മലയാളം ഹദീസ് പഠനം 39

അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല്‍ അവന് കൂടുതല്‍ അവകാശമുണ്ട്. (തിര്‍മിദി)

അനസ്(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനം തേടി പുറപ്പട്ടുപോകുന്നവന്‍ തിരികെ വരുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാകുന്നു. (തിര്‍മിദി)

അനസ്(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ജ്ഞാനസമ്പാദനം എല്ലാ മുസ്ളീംകളുടേയും കര്‍ത്തവ്യമാണ്. (ബൈഹഖി)

അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്. (തിര്‍മിദി)


അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മതവിദ്യ അഭ്യസിക്കാന്‍ ആരെങ്കിലും വല്ല വഴിയിലും പ്രവേശിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം അവന് അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. നിശ്ചയം, മലക്കുകള്‍ മതവിദ്യാര്‍ത്ഥിക്ക് അവരുടെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക് താഴ്ത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവര്‍- വെള്ളത്തിലെ മത്സ്യവും കൂടി - പണ്ഡിതന്റെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കും. (വിവരമില്ലാത്ത) ആബിദിനേക്കാള്‍ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. മാത്രമല്ല, പണ്ഡിതന്മാരാണ് നബി(സ)യുടെ അനന്തരാവകാശികള്‍. നബിമാരാകട്ടെ, സ്വര്‍ണ്ണവും വെള്ളിയും അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മതവിദ്യയാണ് അവര്‍ അനന്തരമായി വിട്ടേച്ചു പോയത്. അതുകൊണ്ട് അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്. (അബൂദാവൂദ്, തിര്‍മിദി)

അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ഭക്തനേക്കാള്‍ പണ്ഡിതന്റെ മഹത്വം നിങ്ങളില്‍ താഴ്ന്നവരേക്കാള്‍ എനിക്കുള്ള മാഹാത്മ്യം പോലെയാണ്. എന്നിട്ട് റസൂല്‍(സ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്റെ മലക്കുകളും ആകാശഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവും കൂടി ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിച്ച് കൊടുക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ്. അല്ലാഹു അവര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു. അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണുതാനും. എങ്കില്‍ അന്ത്യദിനത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല. (അഥവാ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല) (അബൂദാവൂദ്)

അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഒരു യാത്രയില്‍ നബി(സ) ഞങ്ങളുടെ കുറെ പിന്നിലായിപ്പോയി. പിന്നീട് അവിടുന്ന് ഞങ്ങളുടെ അടുക്കലെത്തിയപ്പോള്‍ നമസ്കാരസമയം അതിക്രമിച്ചിരുന്നു. ഞങ്ങള്‍ വുളു ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ കൈകാലുകള്‍ (എല്ലാ ഭാഗത്തും ശരിക്ക് വെള്ളം എത്താതെ) തടവാന്‍ തുടങ്ങി. അന്നേരം അവിടുന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: മടമ്പുകാലുകള്‍ക്ക് വമ്പിച്ച നരകശിക്ഷ. രണ്ടോ മൂന്നോ പ്രാവശ്യം തിരുമേനി ഇങ്ങനെ വിളിച്ചു പറഞ്ഞു. (ബുഖാരി : 1-3-57)

Note : വുദു ചെയ്യുമ്പോള്‍ വുദുവിന്റെ എല്ലാ അവയവങ്ങളിലും വെള്ളം ശരിക്കും എത്തണം. എങ്കില്‍ മാത്രമേ വുദുവും നമസ്കാരവവും ശരിയാവുകയുള്ളൂ. കാല്‍പാദത്തില്‍ ഒരു നഖത്തോളം സ്ഥലത്ത് വെള്ളം തട്ടാതെ വുദു ചെയ്തു നമസ്കരിച്ച സഹാബിയോടു പ്രവാചകന്‍ വീണ്ടും നമസ്കരിക്കാന്‍ കല്‍പ്പിച്ചതായി (മൂന്ന് തവണ) ഹദീസുകളില്‍ വന്നിട്ടുണ്ട്.ഈ ഹദീസില്‍ നമസ്കാര സമയം അതിക്രമിച്ചതു കാരണം പെട്ടെന്ന് വുദു ചെയ്തത് കൊണ്ടാണ് വെള്ളം തട്ടാത്ത അവസ്ഥയുണ്ടായത്‌. എന്നിട്ട് പോലും എത്ര ഗുരുതരമായാണ് പ്രവാചകന്‍ അക്കാര്യം ഉണര്‍ത്തിയത് എന്ന് ശ്രദ്ധിക്കുക.

