മലയാളം ഹദീസ് പഠനം 38നുഅ്മാന്‍(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി. 1. 2. 49)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഒരു സദസ്സില്‍ ജനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കേ ഒരു ഗ്രാമീണന്‍ കടന്നു വന്ന് എപ്പോഴാണ് അന്ത്യസമയം എന്ന് ചോദിച്ചു: (ഇതു കേട്ട ഭാവം നടിക്കാതെ) തിരുമേനി(സ) സംസാരം തുടര്‍ന്നു. അപ്പോള്‍ ചിലര്‍ പറഞ്ഞു: അയാള്‍ ചോദിച്ചത് തിരുമേനി കേട്ടിട്ടുണ്ട്. പക്ഷെ ആ ചോദ്യം തിരുമേനിക്ക് ഇഷ്ടമായിട്ടില്ല. ചിലര്‍ പറഞ്ഞു. തിരുമേനി അതു കേട്ടിട്ടേയില്ല. പിന്നീട് സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) ചോദിച്ചു: എവിടെ? (നിവേദകന്‍ പറയുന്നു) നബി അന്വേഷിച്ചത് അന്ത്യദിനത്തെക്കുറിച്ച് ചോദിച്ചയാളെയാണെന്ന് ഞാന്‍ വിചാരിക്കുന്നു. അല്ലാഹുവിന്റെ ദൂതരെ! ഞാനിതാ ഇവിടെയുണ്ട്. എന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി(സ) അരുളി: അമാനത്തു (വിശ്വസ്തത) ദുരുപയോഗപ്പെടുത്തുന്നത് കണ്ടാല്‍ നീ അന്ത്യദിനത്തെ പ്രതീക്ഷിച്ചുകൊള്ളുക. അയാള്‍ ചോദിച്ചു എങ്ങിനെയാണത് ദുരുപയോഗിപ്പെടുത്തുക? തിരുമേനി(സ) അരുളി: അനര്‍ഹര്‍ക്ക് അധികാരം നല്‍കുമ്പോള്‍ അന്ത്യദിനം പ്രതീക്ഷിച്ചുകൊള്ളുക. (ബുഖാരി : 1-3-56)


അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)

ഇബ്നുമസ്ഊദ്(റ) നിവേദനം. : ഞങ്ങള്‍ക്ക് മടുപ്പ് വരുന്നത് അനിഷ്ടമായി ക്കരുതിയിരുന്നതുകൊണ്ട് സന്ദര്‍ഭം നോക്കി ഇടക്കിടെയായിരുന്നു തിരുമേനി(സ) ഞങ്ങള്‍ക്ക് പൊതു ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. (ബുഖാരി. 1. 3. 68)

അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി : 1-3-73)

