

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി : 1-2-12)

ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്റെ സഹോദരന്റെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി : 1-2-23)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സത്യവിശ്വാസത്തിന് അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി. 1. 2. 8)


അബ്ദുല്ലാഹിബ്നുഅംറ്(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ കറയറ്റ കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലുംഒരു ലക്ഷണം ഒരാളിലുണ്ടെങ്കില്‍ അത് വര്‍ജ്ജിക്കും വരേക്കും അവനില്‍ കപടവിശ്വാസത്തിന്റെ ഒരു ലക്ഷണമുണ്ടെന്നും വരും. 1. വിശ്വസിച്ചാല്‍ ചതിക്കുക, 2. സംസാരിച്ചാല്‍ കളവ് പറയുക, 3. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക, 4. പിണങ്ങിയാല്‍ അസഭ്യം പറയുക. (ബുഖാരി : 1-2-33)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക. (ബുഖാരി : 1-2-32)

അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നിവേദനം: 'വിശ്വസിക്കുകയും എന്നിട്ടു തങ്ങളുടെ വിശ്വാസത്തോട് അക്രമം കൂട്ടിച്ചേര്‍ക്കാതിരിക്കുകയും ചെയ്തവര്‍ക്ക് സമാധാനമുണ്ട്. അവര്‍ തന്നെയാണ് സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍' എന്ന ആയത്ത് അവതരിച്ചപ്പോള്‍ തിരുമേനി(സ)യുടെ അനുചരന്മാര്‍ ചോദിച്ചു (നബിയേ) ഞങ്ങളില്‍ സ്വശരീരത്തോടു അക്രമം പ്രവര്‍ത്തിക്കാത്തവരാണ്? അപ്പോഴാണ് അല്ലാഹുവിന് പങ്കുകാരെ വെച്ച് പൂലര്‍ത്തലാണ് വലിയ അക്രമം എന്ന ആയത്തുഅല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി : 1-2-31)

ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുളി: എനിക്ക് ഒരിക്കല്‍ നരകം കാണിക്കപ്പെട്ടു. അപ്പോള്‍ അതില്‍ അധികവും സ്ത്രീകളാണ്. കാരണം അവര്‍ നിഷേധിക്കുന്നു. അനുചരന്മാര്‍ ചോദിച്ചു. അവര്‍ അല്ലാഹുവിനെ നിഷേധിക്കുകയാണോ? നബി(സ) പറഞ്ഞു: അല്ല അവര്‍ ഭര്‍ത്താക്കന്മാരെ (അവരുടെ അനുഗ്രഹങ്ങളെ) നിഷേധിക്കുന്നു. ആ ഔദാര്യങ്ങളോട് നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തുകൊടുത്തു. എന്നിട്ട് അവളുടെ ഹിതത്തിന് യോജിക്കാത്ത വല്ലതും നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക് ഒരു നന്മയും ഇന്നുവരെയും ചെയ്തുതന്നിട്ടില്ല എന്ന്. (ബുഖാരി : 1-2-28)

