മലയാളം ഹദീസ്
 
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. നിങ്ങളില്‍ ആരെങ്കിലും തന്റെ ഭാര്യയെ സമീപിക്കുമ്പോള്‍ അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹുവേ! ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യുന്നതില്‍ നിന്നും പിശാചിനെ അകറ്റേണമേ! എന്നു പ്രാര്‍ത്ഥിക്കുകയും അങ്ങനെ അവര്‍ക്ക് ഒരു സന്താനം വിധിക്കപ്പെടുകയും ചെയ്താല്‍ അതിനെ പിശാച് ദ്രോഹിക്കുകയില്ല. (ബുഖാരി : 1-4-143)

അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍, അല്ലാഹുവേ! അല്ലാതരം ആണ്‍, പെണ്‍ പിശാചുക്കളില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം പ്രാപിക്കുന്നു എന്നു പ്രാര്‍ത്ഥിക്കാറുണ്ട്. (ബുഖാരി. 1. 4. 144)

അബൂഖതാദ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും കുടിക്കുമ്പോള്‍ ആ പാത്രത്തിലേക്ക് ശ്വാസം വിടാതിരിക്കട്ടെ. മലമൂത്ര വിസര്‍ജ്ജനസമയത്ത് ചെന്നാല്‍ വലം കൈകൊണ്ട് ശുചീകരിക്കുകയോ വലം കൈ കൊണ്ട് ലിംഗത്തെ തൊടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 155)


അബൂഖതാദ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും മൂത്രിക്കുകയാണെങ്കില്‍ വലം കൈ കൊണ്ട് ശൌച്യം ചെയ്യുകയോ, കുടിക്കുമ്പോള്‍ പാത്രത്തില്‍ ശ്വാസം വിടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 156)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും വുളു എടുക്കുകയാണെങ്കില്‍ അവന്‍ മൂക്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് ചീറ്റട്ടെ. കല്ലുകൊണ്ട് ശൌച്യം ചെയ്യുന്നപക്ഷം അവന്‍ ഒറ്റയാക്കട്ടെ. വല്ലവനും ഉറക്കില്‍ നിന്നു ഉണര്‍ന്നെഴുന്നേറ്റാല്‍ വുളുവിന്റെ വെള്ളത്തില്‍ കൈ ഇടും മുമ്പ് തന്റെ കൈ അവന്‍ കഴുകട്ടെ. കാരണം രാത്രി തന്റെ കൈ എവിടെയാണ് വെച്ചിരുന്നതെന്ന് നിങ്ങളില്‍ ആര്‍ക്കും അറിയുവാന്‍ കഴിയുകയില്ല. (ബുഖാരി. 1. 4. 163)

ആയിശ(റ) നിവേദനം: കാലില്‍ ചെരിപ്പ് ധരിക്കുക. മുടി വാര്‍ന്നു വെക്കുക, വെള്ളം കൊണ്ട് ശുദ്ധീകരിക്കുക എന്നുവേണ്ട തന്റെ എല്ലാ കാര്യങ്ങളും വലതുഭാഗം കൊണ്ട് തുടങ്ങുന്നതിനെ നബി(സ) ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി. 1. 4. 169)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് ഒരു മനുഷ്യന്‍ കണ്ടു. ഉടനെ ആ മനുഷ്യന്‍ തന്റെ ഷൂ എടുത്തു വെള്ളം കോരിയിട്ട് ആ നായക്ക് ദാഹം മാറുന്നതുവരെ കുടിക്കാന്‍ കൊടുത്തു. അക്കാരണത്താല്‍ അല്ലാഹു അവനോട് നന്ദികാണിക്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുഖാരി : 1-4-174)