അബൂമൂസാ(റ)യില്‍ നിന്ന് നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹു ഏതൊരു സന്മാര്‍ഗ്ഗ ദര്‍ശനവും വിജ്ഞാനവുമായിട്ടാണോ എന്നെ നിയോഗിച്ചിട്ടുള്ളത്, അതിന്റെ ഉപമ ഘോരമായ ഒരു മഴപോലെയാണ്. അത് ഭൂമിയില്‍ വര്‍ഷിച്ചു. അതില്‍ (ഭൂമിയില്‍) നല്ല ചില പ്രദേശങ്ങളുണ്ട്. അവ വെള്ളത്തെ തടഞ്ഞു നിര്‍ത്തി. എന്നിട്ട് അത് മുഖേന അല്ലാഹു മനുഷ്യര്‍ക്ക് പ്രയോജനം നല്‍കി. അവര്‍ കുടിച്ചു, കുടിക്കാന്‍ കൊടുത്തു. കൃഷിയും ചെയ്തു. മഴയുടെ ഒരു ഭാഗം പെയ്തത് വരണ്ട ഭൂമിയിലാണ്. അതിന് വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുകയില്ല. പുല്ലിനെ അത് മുളപ്പിക്കുകയുമില്ല. അല്ലാഹുവിന്റെ ദീനിനെ ഗ്രഹിക്കുകയും എന്നെ അല്ലാഹു നിയോഗിച്ചു മാര്‍ഗ്ഗദര്‍ശനം മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവന്റെയും ഞാന്‍ കൊണ്ട് വന്ന സന്മാര്‍ഗ്ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച് ശ്രദ്ധിക്കുകയോ ചെയ്യാത്തവന്റെയും ഉദാഹരണം ഇവയാണ്. അബൂഅബ്ദില്ല (ബുഖാരി) പറയുന്നു. ഇസ്ഹാഖ് പറഞ്ഞു : അതില്‍ (ഭൂമിയില്‍) ഒരു ഭാഗമുണ്ട്. അത് വെള്ളം വലിച്ചെടുത്തു. ഖാഅ് എന്നു പറഞ്ഞാല്‍ മുകളില്‍ വെള്ളം പരന്നു നില്‍ക്കുന്ന പ്രദേശം എന്നാണ്. സഫ്സഫ് എന്നാല്‍ നിരന്നു കിടക്കുന്ന പ്രദേശം എന്നും. (ബുഖാരി : 1-3-79)

മുആവിയ(റ)യില്‍ നിന്ന് നിവേദനം: തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. വല്ലവനും അല്ലാഹു നന്മ ചെയ്യാനുദ്ദേശിച്ചാല്‍ മതത്തില്‍ അവനെ പണ്ഡിതനാക്കും. നിശ്ചയം ഞാന്‍ പങ്കിട്ടുകൊടുക്കുന്നവന്‍ മാത്രമാണ്. യഥാര്‍ത്ഥ ദാതാവ് അല്ലാഹുവാണ്. ഈ സമുദായം (ഒരു ന്യൂനപക്ഷം) അന്ത്യദിനം വരെ അല്ലാഹുവിന്റെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട് ഉറച്ചു നില്‍ക്കും. എതിരാളികള്‍ക്ക് അവരെ ദ്രോഹിക്കാന്‍ കഴിയുകയില്ല. (ബുഖാരി : 1-3-71)

സാലിം നിവേദനം: അബൂഹുറൈറ(റ) നബി(സ) യില്‍ നിന്ന് ഉദ്ധരിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. തിരുമേനി(സ) അരുളി: ജ്ഞാനം ജനങ്ങളില്‍ നിന്ന് നഷ്ടപ്പെടും. അജ്ഞതയും കുഴപ്പങ്ങളും പ്രത്യക്ഷപ്പെടും. ഹറജ് വര്‍ദ്ധിക്കും. അപ്പോള്‍ ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! എന്താണ് ഹറജ്? നബി(സ) കൈ അനക്കിയിട്ട് ഇങ്ങനെ ആംഗ്യം കാണിച്ചു. അത് കണ്ടപ്പോള്‍ തിരുമേനി കൊലയെയാണ് ഉദ്ദേശിക്കുന്നതെന്ന് തോന്നി. (ബുഖാരി. 1. 3. 85)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിന്റെ അടയാളങ്ങളാകുന്നു. (ബുഖാരി. 1. 3. 80)