സഅദ്ബ്നു അബീവഖാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരു സംഘത്തിന് എന്തോ ധര്‍മ്മം കൊടുക്കുമ്പോള്‍ ഞാനവിടെ ഇരിക്കുകയായിരുന്നു. ആ കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരാളെ നബി(സ) ഉപേക്ഷിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! എന്തുകൊണ്ടാണ് അവിടുന്ന് ഇയാളെ ഒഴിവാക്കിക്കളഞ്ഞത്. തീര്‍ച്ചയായും ഇയാളെ ഒരു മുഅ്മിനായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ നബി(സ) പറഞ്ഞു: അല്ലെങ്കില്‍ മുസ്ളിം (എന്നു കൂടി പറയുക) അനന്തരം കുറച്ച് സമയം ഞാന്‍ മൌനം ദീക്ഷിച്ചു. എന്നാല്‍ അയാളെ സംബന്ധിച്ചുള്ള അറിവിന്റെ പ്രേരണയാല്‍ ആ വാക്കു തന്നെ ഞാന്‍ വീണ്ടും പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ! എന്തുകൊണ്ടാണ് അവിടുന്ന് ഇയാളെ ഒഴിവാക്കിക്കളഞ്ഞത്. തീര്‍ച്ചയായും ഇയാള്‍ ഒരു മുഅ്മിനായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ തിരുമേനി(സ) അരുളി: അല്ലെങ്കില്‍ മുസ്ളിം. അപ്പോഴും ഞാന്‍ അല്‍പസമയം മൌനം പാലിച്ചു. വീണ്ടും അദ്ദേഹത്തെ സംബന്ധിച്ചുള്ള അറിവ് പ്രേരിപ്പിച്ചതനുസരിച്ച് ഞാന്‍ അതാവര്‍ത്തിച്ചു. നബി(സ)യും തന്റെ മുന്‍ മറുപടി ആവര്‍ത്തിച്ചു. പിന്നെ നബി(സ) പറഞ്ഞു: സഅദ്! ചിലപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിലരെ ഒഴിച്ചു നിര്‍ത്തി മറ്റു ചിലര്‍ക്ക് ഞാന്‍ കൊടുക്കും. അവര്‍ക്ക് കൊടുക്കാതിരിക്കുന്നത് അല്ലാഹു അവരെ നരകത്തില്‍ വീഴ്ത്താന്‍ ഇടയാകുമെന്ന് ഭയന്നിട്ടാണ് അങ്ങനെ ചെയ്യുന്നത്. (ബുഖാരി. 1. 2. 26)

മിഅ്റൂര്‍(റ) നിവേദനം: അദ്ദേഹം പറയുന്നു; ഞാനൊരിക്കല്‍ 'റബ്ദ' എന്ന സ്ഥലത്തുവെച്ച് അബൂദര്‍റിനെ കാണുകയുണ്ടായി. അദ്ദേഹം ഒരു പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടിമയും അതേതരം പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് ഞാനദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരാളെ ശകാരിച്ചു. അവന്റെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍ അയാളെ വഷളാക്കി. അന്നേരം നബി(സ) എന്നോട് പറഞ്ഞു. ഓ! അബൂദര്‍റ്. നീ അയാളുടെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് പരിഹസിച്ച് കളഞ്ഞല്ലോ. അജ്ഞാനകാലത്തെ ചില ദുര്‍ഗുണങ്ങള്‍ നിന്നില്‍ അവശഷിച്ചിട്ടുണ്ട്. നിങ്ങളുടെ ഭൃത്യന്മാര്‍ നിങ്ങളുടെ സഹോദരന്മാരാണ്. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ട് വല്ലവന്റെയും സഹോദരന്‍ അവന്റെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുന്നുവെങ്കില്‍ താന്‍ ഭക്ഷിക്കുന്നതില്‍ നിന്നു തന്നെ അവനു ഭക്ഷിക്കാന്‍ കൊടുക്കുക, താന്‍ ധരിക്കുന്ന അതേ വസ്ത്രം അവനും ധരിക്കാന്‍ കൊടുക്കുക., അവര്‍ക്ക് അസാദ്ധ്യമായ ജോലികളൊന്നും അവനെ ഏല്പിക്കരുത്. വിഷമമേറിയ എന്തെങ്കിലും ജോലികള്‍ അവനെ ഏല്പിക്കേണ്ടി വന്നാല്‍ നിങ്ങള്‍ അവനെ സഹായിക്കണം. (ബുഖാരി : 1-2-29)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി : 1-2-38)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്. ഒരാള്‍ ഇസ്ളാം മതം സ്വീകരിക്കുകയും നല്ല നിലക്ക് ഇസ്ളാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താല്‍ അയാല്‍ മുമ്പ് ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന തെറ്റുകള്‍ക്ക്) ആണ് ശിക്ഷാനടപടി. നന്മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതല്‍ 700 ഇരട്ടി വരെയാണ്. തെറ്റുകള്‍ക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നല്‍കുകയുള്ളു (ഇരട്ടിപ്പിക്കല്‍ ഇല്ല) അതു തന്നെ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കില്‍ മാത്രം. (ബുഖാരി : 1-2-40)

