മലയാളം ഹദീസ് പഠനം 37
ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ചകളില്‍ പ്രസിദ്ധീകരിച്ച ഹദീസുകള്‍ ഒന്നിച്ചു വായിക്കാന്‍ ഈ ബ്ലോഗ്‌ പോസ്റ്റ്‌ സന്ദര്‍ശിക്കുക.  മലയാളം ഹദീസ് പഠനം വെബ്സൈറ്റ് സന്ദര്‍ശിക്കുക : http://blog.hudainfo.com

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി : 1-2-12)

ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്റെ സഹോദരന്റെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി : 1-2-23)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സത്യവിശ്വാസത്തിന് അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി. 1. 2. 8)


അബ്ദുല്ലാഹിബ്നുഅംറ്(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ കറയറ്റ കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലുംഒരു ലക്ഷണം ഒരാളിലുണ്ടെങ്കില്‍ അത് വര്‍ജ്ജിക്കും വരേക്കും അവനില്‍ കപടവിശ്വാസത്തിന്റെ ഒരു ലക്ഷണമുണ്ടെന്നും വരും. 1. വിശ്വസിച്ചാല്‍ ചതിക്കുക, 2. സംസാരിച്ചാല്‍ കളവ് പറയുക, 3. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക, 4. പിണങ്ങിയാല്‍ അസഭ്യം പറയുക. (ബുഖാരി : 1-2-33)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക. (ബുഖാരി : 1-2-32)

അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നിവേദനം: 'വിശ്വസിക്കുകയും എന്നിട്ടു തങ്ങളുടെ വിശ്വാസത്തോട് അക്രമം കൂട്ടിച്ചേര്‍ക്കാതിരിക്കുകയും ചെയ്തവര്‍ക്ക് സമാധാനമുണ്ട്. അവര്‍ തന്നെയാണ് സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍' എന്ന ആയത്ത് അവതരിച്ചപ്പോള്‍ തിരുമേനി(സ)യുടെ അനുചരന്മാര്‍ ചോദിച്ചു (നബിയേ) ഞങ്ങളില്‍ സ്വശരീരത്തോടു അക്രമം പ്രവര്‍ത്തിക്കാത്തവരാണ്? അപ്പോഴാണ് അല്ലാഹുവിന് പങ്കുകാരെ വെച്ച് പൂലര്‍ത്തലാണ് വലിയ അക്രമം എന്ന ആയത്തുഅല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി : 1-2-31)

ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുളി: എനിക്ക് ഒരിക്കല്‍ നരകം കാണിക്കപ്പെട്ടു. അപ്പോള്‍ അതില്‍ അധികവും സ്ത്രീകളാണ്. കാരണം അവര്‍ നിഷേധിക്കുന്നു. അനുചരന്മാര്‍ ചോദിച്ചു. അവര്‍ അല്ലാഹുവിനെ നിഷേധിക്കുകയാണോ? നബി(സ) പറഞ്ഞു: അല്ല അവര്‍ ഭര്‍ത്താക്കന്മാരെ (അവരുടെ അനുഗ്രഹങ്ങളെ) നിഷേധിക്കുന്നു. ആ ഔദാര്യങ്ങളോട് നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തുകൊടുത്തു. എന്നിട്ട് അവളുടെ ഹിതത്തിന് യോജിക്കാത്ത വല്ലതും നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക് ഒരു നന്മയും ഇന്നുവരെയും ചെയ്തുതന്നിട്ടില്ല എന്ന്. (ബുഖാരി : 1-2-28)

സഅദ്ബ്നു അബീവഖാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരു സംഘത്തിന് എന്തോ ധര്‍മ്മം കൊടുക്കുമ്പോള്‍ ഞാനവിടെ ഇരിക്കുകയായിരുന്നു. ആ കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരാളെ നബി(സ) ഉപേക്ഷിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! എന്തുകൊണ്ടാണ് അവിടുന്ന് ഇയാളെ ഒഴിവാക്കിക്കളഞ്ഞത്. തീര്‍ച്ചയായും ഇയാളെ ഒരു മുഅ്മിനായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ നബി(സ) പറഞ്ഞു: അല്ലെങ്കില്‍ മുസ്ളിം (എന്നു കൂടി പറയുക) അനന്തരം കുറച്ച് സമയം ഞാന്‍ മൌനം ദീക്ഷിച്ചു. എന്നാല്‍ അയാളെ സംബന്ധിച്ചുള്ള അറിവിന്റെ പ്രേരണയാല്‍ ആ വാക്കു തന്നെ ഞാന്‍ വീണ്ടും പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ! എന്തുകൊണ്ടാണ് അവിടുന്ന് ഇയാളെ ഒഴിവാക്കിക്കളഞ്ഞത്. തീര്‍ച്ചയായും ഇയാള്‍ ഒരു മുഅ്മിനായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ തിരുമേനി(സ) അരുളി: അല്ലെങ്കില്‍ മുസ്ളിം. അപ്പോഴും ഞാന്‍ അല്‍പസമയം മൌനം പാലിച്ചു. വീണ്ടും അദ്ദേഹത്തെ സംബന്ധിച്ചുള്ള അറിവ് പ്രേരിപ്പിച്ചതനുസരിച്ച് ഞാന്‍ അതാവര്‍ത്തിച്ചു. നബി(സ)യും തന്റെ മുന്‍ മറുപടി ആവര്‍ത്തിച്ചു. പിന്നെ നബി(സ) പറഞ്ഞു: സഅദ്! ചിലപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിലരെ ഒഴിച്ചു നിര്‍ത്തി മറ്റു ചിലര്‍ക്ക് ഞാന്‍ കൊടുക്കും. അവര്‍ക്ക് കൊടുക്കാതിരിക്കുന്നത് അല്ലാഹു അവരെ നരകത്തില്‍ വീഴ്ത്താന്‍ ഇടയാകുമെന്ന് ഭയന്നിട്ടാണ് അങ്ങനെ ചെയ്യുന്നത്. (ബുഖാരി. 1. 2. 26)