അബൂമസ്ഊദുല്‍ അന്‍സാരി(റ) നിവേദനം: ഒരിക്കല്‍ ഒരാള്‍ വന്നു തിരുമേനിയോട് പറഞ്ഞു; അല്ലാഹുവിന്റെ ദൂതരെ! ഇന്ന മനുഷ്യന്‍ നമസ്കാരം ദീര്‍ഘിപ്പിക്കുന്നത് കൊണ്ട് എനിക്ക് നമസ്കരിക്കാന്‍ സാധിക്കുന്നില്ല. അബൂമസ്ഊദ്(റ) പറയുന്നു. ജനങ്ങളെ ഉപേദശിക്കുമ്പോള്‍ നബി(സ) അന്നത്തെക്കാള്‍ കഠിനമായി കോപിച്ചത് ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ നബി(സ) പറഞ്ഞു. ഹേ മനുഷ്യരേ, നിങ്ങള്‍ ജനങ്ങളെ വെറുപ്പിക്കുന്നവരാണ്. വല്ലവനും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കില്‍ അയാള്‍ നമസ്കാരം ലഘൂകരിക്കേണ്ടതാണ്. (കാരണം) അവരില്‍ രോഗികളും ബലഹീനരും ആവശ്യക്കാരുമെല്ലാം ഉണ്ടായിരിക്കും. (ബുഖാരി. 1. 3. 90)

അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹു ജ്ഞാനത്തെ ഒറ്റയടിക്ക് മനുഷ്യരില്‍ നിന്ന് ഊരിയെടുക്കുകയില്ല. എന്നാല്‍ പണ്ഡിതന്മാരുടെ മരണം മുഖേന വിദ്യയെ അല്ലാഹു മനുഷ്യരില്‍ നിന്ന് ക്രമേണയായി പിടിച്ചെടുക്കും. അവസാനം ഭൂമുഖത്തു ഒരു പണ്ഡിതനും അവശേഷിക്കാത്ത ഘട്ടം വരുമ്പോള്‍ ചില മൂഢന്മാരെ മനുഷ്യര്‍ നേതാക്കളാക്കി വെക്കും. എന്നിട്ടു അവരോട് മതകാര്യങ്ങള്‍ ചോദിക്കുകയും അപ്പോള്‍ അവര്‍ അറിവില്ലാതെ വിധികൊടുക്കുകയും അവസാനം അവര്‍ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ തെറ്റിക്കുകയും ചെയ്യും. (ബുഖാരി : 1-3-100)

ആയിശ(റ) നിവേദനം: അവര്‍ക്ക് മനസ്സിലാകാത്ത എന്തു കേള്‍ക്കുമ്പോഴും അത് മനസ്സിലാകുന്നത് വരെ അവര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നബി(സ) ഒരിക്കല്‍ പറഞ്ഞു: വല്ലവനും വിചാരണ ചെയ്യപ്പെട്ടാല്‍ ശിക്ഷിക്കപ്പെട്ടത് തന്നെ. ആയിശ(റ) പറയുന്നു: അപ്പോള്‍ ഞാന്‍ ചോദിച്ചു; ആരുടെ ഏടുകള്‍ അവന്റെ വലതുകയ്യില്‍ നല്‍കപ്പെടുന്നുണ്ടോ അവന് ലഘുവായ നിലക്കുള്ള കണക്കുനോക്കല്‍ മാത്രമേ അഭിമുഖീകരിക്കേണ്ടി വരികയുള്ളൂ എന്ന് അല്ലാഹു പറയുന്നില്ലേ? തിരുമേനി(സ) അരുളി: മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചാണ് അപ്പറഞ്ഞത്. എന്നാല്‍ വല്ലവന്റെയും വിചാരണ നിഷ്കൃഷ്ടമായി പരിശോധിച്ചുകഴിഞ്ഞാല്‍ അവന്‍ നശിച്ചതു തന്നെ. (ബുഖാരി. 1. 3. 103)

അനസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: നിശ്ചയം നിങ്ങളോട് കൂടുതല്‍ ഹദീസുകള്‍ ഉദ്ധരിക്കാന്‍ എന്നെ തടയുന്നത് എന്റെ പേരില്‍ വല്ലവനും മനഃപൂര്‍വ്വം കളവ് പറയുന്നുവെങ്കില്‍ അവന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കിവെച്ചുകൊള്ളട്ടെ എന്ന നബി(സ)യുടെ പ്രസ്താവനയാണ്. (ബുഖാരി. 1. 3. 108)