ഉര്‍വത്ത്(റ) തന്റെ പിതാവ് മുഗീറയില്‍ നിന്ന് നിവേദനം ചെയ്യുന്നു. ഞാനൊരിക്കല്‍ തിരുമേനി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. തിരുമേനി(സ) വുളു എടുത്തപ്പോള്‍ അവിടുത്തെ ബൂട്ട്സ് അഴിക്കാന്‍ വേണ്ടി ഞാന്‍ കൈ നീട്ടി. അപ്പോള്‍ അവിടുന്നു. അരുളി, അത് രണ്ടും അവിടെ (കാലില്‍ തന്നെ) കിടക്കട്ടെ, ശുദ്ധിയാക്കിയ ശേഷമാണ് ഞാന്‍ അവ കാലില്‍ അണിഞ്ഞിരിക്കുന്നത് ശേഷം തിരുമേനി(സ) അതു രണ്ടിന്മേലും തടവി. (ബുഖാരി. 1. 4. 205)

ജഅ്ഫ്ര്‍(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. തിരുമേനി(സ) തന്റെ തലപ്പാവിന്‍ മേലും ബൂട്ട്സിന്മേലും തടവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 204)

അംറ്ബ്നു ഉമയ്യ:(റ) നിവേദനം: തിരുമേനി(സ) രണ്ടു ഷൂവിന്മേല്‍ തടവുന്നത് അദ്ദേഹം കണ്ടു. (ബുഖാരി. 1. 4. 203)

മുഗീറ(റ) നിവേദനം: നബി(സ) ഒരിക്കല്‍ മലമൂത്ര വിസര്‍ജ്ജനത്തിന് പോയപ്പോള്‍ മുഗീറ: ഒരു പാത്രം വെള്ളവുമായി അദ്ദേഹത്തെ പിന്തുടര്‍ന്നു. തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞുവന്നപ്പോള്‍ അദ്ദേഹം വെള്ളം ഒഴിച്ചുകൊടുക്കുകയും അവിടുന്നു വുളു എടുക്കുകയും രണ്ടു ബൂട്ട്സിന്മേല്‍ തടവുകയും ചെയ്തു. (ബുഖാരി. 1. 4. 202)

അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരാടിന്റെ കൈപ്പലക തിന്നുകയും ശേഷം നമസ്കരിക്കുകയും ചെയ്തു. അവിടുന്ന് വുളു എടുത്തിരുന്നില്ല. (ബുഖാരി. 1. 4. 206)

അംറ്ബ്നു ഉമയ്യ:(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഒരാടിന്റെ കൈപ്പലക മുറിച്ച് തിന്നുകൊണ്ടിരിക്കെ അപ്പോള്‍ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും ഉടനെ അവിടുന്ന് കത്തി താഴെ വെച്ച് വുളു എടുക്കാതെ നമസ്കരിക്കുകയും ചെയ്തത് അദ്ദേഹം കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 207)

സുവൈദ്ബ്നു നുഅ്മാന്‍(റ) നിവേദനം: അദ്ദേഹം തിരുമേനി(സ) യോടൊപ്പം ഖൈബര്‍ ജയിച്ചടക്കിയ കൊല്ലം പുറപ്പെട്ടു. സഹ്ബാഇലെത്തിയപ്പോള്‍ - ഖൈബറിനടുത്തുള്ള ഒരു സ്ഥലമാണത് - തിരുമേനി(സ) അസര്‍ നമസ്കരിച്ചു. എന്നിട്ട് ആഹാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഗോതമ്പ് മാവല്ലാതെ മറ്റു യാതൊന്നും ആരും കൊണ്ടുവന്നില്ല. തിരുമേനി(സ)യുടെ നിര്‍ദ്ദേശമനുസരിച്ച് അതു വെള്ളം പകര്‍ന്നു പൊതിര്‍ത്തു. തിരുമേനി(സ)യും ഞങ്ങളും അതു കഴിച്ചു. പിന്നീട് തിരുമേനി(സ) മഗ്രിബ് നമസ്കരിക്കാനൊരുങ്ങി. അപ്പോള്‍ അവിടുന്നു കുലുക്കുഴിഞ്ഞു നമസ്കരിച്ചു. വുളുചെയ്തില്ല. (ബുഖാരി. 1. 4. 208)