മിഅ്റൂര്‍(റ) നിവേദനം: അദ്ദേഹം പറയുന്നു; ഞാനൊരിക്കല്‍ 'റബ്ദ' എന്ന സ്ഥലത്തുവെച്ച് അബൂദര്‍റിനെ കാണുകയുണ്ടായി. അദ്ദേഹം ഒരു പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടിമയും അതേതരം പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് ഞാനദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരാളെ ശകാരിച്ചു. അവന്റെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍ അയാളെ വഷളാക്കി. അന്നേരം നബി(സ) എന്നോട് പറഞ്ഞു. ഓ! അബൂദര്‍റ്. നീ അയാളുടെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് പരിഹസിച്ച് കളഞ്ഞല്ലോ. അജ്ഞാനകാലത്തെ ചില ദുര്‍ഗുണങ്ങള്‍ നിന്നില്‍ അവശഷിച്ചിട്ടുണ്ട്. നിങ്ങളുടെ ഭൃത്യന്മാര്‍ നിങ്ങളുടെ സഹോദരന്മാരാണ്. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ട് വല്ലവന്റെയും സഹോദരന്‍ അവന്റെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുന്നുവെങ്കില്‍ താന്‍ ഭക്ഷിക്കുന്നതില്‍ നിന്നു തന്നെ അവനു ഭക്ഷിക്കാന്‍ കൊടുക്കുക, താന്‍ ധരിക്കുന്ന അതേ വസ്ത്രം അവനും ധരിക്കാന്‍ കൊടുക്കുക., അവര്‍ക്ക് അസാദ്ധ്യമായ ജോലികളൊന്നും അവനെ ഏല്പിക്കരുത്. വിഷമമേറിയ എന്തെങ്കിലും ജോലികള്‍ അവനെ ഏല്പിക്കേണ്ടി വന്നാല്‍ നിങ്ങള്‍ അവനെ സഹായിക്കണം. (ബുഖാരി : 1-2-29)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി : 1-2-38)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്. ഒരാള്‍ ഇസ്ളാം മതം സ്വീകരിക്കുകയും നല്ല നിലക്ക് ഇസ്ളാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താല്‍ അയാല്‍ മുമ്പ് ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന തെറ്റുകള്‍ക്ക്) ആണ് ശിക്ഷാനടപടി. നന്മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതല്‍ 700 ഇരട്ടി വരെയാണ്. തെറ്റുകള്‍ക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നല്‍കുകയുള്ളു (ഇരട്ടിപ്പിക്കല്‍ ഇല്ല) അതു തന്നെ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കില്‍ മാത്രം. (ബുഖാരി : 1-2-40)

ആയിശ(റ) നിവേദനം: ഒരിക്കല്‍ നബി(സ) അവരുടെ മുറിയില്‍ കടന്നുചെന്നു. അപ്പോള്‍ ഒരു സ്ത്രീ അവരുടെ അടുക്കല്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇതാരെന്നു നബി(സ) ചോദിച്ചു. ഇന്ന സ്ത്രീ എന്നുത്തരം പറഞ്ഞശേഷം അവര്‍ അവളുടെ നമസ്കാരത്തിന്റെ വണ്ണവും വലിപ്പവും പ്രശംസിച്ചു പറയാന്‍ തുടങ്ങി. ഉടനെ തിരുമേനി(സ) അരുളി: വര്‍ണ്ണന നിര്‍ത്തുക, നിങ്ങള്‍ക്ക് നിത്യവും അനുഷ്ഠിക്കാന്‍ സാധിക്കുന്നത്ര നിങ്ങള്‍ അനുഷ്ഠിക്കുവിന്‍. അല്ലാഹു സത്യം, നിങ്ങള്‍ക്ക് മുഷിച്ചില്‍ തോന്നും വരേക്കും അല്ലാഹുവിന് മുഷിച്ചില്‍ തോന്നുകയില്ല. ഒരാള്‍ നിത്യേന നിര്‍വിഘ്നം അനുഷ്ഠിക്കുന്ന മതനടപടികളാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടപ്പെട്ടത്. (ബുഖാരി : 1-2-41)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ളിമിന്റെ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരവും ഖബറടക്കവും കഴിയുന്നതു വരെ കൂടെയുണ്ടാവുകയും ചെയ്താല്‍ അയാള്‍ ഒരു ഖീറാത്തു പ്രതിഫലവും കൊണ്ടാണ് തിരിച്ചുവരിക. (ബുഖാരി : 1-2-45)- Note: എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള് അദ്ദേഹം പറഞ്ഞു: വലിയ രണ്ട് പര്വ്വതം പോലെ. (ബുഖാരി. 2. 23. 410)