ആയിശ(റ) നിവേദനം: ഒരിക്കല്‍ നബി(സ) അവരുടെ മുറിയില്‍ കടന്നുചെന്നു. അപ്പോള്‍ ഒരു സ്ത്രീ അവരുടെ അടുക്കല്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇതാരെന്നു നബി(സ) ചോദിച്ചു. ഇന്ന സ്ത്രീ എന്നുത്തരം പറഞ്ഞശേഷം അവര്‍ അവളുടെ നമസ്കാരത്തിന്റെ വണ്ണവും വലിപ്പവും പ്രശംസിച്ചു പറയാന്‍ തുടങ്ങി. ഉടനെ തിരുമേനി(സ) അരുളി: വര്‍ണ്ണന നിര്‍ത്തുക, നിങ്ങള്‍ക്ക് നിത്യവും അനുഷ്ഠിക്കാന്‍ സാധിക്കുന്നത്ര നിങ്ങള്‍ അനുഷ്ഠിക്കുവിന്‍. അല്ലാഹു സത്യം, നിങ്ങള്‍ക്ക് മുഷിച്ചില്‍ തോന്നും വരേക്കും അല്ലാഹുവിന് മുഷിച്ചില്‍ തോന്നുകയില്ല. ഒരാള്‍ നിത്യേന നിര്‍വിഘ്നം അനുഷ്ഠിക്കുന്ന മതനടപടികളാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടപ്പെട്ടത്. (ബുഖാരി : 1-2-41)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ളിമിന്റെ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരവും ഖബറടക്കവും കഴിയുന്നതു വരെ കൂടെയുണ്ടാവുകയും ചെയ്താല്‍ അയാള്‍ ഒരു ഖീറാത്തു പ്രതിഫലവും കൊണ്ടാണ് തിരിച്ചുവരിക. (ബുഖാരി : 1-2-45)- Note: എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള് അദ്ദേഹം പറഞ്ഞു: വലിയ രണ്ട് പര്വ്വതം പോലെ. (ബുഖാരി. 2. 23. 410)

സഅ്ദ്ബ്നു അബീവഖാസ്(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നീ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് ചെയ്യുന്ന ഏത് ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നിന്റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്ന ഭക്ഷണം വരെ. (ബുഖാരി : 1-2-53)

അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ളിമിനെ ശകാരിക്കുന്നത് ദുര്‍മാര്‍ഗ്ഗവും അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവുമാണ്. ഉബാദത്ത്ബ്നുസ്സാമിത്ത്(റ) നിവേദനം: തിരുമേനി(സ) ലൈലത്തുല്‍ ഖദ്റിനെക്കുറിച്ച് വിവരമറിയിക്കാന്‍ വേണ്ടി പുറപ്പെട്ടു. അപ്പോള്‍ രണ്ടുപേര്‍ പരസ്പരം ശണ്ഠകൂടുന്നത് അവിടുന്നു കണ്ടു. അതു കാരണം ലൈലത്തുല്‍ ഖദ്റിനെക്കുറിച്ചുള്ള ജ്ഞാനം എന്റെ മനസ്സില്‍ നിന്ന് ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷെ, അത് നിങ്ങള്‍ക്ക് നന്മയായിപരിണമിച്ചേക്കാം. ലൈലത്തുല്‍ ഖദ്റിനെ, 27, 29, 25 മുതലായ രാവുകളില്‍ നിങ്ങള്‍ അന്വേഷിക്കുവീന്‍. (ബുഖാരി : 1-2-46)