മൈമൂന(റ) നിവേദനം: തിരുമേനി(സ) അവരുടെ അടുക്കല്‍ വെച്ച് ഒരാടിന്റെ കൈക്കുറക് തിന്നു. ശേഷം അവിടുന്ന് നമസ്കരിച്ചു. വുളു എടുത്തില്ല. (ബുഖാരി. 1. 4. 209)

ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ പാല്‍ കുലുക്കുഴിഞ്ഞശേഷം പറഞ്ഞു നിശ്ചയം പാലിന് കൊഴുപ്പുണ്ട്. (ബുഖാരി. 1. 4. 210)

ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറങ്ങിത്തൂങ്ങിപ്പോയാല്‍ ഉറക്കസമയം പറ്റെ വിട്ടു പോകും വരേക്കും അയാള്‍ ഉറങ്ങട്ടെ. കാരണം ഉറക്കം തൂങ്ങിക്കൊണ്ടു നമസ്കരിക്കുന്ന പക്ഷം അല്ലാഹുവിനോട് പാപമോചനത്തിനു വേണ്ടിയാണോ അതല്ല തനിക്കെതിരായിട്ടാണോ പ്രാര്‍ത്ഥിക്കുന്നതെന്ന് അറിയാന്‍ കഴിയില്ല. (ബുഖാരി. 1. 4. 211)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറക്കം തൂങ്ങിയാല്‍ താനോതുന്നതെന്തെന്ന് തനിക്ക് ശരിക്കും ബോധം വരും വരേക്കും അവന്‍ പോയി ഉറങ്ങട്ടെ. (ബുഖാരി. 1. 4. 212)

അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ എഴുന്നേറ്റ് നിന്നു മൂത്രിച്ചു. സഹാബികള്‍ അവനെ വിരട്ടാന്‍ തുനിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു. അവനെ വിടുക അവന്‍ മൂത്രിച്ചതില്‍ ഒരു ബക്കറ്റ് വെള്ളം ഒഴിക്കുക. ജനങ്ങള്‍ക്ക് സൌകര്യമുണ്ടാക്കാനാണ് പ്രയാസമുണ്ടാക്കാനല്ല നിങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. (ബുഖാരി. 1. 4. 219)

അനസ്(റ) നിവേദനം: ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രിക്കുന്നത് തിരുമേനി(സ) കണ്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. നിങ്ങള്‍ അവനെ ഉപദ്രവിക്കാതെ വിടുക. അയാള്‍ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോള്‍ അവിടുന്നു കുറച്ച് വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അത് മൂത്രത്തില്‍ ഒഴിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 218)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നാം അവസാനത്തവരും ആദ്യത്തവരുമാണ്. തിരുമേനി(സ) അരുളി: അതിനാല്‍ നിങ്ങളില്‍ ആരും തന്നെ ഒലിക്കാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുകയും എന്നിട്ട് അതില്‍ കുളിക്കുകയും ചെയ്യരുത്. (ബുഖാരി : 1-4-239)

ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: ലഹരിയുണ്ടാക്കുന്ന എല്ലാപാനീയവും നിഷിദ്ധമാണ്. (ബുഖാരി : 1-4-243)

സഈദിബ്നു സൈദു(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ അതു (വുസു) ചെയ്യുന്ന ആ മനുഷ്യന്‍ വുസു ചെയ്തിട്ടില്ല. (തിര്‍മിദി)

അബുഹുറയ്റാ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോഴും വുദു ചെയ്യുമ്പോഴും വലത്തുഭാഗം മുതല്‍ ആരംഭിക്കുക (അബൂദാവൂദ്)