അലി(റ) നിവേദനം: തിരുമേനി(സ) അരുളുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ എന്റെ പേരില്‍ കള്ളം പറയരുത്. വല്ലവനും എന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു. (ബുഖാരി. 1. 3. 106)

അബ്ദുല്ലാഹിബ്നു സുബൈര്‍(റ) നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരിക്കല്‍ സുബൈര്‍(റ)നോട് ചോദിച്ചു. ഇന്നിന്ന ആളുകള്‍ നബിയില്‍ നിന്ന് ഉദ്ധരിക്കുന്നതുപോലെ നിങ്ങള്‍ നബിയില്‍ നിന്ന് ഉദ്ധരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നില്ലല്ലോ? അദ്ദേഹം പറഞ്ഞു. ഞാന്‍ നബി(സ)യെ പിരിയാറുണ്ടായിരുന്നില്ല. എന്നാല്‍ നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ പേരില്‍ വല്ലവനും കളവ് പറഞ്ഞാല്‍ അവന്റെ സീറ്റ് അവന്‍ നരകത്തില്‍ ഒരുക്കിവെച്ചുകൊള്ളട്ടെ. (ബുഖാരി. 1. 3. 107)

അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അബൂഹുറൈറ(റ) നബി(സ)യുടെ ഹദീസുകള്‍ വളരെയധികം ഉദ്ധരിക്കുന്നുവെന്ന് ജനങ്ങളതാ പറയുന്നു. അല്ലാഹുവിന്റെ കിതാബില്‍ രണ്ടു വാക്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. അതു പറഞ്ഞിട്ട്, മനുഷ്യര്‍ക്ക് നാം വെളിപ്പെടുത്തിക്കൊടുത്തശേഷം നാം അവതരിപ്പിച്ച സന്മാര്‍ഗ്ഗവും വ്യക്തമായ സിദ്ധാന്തങ്ങളും മറച്ചു വെക്കുന്നവര്‍ അവരെ അല്ലാഹു ശപിക്കും എന്നു മുതല്‍ കരുണാനിധി എന്നതുവരെ അദ്ദേഹം പാരായണം ചെയ്തു. നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്മാര്‍ അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നവരായിരുന്നു. അന്‍സാരികളായ ഞങ്ങളുടെ സഹോദരന്മാര്‍ അവരുടെ സമ്പത്തില്‍ ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാല്‍ അബൂഹുറൈറ: തന്റെ വിശപ്പ് മാത്രം മാറ്റി വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം ഇരിക്കുകയും അന്‍സാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളില്‍ ഹാജരാവുകയും അവര്‍ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്. (ബുഖാരി. 1. 3. 118)

അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ ദൂതരെ! ഞാന്‍ അങ്ങയില്‍ നിന്ന് ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു. എന്നാല്‍ ഞാനതു ശേഷം മറന്നുപോകുന്നു. തിരുമേനി(സ) അരുളി: നീ നിന്റെ രണ്ടാം മുണ്ട് വിരിക്കുക. അപ്പോള്‍ ഞാനത് വിരിച്ചു. ഉടനെ തിരുമേനി(സ) തന്റെ കൈ കൊണ്ട് അതില്‍ വാരി ഇട്ടു. എന്നിട്ട് അവിടുന്ന് അരുളി: നീ അത് ചേര്‍ത്ത് പിടിക്കുക. അപ്പോള്‍ ഞാനതു ചേര്‍ത്തുപിടിച്ചു. പിന്നീട് ഞാനൊന്നും മറന്നിട്ടില്ല. (ബുഖാരി. 1. 3. 119)

ജരീര്‍(റ) നിവേദനം: നിശ്ചയം തിരുമേനി ഹജ്ജത്തൂല്‍ വദാഅ് ദിവസം നീ ജനങ്ങളോട് അടങ്ങിയിരിക്കാന്‍ പറയുക എന്നു അദ്ദേഹത്തോട് പറഞ്ഞു. ശേഷം നബി(സ) അരുളി: എനിക്ക് ശേഷം നിങ്ങള്‍ പരസ്പരം കഴുത്തറുക്കുന്ന അവിശ്വാസികളായി പരിണമിക്കരുത്. (ബുഖാരി : 1-3-122)