മലയാളം ഹദീസ് പഠനം 36

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ടു പേരുടെ ഭക്ഷണം മൂന്നുപേര്‍ക്കും മൂന്നുപേരുടെ ഭക്ഷണം നാലു പേര്‍ക്കും മതിയാകുന്നതാണ്. (ബുഖാരി : 7-65-304)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കോട്ടുവായ് പിശാചിന്റെ പ്രവര്‍ത്തികളില്‍പ്പെട്ടതാണ്. അതിനാല്‍ നിങ്ങളില്‍ വല്ലവനും കോട്ടുവായ് ഇട്ടാല്‍ തന്റെ കഴിവനുസരിച്ച് അതിനെ അവന്‍ നിയന്ത്രിക്കട്ടെ. കോട്ടുവായിട്ടുകൊണ്ട് നിങ്ങളിലൊരാള്‍ ഹാ! എന്നു പറയുമ്പോള്‍ പിശാച് ചിരിക്കുന്നതാണ്. (ബുഖാരി : 4-54-509)

ആമിര്‍ (റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ വല്ലവരും മയ്യിത്തു കൊണ്ടു പോകുന്നത് കണ്ടാല്‍ എഴുന്നേറ്റു നില്‍ക്കുവീന്‍. മയ്യിത്ത് കടന്നുപോകുകയോ അതു താഴെ വെക്കുകയോ ചെയ്യുന്നതുവരെ. (ബുഖാരി : 2-23-394)

ആമിര്‍ (റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഒരു ജനാസയെ കണ്ടു. അതിനെ നിങ്ങള്‍ പിന്തുടരുന്നെങ്കില്‍ അതു നിങ്ങളെ മുമ്പിലേക്കോ പിമ്പിലേക്കോ കടന്നുപോകുകയോ താഴെ വെക്കുകയോ ചെയ്യുന്നതുവരെ അവന്‍ നില്‍ക്കട്ടെ. (ബുഖാരി. 2. 23. 395)


സഈദുല്‍മഖ്ബറി(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഒരു ജനാസയെ അനുഗമിക്കുകയായിരുന്നു. അപ്പോള്‍ അബൂഹുറൈറ(റ) മര്‍വാന്റെ കൈപിടിച്ചു. അവര്‍ രണ്ടുപേരും മയ്യിത്ത് താഴെ വെക്കുന്നതിന് മുമ്പ് തന്നെ ഇരുന്നു. അപ്പോള്‍ അബൂസഈദ്(റ) വന്നു. മാര്‍വാന്റെ കൈ പിടിച്ചു പറഞ്ഞു. എഴുന്നേല്‍ക്കൂ. അല്ലാഹു സത്യം. തിരുമേനി(സ) ഞങ്ങളോട് ഇതു വിരോധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിനറിയാം. അദ്ദേഹം പറഞ്ഞതു സത്യമാണെന്ന് അബൂഹുറൈറ(റ) പറഞ്ഞു. (ബുഖാരി. 2. 23. 396)

അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ മയ്യിത്തിനെ കണ്ടാല്‍ എഴുന്നേല്‍ക്കുവിന്‍. ആരെങ്കിലും അതിനെ പിന്‍തുടര്‍ന്നാല്‍ അതു താഴെ വെക്കുന്നതുവരെ അവന്‍ ഇരിക്കരുത്. (ബുഖാരി. 2. 23. 397)

അബ്ദുല്ലാഹിബിന്‍ അംറിബിന്‍ ആസി(റ)യില്‍ നിന്ന്: നബി(സ) പ്രസ്താവിച്ചു: ഇഹലോകം ചില ഉപകരണങ്ങളാണ്. ഐഹികവിഭവങ്ങളില്‍ ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നു. (മുസ്ലിം)

ജാബിര്‍ (റ) നിവേദനം: 'നകീഅ്' എന്ന സ്ഥലത്തു നിന്ന് ഒരു പാത്രത്തില്‍ കുറച്ച് പാലുമായി അബൂഹുമൈദ്(റ) വന്നു. നബി(സ) അദ്ദേഹത്തെ ഉപദേശിച്ചു. നിങ്ങളെന്തു കൊണ്ട് ഇതു മൂടിക്കൊണ്ട് വന്നില്ല? ഒരു പലകക്കഷ്ണമെങ്കിലും മീതെ വെക്കാമായിരുന്നില്ലേ? (ബുഖാരി : 7-69-510)