സഅ്ദ്ബ്നു അബീവഖാസ്(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നീ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് ചെയ്യുന്ന ഏത് ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നിന്റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്ന ഭക്ഷണം വരെ. (ബുഖാരി : 1-2-53)

അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ളിമിനെ ശകാരിക്കുന്നത് ദുര്‍മാര്‍ഗ്ഗവും അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവുമാണ്. ഉബാദത്ത്ബ്നുസ്സാമിത്ത്(റ) നിവേദനം: തിരുമേനി(സ) ലൈലത്തുല്‍ ഖദ്റിനെക്കുറിച്ച് വിവരമറിയിക്കാന്‍ വേണ്ടി പുറപ്പെട്ടു. അപ്പോള്‍ രണ്ടുപേര്‍ പരസ്പരം ശണ്ഠകൂടുന്നത് അവിടുന്നു കണ്ടു. അതു കാരണം ലൈലത്തുല്‍ ഖദ്റിനെക്കുറിച്ചുള്ള ജ്ഞാനം എന്റെ മനസ്സില്‍ നിന്ന് ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷെ, അത് നിങ്ങള്‍ക്ക് നന്മയായിപരിണമിച്ചേക്കാം. ലൈലത്തുല്‍ ഖദ്റിനെ, 27, 29, 25 മുതലായ രാവുകളില്‍ നിങ്ങള്‍ അന്വേഷിക്കുവീന്‍. (ബുഖാരി : 1-2-46)

6 comments:

abdulgafoor പറഞ്ഞു...

ജസകല്ലഹ് ഹൈര്‍..നമുക്കും നമ്മോട് ബന്ടപ്പെട്ടവര്കും മരിക്കുന്നത് വരെ അള്ളാഹു ഇഷ്ട്ടപ്പെട്ട മര്കത്തില്‍ മാത്രം ജീവിച്ചു കൊണ്ട് അല്ലാഹുവിനു കൂടുതല്‍ കൂടുതല്‍ ഇബാത്തത് ചെയ്യുവാന്‍ തൌഫേക് ചെയ്യട്ടെ ആമീന്‍ ..

Shabu പറഞ്ഞു...

നല്ല കാര്യങ്ങള്‍ പഠിക്കുവാനും അതിനു അനുസരിച്ച് ജീവിക്കുവാനും നമുക്കെല്ലാവര്‍ക്കും റബ് തോ‌ഫീക്ക് ‌ ചെയ്യട്ടേ ......ആമ്മീനു.......

AQSA പറഞ്ഞു...

irulintey moodupadam cheenthiyerinju maanavasamoohathey nanmayileyku nayicha muthu habeeb (s a) udey jeevitha shaily saadhaaranakaarku upakarikum vitham netiloodey prasidheekaricha huda info udey aniyara pravarthakareyum nammeyu rajadhi rajan iru lokhathum vijayippikumaarakatey aameen,

Vahid Kakkadave പറഞ്ഞു...

മാഷ അല്ലാഹ് ..റസൂലുല്ലാഹി തങ്ങളുടെയും അനുചരന്മാരുടെയും എത്ര നല്ല ജീവിത മാര്‍ഗങ്ങള്‍ ,എന്ത് നല്ല ഉപദേശങ്ങള്‍..വീണ്ടും വീണ്ടും വായിക്കുവാനും മറ്റുള്ളവിരിലെക്ക് പകര്‍ന്നു കൊടുക്കാനും അത് പോലെ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുവാനും നാഥന്‍ തൌഫീക്ക് നല്‍കട്ടെ..ആമീന്‍

junaidav പറഞ്ഞു...

very good

Ali shabeer പറഞ്ഞു...

നല്ല കാര്യങ്ങള്‍ പഠിക്കുവാനും അതിനു അനുസരിച്ച് ജീവിക്കുവാനും നമുക്കെല്ലാവര്‍ക്കും റബ് തോ‌ഫീക്ക് ‌ ചെയ്യട്ടേ...ആമീന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