അബ്ദുല്ല(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ തിരുമേനിയോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തുകൂടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അവിടുന്നു തന്റെ കൂടെയുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത് ഊന്നിക്കൊണ്ടാണ് നടന്നിരുന്നത്. അങ്ങനെ തിരുമേനി(സ) ഒരു സംഘം ജൂതന്മാരുടെ മുമ്പിലെത്തി. അപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: നിങ്ങള്‍ അവനോട് ആത്മാവിനെ കുറിച്ച് ചോദിച്ചു നോക്കുവിന്‍. ചിലര്‍ പറഞ്ഞു: ചോദിക്കരുത്. ചോദിച്ചാല്‍ നമുക്ക് അനിഷ്ടകരമായ എന്തെങ്കിലും അവന്‍ കൊണ്ടുവരും. മറ്റു ചിലര്‍ പറഞ്ഞു. നിശ്ചയം ഞങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും. അങ്ങനെ അവരില്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഓ! അബുഖാസിം എന്താണ് ആത്മാവ്! അവിടുന്ന് മൌനം ദീക്ഷിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നിശ്ചയം നബി(സ)ക്ക് ദിവ്യസന്ദേശം ലഭിക്കുകയാണ്. എന്നിട്ട് ഞാന്‍ അവിടെതന്നെ നിന്നു. അങ്ങനെ ആ പ്രത്യേക പരിതസ്ഥിതി തിരുമേനിയെ വിട്ട് മാറിയപ്പോള്‍ അവിടുന്ന് ഇപ്രകാരം പാരായണം ചെയ്തു. 'ആത്മാവിനെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക; ആത്മാവ് എന്റെ രക്ഷിതാവിന്റെ മാത്രം അറിവില്‍ സ്ഥിതിചെയ്യുന്ന കാര്യങ്ങളില്‍ പെട്ടതാണ്. വളരെ കുറഞ്ഞ വിജ്ഞാനം മാത്രമേ അവര്‍ക്ക് (മനുഷ്യര്‍ക്ക്) നല്കപ്പെട്ടിട്ടുള്ളൂ. (Quran 17:85) ' (ബുഖാരി : 1-3-127)

അബൂതൂഫൈല്‍(റ) നിവേദനം: അലി(റ) അരുളി: ജനങ്ങളോട് അവര്‍ക്ക് മനസ്സിലാകുന്ന ശൈലിയില്‍ നിങ്ങള്‍ സംസാരിക്കുവിന്‍, അല്ലാഹുവും അവന്റെ ദൂതനും കളവാക്കപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? (ബുഖാരി. 1. 3. 129)

1 comments:

abdulgafoor പറഞ്ഞു...

അസ്സലാമു അലൈക്കും ,
ഇ ഹതീസുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു അതില്‍ നിന്നും മനസിലാക്കാം അന്ത്യദിനം അടുത്തിരിക്കുന്നു .അള്ളാഹു നമ്മെയും നമ്മോട് ബന്ടപ്പെട്ടവരെയും മരിക്കുന്ന സമയത്ത് സൊര്കത്തിന്റെ ഫോട്ടോ കണ്ടു ഇമാന്‍ കിട്ടി "ലാ ഇലാഹ ഇല്ലള്ള മുഹെമ്മതുര്ര സൂലുള്ള "എന്ന കലിമത് തൌഹീത് ഉച്ചരിച്ചു കൊണ്ട് മരിപ്പിച്ചു നാളെ മുത്ത്‌ റസൂല്‍ (സ)തങ്ങളോട് കൂടെ ജന്നതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീന്‍......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