ഉമ്മുസലമ:(റ) നിവേദനം: വെളളിയുടെ പാത്രത്തില്‍ കുടിക്കുന്നവന്‍ തന്റെ വയറ്റില്‍ അഗ്നിയാണ് നിറക്കുന്നതെന്ന് നബി(സ) അരുളി. (ബുഖാരി : 7-69-538)

ആയിശ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിനെ അനുസരിക്കാന്‍ വല്ലവനും നേര്‍ച്ചയാക്കിയാല്‍ അവന്‍ അനുസരിച്ച് കൊള്ളട്ടെ. അല്ലാഹുവിന്റെ കല്‍പന ലംഘിക്കുവാനാണ് ഒരാള്‍ നേര്‍ച്ചയാക്കിയതെങ്കില്‍ കല്‍പന ലംഘിച്ചുകൊണ്ടുള്ള ആ നേര്‍ച്ച അവന്‍ ഒരിക്കലും പൂര്‍ത്തിയാക്കരുത്. (ബുഖാരി : 8-78-687)

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: ഭാര്യയും ഭര്‍ത്താവും സംയോഗം നടത്തുകയും എന്നിട്ട് അവളുടെ രഹസ്യം പരസ്യപ്പെടുത്തുകയും ചെയ്യുന്നവന്‍ അന്ത്യദിനത്തില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും താഴ്ന്ന പദവിയിലായിരിക്കും. (മുസ്ലിം)

മിഖ്ദാം(റ) പറയുന്നു: നബി(സ) അരുളി: സ്വന്തം കൈകൊണ്ട് അധ്വാനിച്ച് നേടിയതിനേക്കാള്‍ ഉത്തമമായ ഭക്ഷണം ഒരാളും ഭക്ഷിച്ചിട്ടില്ല. പ്രവാചകനായ ദാവൂദ് (അ) തന്റെ കൈകൊണ്ടു അധ്വാനിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്. (ബുഖാരി : 3-34-286)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വന്തം അധ്വാനഫലമല്ലാതെ ദാവൂദ് (അ) ഭക്ഷിച്ചിരുന്നില്ല. (ബുഖാരി : 3-34-287)

സഹ്ല്(റ) പറയുന്നു: ഒരിക്കല്‍ ഒരു മനുഷ്യന്‍ നബി(സ)യുടെ വീട്ടിലേക്ക് ചുമരിലെ ഒരു പൊത്തിലൂടെ എത്തിനോക്കി. നബി(സ) ഒരു ഇരുമ്പിന്റെ ചീര്‍പ്പുകൊണ്ട് തല ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. നബി(സ)അരുളി: നീ എത്തിനോക്കുന്നത് ഞാന്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ ഇതുകൊണ്ട് നിന്റെ കണ്ണില്‍ ഞാന്‍ കുത്തുമായിരുന്നു. സമ്മതം ചോദിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത് തന്നെ നോട്ടത്തിന്റെ കാരണമാണ്. (ബുഖാരി : 8-74-258)

സഹ്ല്(റ) നിവേദനം: നബി(സ) ഒരു ചീര്‍പ്പുകൊണ്ട് മുടി ചീകിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ നബി(സ)യുടെ വീട്ടിലേക്ക് എത്തിനോക്കി. നബി(സ) പറഞ്ഞു: നോക്കിയതു ഞാനറിഞ്ഞിരുന്നുവെങ്കില്‍ ഇതുകൊണ്ട് നിന്റെ കണ്ണിന് കുത്തുമായിരുന്നു. സമ്മതം ചോദിക്കല്‍ കണ്ണിന്റെ കാരണത്താലാണ് നിശ്ചയിച്ചതുതന്നെ. (ബുഖാരി : 7-72-807)