ഉമര്‍(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ആരൊരുവന്‍ വുദു ചെയ്കയും അതു ഏറ്റവും കൃത്യമായി ചെയ്യുകയും, പിന്നീട് അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു: അവന്‍ ഏകനാണ്: അവനു പങ്കുകാരില്ല. മുഹമ്മദ് അവന്റെ ദാസനും അവന്റെ ദൂതനും ആകുന്നു. അല്ലാഹുവെ, പശ്ചാത്തപിക്കുന്നവരിലും ശുദ്ധമാക്കുന്നവരിലും നീ എന്നെ ആക്കേണമേ എന്നു പറകയും ചെയ്യുന്നുവോ, അവന് സ്വര്‍ഗ്ഗത്തിന്റെ എട്ടു വാതിലും തുറക്കപ്പെട്ടിരിക്കുന്നു. അവന്‍ തനിക്കിഷ്ടമുള്ള വാതിലിലൂടെ അതില്‍ പ്രവേശിക്കുന്നു. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: എന്റെ ഖലീലായ നബി(സ) പറയുന്നത് ഞാന്‍ കേട്ടു. വുളുവിന്റെ വെള്ളം തട്ടുന്നേടത്തെല്ലാം സത്യവിശ്വാസി ആഭരണമണിയിക്കപ്പെടും. (മുസ്ലിം)

ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിന്റെ താഴ്ഭാഗത്തിലൂടെ അവന്റെ ചെറിയ പാപങ്ങള്‍ പുറപ്പെട്ടു പോകുന്നതാണ്. (മുസ്ലിം)

ഉസ്മാന...ി(റ)ല്‍ നിന്ന് നിവേദനം: എന്റെ ഈ വുളുപോലെ റസൂല്‍(സ) വുളു ചെയ്തതായി ഞാന്‍ കണ്ടു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ഇപ്രകാരം വല്ലവനും വുളു ചെയ്താല്‍ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം അവന് പൊറുക്കപ്പെടും. അവന്റെ നമസ്കാരവും പള്ളിയിലേക്കുള്ള നടത്തവും മിച്ചമായിത്തീരും. (മുസ്ലിം)

ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കുമ്പോള്‍ ആദ്യം രണ്ടു കയ്യും കഴുകും അനന്തരം നമസ്കാരത്തിന് വേണ്ടിയെന്ന പോലെ വുളു എടുക്കും. പിന്നീട് തന്റെ കൈവിരലുകള്‍ വെള്ളത്തില്‍ മുക്കി ആ വിരലുകള്‍ തല മുടിയില്‍ കടത്തിയിട്ട് ആ മുടിയുടെ ജട തീര്‍ക്കും. ശേഷം മൂന്നു പ്രാവശ്യം ഇരു കൈകൊണ്ടും വെള്ളമെടുത്തു തലയിലൊഴിക്കും. അനന്തരം ചര്‍മ്മം മുഴുവന്‍ വെള്ളമൊഴിക്കും. (ബുഖാരി : 1-5-248)

മൈമൂന(റ) നിവേദനം: തിരുമേനി(സ) കുളിക്ക് മുമ്പ് നമസ്കാരത്തിന് എന്നതുപോലെ വുളു എടുക്കും. എന്നാല്‍ രണ്ടു കാലും കഴുകുകയില്ല. തന്റെ ഗുഹ്യസ്ഥാനം കഴുകും. അശുദ്ധിയായ ഭാഗങ്ങളും. എന്നിട്ട് ശരീരത്തിലാകമാനം വെള്ളമൊഴിക്കും. അനന്തരം അല്പം മാറി നിന്ന് രണ്ടു കാലും കഴുകും. ഇങ്ങനെയായിരുന്നു അവിടുത്തെ ജനാബത്തു കുളി. (ബുഖാരി. 1. 5. 249)

3 comments:

amaljaniyac പറഞ്ഞു...

بارك الله

Mubashir Kollathodi പറഞ്ഞു...

NANNAVUNNUND...VALARE UPAKARAPRADHAMANU

Gabriel Varun പറഞ്ഞു...

Hadees Malayalam pdf kittumo?

gabrielvarun@gmail.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