അബുമാലിക്കു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ശുദ്ധി, വിശ്വാസത്തിന്റെ നേര്‍പകുതിയാകുന്നു. (മുസ്ലിം)

ജാബിര്‍(റ) പറഞ്ഞു, ദൈവദൂതന്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ നമസ്കാരവും നമസ്കാരത്തിന്റെ താക്കോല്‍ ശുദ്ധീകരണവും ആകുന്നു. (അഹ്മദ്)

മുആദു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ശപിക്കപ്പെട്ട മുന്നു കാര്യങ്ങളില്‍ നിന്ന് പിന്‍മാറുക: ഉറവുകള്‍ക്കു സമീപവും, വഴിയിലും, (മനുഷ്യന്‍ വിശ്രമിക്കുന്ന) തണലിലും വിസര്‍ജ്ജിക്കുന്നത്. (അബൂദാവൂദ്)

ശുറൈഹിബ്നുഹാനി(റ) പറഞ്ഞു: ഞാന്‍ ആയിശയോടു ചോദിച്ചു: അല്ലാഹുവിന്റെ ദൂതന്‍(സ) സ്വഗൃഹത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഒന്നാമതായി ചെയ്തതെന്തായിരുന്നു? അവര്‍ പറഞ്ഞു: പല്ലുതേയ്ക്കല്‍ (മുസ്ലിം)

ആയിശ(റ) പറഞ്ഞു: രാത്രിയിലോ പകലോ പ്രവാചകന്‍(സ) ഉണര്‍ന്നെഴുന്നേറ്റാല്‍ മിസ്വാക്ക് (ദന്തധാവിനി) ഉപയോഗിക്കുന്നതിനു മുമ്പായി വുസു ചെയ്യാറില്ല. (അബൂദാവൂദ്)

ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ)ക്ക് ബ്രഷും ശുചീകരിക്കാനുള്ള വെള്ളവും ഞങ്ങള്‍ ഒരുക്കി വെക്കുമായിരുന്നു. രാത്രി ഉണര്‍ത്താനുദ്ദേശിക്കുന്ന സമയത്ത് അല്ലാഹു അദ്ദേഹത്തെ ഉണര്‍ത്തും. അനന്തരം അവിടുന്ന് ബ്രഷ് ചെയ്യുകയും വുളു എടുക്കുകയും നമസ്കരിക്കുകയും ചെയ്തിരുന്നു. (മുസ്ലിം)

ശുറൈഹി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ആയിശ(റ) യോടു ചോദിച്ചു. നബി(സ) വീട്ടില്‍ കയറിയാല്‍ ആദ്യമായി തുടങ്ങുന്നതെന്തായിരുന്നു? ബ്രഷ് ചെയ്യലാണെന്ന് അവര്‍ മറുപടി പറഞ്ഞു, (മുസ്ലിം)

ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ബ്രഷ് ചെയ്യല്‍ വായയുടെ ശുദ്ധീകരണവും അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമാകുന്നു. (നസാഈ)

ഹമ്മാമ്(റ) നിവേദനം: അബൂഹുറൈറ(റ) പറയുന്നതായി അദ്ദേഹം കേട്ടു. തിരുമേനി(സ) അരുളി: വുളു എടുക്കുന്നതുവരെ ചെറിയ അശുദ്ധിയുള്ളവന്റെ നമസ്ക്കാരം സ്വീകരിക്കപ്പെടുകയില്ല. അപ്പോള്‍ ഒരു ഹളറമൌത്തുകാരന്‍ ഹസ്രത്ത് അബൂഹുറൈറ(റ) യോട് ചോദിച്ചു: ഓ!അബുഹുറൈറ! എങ്ങിനെയാണ് ചെറിയ അശുദ്ധിയുണ്ടാവുക? അദ്ദേഹം പറഞ്ഞു: ശബ്ദത്തോട് കൂടിയോ അല്ലാതെയോ വായു പുറത്തുപോവുക. (ബുഖാരി : 1-4-137)

നുഐം(റ) നിവേദനം: അബൂഹുറൈറ(റ)യുടെ കൂടെ ഞാനൊരിക്കല്‍ പള്ളിയുടെ മുകളില്‍ കയറി. വുളു എടുത്തശേഷം അദ്ദേഹം പറഞ്ഞു: തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നിശ്ചയം എന്റെ സമുദായം പുനുരുത്ഥാന ദിവസം (അല്ലാഹുവിന്റെ സന്നിധിയിലേക്ക്) വിളിക്കപ്പെടുമ്പോള്‍ വുളുവിന്റെ അടയാളം കാരണം അവരുടെ മുഖവും കൈകാലുകളും പ്രകാശിച്ചിരിക്കും. (അബൂഹുറൈറ പറയുന്നു) അതുകൊണ്ട് നിങ്ങളില്‍ ആര്‍ക്കെങ്കിലും മുഖത്തിന്റെശോഭ വ്യാപിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അവനതു ചെയ്യട്ടെ. (ബുഖാരി : 1-4- 138)