ആയിശ(റ) പറയുന്നു: നബി(സ) ഒരുപട്ടാളസംഘത്തിന്റെ നേതാവായിക്കൊണ്ട് ഒരാളെ അയച്ചു. അദ്ദേഹം ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതിയിട്ട് ഖുല്‍ഹുവല്ലാഹു അഹദ് എന്ന അധ്യായത്തിലാണ് ഓത്ത് അവസാനിപ്പിക്കുക. തിരിച്ചുവന്നപ്പോള്‍ ഇതുകൂട്ടുകാര്‍ നബി(സ)യെ ഉണര്‍ത്തി. അങ്ങിനെ ചെയ്യാന്‍ കാരണമെന്താണെന്ന് ചോദിക്കുവാന്‍ കൂട്ടുകാരെ നബി(സ) ഉപദേശിച്ചു. അവര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആ അധ്യായം അല്ലാഹുവിന്റെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നവന്നാണ്. തന്നിമിത്തം അതു നമസ്കാരത്തിലോതാന്‍ ഞാനിഷ്ടപ്പെടുന്നു. നബി(സ) അരുളി: അല്ലാഹു ഇദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ അറിയിച്ചുകൊള്ളുവീന്‍. (ബുഖാരി : 9-93-472)

ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) യുടെ വീട്ടുകാര്‍ ഒരാടിനെ അറുത്ത് ധര്‍മ്മം ചെയ്തു. റസൂല്‍(സ) ചോദിച്ചു: ഇനി അതില്‍ നിന്ന് വല്ലതും ശേഷിച്ചിരിപ്പുണ്ടോ? ആയിശ(റ) പറഞ്ഞു. അതിന്റെ തോളല്ലാതെ മറ്റൊന്നും മിച്ചമില്ല. തിരുദൂതന്‍(സ) പറഞ്ഞു. അതിന്റെ തോളൊഴിച്ച് മറ്റുള്ളതൊക്കെ അവശേഷിച്ചു. (തിര്‍മിദി) - നാം ചെലവഴിച്ചതില്‍, ദാനം ചെയതതാണ് യഥാര്‍ത്ഥത്തില്‍ അവശേഷിക്കുന്നത് എന്ന് സാരം.

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു: എന്റെ അടിമ ഒരു തിന്മ ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവനതു പ്രവര്‍ത്തിക്കുന്നതുവരെ അവന്റെ പേരില്‍ അതു നിങ്ങള്‍ (മലക്കുകള്‍) എഴുതരുത്. പ്രവര്‍ത്തിച്ചുകഴിഞ്ഞാലോ ഒരു തിന്മ മാത്രം പ്രവര്‍ത്തിച്ചതായി രേഖപ്പെടുത്തിക്കൊള്ളുക. പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചശേഷം എന്നെ ഓര്‍മ്മിച്ചു ആ തിന്മയെ അവര്‍ വിട്ടുകളഞ്ഞാലോ അതവന്റെ പേരില്‍ ഒരു നന്മയായി രേഖപ്പെടുത്തിക്കൊള്ളുക. എന്നും ഞാന്‍ നിര്‍ദ്ദേശിക്കും. (ബുഖാരി : 9-93-592)

അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്നുല്‍ ഖത്താബ്(റ) മിമ്പറിന് ‍മേല്‍ വെച്ച് പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ഉദ്ദേശ്യമനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത് താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും. (ബുഖാരി : 1-1-1)

ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: ഇസ്ലാം (ആകുന്ന സൌധം) അഞ്ച് തൂണുകളിന്മേല്‍ നിര്‍മ്മിതമാണ്. (അവ) അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ. (ബുഖാരി : 1-2-7)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവന്‍ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി : 1-2-14)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം. സ്വന്തം പിതാവിനോടും സന്താനങ്ങളോടും ഉള്ളതിനേക്കാള്‍ പ്രിയം എന്നോടായിരിക്കുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി. 1. 2. 13)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരാളില്‍ മൂന്ന് ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ സത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. 1. മറ്റാരോടുമുള്ളതിനേക്കാള്‍ പ്രിയം അല്ലാഹുവിനോടും അവന്റെ ദൂതനോടും ഉണ്ടായിരിക്കുക, 2. മനുഷ്യനെ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് മാത്രം സ്നേഹിക്കുക, 3. ദൈവനിഷേധത്തിലേക്ക് മടങ്ങുന്നതിനെ നരകത്തിലേക്ക് തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക. (ബുഖാരി : 1-2-15)